Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അഞ്ചു മണ്ഡലങ്ങൾ പിടിച്ചെടുക്കാനുറച്ച് സിപിഎം; കരുത്തരായ സ്ഥാനാർത്ഥികൾക്കായി പാർട്ടിയിൽ മുറവിളി; ലക്ഷ്യമിടുന്നത് സിറ്റിങ് സീറ്റുകൾ നിലനിർത്തുന്നതോടൊപ്പം വടകര, കോഴിക്കോട്, പൊന്നാനി, ആലപ്പുഴ, കൊല്ലം എന്നീ മണ്ഡലങ്ങൾ പിടിച്ചെടുക്കൽ; വൃന്ദകാരാട്ടും എംഎ ബേബിയും പി ജയരാജനും അടക്കമുള്ള കേന്ദ്ര നേതാക്കൾവരെ മൽസരിക്കണമെന്ന് കീഴ്ഘടകങ്ങളിൽ ആവശ്യം; വനിതാ മതിലോടെ തെരഞ്ഞെടുപ്പിന് സജ്ജമായി സിപിഎം

അഞ്ചു മണ്ഡലങ്ങൾ പിടിച്ചെടുക്കാനുറച്ച് സിപിഎം; കരുത്തരായ സ്ഥാനാർത്ഥികൾക്കായി പാർട്ടിയിൽ മുറവിളി; ലക്ഷ്യമിടുന്നത് സിറ്റിങ് സീറ്റുകൾ നിലനിർത്തുന്നതോടൊപ്പം വടകര, കോഴിക്കോട്, പൊന്നാനി, ആലപ്പുഴ, കൊല്ലം എന്നീ മണ്ഡലങ്ങൾ പിടിച്ചെടുക്കൽ; വൃന്ദകാരാട്ടും എംഎ ബേബിയും പി ജയരാജനും അടക്കമുള്ള കേന്ദ്ര നേതാക്കൾവരെ മൽസരിക്കണമെന്ന് കീഴ്ഘടകങ്ങളിൽ ആവശ്യം; വനിതാ മതിലോടെ തെരഞ്ഞെടുപ്പിന് സജ്ജമായി സിപിഎം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നിലവിലുള്ള എട്ട് സീറ്റുകൾ നിലനിർത്തിക്കൊണ്ടുതന്നെ പുതുതായി അഞ്ചു സീറ്റുകൾ എങ്കിലും പിടിച്ചെടുക്കണം. ലോക്സഭാ സതെരഞ്ഞെടുപ്പ് ആസന്നമായിരിക്കേ സിപിഎമ്മിന്റെ കഠിന പ്രയത്നം ഈ ലക്ഷ്യത്തിനായാണ്. ഇതിനായി കരുത്തരായ സ്ഥാനാർത്ഥികൾക്കായി പാർട്ടി കീഴ്ഘടകങ്ങളിൽനിന്ന് മുറവിളി ഉയരുകയാണ്. പൊതുസമ്മതിയുള്ള സ്ഥാനാർത്ഥികളെ നിർത്താൻ കഴിഞ്ഞാൽ വടകര, കോഴിക്കോട്, പൊന്നാനി, ആലപ്പുഴ, കൊല്ലം എന്നീ അഞ്ച് മണ്ഡലങ്ങൾ പിടിച്ചെടുക്കാമെന്നാണ് വിവിധ ജില്ലാ കമ്മറ്റികൾ സംസ്ഥാന നേതൃത്വത്തിന് കൊടുത്ത വിവരം. ഇതിനുപുറമേ വയനാട് അടക്കമുള്ള പല മണ്ഡലങ്ങളിലും അട്ടിമറിയുണ്ടാവുമെന്നും പാർട്ടി സ്വപ്നം കാണുന്നു. അതേസമയം സ്ഥാനാർത്ഥി നിർണ്ണയത്തെക്കുറിച്ച് സിപിഎമ്മിലും എൽഡിഎഫിലും ഔദ്യോഗിക ചർച്ചകൾ തുടങ്ങിയിട്ടില്ല.

പുതുവൽസരപ്പുരിയിൽ രൂപംകൊടുക്കുന്ന നവോത്ഥാന മതിലോടെ പാർട്ടി ശക്തമായി തെരഞ്ഞെടുപ്പ് രംഗത്തേക്ക് ഇറങ്ങുകയാണ്. കീഴ്ഘടകങ്ങൾക്ക് സിപിഎം ഇതിനായുള്ള നിർദ്ദേശങ്ങൾ നൽകിക്കഴിഞ്ഞു. ശബരമല വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ എടുത്ത നിലപാടും പിന്നോക്ക- ന്യൂനപക്ഷ വോട്ടുകളും തങ്ങൾക്ക് തുണയാവുമെന്നാണ് പാർട്ടികരുതുന്നത്.

പാർട്ടിയുടെ പ്രസ്റ്റീജസ് സീറ്റായ വടകരയിലെ നിരന്തര തോൽവി സിപിഎമ്മിൽ ശക്തമായി വിമർശിക്കപ്പെട്ടിരുന്നു. കെ കെ രമയുടെ തട്ടകമായ ഇവിടം പിടിച്ചെടുക്കേണ്ടത് പാർട്ടിയുടെ അഭിമാന പ്രശനമായി മാറിയിരിക്കയാണ്. ഇവിടെ വൃന്ദാകാരാട്ടിനെപ്പോലെ ഒരു മുതിർന്ന നേതാവ് മൽസരിക്കണമെന്ന് പാർട്ടി ഏരിയാ കമ്മറ്റിയിൽ ചർച്ച വന്നത് നേരത്തെ തന്നെ വാർത്തയായിരുന്നു. അതല്ലെങ്കിൽ കണ്ണുർ ജില്ലാ സെക്രട്ടറിയും ജനപ്രിയ നേതാവുമായ പി ജയരാജൻ ഇവിടെ മൽസരിക്കണമെന്നും അണികൾ ആഗ്രഹിക്കുന്നു. മുല്ലപ്പള്ളി മാറുകയാണെങ്കിൽ ഇവിടെയും കോൺഗ്രസിൽ സ്ഥാനാർത്ഥി പ്രതിസന്ധിയുണ്ട്. അതേസമയം കെപിസിസി പ്രസിഡന്റായിട്ടും വിജയ സാധ്യത കണക്കിലെടുത്ത് മുല്ലപ്പള്ളിതന്നെ വീണ്ടും മൽസരിക്കുമെന്നാണ് അറിയുന്നത്. ആർ എം പിയുടെ ക്രോസ് വോട്ടിങ്ങും മുല്ലപ്പള്ളിയുടെ വ്യക്തിപരമായ ഇമേജാണ് കഴിഞ്ഞ തവണ തിരിച്ചടിയായതെന്നാണ് സിപിഎം വിലയിരുത്തിൽ. തലശ്ശേരി, കൂത്തുപറമ്പ്, വടകര, കുറ്റ്യാടി, നാദാപുരം,കൊയിലാണ്ടി, പേരാമ്പ്ര എന്നീ നിയമസഭാമണ്ഡലങ്ങൾ ഉൾക്കൊള്ളുന്ന മണ്ഡലത്തിൽ കുറ്റ്യാടി ഒഴികെ മുഴുവൻ നിയമസഭാ മണ്ഡലങ്ങളും എൽഡിഎഫിന്റെ കൈയിലാണ്.

സംഘടനാപരമായി കേരളത്തതിൽ സിപിഎമ്മിന് ഏറ്റവും സ്വാധീനമുള്ള സ്ഥലമായ കോഴിക്കോട് ഇത്തവണ രണ്ടും കൽപ്പിച്ചാണ് പാർട്ടി രംഗത്തെത്തുന്നത്. യുവ നേതാവും ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റുമായ മുഹമ്മദ് റിയാസിന് ഇത്തവന നറുക്കുവീഴുകയെന്നാണ് അറിയുന്നത്. ബാലുശ്ശേരി, എലത്തൂർ, കോഴിക്കോട് സൗത്ത് , കോഴിക്കോട് നോർത്ത് ,ബേപ്പൂർ, കുന്ദമംഗലം, കൊടുവള്ളി എന്നീ നിയമസഭാമണ്ഡലങ്ങൾ ഉൾക്കൊള്ളു കോഴിക്കോട് മണ്ഡലത്തിൽ എം കെ മുനീർ പ്രതിനിധാനം ചെയ്യുന്ന കോഴിക്കോട് സൗത്ത് ഒഴിച്ച് മുഴുവൻ സീറ്റുകളും എൽഡിഎഫിന്റെ കൈയിലാണ്.

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി, താനൂർ, തിരൂർ, കോട്ടക്കൽ, തവനൂർ, പൊന്നാനി, പാലക്കാട് ജില്ലയിലെ തൃത്താല എന്നിവചേരുന്ന പൊന്നാനി ലോക്സഭാ മണ്ഡലത്തിൽ താനൂർ, തവനൂർ, പൊന്നാനി, എന്നീ മണ്ഡലങ്ങൾ എൽഡിഎഫിനും ബാക്കി യുഡിഎഫിനുമാണ്. തിരുരങ്ങാടിയിലെയും കോട്ടക്കലിലെയും ഭൂരിപക്ഷം കുറച്ചാൽ മണ്ഡലം പിടിക്കാമെന്ന് എൽഡിഎഫ് കണക്കുകൂട്ടൽ. നേരത്തെ മന്ത്രി കെടി ജലീലിന്റെപേര് പറഞ്ഞുകേട്ടിരുന്നു. ഇപ്പോൾ പൊതുസ്വതന്ത്രന്റെ പേരാണ് കേൾക്കുന്നത്. താനൂർ എംഎൽഎ വി അബ്ദുറഹിമാന്റെപേരും അന്തരീക്ഷത്തിലുണ്ട്.ആലപ്പുഴ തിരിച്ചുപിടിക്കാൻ കരുത്തനായ സ്ഥാനാർത്ഥിയെ വേണമെന്ന് കീഴ്ഘടകങ്ങൾ ആവശ്യപ്പെടുന്നത്. മുതിർന്ന നേതാവ് എം എ ബേബിയെ ചുറ്റിപ്പറ്റിയാണ് ഇപ്പോൾ ചർച്ചകൾ പുരോഗമിക്കുന്നത്. എന്നാൽ കേന്ദ്രനേതാവായ ബേബിയെ പാർട്ടികളത്തിൽ ഇറക്കുമോയെന്ന് കണ്ടറിയണം. ബേബിയല്ലെങ്കിൽ മുൻ എംപി സിഎസ് സുജാതയെതന്നെ രംഗത്തിറക്കാനാണ് സാധ്യത.

കൊല്ലത്ത് ജനകീയ നേതാവെന്ന് പ്രതിഛായയുള്ള മുൻ ജില്ലാസെക്രട്ടറി കെഎൻ ബാലഗോപാൽ മൽസരിക്കണമെന്നാണ് പാർട്ടിയിൽ ഉയരുന്ന ആവശ്യം. എകെ പ്രേമചന്ദ്രനെതിരെ ഇമേജുള്ള ഒരു നേതാവിനെ നിർത്തിയാൽ മണ്ഡലം പിടിക്കാമെന്നാണ് സിപിഎം കരുതുന്നത്. മുതിർന്ന നേതാവ് വരദരാജൻ, ജില്ലാസെക്രട്ടറി എസ് സുദേവൻ എന്നിരുടെ പേരുകളും പരിഗണയിലുണ്ട്.

കാസർകോട് മൂന്നുടേം പൂർത്തിയായ പി കരുണാകരൻ മാറുമെന്ന് ഉറപ്പായിട്ടുണ്ട്. പകരം മുൻ ജില്ലാസെക്രട്ടറിയും തൃക്കരിപ്പൂർ മുൻ എംഎൽഎയുമായ സതീഷ് ചന്ദ്രനെയാണ് പരിഗണിക്കുന്നത്. ജനകീയനായ സതീഷ് ചന്ദ്രന്റെ ഇമേജും അനുഭവ പരിചയവും മുതൽക്കൂട്ടാവുമെന്നാണ് പാർട്ടി കരുതുന്നത്.ആറ്റിങ്ങലിൽ സിറ്റിങ്ങ് എം പി എ സമ്പത്തിന് ഒരു അവസരംകൂടി നൽകണമോ എന്ന കാര്യത്തിനാണ് പാർട്ടിയിൽ ഭൂരിപക്ഷം. മൂന്നുതവണ എംപിയായ സമ്പത്ത് തുടർച്ചയായ രണ്ടുവട്ടം ജയിച്ചു കഴിഞ്ഞു. സമ്പത്ത് മൽസരിച്ചില്ലെങ്കിൽ ഡിവൈഎഫ്ഐ നേതാവ് എഎ റഹീമിനാണ് സാധ്യത കൽപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP