Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കൂട്ടുകാരിൽ നിന്നും കടം വാങ്ങിയ മൂന്ന് ലക്ഷം രൂപ ഇന്ത്യൻ ക്രിക്കറ്റ് 'ബി' ടീമിൽ ഇടം നേടിത്തരാമെന്ന് പറഞ്ഞ് ഒരാൾ തട്ടിയെടുത്തു; കടക്കെണിയിൽ ആയപ്പോൾ വീട്ടാൻ കൊള്ള ആസൂത്രണം ചെയ്തു; ഐടി വ്യവസായിയുടെ വീട്ടിൽ കത്തിയുമായി കയറി വീട്ടമ്മയെ അടക്കം അഞ്ച് പേരെ കുത്തിപ്പരിക്കേൽപ്പിച്ചു; പേട്ടയിലെ കവർച്ചാ കൊലപാതകശ്രമ കേസിൽ എസ്.വെങ്കിട സുബ്രഹ്മണ്യത്തിനെതിരെ കുറ്റപത്രം ചുമത്തി

കൂട്ടുകാരിൽ നിന്നും കടം വാങ്ങിയ മൂന്ന് ലക്ഷം രൂപ ഇന്ത്യൻ ക്രിക്കറ്റ് 'ബി' ടീമിൽ ഇടം നേടിത്തരാമെന്ന് പറഞ്ഞ് ഒരാൾ തട്ടിയെടുത്തു; കടക്കെണിയിൽ ആയപ്പോൾ വീട്ടാൻ കൊള്ള ആസൂത്രണം ചെയ്തു; ഐടി വ്യവസായിയുടെ വീട്ടിൽ കത്തിയുമായി കയറി വീട്ടമ്മയെ അടക്കം അഞ്ച് പേരെ കുത്തിപ്പരിക്കേൽപ്പിച്ചു; പേട്ടയിലെ കവർച്ചാ കൊലപാതകശ്രമ കേസിൽ എസ്.വെങ്കിട സുബ്രഹ്മണ്യത്തിനെതിരെ കുറ്റപത്രം ചുമത്തി

പി നാഗരാജ്‌

തിരുവനന്തപുരം: പേട്ട നാലു മുക്കിന് സമീപം പട്ടാപ്പകൽ ഭവന ഭേദനം നടത്തി കവർച്ചാ കൊലപാതക ശ്രമം നടത്തിയ കേസിൽ പ്രതിയായ ബി ബി എ ബിരുദധാരിക്ക് തിരുവനന്തപുരം പോക്‌സോ കോടതി കുറ്റപത്രം നൽകി. ബി.ബി.എ ബിരുദ ധാരി തിരുനെൽവേലി പാളയംകോട്ട റെഡ്ഡിയാർ കോമ്പൗണ്ട് ഡോർ നമ്പർ 106, എഫ് 5 ൽ എസ്.വെങ്കിട സുബ്രഹ്മണ്യം (25) ആണ് കേസിലെ പ്രതി. പേട്ട പള്ളിമുക്ക് മെഡിക്കൽ കോളേജ് റോഡിൽ കണ്ണമ്മൂലക്കടുത്ത് മലങ്കര ഹോസ്റ്റലിൽ താമസിക്കവേയാണ് ഇയാൾ കവർച്ചാ വധശ്രമം നടത്തിയത്. കണ്ണമ്മൂല ' ഗയ 'യിൽ താമസം ഐ.റ്റി.വ്യവസായി പ്രിയദാസ്. ജി.മംഗലം, ഭാര്യ ജെസ്സി, മകൻ ഗൗതം, വീട്ടിൽ ജോലിക്ക് വന്ന ജോയി, അജി എന്നിവർക്കാണ് മൂർച്ചയേറിയ കത്തി കൊണ്ടുള്ള മാരകമായ കുത്തേറ്റത്.

2011 ജൂൺ 19 ഞായറാഴ്ച ഉച്ച തിരിഞ്ഞാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സ്വീകരണ മുറിയിൽ പ്രിയദാസും ഭാര്യ ജെസ്സിയും കുടുബ സുഹൃത്തായ ശ്രീകുമാരി ടീച്ചറുമായി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് കാളിങ് ബെൽ ശബ്ദിച്ചത്.ജെസ്സി വാതിൽ തുറന്നപ്പോൾ ആജാനുബാഹുവായ പ്രതി വ്യാജ ഫോൺ നമ്പരും വിലാസവുമെഴുതിയ ഒരു രസീത് കാട്ടി എറണാകുളത്തുള്ള ഒരാളുടെ വീടറിയുമോ എന്ന് ചോദിച്ചു. തമിഴ് ചുവയുള്ള സംസാരത്തിൽ പന്തികേട് തോന്നിയ ജെസ്സി ഭർത്താവിനെ വിളിച്ചു. പൊടുന്നനെ മാരകമായ കത്തി ഉയർത്തി തുടരെ കുത്തുകയായിരുന്നു. മകനും ജോലിക്കാരും ഓടിയെത്തിയെങ്കിലും അവരെയും കുത്തി വീഴ്‌ത്തി.ശ്രീകുമാരി ടീച്ചറാണ് ഒച്ചവച്ച് ആളെ കൂട്ടിയത്. സ്ഥലവാസികൾ ഓടിയെത്തി പ്രതിയെ കയ്യോടെ പിടികൂടിയതിനാൽ കവർച്ചയും കൊലപാതകവും നടന്നില്ല.

ആക്രമണത്തിൽ കഴുത്തിന് മാരകമായി കുത്തേറ്റ പ്രിയദാസ് , ഭാര്യ ജെസ്സി എന്നിവരെ മെഡിക്കൽ കോളേജാശുപത്രിയിൽ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയരാക്കിയതിനാലാണ് ജീവൻ രക്ഷിക്കാനായത്. പ്രതി തമിഴ്‌നാട് തിരുനെൽവേലി കോളേജിൽ ബി.ബി.എ പാസ്സായ ശേഷം നാടുവിട്ട് കേരളത്തിൽ വന്ന് കണ്ണമ്മൂല താമസിച്ചു വരവേയാണ് കൃത്യം ചെയ്തത്.

തിരുവനന്തപുരത്ത് എം.ബി.എക്ക് അഡ്‌മിഷൻ കിട്ടിയെന്നും സ്വകാര്യ സ്ഥാപനത്തിൽ താൽക്കാലിക ജോലി കിട്ടിയെന്നും പഠനത്തിനുള്ള വരുമാനം തരപ്പെട്ടുവെന്നുമാണ് തിരുനെൽവേലിയിലെ മാതാപിതാക്കളെ പറഞ്ഞ് വിശ്വസിപ്പിച്ചത്. തിരുനെൽവേലിയിൽ ചുണ്ണാമ്പു കച്ചവടക്കാരനാണ് പിതാവ് ശങ്കർ രാജ. എം.ബി.എ ക്ക് ഫീസ് അഡ്വാൻസായി 25,000 വേണമെന്ന് മകൻ ആവശ്യപ്പെട്ടത് പ്രകാരം പലരിൽ നിന്ന് കടം വാങ്ങി പിതാവ് നൽകിയ 25,000 രൂപയുമായാണ് വെങ്കിടം തിരുവനന്തപുരത്തെത്തിയത്.ഇരുപത്തയ്യായിരം രൂപക്ക് ഒരു കോളേജിന്റെ പേരിൽ വ്യാജ രസീത് ചമച്ച് പിതാവിനെയും കുടുംബത്തെയും പറ്റിച്ചതായും പേട്ട പൊലീസിന്റെയും ഡെപ്യൂട്ടി പൊലീസ് കമ്മീഷണറുടെയും അന്വേഷണത്തിൽ കണ്ടെത്തി.

കൂട്ടുകാരിൽ നിന്നും മറ്റും വാങ്ങിയ 3 ലക്ഷം രൂപയുടെ കടം വീട്ടാനാണ് പ്രതി കൃത്യം ചെയ്തതെന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയുടേതായ കുറ്റസമ്മത മൊഴിയിൽ പറയുന്നു. ഇന്ത്യൻ ക്രിക്കറ്റ് 'ബി' ടീമിൽ ഇടം നേടിക്കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് ആ തുക ഒരാൾ വഞ്ചിച്ചെടുത്തതായും വെങ്കിടം പൊലീസിന് മൊഴി നൽകി. കടക്കെണിയിലകപ്പെട്ട താൻ എങ്ങനെയും കുറെ തുക കണ്ടെത്താനുള്ള ശ്രമത്തിനിടെയാണ് ഒരു കൊള്ള ആസൂത്രണം ചെയ്തത്. താമസിക്കുന്ന ഹോസ്റ്റലിൽ നിന്ന് നഗരത്തിലേക്കുള്ള സ്ഥിര യാത്രക്കിടയിൽ ആളൊഴിഞ്ഞ കോണിൽ ഉള്ളിലായി കാണപ്പെട്ട വലിയ വീട് കണ്ണിലുടക്കി. നിരന്തര യാത്രകൾക്കിടയിൽ വീടിന്റെ ചുറ്റുപാടുകൾ നിരീക്ഷിച്ച ശേഷമാണ് ഞായറാഴ്ച ചെന്നതെന്നും വീട്ടിലാരെങ്കിലും തടഞ്ഞാൽ കൊലപ്പെടുത്തി കൊള്ള നടത്താനായിരുന്നു പദ്ധതി.ഇതിനായി സംഭവ ദിവസം കണ്ണമ്മൂലയിൽ നിന്നും ചാലയിൽ പോയി 60 രൂപ കൊടുത്ത് മൂർച്ചയേറിയ കത്തി വാങ്ങിയതായും കോടതിയിലുള്ള പ്രതിയുടെ മൊഴിയിലുണ്ട്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 450 ( ജീവപര്യന്തം തടവുശിക്ഷ വിധിക്കാവുന്ന കുറ്റം ചെയ്യുന്നതിന് വേണ്ടിയുള്ള ഭവനഭേദനം, 307 ( വധശ്രമം ) എന്നീ കുറ്റങ്ങൾ ചുമത്തിയുള്ളതാണ് കുറ്റപത്രം. 2010 ൽ ഇതേ വീട്ടിൽ നഗരത്തെ ഞെട്ടിച്ച കൊള്ള നടന്നിരുന്നു.പ്രിയദാസ് സ്ഥലത്തില്ലാതിരുന്ന രാത്രി ജനാല പൊളിച്ച് അകത്ത് കടന്ന 8 അംഗ മഹാരാഷ്ട്ര കൊള്ള സംഘം മാരകായുധങ്ങളുമായി പ്രിയദാസിന്റെ ഭാര്യ ജെസ്സി ഉറങ്ങിക്കിടന്ന മുറിയിൽ കടന്നു. ശബ്ദം കേട്ട് ജെസ്സി എണീക്കാൻ തുടങ്ങും മുമ്പേ സംഘം മാരകായുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി ജെസ്സിയുടെ കൈ കാലുകൾ കട്ടിലിൽ ബന്ധിച്ചു.

ജെസ്സി അണിഞ്ഞിരുന്ന ആഭരണങ്ങളും അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പതിനായിരം രൂപയും അപഹരിച്ചു. കാർപോർച്ചിൽ കിടന്ന പ്രിയദാസിന്റെ ബെൻസ് കാറുമായാണ് സംഘം സ്ഥലം വിട്ടത്. ആ കേസിൽ പിടിയിലായ കോടാജി ചൗഹാൻ (24), ബാബാ സാഹിബ് ബാബ്ക (25) എന്നിവരെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. മറ്റു പ്രതികൾ ഒളിവിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP