Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കലയ്ക്ക് വേണ്ടി സർക്കാർ ഉദ്യോഗം വലിച്ചെറിഞ്ഞു; സിനിമയിൽ ചെറിയ വേഷങ്ങൾ പോലും തന്റെ ശൈലിയിൽ ഭംഗിയാക്കുമ്പോൾ പുരസ്‌കാരങ്ങൾ തേടിയെത്തിയത് നാടകത്തിലെ പകർന്നാട്ടങ്ങൾക്ക്; 1987ൽ മികച്ച നാടക നടനുള്ള സംസ്ഥാന സർക്കാർ അവാർഡ് ലഭിച്ചു; 2010ലെ സംഗീത നാടക അക്കാദമി അവാർഡ് വിജയിച്ച് തന്നിലെ നടന്റെ വീര്യം ചോർന്നിട്ടില്ലെന്ന് ഒരിക്കൽ കൂടി ഗീഥാ സലീം തെളിയിച്ചു; വിടവാങ്ങുന്നത് കോമഡിയും സെന്റിമെൻസും അസാധ്യമായി വഴങ്ങുന്ന പ്രതിഭ

കലയ്ക്ക് വേണ്ടി സർക്കാർ ഉദ്യോഗം വലിച്ചെറിഞ്ഞു; സിനിമയിൽ ചെറിയ വേഷങ്ങൾ പോലും തന്റെ ശൈലിയിൽ ഭംഗിയാക്കുമ്പോൾ പുരസ്‌കാരങ്ങൾ തേടിയെത്തിയത് നാടകത്തിലെ പകർന്നാട്ടങ്ങൾക്ക്; 1987ൽ മികച്ച നാടക നടനുള്ള സംസ്ഥാന സർക്കാർ അവാർഡ് ലഭിച്ചു; 2010ലെ സംഗീത നാടക അക്കാദമി അവാർഡ് വിജയിച്ച് തന്നിലെ നടന്റെ വീര്യം ചോർന്നിട്ടില്ലെന്ന് ഒരിക്കൽ കൂടി ഗീഥാ സലീം തെളിയിച്ചു; വിടവാങ്ങുന്നത് കോമഡിയും സെന്റിമെൻസും അസാധ്യമായി വഴങ്ങുന്ന പ്രതിഭ

ആർ പീയൂഷ്

 കരുനാഗപ്പള്ളി: കലയ്ക്ക് വേണ്ടി സർക്കാർ ഉദ്യോഗം പോലും മാറ്റി വച്ച അതുല്യ പ്രതിഭയായിരുന്നു ഇന്ന് ആലപ്പുഴയിൽ അന്തരിച്ച സിനിമാ നാടക താരം ഓച്ചിറ ഗീഥാ സലാം. നാടകകൃത്ത്, സംവിധായകൻ, നടൻ, സമിതി സംഘാടകൻ, സർക്കാർ ഉദ്യോഗസ്ഥൻ, സിനിമ-സീരിയൽ അഭിനേതാവ് തുടങ്ങിയ കൈവഴികളിലൂടെ സഞ്ചരിച്ച വ്യക്തിയാണ്. നാടകനടനായാണ് അബ്ദുൾ സലാം എന്ന ഗീഥാ സലാം അഭിനയ ജീവിതം തുടങ്ങിയത്. ഈ പറക്കും തളിക, കുഞ്ഞിക്കൂനൻ, കുബേരൻ, സദാനന്ദന്റെ സമയം, ഗ്രാമഫോൺ, മാമ്പഴക്കാലം, ജലോത്സവം, വെള്ളിമൂങ്ങ, റോമൻസ്, തിങ്കൾ മുതൽ വെള്ളി വരെ തുടങ്ങി എൺപതിലധികം സിനിമകങ്ങളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിൽ ജീവനക്കാരനായിരുന്നു. നാടകരംഗത്ത് സജീവമാകാൻ ജോലി രാജിവയ്ക്കുകയായിരുന്നു. ചങ്ങനാശ്ശേരി ഗീഥാ തിയ്യറ്റേഴ്സിൽ അഞ്ചു വർഷം അഭിനയിച്ചു. ഇതുവഴിയാണ് ഗീഥാ സലാം എന്ന പേര് ലഭിച്ചത്.

1968ൽ തിരുവല്ല മാർത്തോമ്മാ കോളജിൽ ബി.എക്ക് ചേർന്നതാണ് സലാമിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. അവിടെയൊരു ഇൻസ്റ്റിറ്റ്യൂട്ടിൽ ടൈപ്റൈറ്റിങ് പഠിക്കാനും പോയിരുന്നു. അവിടത്തെ വാർഷികത്തിന് എസ്.എൽ പുരത്തിന്റെ നാടകം അവതരിപ്പിച്ചപ്പോൾ സ്ത്രീവേഷം എനിക്ക് കിട്ടി. അതേ വർഷം തിരുവനന്തപുരം കോർപറേഷൻ നടത്തിയ അമച്വർ നാടകമത്സരത്തിൽ 'തീരം' എന്നൊരു നാടകം ഞങ്ങൾ കോളജിൽനിന്ന് അവതരിപ്പിച്ചു. മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. നല്ല നാടകം, മികച്ച നടി പുരസ്‌കാരങ്ങളും അതിന് ലഭിച്ചു. വിക്രമൻ നായർ ട്രോഫിക്കായുള്ള സംസ്ഥാന നാടക മത്സരത്തിൽ സലാമും എം.ജി. സോമനും ചേർന്ന് അവതരിപ്പിച്ച 'ശരം' എന്ന നാടകത്തിലൂടെ മികച്ച സഹനടനുള്ള പുരസ്‌കാരം കിട്ടി. തുടർന്ന് ഈ നാടകം പത്തിരുപത് വേദികളിൽ അവതരിപ്പിക്കപ്പെട്ടു. ഇതു കണ്ടിട്ട് അന്നത്തെ മുൻനിര നാടകസമിതിയായ നാഷനൽ തിയറ്റേഴ്സിന്റെ ഉടമ ചിട്ടി ബാബു നിർബന്ധിച്ച് കൂട്ടിക്കൊണ്ടു പോയി അവരുടെ 'നിശാസന്ധി ' എന്ന പുതിയ നാടകത്തിൽ അഭിനയിപ്പിക്കുകയായിരുന്നു. അബൂബക്കർ, അച്ചൻകുഞ്ഞ്, ചേർത്തല സുമതി തുടങ്ങി അക്കാലത്തെ പ്രധാനികൾക്കൊപ്പമായിരുന്നു നിശാസന്ധിയിലെ അരങ്ങേറ്റം.

ഇതിനിടെ പാലക്കാട് പൊതുമരാമത്ത് വകുപ്പിൽ ക്ലർക്കായി ജോലികിട്ടി. 12 വർഷം അവധിയും നാടകവുമായി ചുറ്റിത്തിരിഞ്ഞ് ഒടുവിൽ രാജിവെച്ചു. ഗീഥാ സലാം എന്ന പേര് ലഭിച്ചതും ഏതാണ്ട് ആ കാലത്താണ്. നാഷനൽ തിയറ്റേഴ്സിൽനിന്ന് ഗീഥയിലേക്ക് മാറി. 1970 മുതൽ 76 വരെയുള്ള കാലത്തിനിടെ ജ്യോതി, ദീപം, ജ്വാല, സാക്ഷി, മാപ്പ്, മോഹം എന്നിങ്ങനെ ആറു നാടകങ്ങൾ. 2500ലധികം വേദികൾ. സാക്ഷിയിലെ ജെമീസ് എന്ന ട്രാൻസ്ജെൻഡർ കഥാപാത്രത്തെ അഭിനയിച്ചു കാട്ടിത്തന്നപ്പോൾ അത് കാലം മനനം ചെയ്തെടുത്ത നടനപ്രതിഭയെ കണ്ണോടുകണ്ണ് കണ്ടറിയുന്ന അനുഭവമായി മാറി. 1987ൽ തിരുവനന്തപുരം ആരാധനയുടെ 'അഭിമാനം' എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നടനുള്ള കേരള സർക്കാർ അവാർഡ് ലഭിച്ചിട്ടുണ്ട്. സദാനന്ദന്റെ സമയം, ഈ പറക്കും തളിക, കുബേരൻ തുടങ്ങിയ വിജയചിത്രങ്ങളിൽ ശ്രദ്ദേയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. 2010ലെ സംഗീത നാടക അക്കാദമിയുടെ അവാർഡും ലഭിച്ചുണ്ട്.

ഇന്ന് വൈകിട്ട് നാലുമണിയോടെയായിരുന്നു ഗീഥാ സലാമിന്റെ അന്ത്യം. ഏറെ കാലമായി ശ്വാസ കോശ സംബന്ധമായ അസുഖത്താൽ ചികിത്സയിലായിരുന്നു. ഓച്ചിറയിലെ ഒരു സ്റ്റാർ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിനെ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു. മെഡിക്കൽ കോളേജിൽ നിന്നും അൽപ്പസമയത്തിനുള്ളിൽ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. തുടർന്ന് വീട്ടിൽ പൊതു ദർശനത്തിന് വച്ച ശേഷംകബറടക്കം വ്യാഴാഴ്‌ച്ച രാവിലെ 10ന് ഓച്ചിറ വടക്കെ ജുമാഅത്ത് ഖബറിസ്ഥാനിൽ.നടക്കും. ഭാര്യ: റഹുമത്ത് ബീവി. മക്കൾ: ഷഹീർ, ഷാൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP