Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാഹുൽ ഈശ്വറിനെ വീണ്ടും അറസ്റ്റ് ചെയ്ത് പൊലീസ്; പാലക്കാട് റെസ്റ്റ് ഹൗസിൽ നിന്ന് ശബരിമല തന്ത്രി കുടുംബാഗത്തെ അറസ്റ്റ് ചെയ്തത് ജാമ്യ വ്യവസ്ഥകൾ പാലിക്കാത്തതിനെ തുടർന്ന് കോടതി ജാമ്യം റദ്ദാക്കിയതിനാൽ; പാലിക്കപ്പെടാത്തത് പൊലീസ് സ്‌റ്റേഷനിൽ ഒപ്പിടണമെന്ന നിർദ്ദേശം; അറസ്റ്റ് ചെയ്തത് ഹൈക്കോടതിയെ സമീക്കാൻ ഒരുങ്ങുന്നതിനിടെ; പൊലീസിന്റെ വ്യക്തിവിരോധമെന്ന നിലപാടിൽ രാഹുലും

രാഹുൽ ഈശ്വറിനെ വീണ്ടും അറസ്റ്റ് ചെയ്ത് പൊലീസ്; പാലക്കാട് റെസ്റ്റ് ഹൗസിൽ നിന്ന് ശബരിമല തന്ത്രി കുടുംബാഗത്തെ അറസ്റ്റ് ചെയ്തത് ജാമ്യ വ്യവസ്ഥകൾ പാലിക്കാത്തതിനെ തുടർന്ന് കോടതി ജാമ്യം റദ്ദാക്കിയതിനാൽ; പാലിക്കപ്പെടാത്തത് പൊലീസ് സ്‌റ്റേഷനിൽ ഒപ്പിടണമെന്ന നിർദ്ദേശം; അറസ്റ്റ് ചെയ്തത് ഹൈക്കോടതിയെ സമീക്കാൻ ഒരുങ്ങുന്നതിനിടെ; പൊലീസിന്റെ വ്യക്തിവിരോധമെന്ന നിലപാടിൽ രാഹുലും

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: ജാമ്യ വ്യവസ്ഥകൾ പാലിക്കാത്തതിനെ തുടർന്ന് രാഹുൽ ഈശ്വർ അറസ്റ്റിൽ. പാലക്കാട് റെസ്റ്റ് ഹൗസിൽ നിന്നാണ് രാഹുൽ ഈശ്വറിനെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ജാമ്യ വ്യവസ്ഥകൾ പാലിക്കാത്തതിനെ തുടർന്ന് റാന്നി കോടതി രാഹുൽ ഈശ്വറിന്റെ ജാമ്യം റദ്ദാക്കിയിരുന്നു. രാഹുൽ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണമെന്ന് പൊലീസ് നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. പമ്പ പൊലീസ് സ്റ്റേഷനിൽ ഒപ്പിടണമെന്ന നിർദ്ദേശം പാലിക്കാതിരുന്നതിനെ തുടർന്നാണ് റിപ്പോർട്ട്. ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് പമ്പ നിലക്കൽ എന്നിവിടങ്ങളിൽ ഉണ്ടായ അക്രമസംഭവങ്ങളുടെ പേരിലാണ് രാഹുൽ ഈശ്വറിനെ അറസ്റ്റ് ചെയ്തത്.

ജാമ്യം കിട്ടാതെ കേരളത്തിലേക്ക് ഇല്ലെന്ന് രാഹുൽ ഈശ്വർ നേരത്തെ പ്രതികരിച്ചിരുന്നു. ജാമ്യത്തിനായി തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്നും രാഹുൽ ഈശ്വർ വിശദമാക്കിയിരുന്നു. അതുവരെ കർണാടക ശബരിമല എന്നറിയപ്പെടുന്ന ബംഗളുരുവിലെ അനന്തഗിരി അയ്യപ്പ ക്ഷേത്രത്തിൽ കഴിയുമെന്നായിരുന്നു രാഹുൽ ഈശ്വർ അറിയിച്ചത്. നേരത്തെ കലാപത്തിന് ആഹ്വാനം നൽകിയതിന് രാഹുൽ ഈശ്വറിനെതിരെ എറണാകുളം പൊലീസ് കേസെടുത്തിരുന്നു. പിന്നീട് അറസ്റ്റ് ചെയ്തു. ഇതിന് ശേഷം കോടതി റിമാൻഡ് ചെയ്യുകയും ചെയ്തു. ജാമ്യം കിട്ടി പുറത്തിറങ്ങിയെങ്കിലും ജാമ്യ വ്യവസ്ഥ പാലിക്കാത്തത് വിനയാകുകയായിരുന്നു.

തിരുവനന്തപുരം സ്വദേശി പ്രമോദ് നൽകിയ പരാതിയെ തുടർന്നാണ് കേസെടുത്തത്. രാഹുലിന്റെ വിവാദ പരാമർശം. രക്തം ചിന്തിപ്പോലും ശബരിമലയിൽ യുവതികൾ പ്രവേശിക്കുന്നത് തടയാൻ ഒരു പ്ലാൻ ബി ഉണ്ടായിരുന്നു എന്നായിരുന്നു രാഹുൽ ഈശ്വറിന്റെ പരാമർശം. എന്നാൽ സ്റ്റേഷനിലെത്തി ഒപ്പിടാൻ ഏതാനും മണിക്കൂറുകൾ വൈകിയതിനെ തുടർന്നാണ് പൊലീസുകാരുടെ റിപ്പോർട്ട് എന്ന് രാഹുൽ പറഞ്ഞു. പൊലിസ് വ്യക്തിവിരോധം തീർക്കുകയാണെന്നും രാഹുൽ ആരോപിച്ചു.

രാഹുലിനോട് പൊലീസ് കാട്ടുന്നത് വിദ്വേഷമോ ?

താൻ കോടതി വിധി അനുസരിച്ച് പൊലീസ് സ്റ്റേഷനിൽ ഒപ്പിടാൻ എത്തിയെന്നും എന്നാൽ മണിക്കൂറുകൾ വൈകിയെന്ന് ആരോപിച്ച് ഒപ്പിടാൻ അനുവദിച്ചില്ലെന്നും രാഹുൽ ഈശ്വർ കഴിഞ്ഞ ദിവസം. പൊലീസ് തന്നോട് വിദ്വേഷം കാട്ടുകയാണ്. പൊലീസിന്റെ അനുമതിയോടെയാണ് ഡൽഹിയിൽ പരിപാടിക്ക് പോയത്. എത്താൻ വൈകിയതു കൊണ്ടാണ് ഒപ്പിടാനെത്താൻ താമസിച്ചത്. എന്നാൽ പൊലീസ് പ്രതികാരം തീർക്കും പോലെ ഒപ്പിടാൻ സമ്മതിച്ചില്ല. കോടതിയിൽ ജാമ്യം റദ്ദാക്കാൻ അപേക്ഷ കൊടുക്കുമെന്നും പറഞ്ഞു. എന്നാൽ ഒരു ദിവസം വൈകിയാണ് ഒപ്പിടാൻ രാഹുൽ എത്തിയതെന്നാണ് പൊലീസ് ഭാഷ്യം. ശബരിമലയിൽ സംഘർഷത്തിന് ആഹ്വാനം നടത്തിയ കേസിലാണ് രാഹുൽ ഈശ്വറിന് ജാമ്യം റദ്ദാക്കുന്നത്.

ഉപാധികളോടെയാണ് മജിസ്ട്രേറ്റ് ജാമ്യം അനുവദിച്ചത്. അന്വേഷണത്തോട് പൂർണ്ണമായും സഹകരിക്കണമെന്ന് രാഹുലിനോട് മജിസ്ട്രേറ്റ് നിർദ്ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ജാമ്യം റദ്ദാക്കുന്നത്. 9 ജാമ്യ വ്യവസ്ഥകളാണ് ഉണ്ടായിരുന്നത്. ഇതിൽ പ്രധാനപ്പെട്ടതായിരുന്നു സ്റ്റേഷനിൽ ഒപ്പിടൽ. ഡൽഹിയിൽ പോയിട്ട് എത്താൻ വൈകിയതിന് കാരണം വിമാനം താമസിച്ചതായിരുന്നു. ശബരിമലയിലെ സംഘർഷത്തിൽ തിരുവനന്തപുരത്തെ ഫ്‌ളാറ്റിൽ നിന്നാണ് രാഹുലിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇതിന് ശേഷമാണ് രാഹുലിനെ പൊലീസ് റിമാൻഡ് ചെയ്തു. ശബരിമലയിൽ യുവതി പ്രവേശമുണ്ടായാൽ രക്തം വീഴ്‌ത്തി അശുദ്ധമാക്കാൻ തയാറായി 20 പേർ നിന്നിരുന്നെന്ന് രാഹുൽ വെളിപ്പെടുത്തിയിരുന്നു.

കയ്യിൽ സ്വയം മുറിവേൽപിച്ച് രക്തം വീഴ്‌ത്താനായിരുന്നു പദ്ധതി. മാധ്യമ പ്രവർത്തകരുമായി സംസാരിക്കുന്നതിനിടെയാണ് രാഹുൽ ഈശ്വർ ഈ വെളിപ്പെടുത്തൽ നടത്തിയത്. ഇതാണ് കേസിന് ആധാരമായ പ്രകോപനം. ഇതായിരുന്നു ഞങ്ങളുടെ പ്ലാൻ ബി. സർക്കാരിനു മാത്രമല്ല, ഞങ്ങൾക്കും വേണമല്ലോ പ്ലാൻ ബിയും സിയും. ശബരിമല അയ്യപ്പശാസ്താവിന്റെ സന്നിധി രക്തം വീണോ മൂത്രം വീണോ അശുദ്ധമായാൽ മൂന്നു ദിവസം നട അടച്ചിടുന്നതിന് ആരുടെയും അനുവാദം ആവശ്യമില്ല. നട തുറക്കണം എന്നു പറയാൻ ആർക്കും അധികാരവുമില്ല. ഈ സാധ്യത പരിഗണിച്ചായിരുന്നു ഇങ്ങനെ ഒരു സംഘം തയാറായി നിന്നത്. വരും ദിവസങ്ങളിലും നട തുറക്കുമ്പോൾ ഈ സംഘം രംഗത്തുണ്ടായിരിക്കുമെന്നും രാഹുൽ ഈശ്വർ പറഞ്ഞിരുന്നു.

ഈ കേസിൽ രാഹുൽ ഈശ്വറിന് റാന്നി മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യാമില്ലാ വകുപ്പ് നിലനിൽക്കില്ലെന്ന വാദം കോടതി അംഗീകരിച്ചിരുന്നു. ശബരിമലയിലെ യുവതി പ്രവേശനത്തിൽ നിലയ്ക്കലിലും പമ്പയിലും നടന്ന അക്രമണത്തിന്റെ പേരിലായിരുന്നു രാഹുൽ ഈശ്വർ അറസ്റ്റിലായത്. നിലയ്ക്കലിലും പമ്പയിലും നടന്ന അക്രമങ്ങളുടെ പേരിൽ അറസ്റ്റിലായ രാഹുൽ കൊട്ടാരക്കര സബ് ജയിലിലായിരുന്നു. പതിനാല് ദിവസത്തേക്കാണ് രാഹുലിന്റെ റിമാന്റ് ചെയ്തിരുന്നത്. ജയിലിൽ നിരാഹാര സമരത്തിലുള്ള രാഹുലിന്റെ ആരോഗ്യ സ്ഥിതി മോശമാണെന്ന് ബന്ധുക്കൾ കോടതിയെ അറിയിക്കുകയായിരുന്നു.

നിയമ വിരുദ്ധമായി സംഘടിക്കുക, ലഹളയിൽ ഏർപ്പെടുക, കുറ്റകൃത്യം ചെയ്യണമെന്ന ഉദ്ദേശത്തോടെ സംഘം ചേരുക, ഉദ്യോഗസ്ഥരുടെ കർത്തവ്യ നിർവ്വഹണത്തെ തടസ്സപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയായിരുന്നു രാഹുലിന്റെ അറസ്റ്റ്. എന്നാൽ രാഹുലിന്റെ അറസ്റ്റ് കാരണം കൂടാതെയാണെന്നും പമ്പയിൽ നടന്ന അക്രമങ്ങളുടെ പേരിൽ സന്നിധാനത്ത് ഉണ്ടായിരുന്ന രാഹുൽ എങ്ങനെയാണ് ഉത്തരവാദിയാവുകയെന്നും രാഹുലിന്റെ ഭാര്യ ദീപ ചോദിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP