Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മോദിയെ ഉറങ്ങാൻ അനുവദിക്കില്ലെന്ന് വീരവാദം മുഴക്കിയിട്ട് ഉറക്കം നഷ്ടമായത് രാഹുലിനും കൂട്ടർക്കും; രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്‌ഗഢിലും ബിജെപി സർക്കാരുകൾ പടിയിറങ്ങിയത് ഖജനാവ് മുക്കാലും കാലിയാക്കി; അധികാരമേറ്റ് 24 മണിക്കൂറിനുള്ളിൽ കാർഷിക കടങ്ങൾ എഴുതി തള്ളിയ മൂന്നുസംസ്ഥാനങ്ങളും എടുത്താൽ പൊങ്ങാത്ത ഭാരത്തിൽ തല പുകയ്ക്കുന്നു; ഇതുവയ്യാവേലിയെന്ന് സാമ്പത്തിക വിദഗ്ദ്ധർ

മോദിയെ ഉറങ്ങാൻ അനുവദിക്കില്ലെന്ന് വീരവാദം മുഴക്കിയിട്ട് ഉറക്കം നഷ്ടമായത് രാഹുലിനും കൂട്ടർക്കും; രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്‌ഗഢിലും ബിജെപി സർക്കാരുകൾ പടിയിറങ്ങിയത് ഖജനാവ് മുക്കാലും കാലിയാക്കി; അധികാരമേറ്റ് 24 മണിക്കൂറിനുള്ളിൽ കാർഷിക കടങ്ങൾ എഴുതി തള്ളിയ മൂന്നുസംസ്ഥാനങ്ങളും എടുത്താൽ പൊങ്ങാത്ത ഭാരത്തിൽ തല പുകയ്ക്കുന്നു; ഇതുവയ്യാവേലിയെന്ന് സാമ്പത്തിക വിദഗ്ദ്ധർ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കാർഷിക കടങ്ങൾ എഴുതി തള്ളാതെ മോദിയെ ഉറങ്ങാൻ അനുവദിക്കില്ലെന്നാണ് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി അടുത്തിടെ പ്രഖ്യാപിച്ചത്. അധികാരത്തിലേറിയ മൂന്നുസംസ്ഥാനങ്ങളിലും- രാജസ്ഥാൻ, മധ്യപ്രേദേശ്, ഛത്തീസ്‌ഗഡ് - 24 മണിക്കൂറിനുള്ളിൽ കാർഷിക കടങ്ങൾ എഴുതി ത്ള്ളി അതാത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ രാഹുലിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കുകയും ചെയ്തു. എന്നാൽ, പ്രഖ്യാപനം മാത്രം പോരല്ലോ! കാര്യം നടപ്പാക്കാൻ ഖജനാവിൽ പണം വേണ്ടേ? ഏതായാലും നല്ല പണി കൊടുത്തിട്ടാണ് മുൻ ബിജെപി സർക്കാരുകൾ അധികാരമൊഴിഞ്ഞത്.

കാർഷിക കടം എഴുതി തള്ളിക്കഴിഞ്ഞാൽ പിന്നെ ഖജനാവിൽ കാര്യമായൊന്നും ബാക്കിയില്ല. കഴിഞ്ഞ ബജറ്റിൽ വകയിരുത്തിയ തുകയുടെ 70 ശതമാനം ഈ സംസ്ഥാനങ്ങളിൽ ആദ്യത്തെ ഏഴുമാസം തന്നെ ചെലവഴിച്ചുകഴിഞ്ഞു. കർഷകരുടെ ഹ്രസ്വകാല വായ്പകളാണ് മധ്യപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ സർക്കാർ എഴുതിത്ത്തള്ളിയത്. ഛത്തീസ്‌ഗഡിൽ ആകട്ടെ ഗ്രാമീണ ബാങ്കുകളിൽ നിന്നെടുത്ത കാർഷിക കടങ്ങളും. ഇതിനെത്തുടർന്ന് മധ്യപ്രദേശിൽ 35,000 38,000 കോടിയും രാജസ്ഥാനിൽ 18,000 കോടിയും ഛത്തീസ്‌ഗഡിൽ 6,100 കോടി രൂപയും സർക്കാരുകൾക്കു അധിക ബാധ്യതയുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. സാമ്പത്തിക വർഷം അവസാനിക്കാൻ ഇനിയും മൂന്നു മാസം മാത്രം ശേഷിക്കെ ഇതു വരുത്തുന്ന ഭാരം ചില്ലറയായിരിക്കില്ലെന്നാണു സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.

ഓരോ കുടുംബത്തിലെയും തൊഴിലില്ലാത്ത ഒരാൾക്ക് 3,500 മുതൽ 10,000 രൂപ വരെ അലവൻസ് നൽകുമെന്നത് മധ്യപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിലെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു. തൊഴിൽരഹിത വേതനം നൽകുമെന്നു ഛത്തീസ്‌ഗഡ് പ്രകടനപത്രികയിലും ഉണ്ടായിരുന്നു. ഇതുകൂടാതെ വൈദ്യുതി നിരക്കിലെ ഇളവ്, സൗജന്യ വിദ്യാഭ്യാസം, മരുന്നു തുടങ്ങിയവും മൂന്നു സംസ്ഥാനങ്ങളിലെയും കോൺഗ്രസ് വാഗ്ദാനങ്ങളായിരുന്നു. ഛത്തീസ്‌ഗഡിൽ മദ്യനിരോധനവും കോൺഗ്രസ് ഉറപ്പുനൽകിയിരുന്നു. എന്നാൽ 20182019 സാമ്പത്തിക വർഷത്തിൽ ഇതിനെല്ലാമുള്ള വരുമാനം എങ്ങനെ കണ്ടെത്തുമെന്നതാണ് പാർട്ടിയെ കുഴയ്ക്കുന്നത്.

20182019 സാമ്പത്തിക വർഷത്തിൽ 1,86,683 കോടി രൂപയാണ് മധ്യപ്രദേശ് ബജറ്റിൽ വകയിരുത്തിയത്. ഒക്ടോബർ വരെയുള്ള കണക്കുകൾ പ്രകാരം ഇതിൽ 1,25,000 കോടി രൂപ വിവിധ പദ്ധതികൾക്കായി ചെലവാക്കി. കാർഷിക കടങ്ങൾ എഴുതിത്ത്തള്ളിയതിന്റെ അധികബാധ്യത കൂടിയാകുമ്പോൾ ഖജനാവ് കാലിയാകുമെന്നതാണ് സംസ്ഥാനത്തെ അവസ്ഥ. കടമെടുക്കാവുന്നതിന്റെ 90 ശതമാനവും തിരഞ്ഞെടുപ്പിനു മുന്നോടിയായി എടുത്തു കഴിഞ്ഞതായും ധനവകുപ്പ് വ്യക്തമാക്കുന്നു.

രാജസ്ഥാനിൽ ബജറ്റ് തുകയുടെ ആറിൽ ഒന്നാണ് എഴുതിത്ത്തള്ളിയ കടങ്ങൾ. ഈ സാമ്പത്തിക വർഷത്തിൽ 1,07,865 കോടിയാണ് സംസ്ഥാനത്തെ ബജറ്റ് വകയിരിപ്പ്. ഇതിൽ 77,000 കോടി രൂപയും ചെലവഴിച്ചു കഴിഞ്ഞു. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കണമെങ്കിൽ ബജറ്റ് തുകയുടെ 25 ശതമാനമെങ്കിലും നീക്കിയിരിപ്പ് ആവശ്യമാണ്. അധികമായി വരുന്ന ബാധ്യത ധനക്കമ്മി ഉയരുന്നതിനു കാരണമാകുമെന്നു രാജസ്ഥാൻ സർവകലാശാലയിലെ സാമ്പത്തികശാസ്ത്ര വിഭാഗത്തിലെ പ്രഫസർ വി.വി സിങ് പറയുന്നു. 36,000 കോടി കടമെടുക്കാവുന്നതിൽ 25,000 കോടി രൂപയും എടുത്തു കഴിഞ്ഞതായി മുഖ്യമന്ത്രി അശോക് ഗെലോട്ടും സമ്മതിക്കുന്നു.

ഛത്തീസ്‌ഗഡിൽ കാർഷിക കടങ്ങൾ എഴുതിത്ത്തള്ളുകയും നെല്ലിന്റെയും ചോളത്തിന്റെയും താങ്ങുവില വർധിപ്പിക്കുകയും ചെയ്തതിലൂടെ ആകെ ബജറ്റ് തുകയുടെ പത്തിൽ ഒരു ശതമാനം സർക്കാരിന് അധികബാധ്യതയാണെന്നാണ് കണക്കുകൂട്ടൽ. 83,179 കോടി രൂപയാണ് 20182019 സാമ്പത്തിക വർഷത്തിൽ ഛത്തിസ്ഗഡിലെ ബജറ്റ് നീക്കിയിരിപ്പ്.

രാഷ്ട്രീയ പാർട്ടികൾ കാർഷിക കടങ്ങൾ എഴുതിത്ത്തള്ളുന്നതിനെതിരെ പ്രമുഖ കൃഷിശാസ്ത്രജ്ഞൻ ഡോ. എം.എസ്.സ്വാമിനാഥൻ അടക്കമുള്ള പ്രമുഖർ രംഗത്തുവന്നിരുന്നു. കാർഷിക മേഖലയെ സാമ്പത്തിക സ്വയം പര്യാപ്തമാക്കാനുള്ള നടപടികൾക്കാണ് ആക്കം കൂട്ടേണ്ടതെന്നാണ് സ്വാമിനാഥന്റെ അഭിപ്രായം. ഏതായാലും കാർഷിക കടം എഴുതിത്തള്ളിയത് സംസ്ഥാന ബജറ്റിന് വലിയ ഭാരമായിരിക്കുമെന്നാണ് രാജസ്ഥാൻ ധനകാര്യ കമ്മീഷൻ മുൻ ചെയർപേഴ്‌സൺ ജ്യോതി കിരൺ ശുക്ല പറയുന്നത്. ബാങ്കുകളുടെ നിഷ്ട്ക്രിയ ആസ്തികൾ കൂടുമെന്നതിനാലാണ് സാമ്പത്തിക ശാസ്ത്രജ്ഞർ വായ്പ എഴുതി തള്ളുന്നതിനെതിരെ നിലകൊള്ളുന്നത്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ആന്ധ്രപ്രദേശ്, ഒഡിഷ, ഹരിയാന എന്നീ സംസ്ഥാനങ്ങളും ഇതേ പാത പിന്തുടർന്നാൽ ബാങ്കുകളുടെ ഭാരം 70,000 കോടിയോളം ആയി ഉയരുമെന്നാണ് മുന്നറിയിപ്പ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP