Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പിഎസ് സി ലിസ്റ്റിൽ ഉണ്ടെന്നറിഞ്ഞ് ഗൾഫിലെ ജോലി ഉപേക്ഷിച്ച് നാട്ടിൽ വന്ന് ലോട്ടറി കച്ചവടവും തട്ടുകടയും നടത്തുന്നവർ ഒരുഭാഗത്ത്; മറുഭാഗത്ത് ഒരുസുപ്രഭാതത്തിൽ ഇറങ്ങിപ്പോകാൻ പറഞ്ഞതോടെ വഴിയാധാരമായവർ; ഇനിയൊരു തൊഴിൽ യോഗ്യതയ്ക്ക് പ്രായം അധികമായവർ; കോടതി വിധി ഒരുകൂട്ടർക്ക് കച്ചിത്തുരുമ്പാകുമ്പോൾ മറ്റൊരുകൂട്ടർക്ക് നിലയില്ലാക്കയവും; പോംവഴികൾ ഒന്നും കാണാതെ സർക്കാരും കെഎസ്ആർടിസിയും

പിഎസ് സി ലിസ്റ്റിൽ ഉണ്ടെന്നറിഞ്ഞ് ഗൾഫിലെ ജോലി ഉപേക്ഷിച്ച് നാട്ടിൽ വന്ന് ലോട്ടറി കച്ചവടവും തട്ടുകടയും നടത്തുന്നവർ ഒരുഭാഗത്ത്; മറുഭാഗത്ത് ഒരുസുപ്രഭാതത്തിൽ ഇറങ്ങിപ്പോകാൻ പറഞ്ഞതോടെ വഴിയാധാരമായവർ; ഇനിയൊരു തൊഴിൽ യോഗ്യതയ്ക്ക് പ്രായം അധികമായവർ; കോടതി വിധി ഒരുകൂട്ടർക്ക് കച്ചിത്തുരുമ്പാകുമ്പോൾ മറ്റൊരുകൂട്ടർക്ക് നിലയില്ലാക്കയവും; പോംവഴികൾ ഒന്നും കാണാതെ സർക്കാരും കെഎസ്ആർടിസിയും

ആർ പീയൂഷ്

തിരുവനന്തപുരം: എംപാനൽ ജീവനക്കാരുടെ ജോലി പോയതിന്റെ വാർത്തകൾ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുമ്പോഴും, മലയാളികൾ ഒന്നടങ്കം അവരുടെ നൊമ്പരത്തിൽ പങ്കു ചേരുമ്പോഴും, അർഹതയുണ്ടായിട്ടും ജോലി ചെയ്യാൻ പറ്റാതെ വിഷമിക്കുന്ന നിരവധിപേരാണ് പുറത്തു കാത്തു നിൽക്കുന്നത്. പലരും പി.എസ്.സി ലിസ്റ്റിൽ ഉണ്ടെന്നറിഞ്ഞ് വിദേശത്തെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തുകയും അവസാനം നിത്യവൃത്തിക്കായി ലോട്ടറി വിൽപ്പന നടത്തി വരുന്നവർ പോലുമുണ്ട്. അവരുടെ സങ്കടങ്ങളും ഈ ഘട്ടത്തിൽ കാണണം. നിരവധി പേരാണ് ജോലി എന്ന സ്വപ്നവുമായി കാത്തിരിക്കുന്നത്. അതിനിടയിൽ പലരുടെയും ജീവിതം നരക തുല്യമായി. അതിലൊരാളാണ് കൊട്ടാരക്കരക്കാരനായ റാഫി.

കെ.എസ്.ആർ.ടി.സി കണ്ടക്ടറായി പി.എസ്.സിയുടെ അഡൈ്വസ് മെമോ കിട്ടിയെന്നറിഞ്ഞ് ഗൾഫിലെ ജോലി ഉപേക്ഷിച്ചാണ് കൊട്ടാരക്കര കുന്നിക്കോട് റാഫി മൻസിലിൽ റാഫി നാട്ടിലെത്തിയത്. 2010ലായിരുന്നു പി.എസ്.സി പരീക്ഷ. 2016 ഡിസംബറിൽ അഡൈ്വസ് മെമോ കിട്ടി. അതോടെ മരുഭൂമിയിൽ നിന്നു രക്ഷപ്പെട്ടെന്നു കരുതി നാട്ടിലെത്തി. അന്നു മുതൽ നിയമന ഉത്തരവിനായി കാത്തിരുന്നെങ്കിലും കിട്ടിയില്ല. ജീവിക്കാൻ വേറെ മാർഗമില്ല. ഒടുവിൽ ലോട്ടറി കച്ചവടത്തിനിറങ്ങുകയായിരുന്നു. പഴയൊരു മാരുതി കാറിൽ സഞ്ചരിച്ചാണ് കച്ചവടം. എത്രപേരോട് കൈനീട്ടി യാചിച്ചാലാണ് ഒരു ടിക്കറ്റ് വിറ്റു പോകുന്നത്. ഭാര്യയും രണ്ടു കുഞ്ഞുങ്ങളുമുണ്ട്. രണ്ടു മാസം സെക്രട്ടേറിയറ്റ് നടയിൽ താനുൾപ്പെടെയുള്ളവർ സമരം കിടന്നപ്പോൾ ആരും തിരിഞ്ഞുനോക്കിയില്ല. കോടതിയിൽ പോയാൽ അവിടുന്ന് ശമ്പളം തരുമെന്നാണ് ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാൾ പറഞ്ഞത്. തങ്ങൾ ആർക്കും എതിരല്ല. തങ്ങളെ നിയമിച്ച ശേഷം എംപാനലുകാരെ നിയമിച്ചോട്ടെ റാഫി പറയുന്നു.

റാഫിയെപോലെ നിയമന ഉത്തരവ് കിട്ടിയ കാസർഗോഡ് സ്വദേശി അരുൺ ഇപ്പോൾ തട്ടുകട നടത്തുകയാണ്. ഗൾഫിൽ ഉയർന്ന ശമ്പളത്തിൽ ജോലിയെടുത്തിരുന്ന ഇയാൾ പി.എസ്.സിയുടെ നിയമന ഉത്തരവ് കിട്ടിയതോടെ ജോലിയിൽ നിന്നും നിർബന്ധിതമായി ഒഴിവായി നാട്ടിലെത്തിയതാണ്. എന്നൽ വർഷം രണ്ട് കഴിഞ്ഞിട്ടും ഒന്നും നടന്നില്ല. വിദേശത്തെ സ്വപ്ന തുല്യമായ ജോലി ഉപേക്ഷിച്ച വിഷമത്തിലാണ് അരുൺ ഇപ്പോൾ. വീട്ടിലെ അവസ്ഥ ദയനീയമായതോടെ ഉള്ള പണമെല്ലാം നുള്ളി പെറുക്കി ഒരു തട്ടുകട ഇടുകയായിരുന്നു. ഇതിൽ നിന്നും കിട്ടുന്ന തുച്ഛമായ വരുമാനത്തിൽ ജീവിക്കുകയാണിപ്പോൾ. അതിനിടയിലാണ് ഉടൻ കണ്ടക്ടർമാരെ നിമിക്കണമെന്ന ഉത്തരവ് കോടതി പുറപ്പെടുവിച്ചത്. ഇപ്പോൾ അതിന്റെ സന്തോഷത്തിലാണ് അരുൺ. 199 -ാമത്തെ ലിസ്റ്റിലാണ് അരുൺ. അതിനാൽ വേഗം തന്നെ നിയമന ഉത്തരവ് ലഭിക്കും.

അരുണിനെ പോലെയും റാഫിയെ പോലെയും ഇതുപോലെ ഉള്ള വേദന നിറഞ്ഞ കഥകൾ പറയാൻ പി.എസ്.സി ലിസ്റ്റിലുള്ള നിരവധിപേർ കേരളത്തിൽ അങ്ങോളമിങ്ങോളമുണ്ട്. അവർക്കൊക്കെ ഏറെ ആശ്വാസം നൽകുന്ന വിധിയാണ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. അതിനാൽ ഇതുവരെ കണ്ണീരും ദുരിതവുമായി കഴിഞ്ഞ അവർക്കൊക്കെ ഇതൊരാശ്വാസം തന്നെയാണ്. പി. എസ്. സി റാങ്ക് ലിസ്റ്റ് വന്നപ്പോൾ തന്നെ സർക്കാർ ആത്മാർത്ഥതയോടെ പ്രവർത്തിച്ചിരുന്നുവെങ്കിൽ നിരവധി കുടുംബങ്ങളുടെ ജീവിതം ഇങ്ങനെ തകിടം മറിയില്ലായിരുന്നു.
ഒരുവശത്ത്, ഒരു സുപ്രഭാതത്തിൽ ഇറങ്ങിപ്പോകാൻ പറഞ്ഞതോടെ ജീവിതം തകിടം മറിഞ്ഞ് നിരാലംബരായവർ.. മറുവശത്ത്, പി. എസ്. സി റാങ്ക് ലിസ്റ്റിൽ ഇടംപിടിച്ച് അഡൈ്വസ് മെമോ കിട്ടിയതോടെ ഉണ്ടായിരുന്ന ജോലിയും ഉപേക്ഷിച്ച് ഓടി എത്തി പെരുവഴിയിലായവർ. ഇനിയൊരു തൊഴിലിടം കണ്ടെത്താൻ കഴിയാത്തവിധം പ്രായം ഇരുകൂട്ടരെയും പിടികൂടിയിരിക്കുന്നു. പുറത്തു പോകേണ്ടിവരുന്ന എംപാനൽ കണ്ടക്ടർമാരുടെ മിക്കവരുടെയും കുടുംബം കഴിഞ്ഞു പോകുന്നത് ഈ ഒറ്റ വരുമാനത്തിലാണ്. മറുവശത്ത് പി.എസ്.സി റാങ്ക് ജേതാക്കൾക്ക് അവകാശപ്പെട്ടതാണ് ജോലി.

ജീവിതത്തിന്റെ നല്ലകാലം മുഴുവൻ കെ.എസ്.ആർ.ടി.സിയിൽ ചെലവഴിച്ച് അകാലത്തിൽ രോഗങ്ങളെ കൂട്ട് പിടിച്ചവരാണ് ഞങ്ങൾ. ചോരയും നീരും ഊറ്റിയെടുത്തപ്പോൾ ഒടുവിൽ ചണ്ടിപോലെ ഞങ്ങളെ വലിച്ച് താഴെയിട്ടു. ദൂരയാത്രകളും ഓവർ ടൈം ജോലിയും ആരും പോവാത്ത റൂട്ടുമെല്ലാം എന്നും എംപാനൽകാർക്ക് മാത്രം വിധിക്കപ്പെട്ടവയായിരുന്നു. പക്ഷെ ഇന്ന് പുറത്ത് പോവുന്നതും ഞങ്ങൾ തന്നെ. വർഷങ്ങളോളമായി എംപാനൽ കണ്ടക്ടറായി ജീവിതം തള്ളിനീക്കി ഒടുവിൽ ചൊവ്വാഴ്ച രാവിലെ മുതൽ കെ.എസ്.ആർ.ടി.സി യുടെ പടിയിറങ്ങേണ്ടി വന്ന എംപാനൽ കണ്ടക്ടർമാരുടെ വാക്കുകളാണിത്.

വർഷങ്ങളായി പി.എസ്.സി പരീക്ഷയെഴുതി കാത്തിരിക്കുന്നവരെ തഴയണമെന്നല്ല, അവരൊടൊപ്പം ഞങ്ങളേയും പരിഗണിച്ചിരുന്നെങ്കിൽ എന്ന് പ്രതീക്ഷിച്ച് പോവുകയാണ്. മറ്റൊരു വരുമാനവുമില്ല. കുട്ടികളുടെ വിദ്യാഭ്യാസം ദൈനം ദിന ചെലവുകൾ വരും ദിവസങ്ങളിൽ എന്ത് ചെയ്യണമെന്നറിയില്ല. അവരുടെ മുന്നിൽ പണിപോയെന്നും പറഞ്ഞ് നിൽക്കാൻ കഴിയുന്നില്ല. കണ്ണീർ അടക്കാൻ കഴിയാതെ ജോലി നഷ്ടപ്പെട്ടവർ നിസ്സഹായതയോടെ പറയുന്നു.

കോടതി നിർദ്ദേശ പ്രകാരം എം.പാനൽ ജീവനക്കാരെ പിരിച്ച് വിട്ടുകൊണ്ടുള്ള സർക്കാർ നിർദ്ദേശം നടപ്പിലാക്കി തുടങ്ങിയതോടെ നിരവധി പേരുടെ കണ്ണീരാണ് കഴിഞ്ഞ ദിവസം മുതൽ വിവിധ ഡിപ്പോകളിൽ നിന്നും കാണാൻ കഴിയുന്നത്. പലരും എട്ടും ഒമ്പതും പത്തും വർഷം തികച്ചവർ. ഇനിയെന്ത് എന്നത് ഇവർക്ക് മുന്നിൽ ചോദ്യചിഹ്നമായി ഉയരുമ്പോൾ കോടതി വിധി നടപ്പാക്കിക്കൊണ്ടുള്ള പിരിച്ച് വിടൽ നടപടികൾ പൂർത്തിയാക്കിയിരിക്കുകയാണ് കെ.എസ്.ആർ.ടി.സി

വർഷങ്ങളായി പി.എസ്.സി പരീക്ഷ എഴുതി ഇനിയൊരു പോരാട്ടത്തിന് ബാല്യമില്ലാത്തവർ നിയമനം കാത്ത് പുറത്ത് കാത്ത് നിൽക്കുന്നുണ്ടെങ്കിലും ആരുടെയൊപ്പം നിൽക്കണമെന്ന ആശങ്കയിലാണ് കെ.എസ്.ആർ.ടി.സിയും സർക്കാരും. കെ.എസ്.ആർ.ടി.സിയുടെ ഉത്തരമേഖലയിൽ നിന്ന് മാത്രം ഏകദേശം 850 എംപാനൽ ജീവനക്കാരെ ഇന്നലെ മുതൽ പിരിച്ച് വിട്ടിട്ടുണ്ടെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന സൂചന. ഇത് കെ.എസ്.ആർ.ടി.സി.യുടെ ദൈനം ദിന സർവീസിനെ വലിയ തോതിൽ ബാധിച്ചെങ്കിലും മറ്റൊരു പോംവഴി കെ.എസ്.ആർ.ടി.സിയുടേയും സർക്കാരിന്റേയും മുന്നിലുമില്ല. വിഷയം സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽ കൂടുതൽ ഗൗരവത്തോടെ കൊണ്ട് വരാൻ 20-ാം തീയതി മുതൽ പിരിച്ച് വിടപ്പെട്ട ജീവനക്കാരും കുടുംബാംഗങ്ങളും സെക്രട്ടേറിയറ്റിലേക്ക് ലോങ് മാർച്ചിനും ഒരുങ്ങുന്നുണ്ട്. 20-ാം തീയതി ആലപ്പുഴയിലെ ഉദ്ഘാടനത്തിന് ശേഷം 25-ാം തീയതി തിരുവനന്തപുരത്ത് എത്തുന്ന തരത്തിലാണ് മാർച്ച്. രണ്ടാം തീയതി സുപ്രീം കോടതി അവധിക്ക് ശേഷം വീണ്ടും ചേരുമ്പോൾ കോടതിയെ സമീപിക്കാനും ബന്ധപ്പെട്ടവർ ഒരുങ്ങുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP