Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജീവിക്കാൻ മറ്റുജോലികൾ അറിയില്ല; പ്രായപരിധി കഴിഞ്ഞതിനാൽ ഇനി മറ്റൊരുജോലിക്ക് ശ്രമിക്കാനാവില്ല; ബസിൽ ജോലി ചെയ്ത വകയിൽ കൂട്ടായി രോഗങ്ങളും; മുന്നിൽ തെളിഞ്ഞുകാണുന്നത് മരണം മാത്രം; പെട്ടെന്നൊരുനാൾ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതോടെ തച്ചങ്കരിയുടെ മുന്നിൽ പൊട്ടിക്കരഞ്ഞ് കെഎസ്ആർടിസി എംപാനൽ ജീവനക്കാർ; എല്ലാവരുടെയും കൈകൾ കൂട്ടിപ്പിടിച്ച് ആശ്വസിപ്പിച്ച് സിഎംഡി; വിധിക്കെതിരെ അപ്പീൽ നൽകുമെന്നും തിരിച്ചെടുക്കാൻ വഴികൾ നോക്കുമെന്നും ഉറപ്പ്

ജീവിക്കാൻ മറ്റുജോലികൾ അറിയില്ല; പ്രായപരിധി കഴിഞ്ഞതിനാൽ ഇനി മറ്റൊരുജോലിക്ക് ശ്രമിക്കാനാവില്ല; ബസിൽ ജോലി ചെയ്ത വകയിൽ കൂട്ടായി രോഗങ്ങളും; മുന്നിൽ തെളിഞ്ഞുകാണുന്നത് മരണം മാത്രം; പെട്ടെന്നൊരുനാൾ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതോടെ തച്ചങ്കരിയുടെ മുന്നിൽ പൊട്ടിക്കരഞ്ഞ് കെഎസ്ആർടിസി എംപാനൽ ജീവനക്കാർ; എല്ലാവരുടെയും കൈകൾ കൂട്ടിപ്പിടിച്ച് ആശ്വസിപ്പിച്ച് സിഎംഡി; വിധിക്കെതിരെ അപ്പീൽ നൽകുമെന്നും തിരിച്ചെടുക്കാൻ വഴികൾ നോക്കുമെന്നും ഉറപ്പ്

ആർ പീയൂഷ്

തിരുവനന്തപുരം: ജോലിയിൽ നിന്നും പിരിച്ചു വിട്ടതോടെ ഹൃദയം തകർന്ന് കെഎസ്ആർടിസിയിലെ എം പാനൽ ജീവനക്കാർ. ജീവനക്കാർ കെ.എസ്.ആർ.ടി.സി സിഎംഡി ടോമിൻ ജെ തച്ചങ്കരിയുടെ മുന്നിൽ പൊട്ടിക്കരഞ്ഞു. ജീവിക്കാൻ മറ്റു ജോലികൾ അറിയില്ല എന്നും ഇനി മുന്നിൽ മരണം മാത്രവുമാണ് എന്ന് പറഞ്ഞാണ് ജീവനക്കാർ സിഎംഡിക്ക് മുന്നിൽ വിതുമ്പിയത്. എന്തുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനം എന്ന് വിശദീകരിച്ച് എംപാനൽ ജീവനക്കാരോട് സംസാരിച്ച ശേഷം മാധ്യമങ്ങളെ കാണുമ്പോഴാണ് ജീവനക്കാർ അദ്ദേഹത്തിന്റെ ചുറ്റും കൂടിയത്. വിതുമ്പി കരഞ്ഞ ജീവനക്കാരന്റെ കൈകൾ കൂട്ടി പിടിച്ച് കോടതി ഉത്തരവിനെതിരെ മാനേജ്മെന്റ് അപ്പീലിന് പോകുമെന്നും താമസിയാതെ തന്നെ എല്ലാവരെയും തിരിച്ചെടുക്കാൻ കോടതി വിധി വാങ്ങുമെന്നും തച്ചങ്കരി പറഞ്ഞു. ഇപ്പോൾ ഒരു അവധിക്ക് പോകുന്ന പോലെ കരുതിയാൽ മതിയെന്നുമാണ് അദ്ദേഹം ജീവനക്കാരോട് പറഞ്ഞത്.

ഇന്ന് രാവിലെ പത്തരയോടെ തിരുവനന്തപുരം സിറ്റി യൂണിറ്റിൽ വച്ചായിരുന്നു പിരിച്ചുവിട്ട എംപാനൽ ജീവനക്കാരോട് സിഎംഡി സംസാരിച്ചത്. ഇതൊരു അന്തിമ വിധിയല്ലെന്നു താൽക്കാലിക ജീവനക്കാരെ അഭിസംബോധന ചെയ്തുകൊണ്ട് സിഎംഡി ടോമിൻ ജെ.തച്ചങ്കരി പറഞ്ഞു. സർക്കാർ തീരുമാനം എംപാനൽകാരെ പിരിച്ചുവിടണ്ട എന്നാണ്. അതിനുവേണ്ടിയാണ് കോർപ്പറേഷൻ ശ്രമിക്കുന്നത്. ഇക്കാര്യം കോടതിയെ ബോധിപ്പിക്കും. ഇതു താൽക്കാലിക നടപടിയാണ്. താൽക്കാലിക ജീവനക്കാർ നിരാശരാകരുതെന്നും തച്ചങ്കരി പറഞ്ഞു. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും അനുകൂല വിധിയുണ്ടായാൽ മുഴുവൻപേരെയും തിരിച്ചെടുക്കുമെന്നും എം.ഡി ടോമിൻ തച്ചങ്കരി ഉറപ്പുനൽകി.

എന്നാൽ 12 വർഷത്തിലധികമായി താൽക്കാലിക ജോലി ചെയ്തിരുന്ന ജീവനക്കാർ ഏറെ ദുരിതത്തിലായിരിക്കുകയാണ്. ജോലി നഷ്ട്‌പ്പെട്ട എല്ലാവരും ഇനിയെന്ത് എന്ന ചോദ്യത്തിന് മുന്നിൽ പകച്ചു നിൽക്കുകയാണ്. ജീവിതത്തിന്റെ പകുതിയിലധികവും കോർപ്പറേഷന് വേണ്ടി ഹോമിച്ചവരാണിവർ. പ്രായപരിധി കഴിഞ്ഞതിനാൽ ഇനി മറ്റൊരു ജോലിക്കു ശ്രമിക്കാനുമാകില്ല. കൂടാതെ ബസിൽ ജോലി ചെയ്ത വകയിൽ ഒട്ടുമിക്ക പേർക്കും പലവിധമായ രോഗങ്ങളും പിടിപെട്ടിട്ടുണ്ട്. ഡിസ്‌ക്കിന് അകൽച്ചയും കിഡ്നി സംബന്ധമായ രോഗങ്ങളും മറ്റുമാണ് കൂടുതലും. ഇത്രകാലം ജോലി ചെയ്തിട്ടും നിർദാക്ഷണ്യം പറഞ്ഞയച്ച നടപടി ഇനിയും ഉൾക്കൊള്ളാൻ ആയിട്ടില്ല ഇവർക്ക്. തിരിച്ചെടുക്കാനുള്ള വിധിക്കായി കോടതിയെ സമീപിക്കാനിരിക്കുകയാണ് ജീവനക്കാർ.

അതേ സമയം എംപാനൽ ജീവനക്കാരെ പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവിറക്കാൻ വൈകിയതിനെ വീണ്ടും രൂക്ഷമായി വിമർശിച്ച ഹൈക്കോടതി ചൊവ്വാഴ്ച എംഡി നേരിട്ടെത്തി സത്യവാങ്മൂലം നൽകണമെന്നും നിർദ്ദേശിച്ചു. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ കെഎസ്ആർടിസിയിലെ 3,861 താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട് ഉത്തരവിറങ്ങി. അതോടൊപ്പം പിഎസ്‌സി റാങ്ക് ലിസ്റ്റിലുള്ളവർക്ക് ഇന്നു മുതൽ നിയമന ശുപാർശ നൽകിത്തുടങ്ങും. ഇന്നു തന്നെ ജീവനക്കാരെ പിരിച്ചുവിടണമെന്നു ഹൈക്കോടതി നിർദ്ദേശിക്കുകയായിരുന്നു.

2013 മെയ്‌ ഒൻപതിനാണ് റിസർവ് കണ്ടക്ടർ റാങ്ക് ലിസ്റ്റ് പിഎസ്‌സി പ്രസിദ്ധീകരിച്ചത്. ആദ്യ നിയമന ശുപാർശ നടന്നത് 2013 സെപ്റ്റംബർ അഞ്ചിനായിരുന്നു. 9,300 പേർക്ക് ഒന്നാം ഘട്ടത്തിൽ നിയമന ശുപാർശ നൽകി. ഇവരിൽ 3,808 പേർക്ക് കെഎസ്ആർടിസി വൈകാതെ നിയമനം നൽകി. എന്നാൽ 5,492 പേർ നിയമന ഉത്തരവിനായുള്ള കാത്തിരിപ്പ് വർഷങ്ങളോളം തുടർന്നു. മൂന്നു വർഷത്തോളമായപ്പോഴാണ് ഇവർക്കെല്ലാം നിയമന ഉത്തരവ് ലഭിച്ചത്. ലിസ്റ്റിലെ അവസാന നിയമന ശുപാർശ നടന്നത് 2016 ഡിസംബർ 31നായിരുന്നു. 4,051 പേർക്കാണ് അന്ന് നിയമന ശുപാർശ നൽകിയത്. ഇവരിൽ ഒരാൾക്ക് പോലും നിയമന ഉത്തരവ് നൽകാൻ കെഎസ്ആർടിസി തയാറാകാത്ത സാഹചര്യത്തിലാണ് ഉദ്യോഗാർഥികൾ ഹൈക്കോടതിയെ സമീപിച്ചതും ഇപ്പോൾ അനുകൂല വിധി ലഭിച്ചതും.

ഹൈക്കോടതി ഉത്തരവ് കെഎസ്ആർടിസിയെ ദീർഘകാലാടിസ്ഥാനത്തിൽ ബാധിക്കാനിടയില്ല. നിയമന ശുപാർശ ലഭിക്കുന്നവരിൽ വലിയൊരു ശതമാനം കെഎസ്ആർടിസിയിൽ ജോലിയിൽ കയറാറില്ലെന്നതാണ് കാരണം. ജോലിയിൽ പ്രവേശിക്കുന്നവരാകട്ടെ മികച്ച മറ്റു ജോലികൾ ലഭിക്കുമ്പോൾ ജോലി ഉപേക്ഷിക്കാറുണ്ട്. കണ്ടക്ടർ ലിസ്റ്റിൽ ഭൂരിഭാഗവും പെൺകുട്ടികളാണ്. എന്നാൽ, താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടുന്നത് കോർപ്പറേഷന്റെ പ്രവർത്തനങ്ങളെ താളംതെറ്റിക്കുമെന്നു കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കുന്നു. സംസ്ഥാനത്തൊട്ടാകെ 10,000 കണ്ടക്ടർമാരുണ്ടെങ്കിലും താൽക്കാലിക കണ്ടക്ടർമാരെ കൂട്ടത്തോടെ പിരിച്ചു വിടുന്നത് വടക്കൻ കേരളത്തിൽ സർവീസുകൾ മുടങ്ങുന്നതിനു കാരണമാകും. പുതിയ കണ്ടക്ടർമാർ പരിശീലനം പൂർത്തിയാക്കുന്നതിനു സമയമെടുക്കും. പ്രതിദിനം 500 സർവീസുകൾ മുടങ്ങുന്ന സാഹചര്യമുണ്ടാകുമെന്നാണ് കെഎസ്ആർടിസി യൂണിയനുകൾ പറയുന്നത്.

മുഴുവൻ എംപാനൽ കണ്ടക്ടർമാരേയും പിരിച്ചുവിട്ട് പിഎസ്‌സി ശുപാർശ ചെയ്തവരെ തിങ്കളാഴ്ചയ്ക്കകം നിയമിക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ താക്കീത്. എന്നാൽ രാവിലെ കേസ് പരിഗണിച്ചപ്പോഴും ഉത്തരവിറങ്ങാത്തതിനെ കോടതി അതിരൂക്ഷമായി വിമർശിച്ചു. ഒരു എംപാനലുകാരനും ജോലി ചെയ്യുന്നില്ലെന്ന് അടുത്തദിവസം എംഡി നേരിട്ടെത്തി സത്യവാങ്മൂലം നൽകണം. അല്ലാത്തപക്ഷം പ്രത്യാഘാതം അനുഭവിക്കാൻ തയാറാകണം.

കോടതിയെയും ജനങ്ങളെയും കെഎസ്ആർടിസി വിഡ്ഢികളാക്കുകയാണന്നും ഉന്നതപദവിയിൽ ഇരിക്കുന്നവരെയും നീക്കാൻ കോടതിക്ക് അറിയാമെന്നുമെന്നും കോടതി രൂക്ഷമായി വിമർശിച്ചു. അതേസമയം, കെഎസ്ആർടിസിയുടെ പ്രവർത്തനം സ്തംഭനത്തിലേക്കാണെന്നു ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞത്. മലബാറിൽ ഉൾപ്പെടെ നിരവധി സർവീസുകൾ മുടങ്ങുമെന്ന് മന്ത്രി പറഞ്ഞു. പിഎസ്‌സി നിയമനം നടത്തിയാലും സാധാരണ നിലയിലാവാൻ ദിവസങ്ങൾ വേണ്ടിവരും. പിരിച്ചുവിടുന്ന എംപാനലുകാരെ ഒരുതരത്തിലും പുനരധിവസിപ്പിക്കാൻ കഴിയില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മന്ത്രി പറഞ്ഞ വാക്കുകൾ ശരിവയ്ക്കുന്ന തരത്തിലാണ് കാര്യങ്ങൾ. ഉച്ചയ്ക്ക് ശേഷമുള്ള കെ.എസ്.ആർ.ടി.സി ഷെഡ്യൂളിൽ പകുതിയിലധികവും മുടങ്ങി. ഇന്ന് ഉച്ചയോടെ പിരിച്ചുവിടൽ ഉത്തരവ് കൈയിൽ കിട്ടിയതോടെ ബസുകൾ അതാത് ഡിപ്പോകളിൽ ട്രിപ്പ് അവസാനിപ്പിച്ചു. വൈകുന്നേരമാണ് കൂടുതൽ യാത്രാ ബുദ്ധിമുട്ടനുഭവപ്പെടാൻ പോകുന്നത്. ഗ്രാമങ്ങളിലേക്കുള്ള സർവ്വീസുകൾ മുടങ്ങുമ്പോൾ സർക്കാർ ഉദ്യോഗസ്ഥരെയും വിദ്യാർത്ഥികളെയും സാരമായി ബാധിക്കും. എന്നാൽ ട്രിപ്പുകൾ മുടങ്ങാതിരിക്കുവാനുള്ള നടപടികൾ ആരംഭിച്ചതായി സിഎംഡി മറുനാടൻ മലയാളിയോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP