Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ശബരിമല വിഷയവും മോദി വിരുദ്ധ തരംഗവും ഉപയോഗപ്പെടുത്തി 12 സീറ്റുകൾ 18 ആക്കാൻ കരുക്കൾ നീക്കി യുഡിഎഫ്; എട്ട് സീറ്റുകളിൽ ഒന്നു പോലും കുറയാതിരിക്കാൻ പദ്ധതികൾ ഒരുക്കി എൽഡിഎഫ്; തിരുവനന്തപുരവും കാസർഗോഡും പാലക്കാടും ശ്രമിച്ച് ഒരെണ്ണം എങ്കിലും ഉറപ്പിക്കാൻ ബിജെപി; വയനാട്ടിലും വടകരയിലും ഒഴികെ എല്ലായിടങ്ങളിലും സിറ്റിങ് എംപിമാർക്ക് യുഡിഎഫ് അവസരം നൽകുമ്പോൾ പ്രമുഖരെ ഇറക്കി പരീക്ഷിക്കാൻ സിപിഎമ്മും ബിജെപിയും; സെൻകുമാർ മുതൽ സുരേഷ് ഗോപി വരെ മത്സരാർത്ഥികളുടെ പട്ടികയിൽ

ശബരിമല വിഷയവും മോദി വിരുദ്ധ തരംഗവും ഉപയോഗപ്പെടുത്തി 12 സീറ്റുകൾ 18 ആക്കാൻ കരുക്കൾ നീക്കി യുഡിഎഫ്; എട്ട് സീറ്റുകളിൽ ഒന്നു പോലും കുറയാതിരിക്കാൻ പദ്ധതികൾ ഒരുക്കി എൽഡിഎഫ്; തിരുവനന്തപുരവും കാസർഗോഡും പാലക്കാടും ശ്രമിച്ച് ഒരെണ്ണം എങ്കിലും ഉറപ്പിക്കാൻ ബിജെപി; വയനാട്ടിലും വടകരയിലും ഒഴികെ എല്ലായിടങ്ങളിലും സിറ്റിങ് എംപിമാർക്ക് യുഡിഎഫ് അവസരം നൽകുമ്പോൾ പ്രമുഖരെ ഇറക്കി പരീക്ഷിക്കാൻ സിപിഎമ്മും ബിജെപിയും; സെൻകുമാർ മുതൽ സുരേഷ് ഗോപി വരെ മത്സരാർത്ഥികളുടെ പട്ടികയിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഏറെ പ്രതീക്ഷയോടെയാണ് യുഡിഎഫ് ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. കുറഞ്ഞത് പതിനെട്ട് സീറ്റുകളാണ് ലക്ഷ്യം. ഇതിലൂടെ പിണറായി സർക്കാരിനെതിരായ ജനവികാരം ആളിക്കത്തിക്കുക. അങ്ങനെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളം പിടിക്കുകയൊക്കെയാണ് കോൺഗ്രസ് മുന്നണിയുടെ മനസിലുള്ള മോഹങ്ങൾ. ഇതിന് അനുകൂലമാണ് കാര്യങ്ങൾ. ദേശീയ തലത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുണ്ടാക്കിയെടുത്ത ഇമേജും മോദി വിരുദ്ധ തരംഗവും ഗുണകരമാകും. ഇതിനൊപ്പം ശബരിമലയിലെ യുവതി പ്രവേശന വിധിയിൽ പിണറായി സർക്കാരിനോടുള്ള വിശ്വാസികളുടെ അതൃപ്തിയും കോൺഗ്രസ് വോട്ടായി മാറുമെന്ന് പ്രതീക്ഷിക്കുന്നു. ദേശീയ തലത്തിൽ കരുത്ത് കാട്ടാൻ സിപിഎമ്മും കരുതലോടെ നീങ്ങുമ്പോൾ അട്ടിമറി സ്വപ്‌നങ്ങളാണ് ബിജെപിക്കുള്ളത്.

കഴിഞ്ഞ ലോക്‌സഭയിൽ യുഡിഎഫ് 12 ഇടങ്ങളിലാണ് ജയിച്ചത്. എൽ എഡി എഫ് എട്ടും. ജയിച്ച 12ലും യുഡിഎഫിന് വിജയ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. മുസ്ലിം ലീഗ് മണ്ഡലങ്ങൾ വെല്ലുവിളിയില്ലാതെ ജയിക്കും. കോട്ടയത്ത് കേരളാ കോൺഗ്രസും നേട്ടമുണ്ടാക്കും. ബാക്കിയിടങ്ങളിൽ അതിശക്തരെ കോൺഗ്രസ് സ്ഥാനാർത്ഥികളാക്കും. വയനാട്ടിൽ എംപിയായിരുന്ന എംഐ ഷാനവാസ് അന്തരിച്ചു. ഇവിടെ കോൺഗ്രസ് പുതിയ സ്ഥാനാർത്ഥിയെ അവതരിപ്പിക്കും. ഇതിനൊപ്പം വടകരയിലും പുതിയ ആൾ മത്സരിക്കാനെത്തിയേക്കും. മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി അധ്യക്ഷനായ സാഹചര്യത്തിലാണ് ഇത്. വടകരയിൽ വീണ്ടും മത്സരിക്കാതെ സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകാനാണ് മുല്ലപ്പള്ളിയുടെ തീരുമാനം. കഴിഞ്ഞ തവണ 8 സീറ്റിൽ എൽഡിഎഫ് ജയിച്ചു. ഈ നമ്പർ നിലനിർത്താനാണ് പിണറായിയും സിപിഎമ്മും ശ്രമിക്കുന്നത്. ബിജെപിക്കും അക്കൗണ്ട് തുറന്നേ മതിയാകൂ.

ശബരിമലയിലെ ജനവികാരം എങ്ങനെ പ്രതിഫലിക്കുമെന്നതാണ് ഏവരും പ്രതീക്ഷയോടെ കാണുന്നത്. അയ്യപ്പവികാരം വോട്ടായി മാറുമെന്ന് കോൺഗ്രസ് കരുതുന്നു. ഇടത് സർക്കാരിൽ വിശ്വാസികൾക്ക് വിശ്വാസം നഷ്ടപ്പെട്ടത് ബിജെപിയേയും പ്രതീക്ഷയുടെ പുതിയ ലോകത്ത് എത്തിക്കുന്നു. ഹൈന്ദവ വോട്ടുകളുടെ ധ്രുവീകരണം ബിജെപിക്ക് അനുകൂലമാകുമെന്നാണ് പ്രതീക്ഷ. ഇതിനായി വമ്പൻ സ്ഥാനാർത്ഥികളെ തന്നെ മത്സരിപ്പിക്കും. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനും കൊല്ലത്ത് സുരേഷ് ഗോപിയും പത്തനംതിട്ടയിൽ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനവും ആറ്റിങ്ങലിൽ ടിപി സെൻകുമാറും പാലക്കാട് ശോഭാ സുരേന്ദ്രനും കാസർഗോഡ് കെ സുരേന്ദ്രനും സാധ്യതാ പട്ടികയിൽ ഉണ്ട്. ഇതിൽ തിരുവനന്തപുരത്താകും അതിശക്തമായ മത്സരം ബിജെപി കാഴ്ച വയ്ക്കുക.

കഴിഞ്ഞ ആഴ്ച നടന്ന അഞ്ച് സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പ്രതിഫലനങ്ങൾ കേരള രാഷ്ട്രീയത്തിലെ അടിയൊഴുക്കുകളേയും സ്വാധീനിക്കും. ശബരിമലയിലേയും സഭാ തർക്കത്തിലേയും കോടതി വിധികൾ കേരളത്തിനേയും മാറ്റി മറിക്കുമെന്നായിരുന്നു വിലയിരുത്തൽ. ന്യൂനപക്ഷ വോട്ടുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് ശബരിമലയിൽ സിപിഎം ഉറച്ച നിലപാട് എടുത്തതെന്ന വാദവും സജീവമായിരുന്നു. എന്നാൽ അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ ഫലം കാര്യങ്ങൾ മാറ്റി മറിക്കുകയാണ്. ദേശീയ രാഷ്ട്രീയത്തിൽ തിരിച്ചുവരവ് കോൺഗ്രസിന് കരുത്തുണ്ടെന്ന് തെളിയിക്കുന്നതാണ് മധ്യപ്രദേശിലേയും രാജസ്ഥാനിലേയും മുന്നേറ്റം. കർണ്ണാടകത്തിൽ ജനതാദള്ളുമായി കൂട്ടുപിടിച്ച് അധികാരം ഉറപ്പിച്ച രാഹുൽ ഗാന്ധി തന്ത്രവും ഏറെ ചർച്ചയായിരുന്നു. ഇതോടെ ബിജെപിയെ മുഖ്യ ശത്രുവായി കാണുന്ന കേരളത്തിലെ ന്യൂനപക്ഷം കോൺഗ്രസിന് പിന്നിൽ അണിനിരക്കാനാണ് സാധ്യത. ഇതോടെ ന്യൂനപക്ഷവോട്ടുകൾ ലക്ഷ്യമിട്ടുള്ള സിപിഎം തന്ത്രങ്ങളും വെറുതെയാകും. ഇത് കോൺഗ്രസിന് വലിയ ഗുണകരമായി മാറും. ഇത് സിപിഎമ്മിനും അറിയാം. അതുകൊണ്ട് അതിശക്തരെ സ്ഥാനാർത്ഥികളാക്കി സിറ്റിങ് സീറ്റുകൾ നിലനിർത്താനാകും സിപിഎം ശ്രമിക്കുക. ഇതിനുള്ള ചർച്ചകൾ തുടങ്ങി കഴിഞ്ഞു.

ഭൂരിപക്ഷ സമുദായ വോട്ടുകളായിരുന്നു എന്നും സിപിഎമ്മിന്റെ കരുത്ത്. ഈ വോട്ടുകൾ തന്നെയാണ് പിണറായി വിജയനേയും മുഖ്യമന്ത്രിയാക്കിയത്. അധികാരത്തിലെത്തിയപ്പോൾ പിണറായി തന്ത്രപരമായ നീക്കം നടത്തി. ന്യൂനപക്ഷങ്ങൾക്കൊപ്പം നിലയുറപ്പിക്കാനാണ് പിണറായി ശ്രദ്ധിച്ചത്. പ്രത്യേകിച്ച് മുസ്ലിം സമുദായത്തെ. ക്രൈസ്തവ സഭകളെ അടുപ്പിക്കാനും കരുതലോടെ നീക്കങ്ങൾ നടത്തി. ഇതിനിടെയാണ് ശബരിമലയിലെ യുവതി പ്രവേശന വിധിയെത്തിയത്. ആചാരത്തിന് അപ്പുറം കോടതി വിധിക്കൊപ്പം പിണറായി നിലയുറപ്പിച്ചത് ന്യൂനപക്ഷ വോട്ടുകളെ ലക്ഷ്യമിട്ടായിരുന്നു. ഭൂരിപക്ഷ സമുദായത്തെ പ്രകോപിപ്പിക്കുമ്പോൾ പരിവാറുകാരുടെ നിരന്തര ആക്രമണത്തിന് പിണറായി സർക്കാർ വിധേയമാകും. ഈ സാഹചര്യത്തിൽ ന്യൂനപക്ഷങ്ങളെല്ലാം പിണറായിയുടെ പിന്നിൽ അണിനിരക്കുമെന്നും കരുതി. ദേശീയ തലത്തിൽ അനുദിനം കോൺഗ്രസ് ദുർബലമാകുന്ന സാഹചര്യമാണ് ഇതിന് കാരണം. ഇതാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് മാറ്റുന്നത്. കോൺഗ്രസിന് കരുത്ത് തിരിച്ചുവരികെയാണ്. ഇതോടെ ദേശീയ തലത്തിൽ ബിജെപിയെ നേരിടാനുള്ള കരുത്തുള്ള പാർട്ടിയായി കോൺഗ്രസ് മാറി. ഇത് പിണറായിയുടെ സ്വപ്നങ്ങൾക്ക് ഏറ്റ തിരിച്ചടിയാണ്.

കേരളത്തിൽ 20 ലോക്സഭാ സീറ്റുകളാണുള്ളത്. ഇതിൽ 18ലും ഇനി കോൺഗ്രസ് ജയിക്കുന്ന അവസ്ഥവരും. ബിജെപിയും ബിജെപി ഇതര പാർട്ടികളും തമ്മിലാകും 2019ലെ തെരഞ്ഞെടുപ്പ്. ഇതിൽ ബിജെപി ഇതര പാർട്ടികളുടെ നേതൃത്വം ഇനി കോൺഗ്രസിന് തന്നെയാകും. ഇതോടെ കോൺഗ്രസിനെ ശക്തിപ്പെടുത്തുന്നതാണ് ന്യൂനപക്ഷ വികാരങ്ങൾ സംരക്ഷിക്കപ്പെടാൻ നല്ലതെന്ന ചിന്തര മലയാളികൾക്കിടയിലുണ്ടാകും. അല്ലാത്ത പക്ഷം ദുർബലമായ ബിജെപി ഇതര മുന്നണിയാകും അധികാരത്തിലെത്തുക. ഇത് മാറ്റാൻ ബിജെപി ഇതര വോട്ടുകൾ കോൺഗ്രസിലേക്ക് കേന്ദ്രീകരിക്കും. കേരളത്തിൽ മുസ്ലിം ലീഗും കേരളാ കോൺഗ്രസും ന്യൂനപക്ഷ വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്നവരാണ്. ഇവർ ഇപ്പോൾ തന്നെ യുഡിഎഫിനൊപ്പമാണ്. ഈ സാഹചര്യത്തിൽ കോൺഗ്രസിന് അനുകൂലമായി ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണം ഉണ്ടാകും. നിലവിൽ പാലക്കാടും ആലത്തുരും ചിറയിൻകീഴും മാത്രമാണ് സിപിഎമ്മിന്റെ ലോക്സഭയിലെ ഉറച്ച കോട്ടകൾ. ബാക്കിയെല്ലായിടത്തും യുഡിഎഫിന് മുൻതൂക്കം നൽകുന്നതാണ് ഈ തെരഞ്ഞെടുപ്പ് ഫലം.

കാസർഗോഡ്, കണ്ണൂർ, വടകര, വയനാട്, കോഴിക്കോട്, മലപ്പുറം, പൊന്നാനി, തൃശൂർ, ചാലക്കുടി, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, മാവേലിക്കര, പത്തനംതിട്ട, കൊല്ലം, ആറ്റിങ്ങൽ എന്നിവിടങ്ങളിൽ യുഡിഎഫിന് വ്യക്തമായ മുൻതൂക്കം നൽകുന്ന വിധത്തിൽ ന്യൂനപക്ഷ വോട്ടുകൾ കോൺഗ്രസിന് അനുകൂലമായി മാറാനാണ് സാധ്യത. ആറ്റിങ്ങലിൽ സമ്പത്തിന്റേയും പാലക്കാട് രാജേഷിന്റേും ആലത്തൂരിൽ ബിജുവിന്റേയും വ്യക്തിപരമായ മികവ് സിപിഎമ്മിന് മുൻതൂക്കം നൽകുന്നുണ്ട്. എന്നാൽ ശബരിമല വിഷയത്തിലെ അടിയൊഴുക്കുകൾ ആറ്റിങ്ങലിനെ പോലും സ്വാധീനിക്കാൻ സാധ്യത ഏറെയാണ്. അങ്ങനെ വന്നാൽ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയിലേക്ക് കേരളത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം കൂപ്പു കുത്താനാണ് സാധ്യത. ഇത് നിയമസഭയിലും പ്രതിഫലിക്കാൻ ആകുന്ന തരത്തിൽ കോൺഗ്രസിന് ഊർജ്ജമായി മാറും. അങ്ങനെ ന്യൂനപക്ഷ കേന്ദ്രീകരണത്തിലൂടെ തുടർ ഭരണം ലക്ഷ്യമിടുന്ന സിപിഎമ്മിന് ഈ ഫലം വലിയ തിരിച്ചടിയായി മാറും.

തിരുവനന്തപുരത്ത് കോൺഗ്രസിനായി മത്സരിക്കുന്നത് ശശി തരൂരാകും. ന്യൂനപക്ഷ വോട്ടുകളെ തന്നിലേക്ക് ആകർഷിക്കാനുള്ള മിടുക്ക് തരൂരിനാകും. കോൺഗ്രസിന് ദേശീയ തലത്തിൽ സാധ്യത കൂടുമ്പോൾ തരൂരിന് കേന്ദ്രമന്ത്രി പദവി പോലും ലഭിക്കാനുള്ള സാധ്യത ഏറെയാണ്. എറണാകുളത്ത് കെവി തോമസിനും ആലപ്പുഴയിൽ കെസി വേണുഗോപാലും മാവേലിക്കരയിൽ കൊടിക്കുന്നിൽ സുരേഷിനും കൊല്ലത്ത് എകെ പ്രേമചന്ദ്രനും കേന്ദ്രമന്ത്രിയാകാൻ കഴിയുമെന്ന വികാരം വോട്ടാക്കി മാറ്റാൻ കഴിയും. കോട്ടയത്ത് കേരളാ കോൺഗ്രസിനും സാധ്യത കൂട്ടുന്നതാണ് കോൺഗ്രസുമായുള്ള കൂട്ടുകെട്ട്.
തെക്കൻ കേരളത്തിൽ തിരുവനന്തപുരം, ചിറയിൻകീഴ്, കൊല്ലം, മാവേലിക്കര എന്നീ സീറ്റുകളിൽ ഹിന്ദു വോട്ടുകൾ നിർണ്ണായകമാണ്. ശബരിമലയിലെ വിവാദത്തോടെ വിശ്വാസികളിൽ പലരും ഇടതു പക്ഷത്തിന് എതിരായി. ഈ വികാരവും ലോക്സഭാ വോട്ടിംഗിൽ പ്രതിഫലിക്കും.

മലബാറിൽ മുസ്ലിം ലീഗ് മലപ്പുറത്തെ രണ്ട് സീറ്റിലും ജയിക്കുമെന്ന് ഉറപ്പാണ്. പാലക്കാടും ആലത്തൂരും ഒഴികെ എല്ലായിടത്തും കോൺഗ്രസ് കഴിഞ്ഞ തെരഞ്ഞെടുപ്പിലും അതിശക്തമായ മത്സരം കാഴ്ച വച്ചിരുന്നു. കോഴിക്കോടും വടകരയും വിജയിച്ചു. ഇതിൽ എംപി എംകെ രാഘവന്റെ വ്യക്തിമികവ് അടുത്ത തവണയും കോൺഗ്രസിന് കോഴിക്കോട് വിജയമൊരുക്കാൻ പോന്ന ഘടകമാണ്. മുസ്ലിം ലീഗും മുസ്ലീവോട്ടുകളം തന്നെയാണ് ഇവിടേയും നിർണ്ണായകം. ബിജെപിയെ പിടിച്ചു കെട്ടാനുള്ള കരുത്ത് രാഹുലിന് ഉണ്ടെന്ന് വന്നാൽ പരമ്പരാഗത മുസ്ലിം വോട്ടുകൾ യുഡിഎഫിനെ കൈവിടില്ല. വടകരയിൽ മുല്ലപ്പള്ളി രാമചന്ദ്രന്റെ വ്യക്തി മികവിലാണ് കോൺഗ്രസ് ജയിച്ചു പോന്നത്. കെപിസിസി അധ്യക്ഷനായ മുല്ലപ്പള്ളി വീണ്ടും മത്സരിച്ചാൽ അവിടേയും ജയം ഉറപ്പാണ്. കണ്ണൂരിലും കാസർഗോഡും ഗ്രൂപ്പ് പോരുകൾ മറന്ന് മത്സരിച്ചാൽ ജയിക്കാനും യുഡിഎഫിനാകും. എംഐ ഷാനവാസിന്റെ മരണത്തോടെ ഒഴിവു വന്ന വയനാട് കോൺഗ്രസിന്റെ ഉറച്ച കോട്ടയും.

തൃശൂരിൽ സിപിഐയുടെ ജയദേവനാണ് ലോക്സഭാ അംഗം. ജയദേവന് വ്യക്തിപരമായി ഏറെ വോട്ടുകൾ തൃശൂരിലുണ്ട്. എങ്കിലും ശബരിമല വിഷയത്തിലെ വിശ്വാസികളുടെ രോഷം തൃശൂരിൽ പ്രതിഫലിക്കാൻ സാധ്യത ഏറെയാണ്. ഇത് സംഭവിച്ചാൽ തൃശൂരിലും ഇടതിന് അടിതെറ്റും. മികച്ചൊരു സ്ഥാനാർത്ഥിയെ നിർത്താൻ കോൺഗ്രസിന് കഴിഞ്ഞാൽ അവിടേയും ജയിക്കാം. ചാലക്കുടിയിൽ ഇന്നസെന്റ് ഇനി മത്സരിക്കാനുള്ള സാധ്യത കുറവാണ്. ഇവിടേയും മികച്ച സ്ഥാനാർത്ഥിയുണ്ടെങ്കിൽ ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണത്തിലൂടെ കോൺഗ്രസിന് ജയിക്കാം. അങ്ങനെ കേരളത്തിൽ കോൺഗ്രസിന് കരുത്ത് കാട്ടാനുള്ള അവസരമാണ് തെരഞ്ഞെടുപ്പ് തുറന്നിടുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP