Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ചാവേറുകളുടെ കഥ പറഞ്ഞ് സ്വയം ചാവേറായി മാമാങ്കത്തിന്റെ സംവിധായകൻ സജീവ്പിള്ള; ചിത്രീകരണം തുടങ്ങി രണ്ടു ഷെഡ്യൂളിന് ശേഷം സംവിധായകനെ മാറ്റാൻ ഒരുങ്ങുന്നതായി ആരോപണം; തിരക്കഥ കൈക്കലാക്കി അടുത്ത ജനുവരിയിൽ പുതിയ സംവിധായകനെ വച്ച് ചിത്രം പുനരാരംഭിക്കാനൊരുങ്ങി നിർമ്മാതാവ്; മെഗാ സ്റ്റാറിന്റെ ബിഗ് ബജറ്റ് ചിത്രം പ്രതിസന്ധിയിലേക്കോ..? നിർമ്മാതാവിന്റെ പണക്കൊഴുപ്പിന് മുന്നിൽ ഫെഫ്ക അടക്കമുള്ള സംഘടനകൾ കൈമലർത്തുന്നോ?

ചാവേറുകളുടെ കഥ പറഞ്ഞ് സ്വയം ചാവേറായി  മാമാങ്കത്തിന്റെ സംവിധായകൻ സജീവ്പിള്ള; ചിത്രീകരണം തുടങ്ങി രണ്ടു ഷെഡ്യൂളിന് ശേഷം സംവിധായകനെ മാറ്റാൻ ഒരുങ്ങുന്നതായി ആരോപണം; തിരക്കഥ കൈക്കലാക്കി അടുത്ത ജനുവരിയിൽ പുതിയ സംവിധായകനെ വച്ച് ചിത്രം പുനരാരംഭിക്കാനൊരുങ്ങി നിർമ്മാതാവ്; മെഗാ സ്റ്റാറിന്റെ ബിഗ് ബജറ്റ് ചിത്രം പ്രതിസന്ധിയിലേക്കോ..? നിർമ്മാതാവിന്റെ പണക്കൊഴുപ്പിന് മുന്നിൽ ഫെഫ്ക അടക്കമുള്ള സംഘടനകൾ കൈമലർത്തുന്നോ?

മറുനാടൻ ഡെസ്‌ക്‌

ചരിത്രവും ജീവിതവും ഇടകലർത്തി മമ്മൂട്ടി നായകനായെത്തിയ ചിത്രങ്ങൾ മുഴുവൻ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്. ചന്തുവും പഴശ്ശിരാജയും അതിന്റെ ഉദാഹരണങ്ങൾ മാത്രം. ചരിത്രം പശ്ചാത്തലമായി പുതിയൊരു മമ്മൂട്ടി ചിത്രം ഒരുങ്ങുന്നതായി ഒന്ന് രണ്ടു വർഷം മുന്നേ തന്നെ വാർത്തകളും വന്നിരുന്നു. മലപ്പുറം ജില്ലയിലെ തിരുന്നാവായ മണപ്പുറത്ത് വ്യാഴവട്ടത്തിലൊരിക്കൽ മാഘമാസത്തിലെ വെളുത്തവാവിൽ നടന്നിരുന്ന മാമാങ്കം പ്രമേയമാക്കി ഒരുക്കുന്ന ചിത്രമാണ് മെഗാ സ്റ്റാറിന്റെ പ്രൊജക്ട്. ചിത്രത്തിന്റെ വിശേഷങ്ങൾ മമ്മൂട്ടി തന്നെയാണ് ഫേസ്‌ബുക്കിലൂടെ ആരാധകരുമായി ഒരു വർഷം മുൻപ് പങ്കു വെച്ചത്.

വള്ളുവനാടിന്റെ ചാവേറുകളുടെ ചരിത്രം പറയുന്ന മാമാങ്കം താൻ ഇതുവരെ ചെയ്തതിൽ ഏറ്റവും വലിയ സിനിമയാണെന്നും മമ്മൂട്ടി തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു. നവാഗതനായ സജീവ് പിള്ള 12 വർഷത്തെ ഗവേഷണം നടത്തി തയ്യാറാക്കിയ തിരക്കഥയാണ് ചിത്രത്തിന്റേത്. സജീവ് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നതും. 17ആം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നതെന്നും ഫെയ്‌സ് ബുക്കിലൂടെ അറിയിച്ചിരുന്നു.

അതേസമയം പ്രമേയം കൊണ്ടും മുതൽമുടക്കു കൊണ്ടും മലയാളത്തിലെ 'ചലച്ചിത്രമാമാങ്ക'മായി മാറുമെന്ന് കൊട്ടിഘോഷിച്ച് ആരംഭിച്ച മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡചിത്രമായ മാമാങ്കം പ്രതിസന്ധിയിലായി എന്നതാണ് പുറത്തുവരുന്ന വാർത്ത. . മാമാങ്കമെന്ന സിനിമയ്ക്കായി 12 വർഷത്തോളം ഗവേഷണം നടത്തി തിരക്കഥ തയ്യാറാക്കി സംവിധാനവും നിർവഹിച്ച സജീവ്പിള്ളയെ ചിത്രീകരണം മൂന്നാമത്തെ ഷെഡ്യൂളിലെത്തുമ്പോഴേക്കും നിർമ്മാതാവ് ഇടപെട്ട് ഒഴിവാക്കാൻ നീക്കം നടത്തുന്നതായി സൂചന.

തിരക്കഥ വായിച്ച് ഇഷ്ടപ്പെട്ടതിന് ശേഷമാണ് നിർമ്മാതാവായ വേണു കുന്നപള്ളി എന്ന പ്രവാസി വ്യവസായി 40 കോടിയോളം രൂപ മുതൽമുടക്കാൻ തീരുമാനിച്ചത് സജീവ്പിള്ളയുടെ സംവിധാനത്തിൽ ചിത്രത്തിന്റെ രണ്ടു ഷെഡ്യൂൾ പൂർത്തിയായ ശേഷമാണ് നിർമ്മാതാവ് നിലപാടു മാറ്റവുമായി രംഗത്തെത്തിയത്. 46 വർഷത്തെ സിനിമാജീവിതത്തിനിടയിൽ തനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ ചിത്രമാണെന്നായിരുന്നു മമ്മൂട്ടി മാമാങ്കത്തെ വിശേഷിപ്പിച്ചത്.

എന്നാൽ ഇപ്പോൾ സജീവ്പിള്ളയുടെ തിരക്കഥ കൈക്കലാക്കി അദ്ദേഹത്തെ ഇതിൽ നിന്നൊഴിവാക്കി പുതിയ സംവിധായകനെ വെച്ച് മാമാങ്കത്തിന്റെ ചിത്രീകരണം വരുന്ന ജനുവരിയിൽ പുനരാരംഭിക്കാനാണ് നിർമ്മാതാവിന്റെ നീക്കം. തിരക്കഥയിൽ ചില മാറ്റങ്ങൾ വരുത്താനും തിരുമാനിച്ചിട്ടുണ്ടെന്നാണ് സൂചന. ആയിരം കോടിയുടെ ആസ്തിയുണ്ടെന്ന് പറയപ്പെടുന്ന നിർമ്മാതാവിനെതിരേ ചെറുവിരലനക്കാൻ ഫെഫ്ക എന്ന സംഘടന ഇതേവരെ തയ്യാറായിട്ടില്ലെന്നാണ് ആരോപണം.

്തന്റെ ആദ്യ സിനിമാ സ്വപ്നവുമായി ഈ വിഷയത്തിൽ സംവിധായകൻ സജീവ് പിള്ള നടത്തിയ പഠന ഗവേഷണങ്ങൾ ചെറുതൊന്നുമായിരുന്നില്ല. ഡൽഹിയിൽ ടെലിവിഷൻ ഇന്റർനാഷനലിൽ പ്രവർത്തിച്ചിരുന്ന സജീവ് ഈ സിനിമയുടെ ഗവേഷണങ്ങൾക്കായി മാത്രം നാട്ടിലേക്കു മടങ്ങുകയായിരുന്നു. 1999 മുതൽ വിഷയം പഠിച്ചു തുടങ്ങി. തിരുനാവായയിലും പെരിന്തൽമണ്ണയിലുമെല്ലാം താമസിക്കുകയും ഒട്ടേറെ ചരിത്രകാരന്മാരുമായി സംസാരിക്കുകയും ചെയ്തു. എഴുത്തിന്റെ അവസാനഘട്ടമെത്തിയപ്പോൾതന്നെ നായകനായി മമ്മൂട്ടിയുടെ രൂപമാണു മനസ്സിൽ തെളിഞ്ഞത്. 'താപ്പാന'യുടെ സെറ്റിൽ വച്ച് ആദ്യമായി കഥ പറഞ്ഞു.

'ബാവൂട്ടിയുടെ നാമത്തിൽ' ചിത്രീകരിക്കുമ്പോൾ പൂർണമായ സ്‌ക്രിപ്റ്റ് കേൾപ്പിച്ചു. അന്നുമുതൽ അദ്ദേഹം നൽകുന്ന പിന്തുണയായിരുന്നു മുന്നോട്ടുള്ള പ്രയാണത്തിൽ സജീവിന്റെ ധൈര്യം. 2010ൽ സ്‌ക്രിപ്റ്റ് രജിസ്റ്റർ ചെയ്തു. പ്രോജക്ട് എല്ലാവർക്കും ഇഷ്ടപ്പെട്ടെങ്കിലും ഇത്രയും മുതൽമുടക്കിൽ സിനിമ ചെയ്യാൻ ആരും തയാറാകാതിരുന്നതോടെ 'മാമാങ്കം' നീണ്ടുപോയി. തിരക്കഥയിൽ പൂർണവിശ്വാസമർപ്പിച്ചാണ് വേണു കുന്നപ്പിള്ളി എന്ന നിർമ്മാതാവ് എത്തി 40 കോടി മുതൽമുടക്കാമെന്ന് സമ്മതിക്കുന്നത്. നിർമ്മാതാവിനെ കിട്ടിയ സന്തോഷത്തിൽ തന്റെ സ്വപ്നചിത്രം പൂർണതയിലെത്തിക്കാൻ നിർമ്മാതാവ് മുന്നോട്ടു വെച്ച വ്യവസ്ഥകളിലെല്ലാം കണ്ണടച്ച് ഒപ്പുവെച്ചത്

അഞ്ചോ ആറോ ഷെഡ്യൂളുകളിൽ മാമാങ്കം പൂർത്തിയാക്കാനായിരുന്നു സജീവിന്റെ പദ്ധതി. കഴിഞ്ഞ ഫെബ്രുവരിയിൽ മംഗലാപുരത്തു വച്ചാണ് ആദ്യഘട്ട ചിത്രീകരണം നടന്നത്. മാമാങ്കത്തിന്റെ രണ്ടാം ഷെഡ്യൂൾ കൊച്ചിയിലും നടന്നു. തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലും മാമാങ്കം മൊഴിമാറ്റം നടത്തി പുറത്തിറക്കാനും പദ്ധതിയുണ്ടായിരുന്നു.എന്നാൽ ചിത്രീകരണം രണ്ടു ഘട്ടം പൂർത്തിയായപ്പോഴേക്കും നിർമ്മാതാവുമായുള്ള പ്രശ്നങ്ങളിൽ ചിത്രീകരണം നിലയ്ക്കുന്നതാണ് കണ്ടത്. പിന്നാലെയാണ് ഒരു നവാഗതസംവിധായകന്റെ സ്വപ്നപദ്ധതിയെ ചവിട്ടിത്തേച്ച് പുതിയ സംവിധായകനെ വെച്ച് 'മാമാങ്ക'ത്തെ നിർമ്മാതാവ് പിടിച്ചെടുക്കാൻ മുതിരുന്നത്.

മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡചിത്രത്തിന്റെ അണിയറയിൽ നടക്കുന്ന കാര്യങ്ങൾ മാമാങ്കത്തിനായി കാത്തിരിക്കുന്ന അദ്ദേഹത്തിന്റെ ആരാധകർ പോലും അറിഞ്ഞിട്ടില്ല. ടീസറടക്കം പുറത്തു വിട്ട മാമാങ്കം പാതിവഴിയിൽ ചിത്രീകരണം നിലച്ചതിനു പിന്നിലെ കഥയറിയാതെ ആരാധകർ കാത്തുനിൽക്കുമ്പോൾ ചാവേറുകളുടെ കഥ പറഞ്ഞ് സ്വയം ചാവേറായി മാറിയ ദയനീയാവസ്ഥയിലാണ് സംവിധായകൻ സജീവ്പിള്ളയടക്കം അണിയറപ്രവർത്തകര്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP