Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'അമ്മ'യുമായി സഹകരണത്തിന് ഇല്ലെന്ന് തീർത്ത് പറഞ്ഞ് ആക്രമണത്തിനിരയായ നടി; ഒത്തുതീർപ്പ് ചർച്ച നടത്തി സിനിമയിലെ വനിതാ കൂട്ടായ്മയെ തളർത്താൻ നീക്കം നടത്തിയത് ജഗദീഷ്; ട്രഷറർ ചർച്ച നടത്തിയത് മോഹൻലാലിന്റെ അനുമതി ഇല്ലാതെ; ദിലീപ് പുറത്തെങ്കിലും മനസ് മാറ്റാതെ നിലപാടിൽ ഉറച്ച് പീഡനത്തിന് ഇരയായ അഭിനേത്രി; നീതിക്കായി പോരാടുക പാർവ്വതി അടക്കമുള്ളവരുമായി ചേർന്നു തന്നെ; താരസംഘടനയിൽ വീണ്ടും തർക്കങ്ങൾ

'അമ്മ'യുമായി സഹകരണത്തിന് ഇല്ലെന്ന് തീർത്ത് പറഞ്ഞ് ആക്രമണത്തിനിരയായ നടി; ഒത്തുതീർപ്പ് ചർച്ച നടത്തി സിനിമയിലെ വനിതാ കൂട്ടായ്മയെ തളർത്താൻ നീക്കം നടത്തിയത് ജഗദീഷ്; ട്രഷറർ ചർച്ച നടത്തിയത് മോഹൻലാലിന്റെ അനുമതി ഇല്ലാതെ; ദിലീപ് പുറത്തെങ്കിലും മനസ് മാറ്റാതെ നിലപാടിൽ ഉറച്ച് പീഡനത്തിന് ഇരയായ അഭിനേത്രി; നീതിക്കായി പോരാടുക പാർവ്വതി അടക്കമുള്ളവരുമായി ചേർന്നു തന്നെ; താരസംഘടനയിൽ വീണ്ടും തർക്കങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: താരസംഘനടയായ 'അമ്മ' യുമായി ഇടഞ്ഞ് രാജിവെച്ച ആക്രമിക്കപ്പെട്ട നടി തിരികെ സംഘടനയിലേക്ക് എത്തുന്നുവെന്ന പ്രചരണങ്ങൾ പച്ചക്കളം. ആക്രമത്തിനിരയായ നടിയെ അമ്മയിലേക്ക് തിരിച്ചു കൊണ്ടു വരാൻ ചരട് വലികൾ നടത്തിയത് സംഘടനയുടെ ട്രഷറർ കൂടിയായ ജഗദീഷായിരുന്നു. ദിലീപ് പുറത്തല്ലേ ഇനി സംഘടനയിലേക്ക് തിരിച്ചു വന്നുകൂടേ എന്ന് നടിയോട് ജഗദീഷ് തിരക്കി. എന്നാൽ 'അമ്മ'യുമായി സഹകരിക്കാൻ തന്റെ മനസ്സ് പാകപ്പെട്ടിട്ടില്ലെന്ന മറുപടിയാണ് നടിയിൽ നിന്നുണ്ടായത്. ഈ ചർച്ചയുടെ വിശദാംശങ്ങൾ പുറത്തായത് 'അമ്മ'യിൽ പൊട്ടിത്തെറിക്കും കാരണമായിട്ടുണ്ട്. അമ്മ പ്രസിഡന്റ് മോഹൻലാൽ അറിയാതെയായിരുന്നു ജഗദീഷിന്റെ നീക്കം. ഇതിൽ ലാൽ തീർത്തും അതൃപ്തനാണ്.

നടിയെ തിരിച്ചു കൊണ്ടു വരുന്നതിന് മോഹൻലാലും അനുകൂലമാണ്. പോയവരെല്ലാം മടങ്ങിവരണമെന്നാണ് ആവശ്യം. എന്നാൽ സംഘടനയുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്‌നങ്ങൾക്കെല്ലാം മറുപടി പറയേണ്ടി വരുന്നത് മോഹൻലാലാണ്. അതുകൊണ്ട് തന്നെ വിവാദങ്ങളിൽ ചെന്ന് ചാടരുതെന്ന് എല്ലാ ഭാരവാഹികളോടും ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ലംഘനം ജഗദീഷ് നടത്തിയെന്നാണ് ഉയരുന്ന ആരോപണം. നേരത്തെ സിദ്ദിഖും ജഗദീഷും തമ്മിൽ പരസ്യ ഏറ്റുമുട്ടൽ ഈ വിഷയത്തിൽ നടന്നിരുന്നു. വളരെ പാടുപെട്ടാണ് മോഹൻലാൽ എല്ലാം ഒത്തുതീർപ്പിലാക്കിയത്. അതുകൊണ്ട് തന്നെ നടിയുമായി ജഗദീഷ് ചർച്ച നടത്തിയത് അമ്മയിലെ വലിയൊരു വിഭാഗത്തിന് ഇഷ്ടമായിട്ടില്ല. ദിലീപ് രാജിവച്ചെങ്കിലും താരസംഘടനയിൽ ഇപ്പോഴും ദിലീപിനെ പിന്തുണയ്ക്കുന്നവരാണ് ബഹുഭൂരിപക്ഷവും. അതും ജഗദീഷിന്റെ നീക്കങ്ങൾക്കെതിരെ വികാരമുയരാൻ കാരണമാണ്.

ജനുവരിയിൽ നടക്കുന്ന എക്സിക്യൂട്ടീവ് യോഗത്തിൽ അക്രമത്തിന് ഇരയായ നടിയെ തിരിച്ചെടുക്കുന്ന കാര്യത്തിൽ അന്തിമതീരുമാനമുണ്ടായേക്കുമെന്നാണ് പുറത്തു വന്ന റിപ്പോർട്ട്. നടി ആക്രമിക്കപ്പെട്ട കേസിന്റെ പ്രതിസ്ഥാനത്തുള്ള നടൻ ദിലീപിന്റെ രാജി ആവശ്യം ഉയർത്തിയാണ് താരം സംഘടന വിട്ടത്. എന്നാൽ നടി ഉയർത്തിയ ആ വിഷയത്തിന് ദിലീപിന്റെ രാജിയോടെ പരിഹാരമായെന്നാണും അതുകൊണ്ട് സംഘടനയിലേക്ക് മടങ്ങി വരണമെന്നുമായിരുന്നു ജഗദീഷ് നടിയോട് ആവശ്യപ്പെട്ടത്. ദിലീപിനോട് രാജി ചോദിച്ചുവാങ്ങിയതാണെന്ന് പ്രസിഡന്റ് മോഹൻലാൽ തന്നെ വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജഗദീഷ് അക്രമത്തിനിരയായ നടിയോടെ സംസാരിച്ചതെന്നാണ് സൂചന. എന്നാൽ ഇത്തരമൊരു നീക്കത്തിന് അമ്മ ജഗദീഷിനെ ചുമതലപ്പെടുത്തിയില്ലെന്നാണ് മറുനാടന് ലഭിച്ച സൂചന.

അതേസമയം സംഘടനയ്ക്കകത്തും വനിതാ സംഘടനയായ ഡബ്ല്യൂസിസിയുമായും മുറുമുറുപ്പ് രൂക്ഷമായ സമയത്തും നടി മഞ്ജു വാര്യരുടെ മൗനം പാലിച്ചിരുന്നു. ഡബ്ല്യൂസിസിയുടെ പ്രവർത്തനങ്ങളിൽ നിന്ന് മഞ്ജു വിട്ടു നിൽക്കുന്നത് അവർ അമ്മയ്ക്കൊപ്പമുണ്ടെന്ന സൂചന പുറത്ത് നൽകാൻ കഴിഞ്ഞു. ഈ സാഹചര്യത്തിൽ അക്രമത്തിനിരയായ നടി തിരിച്ചെത്തിയാൽ അമ്മ പ്രതിസന്ധി തരണം ചെയ്യുമെന്നാണ് ജഗദീഷിനോട് അടുപ്പമുള്ളവരുടെ നിലപാട്. ഈ സാഹചര്യത്തിലാണ് ചർച്ച നടന്നത്. അക്രമത്തിനിരയായ നടിയെ സംഘടനയുമായി സഹകരിപ്പിക്കണമെന്ന ആഗ്രഹം പൃഥ്വിരാജ് അടക്കമുള്ളവർക്കും ഉണ്ട്. ഇതെല്ലാം പരിഗണിച്ചായിരുന്നു ജഗദീഷിന്റെ നീക്കം. എന്നാൽ ആക്രമിക്കപ്പെട്ട നടിയോശടാപ്പം രാജിവെച്ച ഗീതുമോഹൻദാസിന്റെയും റിമ കല്ലിങ്കലിന്റെയും, രമ്യ നമ്പീശന്റെയും കാര്യത്തിൽ അമ്മ വിട്ടു വീഴ്ചയ്ക്ക് തയ്യാറല്ല. ഇതും നടിയുടെ സംഘടനയിലേക്കില്ലെന്ന നിലപാടിന് കാരണമാണ്.

നേരത്തെ ഡബ്ലുസിസി അംഗങ്ങൾ ഉയർത്തിയ ആരോപണങ്ങൾക്കുള്ള മറുപടിയെ ചൊല്ലി താരസംഘടനയിൽ തർക്കം ഉടലെടുത്തിരുന്നു. ജഗദീഷും അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖും തമ്മിലായിരുന്നു് ഭിന്നത. സിദ്ദിഖ് നടത്തിയ വാർത്താ സമ്മേളനം അമ്മയുടെ ഔദ്യോഗിക തീരുമാനപ്രകാരം ആയിരുന്നില്ലെന്നും ജഗദീഷ് മാധ്യമങ്ങളെ അറിയിച്ചു. വാർത്താ സമ്മേളനത്തിന് മുമ്പ് സിദ്ദിഖ് ഔദ്യോഗിക വാർത്താക്കുറിപ്പ് വായിക്കേണ്ടിയിരുന്നുവെന്നും അതുകൊണ്ടാണ് ചിലകാര്യങ്ങളിൽ അദ്ദേഹത്തിന് അവ്യക്തത ഉണ്ടായതെന്നും ജഗദീഷ് ചൂണ്ടിക്കാട്ടി. അച്ചടക്കമുള്ള അംഗമെന്ന നിലയിൽ സിദ്ദിഖിന് മറുപടി നൽകുന്നില്ല. അമ്മയുടെ വക്താവ് താനാണെന്നും ജഗദീഷ് പറഞ്ഞു. ഡബ്ലുസിസിയുടെ ആരോപണത്തിനെതിരെ അമ്മയുടെ ഔഗ്യോഗിക നിലപാട് എന്ന പേരിൽ ജഗദീഷ് പുറത്തിറക്കിയ വാർത്താക്കുറിപ്പിനെ ചൊല്ലിയായിരുന്നു തർക്കം. ജഗദീഷിനെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്നും തങ്ങൾ പറയുന്നതാണ് അമ്മയുടെ ഔദ്യോഗിക നിലപാടെന്നും കെ.പി.എസി.ലളിതക്കൊപ്പം വാർത്താസമ്മേളനം നടത്തിയ സിദ്ദിഖ് പറഞ്ഞിരുന്നു. അമ്മയുടെ പത്രക്കുറിപ്പിനെച്ചൊല്ലി സിദ്ദീഖും ജഗദീഷും വിരുദ്ധനിലപാടുകൾ പറഞ്ഞതിനെക്കുറിച്ച് പാർവതിയും വിമർശിച്ചിരുന്നു.

ഡബ്ല്യുസിസി മുന്നോട്ട് വെച്ച് ആരോപണങ്ങളും ആവശ്യങ്ങളും ചർച്ച ചെയ്യാൻ ഉടൻ ജനറൽ ബോഡി വിളിക്കുമെന്ന് ജഗദീഷിന്റെ പത്രക്കുറിപ്പിൽ അറിയിച്ചിരുന്നു. ഈ മാസം 24-ന് ചേരുന്ന യോഗത്തിൽ ജനറൽ ബോഡി എന്ന് നടക്കുമെന്ന കാര്യം തീരുമാനിക്കുമെന്നും കുറിപ്പിൽ പറയുന്നു. എന്നാൽ ജനറൽ ബോഡി കൂടുന്നില്ലെന്നും പത്രക്കുറിപ്പിലെ കാര്യം അറിയില്ലെന്നുമായിരുന്നു സിദ്ദിഖിന്റെ മറുപടി. ഈ പ്രശ്‌നം വളരെ പാടുപെട്ടാണ് മോഹൻലാൽ പരിഹരിച്ചത്. അനാവശ്യ ഇടപെടൽ നടത്തരുതെന്ന് ജഗദീഷിനോടും ഉപദേശിച്ചിരുന്നു. മുമ്പ് അമ്മയുടെ ട്രഷറായിരുന്നു ജഗദീഷ്. പിന്നീട് ആ സ്ഥാനം ദിലീപ് ഏറ്റെടുത്തു. ദിലീപ് പുറത്തായതോടെയാണ് ജഗദീഷ് വീണ്ടുമെത്തിയത്. നേരത്തെ പത്തനാപുരം തെരഞ്ഞെടുപ്പിൽ ഗണേശ് കുമാറിന് വേണ്ടി പ്രചരണത്തിന് മോഹൻലാൽ എത്തിയിരുന്നു. അന്ന് എതിർസ്ഥാനാർത്ഥിയായിരുന്ന ജഗദീഷ് പരസ്യ പ്രതികരണവുമായെത്തുകയും ചെയ്തു.

ഈ പിണക്കെല്ലാം മാറ്റി വച്ചാണ് ജഗദീഷിനെ മോഹൻലാൽ അമ്മയിൽ ഭാരവാഹിയാക്കിയത്. എന്നിട്ടും സ്വന്തം നിലയിൽ ജഗദീഷ് മുന്നോട്ട് പോകുന്നുവെന്ന പരിഭവം മോഹൻലാലിനുണ്ട്. അമ്മയിലെ നിയന്ത്രണം തനിക്ക് നഷ്ടമായാൽ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുമെന്ന് മോഹൻലാൽ പലവട്ടം അറിയിച്ചിട്ടുണ്ട്. ഇത് കൂടി മുഖവിലയ്‌ക്കെടുക്കാതെയാണ് അമ്മയിലെ പല ഭാരവാഹികളും മുന്നോട്ട് പോകുന്നത്. സിനിമയിലെ വനിതാ കൂട്ടായ്മയുമായി സഹകരിച്ചാണ് പീഡനത്തിന് ഇരയായ നടിയുടെ മുന്നോട്ട് പോക്ക്. ഇതിനെ തകർക്കുകയും അതിലൂടെ താരസംഘടനയിൽ താരമാകാനുമായിരുന്നു ജഗദീഷ് ചർച്ച നടത്തിയതെന്നാണ് സൂചന. എന്നാൽ വനിതാ കൂട്ടായ്മയെ വിശ്വസിച്ച് മുന്നോട്ട് പോകാൻ തന്നെയാണ് നടിയുടെ തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP