Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോക്‌സഭാതിരഞ്ഞെടുപ്പിൽ ഒന്നിച്ചുമൽസരിച്ചാലും 2014 ആവർത്തിക്കില്ല; സഖ്യത്തിന് സീറ്റുകുറയുമെന്നും കിട്ടാവുന്നത് 30 മുതൽ 34 സീറ്റുവരെയെന്നും ബിജെപിയുടെ ആഭ്യന്തര സർവേഫലം; ഒറ്റയ്ക്ക് മൽസരിച്ചാൽ പന്തിയല്ലെന്ന് തിരിച്ചറിഞ്ഞതോടെ ഉദ്ധവ് താക്കറെയെ അനുനയിപ്പിക്കാൻ സകല അടവും പയറ്റാനൊരുങ്ങി അമിത്ഷാ; കർണാടക ഫോർമുല നടപ്പാക്കി മുഖ്യമന്ത്രി സ്ഥാനമെന്ന ഉപാധി മുന്നോട്ട് വച്ച് ശിവസേന; എന്നാണ് അച്ഛേ ദിൻ വരിക എന്ന് പരിഹസിച്ച് അകന്നുനിൽക്കയാണെങ്കിലും സേന തന്നെ ബിജെപിക്ക് മഹാരാഷ്ട്രയിൽ പഥ്യം

ലോക്‌സഭാതിരഞ്ഞെടുപ്പിൽ ഒന്നിച്ചുമൽസരിച്ചാലും 2014 ആവർത്തിക്കില്ല; സഖ്യത്തിന് സീറ്റുകുറയുമെന്നും കിട്ടാവുന്നത് 30 മുതൽ 34 സീറ്റുവരെയെന്നും ബിജെപിയുടെ ആഭ്യന്തര സർവേഫലം; ഒറ്റയ്ക്ക് മൽസരിച്ചാൽ പന്തിയല്ലെന്ന് തിരിച്ചറിഞ്ഞതോടെ ഉദ്ധവ് താക്കറെയെ അനുനയിപ്പിക്കാൻ സകല അടവും പയറ്റാനൊരുങ്ങി അമിത്ഷാ; കർണാടക ഫോർമുല നടപ്പാക്കി മുഖ്യമന്ത്രി സ്ഥാനമെന്ന ഉപാധി മുന്നോട്ട് വച്ച് ശിവസേന; എന്നാണ് അച്ഛേ ദിൻ വരിക എന്ന് പരിഹസിച്ച് അകന്നുനിൽക്കയാണെങ്കിലും സേന തന്നെ ബിജെപിക്ക് മഹാരാഷ്ട്രയിൽ പഥ്യം

മറുനാടൻ ഡെസ്‌ക്‌

മുംബൈ: മഹാരാഷ്ട്രയിൽ രാഷട്രീയ ചിത്രം മാറുകയാണ്. രാഷ്ട്രീയലാഭത്തിനായി സഖ്യകക്ഷികളെ ഉപയോഗിച്ചശേഷം വലിച്ചെറിയുന്ന രീതിയാണ് ബിജെപി.യുടേതെന്ന് പരാതിപ്പെടുന്ന ശിവസേന അകൽച്ചയിലാണ്. എല്ലാ കാലത്തും എല്ലാം ഒന്നുപോലെയായിരിക്കില്ലെന്ന് ബിജെപി ഓർക്കണമെന്ന് അവർ പലവട്ടം മുന്നറിപ്പ് നൽകിക്കഴിഞ്ഞു.1990 മുതൽ എൻഡിഎ സർക്കാരിൽ സഖ്യകക്ഷിയാണ് ശിവസേനയെങ്കിലും നരേന്ദ്ര മോദി സർക്കാർ അധികാരമേറ്റ സമയം മുതൽ വിമർശകരുടെ കുപ്പായം സ്വയം എടുത്തണിഞ്ഞിരിക്കുകയാണ് ആ കക്ഷി.

2014 ലെ തിരഞ്ഞടുപ്പിൽ 48 ലോക്‌സഭാ സീറ്റുകളിൽ 41 എണ്ണമാണ് ബിജെപി-ശിവസേന സഖ്യം നേടിയത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ രണ്ടുകക്ഷികളും ഒന്നിച്ചുമൽസരിച്ചാൽ എന്താവും ഫലം? ഒന്നിച്ചുമൽസരിച്ചാലും 2014 ആവർത്തിക്കില്ലെന്നാണ് ബിജെപിയുടെ ആഭ്യന്തര സർവേയുടെ പ്രവചനം.

ഉപതിരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം ബിജെപിക്ക് 22 സീറ്റും ശിവസേനയ്ക്ക് 18 ഉം സീറ്റാണുള്ളത്. കോൺഗ്രസിന് രണ്ടും എൻസിപിക്ക് അഞ്ചും, സ്വദേശാഭിമാനി പക്ഷത്തിന് ഒരുസീറ്റുമുണ്ട്. ശിവസനേയ്‌ക്കൊപ്പം മൽസരിച്ചാൽ ഇത്തവണ ഏതായാലും സീറ്റുകൂടുകയില്ല. മറിച്ച് കുറയുകയാണ് ചെയ്യുക. 30 മുതൽ 34 സീറ്റ് വരെ സഖ്യത്തിന് കിട്ടിയേക്കും. ബിജെപി 15 മുതൽ 18 വരെ സീറ്റുനേടിയേക്കും. ശിവസേന അഞ്ചുമുതൽ എട്ടുവരെ സീറ്റും. അങ്ങനെ വന്നാൽ കോൺഗ്രസ്-എൻസിപി സഖ്യം 22 മുതൽ 28 സീറ്റുവരെ കിട്ടാം. സംസ്ഥാനത്തെ പാർട്ടി അണികൾക്കിടയിൽ നടത്തിയ സർവേയിലാണ് ഈ പ്രവചനം.

ശിവസേനയുമായി സഖ്യം ഉറപ്പിക്കാനും സീറ്റുകളുടെ എണ്ണം കൂട്ടാനും സംസ്ഥാന നേതാക്കൾക്ക് പാർട്ടി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ നിർദ്ദേശം നൽകിക്കഴിഞ്ഞു. 2014 ലെ പ്രകടനം സഖ്യം ആവർത്തിക്കുമെന്ന് ഉറപ്പാക്കാൻ ഷാ സമ്മർദ്ദം ചെലുത്തുന്നുമുണ്ട്. എന്നാൽ, സഖ്യത്തെ കുറിച്ച് പ്രതികരിക്കാൻ സേന എംപി സഞ്ജയ് റൗത്ത് വിസ്സമ്മതിച്ചു. സേന സഖ്യത്തിന് സമ്മതിച്ചാൽ തന്നെ ചില ഉപാധികൾ മുന്നോട്ട് വയ്ക്കാൻ സാധ്യതയുണ്ട്. സംസ്ഥാന നിയമസഭാതിരഞ്ഞെടുപ്പിന് ശേഷം സേനയുടെ പ്രതിനിധിയെ മുഖ്യമന്ത്രിയാക്കണമെന്നതാണ് ഒരാവശ്യം. സീറ്റുകളുടെ എണ്ണം നോക്കാതെ തങ്ങൾക്ക് മുഖ്യമന്ത്രിപദം വേണം, ഇതാണ് സേന മുന്നോട്ട് വയ്ക്കുന്ന ആവശ്യം. മഹാരാഷ്ട്രയിൽ, കർണാടക ഫോർമുല നടപ്പാക്കണം, അതാണ് സേന നേതൃത്വം ബിജെപി നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. കർണാടകയിൽ കോൺഗ്രസിന് കൂടുതൽ സീറ്റുകൾ കിട്ടിയെങ്കിലും ജനതാദളിന്റെ നേതൃത്വത്തെ കോൺഗ്രസ് അംഗീകരിക്കുകയായിരുന്നു.

അതേസമയം, ഹിന്ദി ഹൃദയഭൂമിയിലേറ്റ പരാജയം വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഫലത്തിന്റെ സൂചനയാണെന്ന് എൻസിപി വക്താവ് നവാബ് മാലിക് പറയുന്നു. ബിജെപി-ശിവസേന സഖ്യം ഉണ്ടായാലും ഇല്ലെങ്കിലും കോൺഗ്രസ് -എൻസിപി സഖ്യം 38 സീറ്റുകൾ നേടുമെന്ന് ഉറപ്പാണ്. ശിവസേന-ബിജെപി സഖ്യത്തിന് വെറും പത്തുസീറ്റാണ് മാലിക് നൽകുന്നത്. സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷൻ അശോക് ചവാനും ഇതിനോട് യോജിക്കുന്നു. ഇവിടെ ഇപ്പോൾ മോദി തരംഗം അസ്തമിച്ചിരിക്കുന്നു. കോൺഗ്രസ്-എൻസിപിസഖ്യം മികച്ച പ്രകടനം കാഴ്ച വയ്ക്കുമെന്ന് ചവാന് ഉറപ്പാണ്.

മോദി സർക്കാരിനെതിരായ പ്രതിപക്ഷ പാർട്ടികളുടെ ആദ്യ അവിശ്വാസ പ്രമേയത്തിൽ വന്നപ്പോൾ എതിർപക്ഷത്തായിരുന്നു ശിവസേന. അവസാന നിമിഷം വരെ വിട്ട് നിൽക്കാൻ, അമിത് ഷാ ശിവസേനയോട് ആവശ്യപ്പെട്ടെങ്കിലും അവർ വഴങ്ങിയില്ല. അവിശ്വാസ പ്രമേയത്തിന് ശേഷം കോൺഗ്രസിനേയും രാഹുൽ ഗാന്ധിയേയും ശിവസേന നേതാവ് ഉദ്ധവ് താക്കറെ പുകഴ്‌ത്തിയതും ബിജെപിയെ ചൊടിപ്പിച്ചു. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന പിന്നാലെ രാഹുലിനേയും കോൺഗ്രസിനേയും അഭിനന്ദിച്ച് ശിവസേന നേതാവ് ഉദ്ധവ് താക്കറെ രംഗത്തെത്തിയിരുന്നു. കോൺഗ്രസ് മുക്ത ഭാരതമെന്ന ബിജെപിയുടെ മോഹം തകർന്നടിഞ്ഞെന്ന് പറഞ്ഞ ശിവസേന നേതാവ് അഞ്ച് സംസ്ഥാനങ്ങളിലും ബിജെപി മുക്തമായെന്നും പരിഹസിച്ചു. രാഹുൽ ഗാന്ധി മാത്രമാണ് കോൺഗ്രസ് വിജയത്തിന്റെ അമരക്കാരനെന്നടക്കം അദ്ദേഹം പുകഴ്‌ത്തി.

ഒറ്റയ്ക്ക മൽസരിക്കുമെന്ന് നേരത്തെ ബിജെപി പ്രഖ്യാപിച്ചിരുന്നെങ്കിലും, ഇപ്പോൾ ആ ചിന്തയൊക്കെ മാറി. ശിവസേനയെ ഒപ്പം കൂട്ടിയില്ലെങ്കിൽ കാര്യങ്ങൾ അത്ര പന്തിയാവില്ലെന്ന് അമിത്ഷായ്ക്ക് അറിയാം. അതുകൊണ്ട് ഏതുവിധേനയും ഉദ്ധവ് താക്കറെയെ അനുനയിപ്പിച്ച് സഖ്യം ഉറപ്പാക്കുക, അതാണ് ബിജെപിയെ ലക്ഷ്യം. അതേസമയം പകുതി സീറ്റ് വേണമെന്ന ശിവസേനയുടെ ആവശ്യം ബിജെപിയെ വിഷമവൃത്തത്തിലാക്കുന്നു.

ശിവസേന തലവൻ ഇപ്പോഴും മോദി സർക്കാരിനെതിരായ വിമർശനങ്ങൾ അവസാനിപ്പിച്ചിട്ടില്ല. അഞ്ചു സംസ്ഥാനങ്ങളിൽ നിന്ന് പുറത്തു വരുന്ന തെരഞ്ഞെടുപ്പു ഫലങ്ങൾ ബിജെപിക്ക് വ്യക്തമായ സൂചന നൽകുന്നതാണെന്നും അവർ ആത്മപരിശോധന നടത്തേണ്ടത് ആവശ്യമെന്നും ശിവ സേന പ്രതികരിച്ചു. ബിജെപിയുടെ വിജയരഥം തടയപ്പെട്ടിരിക്കുന്നുവെന്നാണ് ഫലങ്ങൾ കാണിക്കുന്നതെന്ന് ശിവസേന വക്താവും രാജ്യസഭാ എംപിയുമായ സഞ്ജയ് റാവത്ത് പറഞ്ഞു. ഇത് തങ്ങൾക്ക് സ്വയം പരിശോധിക്കാനുള്ള സമയമാണെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിൽ ബിജെപി സർക്കാരിന്റെ ഭാഗമാണെങ്കിലും കഴിഞ്ഞ ഏതാനും മാസങ്ങളിലായി ശിവസേന ബിജെപിയുമായി അത്ര രസത്തിലല്ല. 2014ലെ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുകയും പിന്നീട് സർക്കാർ രൂപീകരിക്കാൻ ബിജെപിക്കൊപ്പം കൂടുകയമായിരുന്നു ശിവ സേന.

കോൺഗ്രസും ശരദ്പവാറിന്റെ എൻ.സി.പി.യും സഖ്യത്തിലെത്തിയിട്ടുണ്ട്. ബിജെപി. വിരുദ്ധ ചേരി ശക്തമാക്കി വോട്ടുകൾ ചിതറുന്നത് ഒഴിവാക്കുക കൂടി ചെയ്താൽ ഗുണം ഏറെയാണെന്നും ഇരു പാർട്ടികൾക്കുമറിയാം. സ്വാഭിമാനി ഷേത്കാരി സംഘടന, പശ്ചിമ മഹാരാഷ്ട്രയിലെ രാജു ഷെട്ടിയുടെ നേതൃത്വത്തിലുള്ള പി.ഡബ്ല്യു.പി., വിവിധ ദളിത് പാർട്ടികൾ എന്നിവയെ ഒപ്പം കൂട്ടാനാണ് ശ്രമങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP