Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശ്വാസം മുട്ടിച്ചിരുന്ന ജിഎസ്ടി കുരുക്കിൽ നിന്നും പൊതുജനത്തിന് അൽപം 'ആശ്വാസം'; നാൽപത് ഉൽപന്നങ്ങളുടെ ജിഎസ്ടി തുക വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ; ഏഴ് ഉൽപന്നങ്ങളുടെ 28 ശതമാനം നികുതി എന്നത് ഇനി 18 മാത്രം; 18 ശതമാനം നികുതി അടയ്ക്കേണ്ട 33 ഉൽപന്നങ്ങൾക്ക് നികുതി 12 ശതമാനവും അഞ്ച് ശതമാനവും; പ്രളയ സെസിൽ തീരുമാനമായില്ല; ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബിജെപി സർക്കാർ ജനത്തിന്റെ ഭാരം കുറയ്ക്കുന്നുവോ ? രാഷ്ട്രീയ തന്ത്രമെന്നാരോപിച്ച് കോൺഗ്രസ്

ശ്വാസം മുട്ടിച്ചിരുന്ന ജിഎസ്ടി കുരുക്കിൽ നിന്നും പൊതുജനത്തിന് അൽപം 'ആശ്വാസം'; നാൽപത് ഉൽപന്നങ്ങളുടെ ജിഎസ്ടി തുക വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ; ഏഴ് ഉൽപന്നങ്ങളുടെ 28 ശതമാനം നികുതി എന്നത് ഇനി 18 മാത്രം;  18 ശതമാനം നികുതി അടയ്ക്കേണ്ട 33 ഉൽപന്നങ്ങൾക്ക് നികുതി 12 ശതമാനവും അഞ്ച് ശതമാനവും; പ്രളയ സെസിൽ തീരുമാനമായില്ല; ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബിജെപി സർക്കാർ ജനത്തിന്റെ ഭാരം കുറയ്ക്കുന്നുവോ ? രാഷ്ട്രീയ തന്ത്രമെന്നാരോപിച്ച് കോൺഗ്രസ്

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: നാൽപത് ഉൽപന്നങ്ങളുടെ ജിഎസ്ടി തുക വെട്ടിക്കുറച്ചു. ഇതിൽ ഏഴ് ഉൽപന്നങ്ങളുടെ 28 ശതമാനം എന്ന നികുതി തുക 18 ശതമാനമായി കുറച്ചു. മാത്രമല്ല 33 ഉൽപന്നങ്ങൾക്ക് നികുതി ശതമാനം പന്ത്രണ്ടും അഞ്ചുമായി താഴ്ന്നു. ഇതോടെ കേന്ദ്ര സർക്കാർ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന തന്ത്രമാണോ എന്നതാണ് ഇപ്പോൾ പൊതു സമൂഹത്തിൽ നിന്നും ഉയരുന്ന ചോദ്യം.

 

 ഡൽഹിയിൽ ചേർന്ന ജി എസ് ടി കൗൺസിൽ യോഗലാണ് ജി എസ് ടി നിരക്ക് കുറക്കാൻ തീരുമാനിച്ചത്. നിത്യോപയോഗ സാധനങ്ങളുടെ നിരക്കാണ് കുറച്ചത്. എന്നാൽ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബിജെപി രാഷ്ട്രീയ നേട്ടത്തിനായി ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് ശ്രമിക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു.

ഏഴ് ഉൽപന്നങ്ങളുടെ നികുതി 28 ശതമാനമായിരുന്നത് 18 ശതമാനമാക്കി കുറച്ചു. 18 ശതമാനം നികുതി ഉണ്ടായിരുന്ന 33 ഉൽപന്നങ്ങളുടെ ജിഎസ്ടി 12%, 5% ആയും ചുരുക്കി. ചെരുപ്പിനു രണ്ടു നികുതി സ്ലാബുണ്ടായിരുന്നത് 12 ശതമാനമായി ഏകീകരിച്ചു. ശീതികരിച്ച പച്ചക്കറിയുടെ നികുതി ഒഴിവാക്കി.

അതേസമയം, പ്രളയത്തെ തുടർന്നു കേരളത്തിനായി സെസ് ഏർപ്പെടുത്തുന്നതിൽ കൗൺസിൽ യോഗത്തിൽ തീരുമാനമായില്ല. എല്ലാ സംസ്ഥാനങ്ങളും തീരുമാനമറിയിക്കാത്തതിനെ തുടർന്നാണിത്. അടുത്ത യോഗത്തിൽ തീരുമാനമുണ്ടായേക്കുമെന്നു ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു.

99% ഉൽപന്നങ്ങൾക്കും 18 ശതമാനത്തിൽ താഴെ നികുതി എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നു കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ജിഎസ്ടി ഘടന വീണ്ടും ലളിതമാക്കുമെന്ന സൂചനയാണ് പ്രധാനമന്ത്രി നൽകിയത്.28 ശതമാനത്തിൽ നിന്നു 18 ശതമാനമാക്കിയവ: ഉപയോഗിച്ച ടയർ, ലിഥിയം ബാറ്ററികൾ, വിസിആർ, ടിവി(32 ഇഞ്ച് വരെയുള്ളത്), ബില്യാർഡ്‌സ് ആൻഡ് സ്‌നൂക്കേർസ് 

ആദ്യം അറിയിച്ചത് ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെ വില കുറയുമെന്ന്

രാജ്യത്തെ പുത്തൻ നികുതി സമ്പ്രദായമായ ചരക്ക് സേവന നികുതി നിലവിൽ വന്ന് ഒരു വർഷം പിന്നിടുമ്പോൾ ഇപ്പോൾ ഈടാക്കുന്ന നികുതി നിരക്ക് കുറയ്ക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുകയാണെന്ന് കഴിഞ്ഞ ദിവസം വാർത്തകൾ പുറത്ത് വന്നിരുന്നു. ഇലക്ട്രോണിക് ഉപകരണങ്ങളായ എസി, റഫ്രിജറേറ്റർ, വാഷിങ് മെഷീൻ, ഡിജിറ്റൽ ക്യാമറ, വീഡിയോ ഗെയിം എന്നിവയുടെ നിരക്ക് കുറച്ചാണ് കേന്ദ്ര സർക്കാർ ജനങ്ങൾക്ക് ആശ്വാസം പകരാൻ ഒരുങ്ങുന്നത്. ഇവയടക്കമുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്ക് ഇപ്പോൾ നികുതി നിരക്ക് 28 ശതമാനമാണ്.

നികുതി 18 ശതമാനമോ അതിൽ താഴെയോ ആക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. മിക്ക ഉത്പന്നങ്ങളെയും 18 ശതമാനം നികുതി നിരക്കിന് താഴെ എത്തിക്കുക എന്ന ലക്ഷ്യവുമായാണ് കേന്ദ്രം നികുതി നിരക്ക് കുറയ്ക്കാനൊരുങ്ങുന്നത്. വാട്ടർ ഹീറ്റർ, പെയിന്റുകൾ, പെർഫ്യൂമുകൾ, ട്രാക്ടറുകൾ, വാഹനങ്ങളുടെ ഘടകങ്ങൾ, വാക്വം ക്ലീനറുകൾ, ഹെയർ ക്ലിപ്പുകൾ, ഷേവറുകൾ, സിമന്റ്, പുട്ടി, വാർണിഷ്, മാർബിൾ തുടങ്ങിയവയ്ക്കും വിലകുറയുമെന്നാണ് വിവരം. പരമാവധി ഉതപന്നങ്ങളെ ഭാവിയിൽ 15 ശതമാനം നികുതി നിരക്കിൽ എത്തിക്കുമെന്നാണ് നിതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാർ പറഞ്ഞിരുന്നത്.

ആഡംബര വാഹനങ്ങൾ, ഉല്ലാസ നൗകകൾ, സ്വകാര്യ വിമാനങ്ങൾ, സിഗരറ്റ്, പാന്മസാല, പുകയില ഉത്പന്നങ്ങൾ, സോഫ്റ്റ് ഡ്രിങ്ക്‌സ് എന്നിവയ്ക്ക് നിലവിലുള്ള 28 ശതമാനം തുടരും. 99 ശതമാനം വസ്തുക്കളുടെയും നികുതി നിരക്ക് പരമാവധി 18 ശതമാനത്തിൽ പരിമിതപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു. ഇതോടെ നികുതി കുറയുമെന്ന സൂചനകൾ പുറത്ത് വന്നിരുന്നു.

നാഴിക കല്ല് സൃഷ്ടിച്ച് ജിഎസ്ടിയുടെ വരവ്

2017 ജൂൺ 30 എന്ന ദിനത്തിലെ രാത്രി ഇന്ത്യയ്ക്ക് സ്വാതന്ത്ര്യദിനം പോലെ ഓർക്കേണ്ട ഒരു നാഴിക കല്ലാണ് സമ്മാനിച്ചത്. ലോക സാമ്പത്തിക ശക്തികളിൽ മോശമല്ലാത്ത സ്ഥാനമുള്ള ഇന്ത്യയിൽ ഏകീകൃത നികുതി സമ്പ്രദായം നടപ്പാക്കുക എന്ന ലക്ഷ്യം നരേന്ദ്ര മോദി സർക്കാർ നടപ്പിലാക്കിയ രാത്രി. പ്രതിക്ഷത്തിന്റെ ശക്തമായ എതിർപ്പിനെ മറികടന്ന് ആരവങ്ങളുമായി മോദി സർക്കാർ ജിഎസ്ടി കൊണ്ടു വന്നത് ഏറെ പ്രതീക്ഷകളോടെയാണ്.

എന്നാൽ അത് ലക്ഷ്യം കണ്ടോ ഇല്ലയോ എന്നാണ് പൊതുജനങ്ങളിൽ നിന്നും ഇപ്പോൾ ചോദ്യമുയരുന്നത്. ലോകത്തെ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്താൽ ഏറെ നൂലാമാലകളുള്ള നികുതി സമ്പദ്രായമാണ് ഇന്ത്യയിൽ നേരത്തെ നില നിന്നിരുന്നത്. സംസ്ഥാനത്തിനും കേന്ദ്രത്തിനും വെവ്വേറെ നികുതി. നികുതി അടയ്ക്കുന്നവരേക്കാൾ നികുതിക്ക് പുറത്ത് നിന്നും കാര്യങ്ങൾ നിയന്ത്രിക്കുന്ന വലിയൊരു വിഭാഗം വേറെ. നിമിഷ നേരം കൊണ്ട് അവശ്യ സാധനങ്ങൾക്ക് നിയന്ത്രണാതീതമായി വില കയറുന്നു.

ഇതിനൊക്കെ പുറമേ കച്ചവടക്കാർക്കും കച്ചവടം ആരംഭിക്കാൻ ശ്രമിക്കുന്നവർക്കും മലവെള്ളപ്പാച്ചിൽ പോലെ നികുതി തരുന്ന കഷ്ടകാലവും. രാജ്യത്തിന്റെ വ്യാപാര മേഖല നേരിടുന്ന ഈ പ്രശ്നങ്ങൾക്ക് പരിഹാരമെന്നവണ്ണം നടപ്പിലാക്കിയ സാമ്പത്തിക പരിഷ്‌കരണമാണ് ജിഎസ്ടി. അതായത് ഒരു രാജ്യം ഒരു നികുതി. കശ്മീർ മുതൽ കന്യാകുമാരി വരെ നികുതി സമ്പ്രദായം ഒരേ കുടക്കീഴിലായി മാറുന്ന സാമ്പത്തിക പരിഷ്‌കരണം.

2017ൽ ജിഎസ്ടി നിലവിൽ വന്നതോടെ രാജ്യത്തെ 17 ൽ അധികം പരോക്ഷ നികുതികൾക്കാണ് ഗുഡ്ബൈ പറഞ്ഞത്. പിന്നെ നികുതിയുടെ രാജാക്കന്മാരായി വിലസാൻ തുടങ്ങിയത് സിജിഎസ്ജിയും എസ്ജിഎസ്ടിയുമാണ്. അതായത് കേന്ദ്ര ചരക്ക് സേവന നികുതിയും സംസ്ഥാന ചരക്ക് സേവന നികുതിയും. ഉൽപാദന മേഖലയേക്കാൾ ഉപഭോക്തൃ മേഖലയിൽ നിന്നും നികുതി പിരിക്കുന്നതിനാണ് പുതിയ പരിഷ്‌കരണം ഏറെ ശ്രദ്ധ ചെലുത്തിയത്.

കോൺഗ്രസ് ആശയം...നടപ്പിലാക്കിയത് മോദി

 ജിഎസ്ടി എന്നത് കോൺഗ്രസ് ഭരണത്തിലിരുന്നപ്പോൾ കൊണ്ടു വന്ന ആശയമാണെങ്കിലും നടപ്പിലാക്കിയത് മോദി സർക്കാരാണ്. എന്നാൽ ഇതിനെതിരെ വിമർശനമുയർത്തുന്നവർ പറയുന്ന ന്യായം എന്നാണെന്ന് വച്ചാൽ ശരിയായ മുൻകരുതലെടുത്തല്ല ജിഎസ്ടി നടപ്പിലാക്കിയത് എന്നാണ്. സാമ്പത്തികമായി അനുകൂല അന്തരീക്ഷം ഒരുക്കി മാറ്റം കൊണ്ടു വരേണ്ടതിന് പകരം തിടുക്കം കൂട്ടി നടപ്പിലാക്കുകയും വ്യാപാര മേഖലയെ ശരിക്കും പഠിക്കാതെയും ജനങ്ങളെ ജിഎസ്ടി എന്തെന്ന് മനസിലാക്കി കൊടുക്കാൻ സർക്കാരിന് സാധിച്ചില്ല.

ഇനി അവസാനമായി ചില കണക്ക് കൂടിനോക്കാം. രാജ്യത്ത് ഇതു വരെ പിരിച്ചെടുത്ത ഒരു ലക്ഷം കോടി ജിഎസ്ടി തുകയിൽ 16,464 കോടി രൂപ സിജിഎസ്ടിയും, 22,286 കോടി രൂപ എസ്ജിഎസ്ടിയും 26,908 കോടി രൂപ ഐജിഎസ്ടിയുമാണ്. സെസ് ആയി 955 കോടിയും ഇറക്കുമതി നികുതി അടക്കം 8000 കോടി പിരിച്ചെടുക്കുകയും ചെയ്തു. 44 ശതമാനം പിരിവ് രേഖപ്പെടുത്തി കേരളം ഒന്നാമതെത്തി. എന്നാൽ ഒരു സംഗതിയുണ്ട്. കൈയിൽ കാശുള്ളതുകൊണ്ടും മികച്ച ഉപഭോക്തൃ സംസ്‌കാരം ഉള്ളതുകൊണ്ടും മാത്രമാണ് കേരളത്തിന് ഈ നേട്ടം കൊയ്യാൻ സാധിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP