Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

പ്രളയം കഴിഞ്ഞു മാസങ്ങൾ കഴിഞ്ഞിട്ടും ദുരിതാശ്വാസം ലഭിക്കാത്തവർ നിരവധി; 10000 രൂപ താത്കാലിക ആശ്വാസം ലഭിച്ചവർ സർക്കാർ പ്രഖ്യാപിച്ച ഒരു ലക്ഷം രൂപയുടെ ലോണിന് ശ്രമിച്ചപ്പോൾ പൂർണ നിരാശ; ചുറ്റുമതിൽ പൊളിഞ്ഞതിനു സഹായവും ലഭിക്കില്ല; പ്രളയത്തിൽ തകർന്ന വീടിനു ഒരു ആശ്വാസധനവും ലഭിച്ചില്ലെന്ന് കോഴഞ്ചേരിയിലെ പ്രവാസി മലയാളി അനിൽ മറുനാടൻ മലയാളിയോട്; നവകേരളം വാക്കുകളിൽ മാത്രം

പ്രളയം കഴിഞ്ഞു മാസങ്ങൾ കഴിഞ്ഞിട്ടും ദുരിതാശ്വാസം ലഭിക്കാത്തവർ നിരവധി; 10000 രൂപ താത്കാലിക ആശ്വാസം ലഭിച്ചവർ സർക്കാർ പ്രഖ്യാപിച്ച ഒരു ലക്ഷം രൂപയുടെ ലോണിന് ശ്രമിച്ചപ്പോൾ പൂർണ നിരാശ; ചുറ്റുമതിൽ പൊളിഞ്ഞതിനു സഹായവും ലഭിക്കില്ല; പ്രളയത്തിൽ തകർന്ന വീടിനു ഒരു ആശ്വാസധനവും ലഭിച്ചില്ലെന്ന് കോഴഞ്ചേരിയിലെ പ്രവാസി മലയാളി അനിൽ മറുനാടൻ മലയാളിയോട്; നവകേരളം വാക്കുകളിൽ മാത്രം

എം മനോജ് കുമാർ

തിരുവനന്തപുരം: കേരളത്തെ നക്കിത്തുടച്ച പ്രളയം കഴിഞ്ഞിട്ട് മാസങ്ങൾ കഴിഞ്ഞിരിക്കുന്നു. ഈ നൂറ്റാണ്ടു കണ്ട പ്രളയം താണ്ടിക്കഴിഞ്ഞയുടൻ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത് ഉടൻ നവകേരള നിർമ്മിതി എന്നായിരുന്നു. എന്താണ് ഈ നവകേരള നിർമ്മിതിയുടെ അവസ്ഥ. പ്രളയം കഴിഞ്ഞു ഇപ്പോൾ മാസങ്ങൾ കഴിഞ്ഞിട്ടും നവകേരള നിർമ്മിതിയുടെ ഒരുക്കങ്ങൾ പോലും സർക്കാരിന് ഇനിയും തുടക്കമിടാൻ കഴിയാത്ത അവസ്ഥയിലാണ്. പ്രളയത്തെ തുടർന്ന് കേരള നിയമസഭയുടെ അടിയന്തിര സമ്മേളനം ചേരുകയും കേരളത്തെ പുതുക്കിപ്പണിയാൻ തീരുമാനിക്കുകയും ചെയ്തതാണ്. എന്നിട്ടും പ്രളയ ദുരിതാശ്വാസം എത്തേണ്ടിടത്ത് എത്തുകയോ നവകേരള നിർമ്മിതിക്ക് സർക്കാരിന് തുടക്കമിടാൻ കഴിയുകയോ ചെയ്യാതെ പോയി.

നവകേരള നിർമ്മിതി പോയിട്ട് പ്രളയ ദുരിതാശ്വാസമായി സർക്കാർ പ്രഖ്യാപിച്ച 10000 രൂപ പോലും ഇനിയും പലർക്കും ലഭിച്ചിട്ടില്ല. പതിനായിരം രൂപ ലഭിച്ചവർ സർക്കാർ പ്രഖ്യാപിച്ച ഒരു ലക്ഷം രൂപ ലോണിന് ശ്രമിച്ചപ്പോൾ അത് ലഭിച്ചില്ല. ചുരുക്കത്തിൽ പ്രളയത്തിന്റെ ദുരിതങ്ങളും നാശനഷ്ടങ്ങളും അതിന്നിരിയായവർ സ്വയം സഹിക്കേണ്ട അവസ്ഥയിലാണ്. ആയിരക്കണക്കിന് വീടുകളും പതിനാറായിരം കിലോമീറ്ററോളം റോഡും എൺപത്തിരണ്ടായിരം കിലോമീറ്റർ പ്രാദേശിക റോഡും 134 പാലങ്ങളും തകർത്ത പ്രളയമാണ് കേരളം കണ്ടത്. 54,000 ഹെക്ടർ കൃഷിയും നശിച്ചതായി കണക്കാക്കുന്നു. ജീവാപായങ്ങളും വീടും അനുബന്ധ കാര്യങ്ങളും തകർന്നും ദുരിതം വേറെയും. സർക്കാർ സഹായം അപര്യാപ്തമായിരുന്നു. പക്ഷെ അപര്യാപ്തമായ സർക്കാർ സഹായം പോലും പലർക്കും ലഭിച്ചില്ല. നവകേരളാ നിർമ്മിതി പാതിവഴിയിലാക്കിയ സർക്കാർ വനിതാ മതിലിനു പിന്നാലെയായിരുന്നു.

50 കോടിയോളം രൂപയാണ് വനിതാ മതിലിനായി വകയിരുത്തപെട്ടത്. ഇപ്പോൾ വനിതാ മതിൽ കഴിഞ്ഞ ശേഷവും പ്രളയ ദുരിതാശ്വാസവും സർക്കാർ സഹായവും ലഭിച്ചില്ല എന്ന പരാതികൾ ഇപ്പോഴും പ്രവഹിക്കുകയാണ്. പ്രളയ സഹായത്തിന്റെ നിലവിലെ അവസ്ഥയെന്താണ് എന്ന അന്വേഷണത്തിന്നിടയിലാണ് മറുനാടൻ മലയാളിക്ക് കോഴഞ്ചേരി മേലുകരയിലെ അനിലിന്റെ പരാതി ലഭിക്കുന്നത്. ചെറുകോൽപ്പുഴ കൺവെൻഷൻ നടക്കുന്ന സ്ഥലത്താണ് അനിലിന്റെ വീട്. തൊട്ടടുത്ത് പമ്പാ നദിയും. പ്രളയം മുക്കിക്കളഞ്ഞത് അനിലിന്റെ രണ്ടു നില വീടായിരുന്നു. ഒരു നിലമുഴുവൻ പ്രളയസമയത്ത് പമ്പ കയ്യടക്കി. താഴെ നിലയിലെ വീട്ടുസാധനങ്ങൾ പൂർണമായി നശിച്ചു. ഗൾഫിൽ കിടന്നു കഷ്ടപ്പെട്ട് അനിൽ തീർത്ത രണ്ടു നില വീടിനാണ് ഈ ദുര്യോഗം. വീടിനു ചുറ്റുമുള്ള മതിലും നശിച്ചു. താഴെ നില വൃത്തിയാക്കാൻ മാത്രം അമ്പതിനായിരം രൂപയിലും കൂടുതലായി. സർക്കാർ സഹായം ലഭിച്ചത് വെറും പതിനായിരം രൂപ. ഒരു ലക്ഷം രൂപ ലോണിന് ശ്രമിച്ചിട്ട് നടന്നില്ല. വീട് തകർന്നത് കാരണമുള്ള നഷ്ടം അഞ്ചു ലക്ഷത്തിനും മുകളിലാണ്.

പ്രളയം സർക്കാർ നിർമ്മിതിയാണെന്ന ഉറച്ച വിശ്വാസത്തിലാണ് ഞങ്ങൾ ഉള്ളത്. പമ്പയും മഴയും എല്ലാം ഒട്ടുവളരെ ഞങ്ങൾ കണ്ടതാണ്. ഡാമിൽ നിന്നും വന്ന വെള്ളമാണ് പമ്പയിലെ ജലനിരപ്പുയർത്തിയത്. അപ്പോൾ പ്രളയം സർക്കാർ നിർമ്മിതമാണ്. പക്ഷെ നാശനഷ്ടം വന്നത് ഞങ്ങളെപോലെ സാധാരണക്കാർക്കും-അനിൽ പറയുന്നു. അഞ്ചു ലക്ഷത്തിനും മുകളിൽ നഷ്ടം വന്നപ്പോൾ ഞങ്ങൾക്ക് ലഭിച്ചത് വെറും പതിനായിരം രൂപയാണ്. രണ്ടു നില വീടിന്റെ ഭിത്തിയിൽ പ്രളയം വിള്ളൽ വീഴ്‌ത്തിയിട്ടുണ്ട്. അഞ്ച് ലക്ഷത്തിന്റെ നഷ്ടം കൂടാതെയാണ് വീടിന് വീണിട്ടുള്ള വിള്ളൽ. ഒരു നില മുഴുവൻ വെള്ളത്തിൽ മുങ്ങിയതിനാലാണ് ഭിത്തിയിൽ വിള്ളൽ വീണത്. ഒരു നഷ്ടവും ലഭിച്ചിട്ടുമില്ല. മതിലിനു മാത്രം മൂന്നു ലക്ഷം രൂപയായി . മതിലിനു നഷ്ടം സർക്കാർ നികത്തില്ല. മതിൽ നഷ്ടത്തിന്റെ കണക്കിൽ വരില്ലാ എന്നാണ് ഇവിടെ വന്ന ഓവർസിയർ പറഞ്ഞത്. എന്താണ് കേരളത്തിലെ പ്രളയ പുനർ നിർമ്മാണത്തിന്റെ അവസ്ഥ. നവകേരള നിർമ്മിതി എവിടെവരെയായി. വനിതാ മതിലും. നവോത്ഥാന മൂല്യസംരക്ഷണവും മാത്രം മതിയോ? അനിൽ ചോദിക്കുന്നു.

കഴുത്തിനു മുകളിൽ വെള്ളം പൊങ്ങിയപ്പോഴാണ് ഞങ്ങൾ വീട് വിട്ടൊഴിഞ്ഞത്. ഇവിടെ ഞങ്ങളെ രക്ഷിക്കാൻ ഒന്നും ആരും വന്നില്ല. വീടിന്റെ ഒരു നിലപൊക്കത്തിൽ വെള്ളമായിരുന്നു. തൊട്ടടുത്ത ഒരു വള്ളത്തിൽ കയറിയാണ് ഞങ്ങൾ കുറച്ചപ്പുറമുള്ള ഒരു വീട്ടിലേക്ക് എത്തിയത്. പ്രളയം കഴിയും വരെ ആ വീട്ടിലായിരുന്നു ഞങ്ങൾ കഴിഞ്ഞത്, എന്റെ വീട് മാത്രമല്ല തൊട്ടടുത്തുള്ള ഒട്ടനവധി വീടുകൾക്ക് കേടുപറ്റിയിട്ടുണ്ട്. ഒരു സഹായവും ആർക്കും ലഭിച്ചിട്ടില്ല. സ്ഥലം എംഎൽഎ വീണാ ജോർജ് ഇതുവരെ ഒരു വീട്ടിലും വന്നിട്ടുപോലുമില്ല. ഈ കാര്യത്തിൽ എനിക്ക് മാത്രമല്ല ഈ പ്രദേശത്തുള്ളവർക്കും എതിർപ്പ് ശക്തമാണ്-അനിൽ പറയുന്നു. സർക്കാർ പ്രഖ്യാപിച്ച ഒരു ലക്ഷം രൂപ ലോണിന് ശ്രമിച്ചപ്പോഴും ഒന്നും നടന്നില്ല. ഒരു ബാങ്കിൽ അകൗണ്ട് തുടങ്ങാൻ പറഞ്ഞു.

അത് കഴിഞ്ഞു സെൻട്രൽ ബാങ്കിൽ അകൗണ്ട് തുടങ്ങാൻ. ഒന്നും നടന്നില്ല-അനിൽ പറയുന്നു. പ്രളയം കഴിഞ്ഞിട്ട് അഞ്ചു മാസങ്ങൾ ആയെങ്കിലും പ്രളയ ദുരിതാശ്വാസമായ 10000 രൂപ പോലും പലർക്കും ലഭിച്ചിട്ടില്ല. അകൗണ്ടിലെ പ്രശ്‌നങ്ങൾ കാരണമാണ് പലർക്കും ഈ തുക ലഭിക്കാതിരുന്നത്. പതിനായിരം രൂപ ലഭിച്ചവർക്ക് സർക്കാർ പ്രഖ്യാപിച്ച ഒരു ലക്ഷം രൂപ ധനസഹായം ലഭിച്ചില്ല. ബാങ്ക് അധികൃതർ ഈ ലോണിനോട് മുഖം തിരിഞ്ഞു നിന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവർത്തിച്ചു പറയുന്ന കാര്യമാണ് പ്രളയ ദുരിതാശ്വാസം ആർക്കും ലഭിക്കുന്നില്ലാ എന്ന്. സർക്കാർ ആവർത്തിച്ച് നിഷേധിക്കുന്നുണ്ടെങ്കിലും പ്രളയ സഹായം ലഭിക്കാത്തവർ കേരളത്തിൽ അനവധിയാണ്. വീടിന്റെ പുനർനിർമ്മാണം പോലും സർക്കാർ സഹായത്തിന്റെ അഭാവത്തിൽ വൈകുകയാണ്.

തകർന്ന വീടുകളിൽ പത്തിലൊന്നിന്റെ പുനർനിർമ്മാണത്തിനു പോലും ഇപ്പോഴും തുടക്കമായിട്ടില്ല. മറുനാടന് ലഭിക്കുന്ന വിവരങ്ങൾ പ്രകാരം പ്രളയത്തിനു ഇരയായ വീടുകളുടെ അവസ്ഥ പരിതാപകരമാണ്. വീടിൽ കയറി താമസിക്കാം എന്ന അവസ്ഥ മാത്രമാണ് പല വീടുകൾക്കും ഉള്ളത്. സർക്കാർ സഹായത്തിന്റെ അഭാവത്തിൽ പ്രളയ ദുരന്തത്തിന് ഇരയായവർ യഥാർത്ഥ പ്രതിസന്ധിയെയാണ് ഇപ്പോൾ അഭിമുഖീകരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP