Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അന്തരിച്ച കെപിസിസി വർക്കിങ് പ്രസിഡന്റ് എംഐ ഷാനവാസിന്റെ ഒഴിവിൽ എംപിയാകാമെന്ന് മോഹിക്കുന്നവർക്ക് കടുത്ത നിരാശ; സീറ്റിന് അവകാശവാദം ഉന്നയിച്ച് ഷാനവാസിന്റെ മകൾ ആമിന രംഗത്ത്; കോൺഗ്രസിലെ ആശ്രിത നിയമനത്തിനെതിരെ കലാപമുയർത്തി യുവനിര രംഗത്ത്; ചൂരും ചുണയും ഉള്ള നേതാക്കൾ ഉള്ളപ്പോൾ പരേതരുടെ മക്കളെ പരീക്ഷിക്കേണ്ടെന്ന് കെപിസിസി പ്രസിഡന്റിന് കത്തെഴുതി യുവ നേതാവ്; കാർത്തികേയന്റെ മകന്റെ സീറ്റ് ഡൈയിങ് ഹാർണേഴ്സ് തസ്തികയിലെ അവസാനത്തെ സീറ്റാവണം എന്ന ആവശ്യം ഉന്നയിച്ച് യുവനിര

അന്തരിച്ച കെപിസിസി വർക്കിങ് പ്രസിഡന്റ് എംഐ ഷാനവാസിന്റെ ഒഴിവിൽ എംപിയാകാമെന്ന് മോഹിക്കുന്നവർക്ക് കടുത്ത നിരാശ; സീറ്റിന് അവകാശവാദം ഉന്നയിച്ച് ഷാനവാസിന്റെ മകൾ ആമിന രംഗത്ത്; കോൺഗ്രസിലെ ആശ്രിത നിയമനത്തിനെതിരെ കലാപമുയർത്തി യുവനിര രംഗത്ത്; ചൂരും ചുണയും ഉള്ള നേതാക്കൾ ഉള്ളപ്പോൾ പരേതരുടെ മക്കളെ പരീക്ഷിക്കേണ്ടെന്ന് കെപിസിസി പ്രസിഡന്റിന് കത്തെഴുതി യുവ നേതാവ്; കാർത്തികേയന്റെ മകന്റെ സീറ്റ് ഡൈയിങ് ഹാർണേഴ്സ് തസ്തികയിലെ അവസാനത്തെ സീറ്റാവണം എന്ന ആവശ്യം ഉന്നയിച്ച് യുവനിര

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കോൺഗ്രസിലെ തിരുത്തൽ വാദിയായിരുന്നു എംഐ ഷാനവാസ്. ജി കാർത്തികേയനും രമേശ് ചെന്നിത്തലയ്ക്കുമൊപ്പം കെ കരുണാകരന്റെ മക്കൾ രാഷ്ട്രീയത്തിനെതിരെ കലാപമുയർത്തി എൺപുതുകളിലെ യുവ തുർക്കി. അതുകൊണ്ട് തന്നെ ഷാനവാസിന് ജയമുറപ്പുള്ള സീറ്റുകൾ കോൺഗ്രസിലെ ഗ്രൂപ്പ് മാനേജർമാർ കൊടുത്തില്ല. ഒടുവിൽ വയനാട്ടിൽ എംപിയായി മത്സരിക്കാൻ പത്തുകൊല്ലം മുമ്പ് അവസരമൊരുക്കി. റിക്കോർഡ് ഭൂരിപക്ഷത്തിൽ ജയം നേടി. വിവാദങ്ങൾ ഉണ്ടാക്കിയെങ്കിലും കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും വയനാട് ഷാനവാസിനൊപ്പമായിരുന്നു. അടുത്തൊരു തെരഞ്ഞെടുപ്പിന് വയനാട് ഒരുങ്ങുമ്പോൾ ഷാനവാസ് ഓർമ്മയായി. കരൾ രോഗമാണ് ഷാനവാസിന് മരണത്തിലേക്ക് വഴിയൊരുക്കിയത്. ഈ സീറ്റിൽ അടുത്ത് ആരു മത്സരിക്കുമെന്ന ചർച്ച കോൺഗ്രസിൽ സജീവമാണ്. ഇതിന് ചില പ്രമുഖ നേതാക്കൾ പറയുന്ന പേര് ഷാനവാസിന്റെ മകൾ ആമിനയുടേതാണ്. ഇത് കോൺഗ്രസിനുള്ളിൽ പുതിയ ചർച്ചകൾക്ക് വഴി വയ്ക്കുകയാണ്.

കോൺഗ്രസ് രാഷ്ട്രീയത്തിൽ ഒരിക്കലും സജീവമല്ല ആമിന. അച്ഛൻ മരിക്കുമ്പോൾ ആമിനയ്ക്ക് എങ്ങനെ സീറ്റ് കൊടുക്കുമെന്നാണ് യൂത്ത് കോൺഗ്രസിലെ പലരും ഉയർത്തുന്ന ചോദ്യം. ടി സിദ്ദിഖും ഷാനിമോൾ ഉസ്മാനേയും പോലുള്ള നേതാക്കൾക്ക് വയനാട് മത്സരിക്കണമെന്ന ആഗ്രഹമുണ്ട്. കേരളത്തിൽ കോൺഗ്രസിന്റെ ഉറച്ച സീറ്റാണ് വയനാട്. ഈ സാഹചര്യത്തിൽ ഷാനവാസിന്റെ മകൾക്ക് സീറ്റ് കൊടുക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് കോൺഗ്രസിലെ യുവ തുർക്കികളുടെ നിലപാട്. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനായ മുഹമ്മദ് ഹനീഷിന്റെ ഭാര്യയാണ് അമിന. രാഷ്ട്രീയത്തിൽ മുഹമ്മദ് ഹനീഷിനും സുഹൃത്തുക്കൾ ഏറെയാണ്. മുസ്ലിം ലീഗിലും അടപ്പക്കാർ ഏറെ. ഇതെല്ലാം ഉപയോഗിച്ച് ഷാനവാസിന്റെ സഹതാപ തരംഗ ആമിനയ്ക്ക് അനുകൂലമാക്കാനാണ് നീക്കം. സ്പീക്കറായിരിക്കെ ജി കാർത്തികേയൻ മരിച്ചിരുന്നു. അന്ന് അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ രാഷ്ട്രീയത്തിൽ സജീവമല്ലാതിരുന്ന കാർത്തികേയന്റെ മകൻ ശബരിനാഥ് സ്ഥാനാർത്ഥിയായി. വിജയിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ ആമിനയ്ക്കും സീറ്റ് കൊടുക്കേണ്ടി വരുമെന്നാണ് കോൺഗ്രസിലെ ഒരു വിഭാഗം പറയുന്നത്.

എം ഐ ഷാനവാസിന്റെ മകൾ വയനാട് സീറ്റ് വേണമെന്ന ആവശ്യമായി രംഗത്ത് വന്നിട്ടുണ്ട് .ഇതിനെതിരെ പാർട്ടി ക്കത്ത് യുവാക്കൾ കലാപവുമായി രംഗത്ത് വന്നിട്ടുണ്ട്. യൂത്ത് കോൺ മുൻ സെക്രട്ടറി അരുൺ രാജ് കത്ത് നൽകി. ഡയിങ് ഇൻ ഹാർനെസ് ( ആശ്രിത നിയമനം) പാർട്ടിയിൽ വേണ്ട എന്നാണ് ആവശ്യം. ജി.കാർത്തികേയന്റെ മകൻ ശബരിനാഥന് സീറ്റ് കൊടുത്തത് കീഴ്‌വഴക്കമാക്കണ്ട എന്നാണ് യുവാക്കളുടെ നിലപാട്. ശബരിനാഥിന് സീറ്റ് കൊടുത്തതാകണം അവസാന ആശ്രിത നിയമനമെന്നാണ് യുവ നേതാക്കളുടെ നിലപാട്. വനിതയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ ഷാനവാസിന്റെ മകൾ ബാപ്പയുടെ സ്വപ്‌നങ്ങൾ പൂർത്തീകരിക്കാനാണ് ആഗ്രഹം എന്നൊക്കെ പറയുന്നുണ്ട്. ഇതോടെയാണ് കോൺഗ്രസിലെ യൂത്ത് കോൺഗ്രസുകാർ കലാപവുമായെത്തുന്നത്. കഴിവുള്ള നിരവധി നേതാക്കളുള്ളപ്പോൾ എന്തിനാണ് രാഷ്ട്രീയ പരിചയമില്ലാത്തവരെ കെട്ടിയിറക്കുന്നതെന്നാണ് ഉയരുന്ന ചോദ്യം.

കാർത്തികേയന്റെ കുടുംബത്തിന് നൽകിയ നീതി ഷാനവാസിന്റെ കുടുംബത്തിനും നൽകണമെന്നതാണ് ആവശ്യം. ഇവിടെ വെട്ടിലാകുന്നത് രമേശ് ചെന്നിത്തലയാണ്. തിരുത്തൽവാദമുയർത്തുമ്പോൾ ചെന്നിത്തലയുടെ നേതാക്കളായിരുന്നു കാർത്തികേയനും ഷാനവാസും. അതുകൊണ്ട് ഷാനവാസിന്റെ കുടുംബത്തിന്റെ ആവശ്യം നിരാകരിക്കാൻ ചെന്നിത്തലയ്ക്ക് കഴിയുകയുമില്ല. ഉമ്മൻ ചാണ്ടി ഈ വിഷയത്തിൽ മൗനം പാലിക്കുകയാണ്. വയനാട്ടിലെ സീറ്റ് വിഷയത്തെ ഐ ഗ്രൂപ്പിലെ പ്രശ്‌നമാക്കി മാറ്റാനാണ് ഉമ്മൻ ചാണ്ടിക്ക് താൽപ്പര്യം. ഇത് മനസ്സിലാക്കിയാണ് യുവ തുർക്കികൾ കലാപത്തിന് ഇറങ്ങുന്നത്. ഗ്രൂപ്പ് അതിപ്രസരം കാരണം യുവാക്കൾക്ക് അവസരം കുറയന്നുവെന്നും അതുകൊണ്ട് അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നുമാണ് ആവശ്യം. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന് യൂത്ത് കോൺഗ്രസ് നേതാവ് ആർ എസ് അരുൺരാജ് കത്തെഴുതുകയും ചെയ്തു.

കെപിസിസി പുനഃസംഘടനയിലും യുവാക്കളെ ഒഴിവാക്കുന്നു. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നേറ്റം 72ൽ ഒതുങ്ങിയത് യുവാക്കളെ മറന്നതു കൊണ്ടാണ്. 2016ലെ ദയനീയ തോൽവിക്ക് കാരണവും ഇതാണ്. ഗ്രൂപ്പ് മാനജർമാരുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് അപ്പുറം കഴിവും യോഗ്യതയും മാനദണ്ഡമാക്കിയില്ലെങ്കിൽ പുതിയ തലമുറയെ പാർട്ടിയിലേക്ക് ആകർഷിക്കാൻ കഴിയില്ല. വിദ്യാർത്ഥി യുവജന രംഗത്ത് യാതൊരു പരിചയവുമില്ലാത്തവരെ മക്കളെന്ന പേരിൽ അടിച്ചേൽപ്പിക്കാനുള്ള നീക്കങ്ങൾ ചില കേന്ദ്രങ്ങളിൽ നിന്നും ഉണ്ടായികൊണ്ടിരിക്കുന്നത് കോൺഗ്രസിന്റെ അടത്തറയെ തകർക്കുമെന്നാണ് ആർ എസ് അരുൺ രാജ് വിശദീകരിക്കുന്നത്. മുല്ലപ്പള്ളിക്കൊപ്പം രാഷ്ട്രീയകാര്യസമിതി അംഗങ്ങൾക്കും കത്തിന്റെ പകർപ്പ് നൽകിയിട്ടുണ്ട്. പിസി വിഷ്ണുനാഥിന് പോലും പാർട്ടി അർഹിക്കുന്ന അംഗീകരാം നൽകുന്നില്ലെന്നും ഇതെല്ലാം രാഹുൽ ഗാന്ധിയുടെ നയത്തിന് എതിരാണെന്നും വിലയിരുത്തലുണ്ട്.

2009 ലും 2014 ലും വയനാട് ലോകസഭ മണ്ഡലത്തിൽ നിന്നും ജയിച്ചു കയറിയ എംഐ ഷാനവാസ് സംസ്ഥാന കോൺഗ്രസിലെ മികച്ച സംഘാടകനായിരുന്നു. കെഎസ്‌യുവിലൂടെ രാഷ്ട്രീയത്തിലെത്തിയ ഷാനവാസ് കോൺഗ്രസിലെ കലുഷിതമായ ഗ്രൂപ്പ് യുദ്ധ കാല ഘട്ടങ്ങളിലെ കരുത്തുറ്റ സാന്നിദ്ധ്യമായിരുന്ന. സഹപ്രവർത്തകർ ഷാജിയെന്ന് സ്‌നേഹപൂർവ്വം വിളിച്ചിരുന്ന ഷാനവാസിനെ എന്നും കോൺഗ്രസിലെ അടിയൊഴുക്കുകളെ നിയന്ത്രിച്ചിരുന്ന തന്ത്രശാലിയായണ് രാഷ്ട്രീയ കേരളം കണ്ടത്. ഐ ഗ്രൂപ്പിനൊപ്പമായിരുന്ന ഷാനവാസ് കെ മുരളീധരന്റെ രാഷട്രീയ ഉദയത്തെ ചോദ്യം ചെയ്ത് രൂപം കൊണ്ട തിരുത്തൽവാദി സംഘത്തിലെ പ്രധാനിയായിരുന്നു. രമേശ് ചെന്നിത്തലക്കും ജി കാർത്തികേയനുമൊപ്പം കോൺഗ്രസിലെ തിരുത്തൽവാദ ശബ്ദമായിരുന്ന ഷാനവാസ് പതിറ്റാണ്ടുകളോളം കെപിപിസി ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. പാർട്ടി നിലപാടുകളെ ന്യായീകരിച്ചും വിമർശനങ്ങളെ പ്രതിരോധിച്ചും എംഐ ഷാനവാസ് അവസാന നാളുകൾ വരെ പൊതു രംഗത്ത് സജീവമായിരുന്നു.

ഇങ്ങനെ തിരുത്തൽവാദം മക്കൾ രാഷ്ട്രീയത്തിനെതിരെ ഉയർത്തിയ നേതാവിന്റെ മകൾ തന്നെ സീറ്റ് ചോദിച്ചെത്തുന്ന അത്ഭുതമാണെന്നാണ് യൂത്ത് കോൺഗ്രസിന്റെ പൊതുവികാരം. അരുവിക്കര എംഎൽഎയായിരുന്ന ജി കാർത്തികയന്റെ മരണത്തിൽ വിജയ സാധ്യത പരിഗണിച്ചാണ് ശബരിനാഥിനെ സ്ഥാനാർത്ഥിയാക്കിയത്. എന്നാൽ വയനാട്ടിൽ അത്തരമൊരു പ്രശ്‌നമില്ല. ആരു നിന്നാലും ജയിക്കാം. ഈ സാഹചര്യത്തിൽ കോൺഗ്രസ് നേതാക്കളെ തന്നെ മത്സരിപ്പിക്കണമെന്നതാണ് ആവശ്യം. ഈ സാഹചര്യത്തിലാണ് അന്തരിച്ച നേതാക്കളുടെ മക്കൾക്ക് സീറ്റ് നൽകരുതെന്ന ആവശ്യവുമായി മുൻ ജനറൽ സെക്രട്ടറി ആർ എസ് അരുൺരാജിന്റെ നേതൃത്വത്തിൽ കത്ത് നൽകിയിരിക്കുന്നത്. എംഐ ഷാനവാസിന്റെ മകളെ വയനാട് സീറ്റിൽ മത്സരിപ്പിക്കാൻ ഒരു വിഭാഗത്തിന് ആലോചനയുണ്ടെന്ന സൂചന പുറത്ത് വന്നതിന് പിന്നാലെയാണ് മുൻഭാരവാഹികൽ കെപിസിസി പ്രസിഡന്റിന് കത്ത് നൽകിയത്.

എംഐ ഷാനവാസിന്റെ മകളെ വയനാട്ടിൽ മത്സരിപ്പിക്കാനുള്ള നീക്കത്തിന് പിന്നാലെ അന്തരിച്ച മുൻ മന്ത്രിയും തൃശൂരിൽ നിന്നുള്ള പാർട്ടി നേതാവുമായ സിഎൻ ബാലകൃഷ്ണന്റെ മകൾക്ക് കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനം നൽകാനും ധാരണയുണ്ട്. രണ്ട് ശ്രമങ്ങളും മുന്നിൽ കണ്ടാണ് യൂത്ത് കോൺഗ്രസ് മുൻഭാരവാഹികൾ പരാതിയുമായി രംഗത്തെത്തിയത്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP