Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹിറ്റ്‌ലറാണ് തന്റെ റോൾ മോഡലെന്ന് വീരസ്യം പറഞ്ഞ് രാജാവിനെ പോലെ വാണ ആ കാലം എവിടെ? കൊട്ടാരസദൃശമായ അരമനയിൽ അടിച്ചുപൊളിച്ചുകഴിഞ്ഞ നാളുകൾ ഇന്ന് വെറുംപഴങ്കഥ ! കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ കുടുങ്ങിയതോടെ ചുറ്റും സ്തുതി ഗീതങ്ങളുമായി പാറി നടന്നിരുന്നവരും പാടേ കൈയൊഴിഞ്ഞു; ഡെങ്കിപ്പനിക്ക് പിന്നാലെ സെമിനാരിയിലേക്ക് താമസവും മാറ്റി: ഒറ്റപ്പെട്ടുപോയ ബിഷപ്പ് ഫ്രാങ്കോയ്ക്ക് പിന്തുണയുമായി ആകെ എത്തിയത് പി.സി.ജോർജ് മാത്രം

ഹിറ്റ്‌ലറാണ് തന്റെ റോൾ മോഡലെന്ന് വീരസ്യം പറഞ്ഞ് രാജാവിനെ പോലെ വാണ ആ കാലം എവിടെ? കൊട്ടാരസദൃശമായ അരമനയിൽ അടിച്ചുപൊളിച്ചുകഴിഞ്ഞ നാളുകൾ ഇന്ന് വെറുംപഴങ്കഥ ! കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ കുടുങ്ങിയതോടെ ചുറ്റും സ്തുതി ഗീതങ്ങളുമായി പാറി നടന്നിരുന്നവരും പാടേ കൈയൊഴിഞ്ഞു; ഡെങ്കിപ്പനിക്ക് പിന്നാലെ സെമിനാരിയിലേക്ക് താമസവും മാറ്റി: ഒറ്റപ്പെട്ടുപോയ ബിഷപ്പ് ഫ്രാങ്കോയ്ക്ക് പിന്തുണയുമായി ആകെ എത്തിയത് പി.സി.ജോർജ് മാത്രം

മറുനാടൻ മലയാളി ബ്യൂറോ

ജലന്ധർ: ഒരുകാലത്ത് ജലന്ധർ രൂപതയിലെ അവസാന വാക്കായിരുന്നു ബിഷപ്പ് ഫ്രാങ്കോ. ഇഷ്ടമില്ലാത്തവരെ അടിച്ചൊതുക്കും. ആവശ്യത്തിലധികം പണം. തന്റെ ഇഷ്ടത്തിനൊത്ത് പ്രവർത്തിക്കുന്ന പുതിയൊരു സന്യാസ സമൂഹം കെട്ടിപ്പെടുക്കുക ലക്ഷ്യമിട്ടുള്ള പ്രവർത്തനം. സ്വത്ത് വകകളും വാങ്ങി കൂട്ടി. നാലേക്കറുള്ള ബംഗളൂരുവിലെ സ്പൈസ് ഗാർഡൻ തന്നെയാണ് ഇതിന് ഉദാഹരണം. പുന്തോട്ടത്തിന് നടുവിൽ ആഡംബരപൂർണ്ണമായ കൊട്ടാരവും. സത്യസന്ധരായ വൈദികരുടെ ശബ്ദം ജലന്ധർ രൂപതയിൽ ഒറ്റപ്പെട്ടകാലമായിരുന്നു അതൊക്കെ. എന്നാൽ, ഇന്ന് രാജാവിനെ പോലെ ജീവിച്ച ഫ്രാങ്കോ ഏകനാണ്.

ആപത്ത് കാലമായതോടെ, മുമ്പ് ചുറ്റും തമ്പടിച്ചിരുന്നവരെല്ലാം കൈയൊഴിഞ്ഞു. ബിഷപ്പ് ഹൗസിലെ സസ്ഥിരം സന്ദർശകരാരും ഫ്രാങ്കോയെ കാണാൻ എത്തുന്നില്ല. ഒറ്റപ്പെട്ട് വശംകെട്ടതോടെ, ബിഷപ്പ് ഫ്രാങ്കോ അരമന വിട്ടു. ഫ്രാങ്കോ തന്നെ സ്ഥാപിച്ച ഫ്രാൻസിസ്‌കൻ മിഷണറീസ് ഓഫ് ജീസസ് (എഫ്.എം.ജെ) വൈദികരുടെ സെമിനാരിയിലേക്കാണ് താമസം മാറ്റിയിരിക്കുന്നത്. പ്രതാപ്ഗള്ളിലുള്ള ഈ സെമിനാരിയിലാണ് ഫ്രാങ്കോ ഇപ്പോൾ താമസിക്കുന്നത്. സൗകര്യങ്ങൾക്ക് കുറവൊന്നുമില്ല. എന്നാൽ, രൂപതയുടെ ഭരണപരമായ ചുമതലകളിൽ നിന്ന് നീക്കി അഡ്‌മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തിയതോടെ ബിഷപ്പ് ഹൗസിൽ കടുത്ത നിയന്ത്രണങ്ങളാണുള്ളത്. സ്ത്രീകളും കന്യാസ്ത്രീകളും ബിഷപ്പ് ഹൗസിൽ കയറിയിറങ്ങുന്നത് അഡ്‌മിനിസ്ട്രേറ്റർ വിലക്കി. ഫ്രാങ്കോയുടെ അധികാരവും നഷ്ടമായതോടെ അടുപ്പക്കാരായ വൈദികരും മറ്റും അവിടേക്ക് വരുന്നതും ചുരുക്കി. ഇതോടെ തികച്ചും ഒറ്റപ്പെട്ടുപോയ ഫ്രാങ്കോ കൂടുതൽ സമയവും മുറിക്കുള്ളിൽ തന്നെയാണ് കഴിഞ്ഞുകൂടിയത്. അഡ്‌മിനിസ്ട്രേറ്റർ ബിഷപ്പ് ആഗ്നെലോയുടെ മുറിയുടെ തൊട്ടടുത്തു തന്നെയാണ് ഫ്രാങ്കോയുടെ മുറിയും. അഡ്‌മിനിസ്ട്രേറ്ററുടെ കണ്ണുകൾ എപ്പോഴും ഫ്രാങ്കോയുടെ മേലുള്ളതിനാൽ ഏറെ അസ്വസ്ഥനായാണ് ഫ്രാങ്കോ അരമനയിൽ കഴിഞ്ഞത്.

അതിനിടെ, ഇരുട്ടടി പോലെ ഫ്രാങ്കോയ്ക്ക് ഡെങ്കിപ്പനി പിടിപെട്ടു. ഇതോടെ പഞ്ചാബിയുടെ ഉടമസ്ഥതയിലുള്ള ആശുപത്രിയിൽ ചികിത്സ തേടിയ ബിഷപ്പ് ഫ്രാങ്കോ അവിടെനിന്നും നേരെ എഫ്.എം.ജെ സെമിനാരിയിലേക്കാണ് പോയത്. ബിഷപ്പ് ഹൗസിൽ സന്ദർശകർക്ക് നിയന്ത്രണം ഉള്ളതിനാൽ വേണ്ടപ്പെട്ടവരെ കാണാനുള്ള സൗകര്യം കൂടി പരിഗണിച്ചാണ് ഈ മാറ്റം. ജലന്ധറിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ഫാ.കുര്യാക്കോസ് കാട്ടുതറയുടെ അനുസ്മരണ ദിനത്തോട് അനുബന്ധിച്ച് ഈ മാസം ഒന്നിന് കത്തീഡ്രൽ പള്ളിയിൽ രൂപതയിൽ നിന്നുള്ള ഭൂരിഭാഗം വൈദികരും കന്യാസ്ത്രീകളും വിശ്വാസികളും പങ്കെടുത്തിരുന്നു. ഫ്രാങ്കോയും അനുയായികളും ഈ ചടങ്ങിൽ നിന്ന് വിട്ടുനിന്നു.

ബിഷപ്പ് ഫ്രാങ്കോ അധികാരം ഒഴിയുന്നതിനു മുൻപ് രൂപതയുടെയും കമ്പനികളുടെയും പേരിൽ വിവിധ ബാങ്കുകളിൽ ഉണ്ടായിരുന്ന അക്കൗണ്ടുകൾ പിൻവലിച്ചതായും വിവരമുണ്ട്. കോടികളുടെ നിക്ഷേപം പിൻവലിച്ച് രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയ ശേഷമാണ് ഫ്രാങ്കോ കേരള പൊലീസിനു മുമ്പാകെ ഹാജരായതെന്നും വൈദികർ പറയുന്നു. കേസിന്റെ തുടക്കത്തിൽ വലിയൊരു സംഖ്യ പിൻവലിച്ചിരുന്നു. ഫാ.ജെയിംസ് ഏർത്തയിൽ സി.എം.ഐ കന്യാസ്ത്രീകൾക്ക് 10 ഏക്കറും മഠവും ഓഫർ ചെയ്ത സമയത്തായിരുന്നു ഇത്.

അതിനിടെ, ബിഷപ്പ് ഫ്രാങ്കോയ്ക്ക് പിന്തുണയുമായി പി.സി ജോർജ് എംഎ‍ൽഎ ജലന്ധറിൽ എത്തിയിരുന്നു. ഞായറാഴ്ച വൈകിട്ട് സെന്റ് ജോസഫ്സ് ബോയ്സ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന കേരള കാത്തലിക് കമ്മ്യൂണിറ്റി (കെ.സി.സി)യുടെ ക്രിസ്മസ് ആഘോഷത്തിലും ജോർജ് ഭാര്യ ഉഷയ്ക്കൊപ്പം പങ്കെടുത്തു. പരിപാടിയുടെ മുഖ്യാതിഥിയും ഉദ്ഘാടകനുമായി രണ്ട് വൈദികരുടെ പേരാണ് നോട്ടീസിൽ ഉൾപ്പെടുത്തിയിരുന്നതെങ്കിലും അപ്രതീക്ഷിതമായാണ് ജോർജും ഭാര്യയും വേദിയിൽ എത്തിയത്. ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ടായിരുന്നു പ്രധാനമായും ജോർജ് ക്രിസ്മസ് ആഘോഷവേദിയിൽ സംസാരിച്ചത്.

നവംബർ നാലിന് നടന്ന കത്തീഡ്രൽ ഫെസ്റ്റിലേക്ക് ജോർജിനെ ക്ഷണിച്ചിരുന്നുവെങ്കിലും വിശ്വാസികളുടെ എതിർപ്പിനെ തുടർന്ന് നീക്കിയിരുന്നു. ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ പരാതി നൽകിയ കന്യാസ്ത്രീയെയും അവരുടെ കുടുംബത്തേയും അധിക്ഷേപിച്ച് സംസാരിച്ചതാണ് ജോർജിനെതിരെ വിശ്വാസികൾ രംഗത്തെത്താൻ കാരണം. കത്തീഡ്രൽ ഫെസ്റ്റിന് ജോർജിനെ ക്ഷണിച്ചതിനെതിരെ വിശ്വാസികൾ അഡ്‌മിനിസ്‌ട്രേറ്റർക്കും പരാതി നൽകിയിരുന്നു. അതുകൊണ്ടുതന്നെ രഹസ്യമായാണ് ജോർജ് ഇന്നലെ വേദിയിൽ എത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP