Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫെമിനിസമില്ല.. മീടൂവില്ല.. ഒന്നുമില്ല... പേരിന് മാത്രം ഇത്തിരി കമ്മ്യൂണിസവും പ്രണയവുമുണ്ട്; എന്നിട്ടും വായനക്കാർ പുസ്തകവുമായി പുഴയിലൂടെയെന്നവണ്ണം ഒഴുകിപ്പോകുന്നു: എം.മുകുന്ദൻ എഴുതിയ പോലെ പി.വി.കുട്ടന്റെ 'പടവിറങ്ങി അഞ്ജനപ്പുഴയിലേക്ക്' വേറിട്ടുനിൽക്കുന്നത് ഇങ്ങനെ; എം.എസ്.സനിൽ കുമാറിന്റെ ആസ്വാദനം

ഫെമിനിസമില്ല.. മീടൂവില്ല.. ഒന്നുമില്ല... പേരിന് മാത്രം ഇത്തിരി കമ്മ്യൂണിസവും പ്രണയവുമുണ്ട്; എന്നിട്ടും വായനക്കാർ പുസ്തകവുമായി പുഴയിലൂടെയെന്നവണ്ണം ഒഴുകിപ്പോകുന്നു: എം.മുകുന്ദൻ എഴുതിയ പോലെ പി.വി.കുട്ടന്റെ 'പടവിറങ്ങി അഞ്ജനപ്പുഴയിലേക്ക്' വേറിട്ടുനിൽക്കുന്നത് ഇങ്ങനെ; എം.എസ്.സനിൽ കുമാറിന്റെ ആസ്വാദനം

എം.എസ്.സനിൽ കുമാർ

ഞ്ജനപ്പുഴ ഇപ്പോൾ ഒഴുകിയിറങ്ങുന്നത് കുട്ടന്റെ ഹൃദയത്തിലൂടെയാണ്. ഓർമ്മകളുടെ തെളിനീരുറവകളിൽ നിന്ന് അതങ്ങനെ ശാന്തമായി ഒഴുകിത്തുടങ്ങുന്നു. കാലങ്ങൾക്ക് പുറകിലെ കാഴ്‌ച്ചയും കേൾവിയും അനുഭവങ്ങളും നിറയുകയാണ് ഈ പുഴയൊഴുക്കിൽ. കുട്ടൻ ആ പുഴയിലെ സഞ്ചാരിയാകുമ്പോൾ നമുക്ക് അഞ്ജനപ്പുഴയിലേക്ക് പടവുകളിറങ്ങാം.. മിത്തുകളും ഐതീഹ്യങ്ങളും ഓർമ്മച്ചിത്രങ്ങളും മുത്തുമണികളായി പുഴയിലൊഴുകിവരുന്നുണ്ട് ഇവിടെ. അനുഭവങ്ങളുടെ ഇഴകളിൽ കോർത്തൊരു സ്വപ്നയാത്ര... അതാണ് കുട്ടന്റെ പുസ്തകം 'പടവിറങ്ങി അഞ്ജനപ്പുഴയിലേക്ക്'.

ഉത്തരമലബാറിന്റെ ഗ്രാമീണ ജീവിതത്തിന്റെ തുടിപ്പ് പ്രതിഫലിപ്പിക്കുന്ന കുറിപ്പുകൾ. കണ്ണൂരിലെ ഉൾനാടൻ ഗ്രാമങ്ങളുടെ വിശുദ്ധിയും ജീവിതവും സംസ്‌കാരവും രാഷ്ട്രീയവും എല്ലാം ചേർത്ത് ഓർമ്മകളിലൂടെ ഒരുയാത്ര. അവതാരികയിൽ എം. മുകുന്ദൻ എഴുതിയ പോലെ വലിയ തത്വചിന്തയില്ല. തീ പിടിപ്പിക്കുന്ന പ്രത്യയശാസ്ത്ര വിചാരങ്ങളില്ല. പ്രതിരോധ നിർമ്മിതികളില്ല. ഫെമിനിസമില്ല.. മീടൂവില്ല.. ഒന്നുമില്ല... പേരിന് മാത്രം ഇത്തിരി കമ്മ്യൂണിസവും പ്രണയവുമുണ്ട്. എന്നിട്ടും ഈ പുസ്തകം നമ്മളെ കൂടെക്കൊണ്ടുപോകുന്നു. വായനക്കാർ പുസ്തകവുമായി പുഴയിലൂടെയെന്നവണ്ണം ഒഴുകിപ്പോകുന്നു. ഈ ഒരു അനുഭവമാണ് കുട്ടന്റെ പുസ്തകത്തെ വ്യത്യസ്തമാക്കുന്നത്. 24 രചനകളാണ് പുസ്തകത്തിലുള്ളത്. രചനകൾ മാത്രം... കഥകളല്ല. ലേഖനങ്ങളല്ല.. കവിതകളുമല്ല. അതൊന്നുമല്ല. എന്നാൽ ഇതെല്ലാം ഈ രചനകളിൽ ഉണ്ടുതാനും.

ഉത്തര കേരളത്തിലെ ഒരുഗ്രാമമാണ് അഞ്ജനപ്പുഴ. അതൊരു പുഴകൂടിയാണ്. ഈ കൊച്ചുനാടിന്റെ കഥപറയുകയാണ് പി.വി. കുട്ടൻ. വെളിച്ചമില്ലാത്ത, ഇരുട്ടുമൂടിയ വഴികൾ. പകൽപോലും കൂളികൾ സഞ്ചരിച്ചിരുന്ന നാട്ടിടവഴികൾ. മുടിയഴിച്ചിട്ട് നിലാവത്ത് നിറഞ്ഞൊഴുകുന്ന യക്ഷികൾ ... മാതമംഗലം മുച്ചിലോട്ടുകാവിൽ നിന്ന് വരുന്ന ഏളത്ത്.. നാട്ടുദൈവങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും നിഗൂഢ സൗന്ദര്യം... അഞ്ജനപ്പുഴയിൽ കടന്നുപോയ കാലം അനാവൃതമാകുന്നു. വേണമെങ്കിൽ നമുക്കീ പുസ്തകത്തെ ആത്മകഥയെന്ന് വിളിക്കാം.. പക്ഷേ കുട്ടൻ ചെറുപ്പക്കാരനാണ്. ആത്മകഥയെഴുതാനുള്ള പ്രായമായില്ലെന്ന് തോന്നാം. ഒരുനാടിന്റെ ആത്മകഥയെന്ന് ഇതിനെ വിശേഷിപ്പിക്കുന്നതാകും നല്ലത്. നാട് അതിന്റെ സ്വന്തം കഥ പറയുകയാണ് ഇവിടെ.

പുഴയുടെ പേരുള്ള ഒരു നാട്ടുമ്പുറം. ആ നാട്ടുമ്പുറത്തെ ജീവിതമാണ് പുസ്തകത്തിൽ. അവിടുത്തെ ചെറിയ മനുഷ്യർ. പക്ഷി മൃഗാദികൾ. കുന്നും പുഴയും പാടവും. ആചാരങ്ങളും അനുഷ്ഠാനങ്ങളും എല്ലാം പുസ്തകത്തിലൂടെ അധ്യായങ്ങളായി ഒഴുകുന്നു. അഞ്ജനപ്പുഴയിൽ ഇപ്പോൾ വെളിച്ചമെത്തി. നാട്ടിലാകെ വീടുകൾ നിറഞ്ഞു. കൂളികളും യക്ഷികളും അഞ്ജനപ്പുഴ വിട്ടുപോകാൻ തുടങ്ങി. എല്ലാം ഇല്ലാതെയായി. ഒന്നുമില്ലാക്കാലത്ത് ഓർമ്മകൾക്കപ്പുറത്ത് തനിച്ച് നിൽക്കുകയാണ് കുട്ടൻ ഇപ്പോൾ.. ഓർമ്മകളുടെ അങ്ങേത്തലക്കൽ നിന്ന് അഞ്ജനപ്പുഴ ഒഴുകിത്തുടങ്ങുമ്പോൾ യദുക്കുട്ടൻ എന്ന താനെങ്ങനെ വെറും കുട്ടനായി എന്ന കഥ പറഞ്ഞു തുടങ്ങുന്നു.. പിന്നെ സൗഹൃദം.. കലപ്പാപെട്ടിയിലെ കറുപ്പസാമി ഒഴുകിയെത്തി. പുഴയൊഴുകുംവഴി മാതമംഗലം വിജയാ ടാക്കീസ്.. പിന്നെ പ്രണയം.. ചാറ്റൽമഴയത്ത് മാടായിയിലെ കാക്കപ്പൂവുകളുടെ ഇടയിലൂടെ അവർ നടക്കും.. പ്രണയത്തിന്റെ മഴയിറമ്പിൽ എന്നോ അവൾ അവനെ വിട്ടുപോയി. ദൈവക്കോലങ്ങളുടെയും കോമരങ്ങളുടെയും എഴുന്നള്ളത്തും കടന്ന് മുന്നോട്ടൊഴുകുമ്പോൾ ഇത്തിരി രാഷ്ട്രീയവും വഴിയരികിലുണ്ട്. അവിടെ എസ്.എഫ്.ഐ പ്രവർത്തകരെയും സഖാക്കൾ ടി.വി. രാജേഷിനെയും കെ.കെ. രാഗേഷിനെയും എ.എൻ. ഷംസീറിനെയുമൊക്കെ നമ്മൾ കണ്ടുമുട്ടുന്നു. 

കുട്ടന്റെ മനസ്സിനെ തൊട്ടുണർത്തിയ ഓർമ്മകളും മനസ്സിൽ താലോലിച്ചിരുന്ന സ്വകാര്യ സമ്പാദ്യങ്ങളും അഞ്ജനപ്പുഴയിൽ നിറയുന്നുണ്ട്. ഓളങ്ങളായി എത്തിയ ഓർമ്മകളെ അഞ്ജനപ്പുഴയിലേക്ക് ഒഴുക്കിവിടുകയാണ് കുട്ടൻ. ഇന്നലെകളുടെ രേഖയാണ് കുട്ടന്റെ പുസ്തകം. എഴുത്തുകാരന്റെ വിചാരങ്ങളും വാക്കുകളുമാണ് ഈ രേഖകളുടെ ഉടമസ്ഥർ. പുതിയകാലത്തെ തലമുറകൾക്ക് കൈമോശം വന്ന ഗ്രാമീണ സൗഭാഗ്യങ്ങളുടെ പട്ടിക നമുക്ക് ഇവിടെ കാണാം. ഇന്നലെ എന്നത് ഇന്നിന്റെ ഓർമ്മമാത്രമാണെന്നും നാളെ എന്നത് ഇന്നിന്റെ കേവലസ്വപ്നം മാത്രമാകുന്നുവെന്നും ഓർമ്മിപ്പിക്കുകയാണ് കുട്ടൻ. ആത്മാന്വേഷണത്തിന്റെ വഴികളിൽ പോയ കാലത്തെ അഞ്ജനപ്പുഴ പുനഃസൃഷ്ടിക്കുന്നു.

കൈരളി ടി.വിയുടെ മലബാർ മേഖലാ തലവനാണ് പി.വി. കുട്ടൻ. കഴിഞ്ഞ പത്തുപന്ത്രണ്ടുവർഷമായി ദൃശ്യഭാഷയിൽ സഞ്ചരിക്കുമ്പോഴും കുട്ടന്റെ മനസ്സ് എഴുത്തിന്റെ മേച്ചിൽ പുറങ്ങളിലായിരുന്നു. മനസ്സിൽ സ്ഫുടം ചെയ്തെടുത്ത ഓർമ്മകളുടെ കരുത്തിൽ നിന്ന് അഞ്ജനപ്പുഴ പിറവിയെടുത്തു. ആ പുഴയൊഴുക്കിൽ കുട്ടന്റെ പുസ്തകം ഉറവെടുത്തു. നമുക്ക് വായിക്കാം. അഞ്ജനപ്പുഴ ഒഴുകിയെത്തിയ വഴികൾ. പടവുകളിറങ്ങാം ആ അഞ്ജനപ്പുഴയിലേക്ക്.

ജനുവരി ആദ്യവാരം കണ്ണൂരിൽ പുസ്തകത്തിന്റെ പ്രകാശനം നടക്കും..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP