Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരായുസിന്റെ മുഴുവൻ വേദനയും പേറി ഓരോ ദിനവും തള്ളി നീക്കുമ്പോഴും മുന്നിലെത്തുന്നവരുടെയടുത്ത് പ്രതീക്ഷയോടെ തുമ്പിക്കൈ നീട്ടി നീലകണ്ഠൻ; ശാസ്താംകോട്ട ധർമശാസ്താ ക്ഷേത്രത്തിലെ ആനപന്തിയിൽ നിന്നും പുറത്ത് വരുന്നത് കണ്ണീരോടെ കാണേണ്ട കാഴ്‌ച്ച; ആനകളോട് കൊടും ക്രൂരത മാത്രം കാട്ടുന്ന പാപ്പാന്റെ അടുത്തെത്തിയപ്പോൾ മുതൽ നീലകണ്ഠന്റെ ജീവിതത്തിന്റെ 'കണ്ടകശനി'

ഒരായുസിന്റെ മുഴുവൻ വേദനയും പേറി ഓരോ ദിനവും തള്ളി നീക്കുമ്പോഴും മുന്നിലെത്തുന്നവരുടെയടുത്ത് പ്രതീക്ഷയോടെ തുമ്പിക്കൈ നീട്ടി  നീലകണ്ഠൻ; ശാസ്താംകോട്ട ധർമശാസ്താ ക്ഷേത്രത്തിലെ ആനപന്തിയിൽ നിന്നും പുറത്ത് വരുന്നത് കണ്ണീരോടെ കാണേണ്ട കാഴ്‌ച്ച; ആനകളോട് കൊടും ക്രൂരത മാത്രം കാട്ടുന്ന പാപ്പാന്റെ അടുത്തെത്തിയപ്പോൾ മുതൽ നീലകണ്ഠന്റെ ജീവിതത്തിന്റെ 'കണ്ടകശനി'

മറുനാടൻ ഡെസ്‌ക്‌

ശാസ്താംകോട്ട: വെറും 20 വർഷത്തിനിടെയുള്ള ജീവിതത്തിൽ ഇത്രയധികം വേദനയനുഭവിക്കേണ്ടി വരുമെന്ന് നീലകണ്ഠൻ സ്വപ്‌നത്തിൽ പോലും കരുതിയിരുന്നില്ല. ശാസ്താംകോട്ടയിലെ ധർമശാസ്താ ക്ഷേത്രത്തിൽ കോൺക്രീറ്റ് ആനപ്പന്തിയിൽ വേദന കടിച്ചമർത്തി മരണം ദയകാണിക്കണേ എന്ന പ്രാർത്ഥനയിൽ കഴിയുന്ന ഗജവീരനെ കണ്ടാൽ കല്ലു പോലുള്ള മനസ് പോലും മഞ്ഞു പോലെ ഉരുകും. അവന് ബാക്കിയുള്ളത് ഒരു കാല് മാത്രമാണെന്നത് കേട്ട് മിണ്ടാപ്രാണികളെ നെഞ്ചോട് ചേർത്ത് സ്‌നേഹിക്കുന്നവർ കണ്ണീർകയത്തിലാണ്. 2012ൽ ആനകളോട് കൊടുംക്രൂരത കാണിച്ചതിന് പണിഷ്മെന്റ് ട്രാൻസ്ഫർ കിട്ടിയ സന്തോഷ് എന്ന പാപ്പാനെ നീലകണ്ഠനെ പരിപാലിക്കാൻ ഏൽപ്പിച്ചത് വഴി ദേവസ്വം ബോർഡ് കാണിച്ച അനാസ്ഥയോടെ നീലകണ്ഠന്റെ നരകം ആരംഭിച്ചു.

അതിന് മുൻപ് തന്നെ വാതരോഗം കൊണ്ട് ചെറിയ ബുദ്ധിമുട്ട് അവനുണ്ട്. ചിട്ട പഠിപ്പിക്കുന്നതിന്റെ ഭാഗമായി സന്തോഷ് കത്തി കൊണ്ടും മരം കൊണ്ടും ഭേദ്യം ചെയ്ത് മുൻവശത്തുള്ള ഇടതു കാലിൽ മാരകമായി മുറിവേൽപ്പിച്ചു. ശരിയായ ചികിത്സ കിട്ടാത്തതുകൊണ്ട് നീലകണ്ഠൻ ലക്ഷണമൊത്ത കൊമ്പനാനയുടെ ശ്രേണിയിൽ നിന്നു ഇനി ദേവസ്വം ബോർഡിന് അഞ്ചു പൈസയുടെ വരുമാനം ഉണ്ടാക്കികൊടുക്കാൻ കഴിയാത്ത വിലക്ഷണനായ ആനയായി മാറി ,2 വർഷങ്ങൾ കഴിഞ്ഞു 2015ൽ വനം വകുപ്പിന്റെയും ദേവസ്വം ബോർഡിന്റെയും കീഴിൽ പ്രവർത്തിക്കുന്ന 5 പ്രധാന മൃഗ ഡോക്റ്റർമാർ നീലകണ്ഠനെ പരിശോധിച്ച് തിരുവിതാംകൂർ ദേവസ്വത്തിന് റിപ്പോർട്ട് നൽകിയത് ഇനി നീലകണ്ഠന്റെ ക്ഷതമേറ്റ കാൽ ഒരു ചികിത്സയോടും പ്രതികരിക്കില്ല എന്നും അവനെ എത്രയും വേഗം വനം വകുപ്പിന്റെ കീഴിലുള്ള കോട്ടൂർ റീഹാബിലിറ്റേഷൻ കേന്ദ്രത്തിലേക്ക് മാറ്റണം എന്നുമാണ്.

ആ ഫയൽ നീലകണ്ഠനെ പോലെ അനങ്ങിയില്ല. മൂന്ന് വർഷങ്ങളായി. നീലകണ്ഠൻ ആ കോൺക്രീറ്റ് പീഠത്തിന് മേൽ നിൽപ്പ് തുടരുന്നു. ഒന്നും മാറിയിട്ടില്ല എന്ന് പറയാനാവില്ല. 2015ൽ നീലകണ്ഠന് മൂന്ന് കാൽ ബാക്കിയുണ്ടായിരുന്നു. ഇന്നു ഒരു കാൽ മാത്രം. പുറകിലുള്ള രണ്ടു കാലിലും ചങ്ങല കിടന്നു വ്രണമായി ചോരയും നീരും ഒഴുകുന്നു. അതിന് മേൽ വീണ്ടും വീണ്ടും ഇരുമ്പ് ചങ്ങല ഉരയുന്നതു കൊണ്ട് മരുന്ന് ഫലിക്കുന്നില്ല. ശരീരത്തിന്റെ മുഴുവൻ ഭാരവും ഒറ്റക്കാലിൽ താങ്ങുകയാണ് നീലകണ്ഠൻ. മദ്യപാനിയായ പാപ്പാൻ അവനെ ഇപ്പോഴും മര്യാദ പഠിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. മൃഗ സ്നേഹിയായ രതീഷ് അവിചാരിതമായി പകർത്തിയ നീലകണ്ഠന്റെ നരകവേദനയുടെ ദൃശ്യങ്ങൾ പുറത്ത് വന്നത് മുതൽ അവനോടുള്ള ക്രൂരതയുടെ ചങ്ങലയഴിക്കാൻ ശ്രമം നടക്കുകയാണ്. നീലകണ്ഠന്റെ കഥ കേട്ട വനം വകുപ്പ് മന്ത്രി അനുതാപ പൂർവമാണ് പ്രതികരിച്ചത്.

അദ്ദേഹം 'ആക്ഷൻ എടുക്കു' എന്ന് നിർദ്ദേശിച്ചു പ്രധാന വൈൽഡ് ലൈഫ് വാർഡന് പ്രശ്നം കൈമാറുകയും വാർഡൻ നിയോഗിച്ച റേഞ്ച് ഓഫീസർ നീലകണ്ഠനെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റേണ്ടതാണ് എന്ന് റിപ്പോർട്ട് നൽകുകയും ചെയ്തു. ഇപ്പോൾ വനം വകുപ്പിന് കീഴിലുള്ള മൂന്നു ഡോക്ടർമാരുടെ അഭിപ്രായം കൂടി കിട്ടേണ്ടത് ഉണ്ട്. മൂന്ന് വർഷങ്ങൾ മുൻപ് അവർ തന്നെ സമർപ്പിച്ച റിപ്പോർട്ടിന് ആധാരമായ അവസ്ഥയെക്കാൾ പരിതാപകരമാണ് നീലകണ്ഠന്റെ ജീവിതമെന്നു, അവർ കാണാതെ പോകില്ല എന്ന പ്രത്യാശയിലാണ് കേരളത്തിലെയും പുറത്തെയും മൃഗാവകാശ പ്രവർത്തകർ. അവനെ ഒരു ജന്മം മുഴുവൻ ഒറ്റക്കാലിൽ നിൽക്കാൻ വിധിക്കരുതേ എന്ന പ്രാർത്ഥനയിലാണ് ഞങ്ങൾ. നീലകണ്ഠന്റെ അവസ്ഥ അറിഞ്ഞു കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട് .

ഒപ്പം മൂന്ന് മൃഗസംരക്ഷണ കേസ്സുമായി മുന്നോട്ടു പോകുന്നുണ്ട് ...പക്ഷെ ഓരോ നിമിഷവും ഒരു യുഗമായി ,എത്രെയോ ജന്മങ്ങൾആയി ഞാൻ ഇങ്ങിനെ എന്ന് തോന്നുണ്ടാവും നീലകണ്ഠന് .അനന്തമായ വേദനയാണ് സമയം എന്നും .മുൻപിൽ എത്തുന്ന ഓരോ മനുഷ്യനോടും തുമ്പികൈ കൊണ്ട് വേദനിക്കുന്ന കാൽ തൊട്ടു കാണിച്ചു ' എന്നെ സഹായിക്കുമോ 'എന്ന് ഹൃദയം പൊട്ടി ചോദിക്കുന്നുണ്ട് അവൻ .മനുഷ്യരിൽ അവനിപ്പോഴും വിശ്വാസം ബാക്കിയുണ്ട് .അത് അവസാനിക്കുന്ന ദിവസം 'മതി' എന്ന് അവൻ തീരുമാനിക്കും. നീലകണ്ഠൻ നില തെറ്റും. അവന്റെ ഒറ്റകാലിലെ തപസ്സു തീരും. പിന്നെ കിടന്നു പൊട്ടി പഴുത്തു ചെരിയും. എത്രയോ ആനകൾ അങ്ങിനെ അവസാനിച്ചു കോട്ടൂരേക്കു മാറ്റിയാൽ അവനു സ്വർഗ്ഗസമാനമായ ജീവിതം കിട്ടും എന്ന മിഥ്യ ധാരണയൊന്നും ഉണ്ടായിട്ടല്ല ഈ ആവശ്യം. അവിടെ അവനു ചുറ്റും കാടുണ്ട്. എപ്പോഴും കെട്ടിയിടേണ്ട അവസ്ഥയില്ല.

അവന്റെ കാതിലേക്കു ആരും ഉച്ചഭാഷിണി വച്ചു ഭക്തിഗാനങ്ങൾ അനുസ്യുതം അടിച്ചു കേറ്റില്ല. അവിടെ അവനു മറ്റു ആനകൾ കൂട്ടിനുണ്ട്. പച്ചപ്പുണ്ട് ..ജലാശയമുണ്ട് ..അത്രയെങ്കിലും അവനർഹിക്കുന്നുണ്ട് .അത് അവനു കിട്ടിയേ തീരു. അതിന് വേണ്ടി ഞങ്ങൾ ഏതു അറ്റം വരെയും പോകാൻ തീരുമാനിച്ചിട്ടുണ്ട്. ദേവസ്വം ബോർഡ് അവനെ വിട്ടു കൊടുക്കാൻ അനുവദിക്കണം. വനം വകുപ്പ് ഏറ്റെടുക്കാൻ എത്രെയും വേഗം തയ്യാറാകണം ഞങ്ങൾ മൃഗാവകാശ പ്രവർത്തകർ ,മൃഗസ്നേഹികൾ അഭ്യർത്ഥിക്കുന്നു. 'മദപ്പാട് ,'തുടങ്ങി എക്കാലത്തും പറഞ്ഞു കേൾക്കാറുള്ള സ്ഥിരം ന്യായീകരണങ്ങൾ ദയവായി ആവർത്തിക്കരുത് .ഇന്നലേയും കൂടി ഞങ്ങളിൽ ചിലർ അവന്റെ അടുത്ത് പോയി 'മോനെ നീലകണ്ഠാ 'എന്ന് വിളിക്കുമ്പോൾ അവന്റെ സന്തോഷം കാണുകയും കൊടുത്ത പഴം വാങ്ങി അവൻ ആർത്തിയോടെ കഴിക്കുകയും ചെയുന്നത് കണ്ടതാണ്...

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP