Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുൻ എജി ജയിംസ് ജോസഫിന്റെ പരാതി ക്രൈംബ്രാഞ്ച് എഡിജിപി അന്വേഷിക്കണമെന്ന ഹൈക്കോടതി നിർദ്ദേശം കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിനു ഊരാക്കുടുക്കാകും; കേന്ദ്ര അഡ്‌മിനിസ്‌ട്രെറ്റിവ് ട്രിബ്യൂണൽ അംഗത്വം ലഭിക്കാതിരിക്കാൻ തനിക്കെതിരെ വ്യാജ ഐബി റിപ്പോർട്ട് വരെ പടച്ചുവെന്ന ഗുരുതര ആരോപണങ്ങളുമായി ജയിംസ് ജോസഫ്; നിയമനഫയൽ സുപ്രീംകോടതിയിൽ പോകേണ്ടതിനു പകരം പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് അയച്ചു; വ്യക്തിവൈരാഗ്യം തീർക്കാൻ ഏതറ്റം വരെയും കണ്ണന്താനം പോകുമെന്നും മറുനാടനോട് മനസ് തുറന്നു ജയിംസ് ജോസഫ്

മുൻ എജി ജയിംസ് ജോസഫിന്റെ പരാതി ക്രൈംബ്രാഞ്ച് എഡിജിപി അന്വേഷിക്കണമെന്ന ഹൈക്കോടതി നിർദ്ദേശം കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിനു ഊരാക്കുടുക്കാകും; കേന്ദ്ര അഡ്‌മിനിസ്‌ട്രെറ്റിവ് ട്രിബ്യൂണൽ അംഗത്വം  ലഭിക്കാതിരിക്കാൻ തനിക്കെതിരെ വ്യാജ ഐബി റിപ്പോർട്ട് വരെ പടച്ചുവെന്ന ഗുരുതര ആരോപണങ്ങളുമായി ജയിംസ് ജോസഫ്; നിയമനഫയൽ സുപ്രീംകോടതിയിൽ പോകേണ്ടതിനു പകരം പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് അയച്ചു; വ്യക്തിവൈരാഗ്യം തീർക്കാൻ ഏതറ്റം വരെയും കണ്ണന്താനം പോകുമെന്നും മറുനാടനോട് മനസ് തുറന്നു ജയിംസ് ജോസഫ്

എം മനോജ് കുമാർ

 തിരുവനന്തപുരം: കേന്ദ്ര നഗരവികസന കമ്മീഷണർ സ്ഥാനത്തിരുന്നു അൽഫോൻസ് കണ്ണന്താനം കളിച്ച കളികളാണ് തന്റെ കേന്ദ്ര അഡ്‌മിനിസ്‌ട്രെറ്റിവ് ട്രിബ്യൂണൽ അംഗത്വം തെറിപ്പിച്ചതെന്ന് മുൻ എജി ജയിംസ് ജോസഫ്. അതിനായി വ്യാജ ഐബി റിപ്പോർട്ട് വരെ പടച്ചുവെന്നും ഇതെല്ലാം തന്റെ ട്രിബ്യൂണൽ അംഗത്വം തെറിക്കാൻ കാരണമായെന്നും ജയിംസ് ജോസഫ് പറഞ്ഞു. കണ്ണന്താനത്തിന്റെ കളികൾ ഇല്ലായിരുന്നെങ്കിൽ 2005-ൽ താൻ കേന്ദ്ര അഡ്‌മിനിസ്‌ട്രെറ്റിവ് ട്രിബ്യൂണൽ അംഗമായി റിട്ടയർ ചെയ്യുമായിരുന്നെന്നു, മുൻ എജി ജയിംസ് ജോസഫ് മറുനാടൻ മലയാളിയോട് പറഞ്ഞു. 2010 ൽ താൻ വിരമിക്കുകയും ചെയ്യുമായിരുന്നു.

വ്യക്തിവൈരാഗ്യം തീർക്കാൻ വലിയ ചതിയാണ് ഇപ്പോൾ കേന്ദ്ര മന്ത്രി പദവിയിലിരിക്കുന്ന കണ്ണന്താനം ചെയ്തത്. കണ്ണന്താനത്തിനെ പോലുള്ളവർ ഇങ്ങിനെ എത്രയെത്ര പേരുടെ നിയമനങ്ങൾ തടഞ്ഞിരിക്കും- ജയിംസ് ജോസഫ് പറഞ്ഞു. കണ്ണന്താനത്തിന്നെതിരെ താൻ നൽകിയ ക്രിമിനൽ കേസ് ക്രൈംബ്രാഞ്ച് എഡിജിപി അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവിട്ടതിനെ തുടർന്ന് മറുനാടനോട് മനസ് തുറക്കുകയായിരുന്നു ജയിംസ് ജോസഫ്. അന്നത്തെ പ്രധാനമന്ത്രി മന്മോഹൻ സിംഗിന്റെ ഓഫീസിലേക്ക് നിയമന ഫയൽ അയയ്ക്കാതെ ചീഫ് ജസ്റ്റിസിന്റെ ഓഫീസിലേക്ക് അയച്ചിരുന്നെങ്കിൽ എനിക്ക് നിയമനം ലഭിക്കുമായിരുന്നു. ഒന്നരപ്പതിറ്റാണ്ടിനു മുൻപ് തുടങ്ങിയ പ്രശ്‌നങ്ങളാണിത്.

എപ്പോഴാണ് ഹൈക്കോടതി വിധി വരുന്നത്. രണ്ടു കാര്യങ്ങൾ ആണ് അന്ന് കണ്ണന്താനത്തിന്റെ സ്വാധീനത്തിന്റെ പേരിൽ നടന്നത്. ഒന്ന് എനിക്കെതിരെ വ്യാജ ഐബി റിപ്പോർട്ട് ഉണ്ടാക്കി. രണ്ടാമത് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനു അയക്കേണ്ട ഫയൽ നേരെ അന്നത്തെ പ്രധാനമന്ത്രി മന്മോഹൻ സിംഗിന് വിട്ടു. അന്നത്തെ പ്രധാനമന്ത്രി മന്മോഹൻ സിംഗിനെ വരെ വഞ്ചിക്കുകയാണ് കണ്ണന്താനം ചെയ്തത്. വ്യക്തിപരമായ വിരോധം തീർക്കാൻ ഏതറ്റം വരെയും കണ്ണന്താനം പോകുന്നു എന്നതിന്റെ തെളിവ് കൂടിയാണ് ഈ കേസ്. വ്യാജ ആരോപണങ്ങൾ സൃഷ്ടിച്ച് എന്റെ കേന്ദ്ര അഡ്‌മിനിസ്‌ട്രെറ്റിവ് ട്രിബ്യൂണൽ അംഗത്വം തെറുപ്പിച്ച കണ്ണന്താനത്തിന്നെതിരെ വട്ടിയൂർക്കാവ് സ്റ്റേഷനിൽ നൽകിയ ക്രിമിനൽ കേസ് ആണ് ഇപ്പോൾ ക്രൈംബ്രാഞ്ച് എഡിജിപി അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.

എജിയായിരിക്കെ ജെയിംസ് ജോസഫ് അനധികൃത നിയമനങ്ങൾ നടത്തി എന്നായിരുന്നു കണ്ണന്താനം അടക്കമുള്ളവർ ആരോപിച്ചിരുന്നത്. പക്ഷെ ആരോപണം വിവരാവകാശ രേഖകൾ ഹാജരാക്കി ജയിംസ് കോടതിയിൽ ഖണ്ഡിച്ചു. ഇതോടെയാണ് ഈ കേസ് ക്രൈംബ്രാഞ്ച് എഡിജിപി അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. ജെയിംസ് ജോസഫ് 2014 ൽ നൽകിയ ഹർജിയിൽ അൽഫോൻസ് കണ്ണന്താനം ഉൾപ്പെടെ നാലു പേർക്കെതിരെ വട്ടിയൂർക്കാവ് പൊലീസ് അന്ന് കേസെടുത്തിരുന്നു. പക്ഷെ നാലു വർഷം കഴിഞ്ഞിട്ടും അന്തിമ റിപ്പോർട്ട് ആകാത്ത പശ്ചാത്തലത്തിലാണ് ജയിംസ് ജോസഫ് ഹൈക്കോടതിയെ സമീപിച്ചത്.

കേസിനെ കുറിച്ച് ജെയിസ് ജോസഫ് പറയുന്നത് ഇങ്ങിനെ:

2003-ൽ കണ്ണന്താനവും ഞാനും അടുത്തടുത്ത വീടുകളിലാണ് താമസിച്ചിരുന്നത്. നല്ല സൗഹൃദവും ഉണ്ടായിരുന്നു. ഞാൻ എജി പദവിയിൽ നിന്ന് റിട്ടയർമെന്റ് എടുത്തിരുന്നു. ദീപിക, കെഎസ്ആർടിസി, ഇന്ത്യാവിഷൻ ഒക്കെ കഴിഞ്ഞു ഫ്രീ ആയി ഇരിക്കുന്ന സമയമാണ്. അപ്പോൾ കണ്ണന്താനം ഐഎഎസിൽ തന്നെയാണ്. എന്നെ വിളിച്ച് പറഞ്ഞു നമുക്ക് ഒരു സ്‌കൂൾ പ്രോജക്റ്റ് ചെയ്താലോ എന്ന്. അന്നെനിക്ക് കണ്ണന്താനത്തിനെക്കുറിച്ച് നല്ല അഭിപ്രായമായിരുന്നു. അങ്ങിനെ ഒരു ട്രസ്റ്റ് രൂപീകരിച്ചു. റിസർജൻസ് കേരള എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ്. അറിയുന്ന കുറച്ചു പേർ ഡയറക്ടർമാരായി. വിദേശത്തു നിന്നും ഒക്കെയായി ഒന്നേകാൽ കോടി രൂപയോളം കളക്റ്റ് ചെയ്തു. കരകുളത്ത് സ്ഥലം എടുത്തു. കെട്ടിടം പണിയും തുടങ്ങി. ഞാനന്ന് മാനേജിങ് ട്രസ്റ്റിയാണ്.

കണ്ണന്താനത്തിന്റെ അനിയൻ കെ.ജെ.റോയി ട്രസ്റ്റിയാണ്. റോയിക്ക് ജോലി ഒന്നും ഇല്ലാതിരുന്ന സമയമാണ്. അതിനാൽ റോയിക്ക് ശമ്പളം ലഭിക്കുന്ന വിധത്തിൽ ജോലി നൽകാൻ കണ്ണന്താനം ആവശ്യപ്പെട്ടു. നിക്ഷേപകർ സമ്മതിക്കുകയാണെങ്കിൽ ആവാം എന്നാണ് ഞാൻ പറഞ്ഞത്. പക്ഷെ കെട്ടിടം പണിയാനുള്ള ടെൻഡർ കാര്യങ്ങൾ റോയ് ലീക്ക് ചെയ്തു. ഇതു മനസിലാക്കിയപ്പോൾ ഞാൻ റോയിയെ മാറ്റി. അതോടെ ഞാനും കണ്ണന്താനവും തമ്മിലുള്ള ബന്ധം ഉലഞ്ഞു. ട്രസ്റ്റ് കാര്യങ്ങൾ സ്റ്റോപ്പ് ചെയ്തു. ആ ഘട്ടത്തിലാണ് കേന്ദ്ര അഡ്‌മിനിസ്‌ട്രെറ്റിവ് ട്രിബ്യൂണൽ അംഗത്വത്തിനു ഞാൻ അപേക്ഷിക്കുന്നത്. ഇതോടെ കണ്ണന്താനം കളി തുടങ്ങി.

ഒട്ടനവധി ആരോപണങ്ങൾ കണ്ണന്താനം എനിക്കെതിരെ ഉന്നയിക്കാൻ തുടങ്ങി. വാർത്താ പത്രങ്ങളിൽ എല്ലാം ഇത് വാർത്തയുടെ രൂപത്തിൽ തന്നെ വന്നു. കേന്ദ്ര പഴ്സണൽ മന്ത്രാലയത്തിലെ ഉന്നതരെ ഉപയോഗിച്ചാണ് കാറ്റ് അംഗത്വം കണ്ണന്താനം തടഞ്ഞത്. ഐബി റിപ്പോർട്ട് കൃത്രിമമായി ചമച്ചു. ശരിക്കുള്ള ഐബി റിപ്പോർട്ട് എനിക്ക് അനുകൂലമായിരുന്നു. അത് മൂടിവെച്ച് ആണ് കൃതൃമായി റിപ്പോർട്ട് ചമച്ചത്. ഇതോടെ എന്റെ സെലക്ഷൻ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് റദ്ദ് ചെയ്യപ്പെട്ടു. ഞാൻ പക്ഷെ നിയമപോരാട്ടത്തിന്റെ വഴി തേടി. അപ്പോഴേക്കും കാറ്റ് അംഗത്വത്തിനുള്ള എന്റെ പ്രായവും കഴിഞ്ഞിരുന്നു.

സിബിഐ അന്വേഷണമാണ് ഞാൻ ആവശ്യപ്പെട്ടത്. ഹൈക്കോടതി പറഞ്ഞത് ഇത് ക്രൈം ആയതിനാൽ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യാനായിരുന്നു. അതനുസരിച്ചാണ് വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. കണ്ണന്താനമായിരുന്നു മുഖ്യപ്രതി. ആ കേസ് പിന്നെ പിന്നെ ക്രൈംബ്രാഞ്ചിന് വിട്ടു. അതൊന്നും ആകാതിരുന്നതിനാൽ ആണ് ഞാൻ വീണ്ടും ഈ കേസിനായി ഹൈക്കോടതിയെ സമീപിച്ചത്. കണ്ണന്താനത്തിനെ രക്ഷപെടുത്താനാണ് പ്രോസിക്യൂഷൻ ശ്രമിച്ചത്. അതൊന്നും കണക്കാതെയാണ് ഇപ്പോൾ ഹൈക്കോടതി വിധി വന്നിരിക്കുന്നത്-ജയിംസ് ജോസഫ് പറയുന്നു. ഹൈക്കോടതി വിധിയായതിനാൽ കണ്ണന്താനത്തിനു ഊരിപ്പോരാൻ പ്രയാസമാണ്. എഡിജിപി തലത്തിലുള്ള അന്വേഷണമാണ് വരുന്നതും. കണ്ണന്താനത്തിനു ഈ കേസ് ഊരാക്കുടുക്കാവുന്ന ലക്ഷണമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP