Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചന്ദ്രാനന്ദൻ റോഡിലെ ഫോട്ടോ ഷൂട്ടിന് പിന്നിലും പൊലീസ് ബുദ്ധി! യുവതികൾ വന്നതും പോയതും ഭക്തർക്കൊപ്പമെന്ന് വരുത്താനുള്ള അതിബുദ്ധി; കനകദുർഗ്ഗയും ബിന്ദുവും സന്നിധാനത്ത് എത്തിയതും പോയതും ദേവസ്വം ബോർഡിന്റെ ആംബുലൻസിൽ; യുവതികളെ കൊണ്ടു വരാൻ വനംവകുപ്പിന്റെ വാഹനം ഉപയോഗിച്ചില്ലെന്ന് സ്ഥിരീകരിച്ച് വനംവകുപ്പിലെ ഉന്നതർ; യുവതി പ്രവേശനം വിധി നടപ്പാക്കിയത് മെമ്പറുടെ അറിവോടെയോ? ദേവസ്വം ബോർഡിൽ നിശബ്ദ പൊട്ടിത്തെറി

ചന്ദ്രാനന്ദൻ റോഡിലെ ഫോട്ടോ ഷൂട്ടിന് പിന്നിലും പൊലീസ് ബുദ്ധി! യുവതികൾ വന്നതും പോയതും ഭക്തർക്കൊപ്പമെന്ന് വരുത്താനുള്ള അതിബുദ്ധി; കനകദുർഗ്ഗയും ബിന്ദുവും സന്നിധാനത്ത് എത്തിയതും പോയതും ദേവസ്വം ബോർഡിന്റെ ആംബുലൻസിൽ; യുവതികളെ കൊണ്ടു വരാൻ വനംവകുപ്പിന്റെ വാഹനം ഉപയോഗിച്ചില്ലെന്ന് സ്ഥിരീകരിച്ച് വനംവകുപ്പിലെ ഉന്നതർ; യുവതി പ്രവേശനം വിധി നടപ്പാക്കിയത് മെമ്പറുടെ അറിവോടെയോ? ദേവസ്വം ബോർഡിൽ നിശബ്ദ പൊട്ടിത്തെറി

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: ശബരിമലയിലേക്കും തിരിച്ചും കനകദുർഗ്ഗയും ബിന്ദുവും യാത്ര ചെയ്തത് ആംബുലൻസിലാണെന്ന വിവരം ഇന്നലെ മറുനാടൻ പുറത്തു വിട്ടിരുന്നു. ഇക്കാര്യം ഇന്ന് മറ്റ് മാധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ട് ചെയ്യുകയും ചെയ്തു. ഈ ആംബുലൻസ് വനംവകുപ്പിന്റെതാണെന്ന തരത്തിലായിരുന്നു പ്രചരണങ്ങൾ. എന്നാൽ ഇത് ശരിയല്ലെന്നും വനംവകുപ്പിന്റെ ആംബുലൻസിൽ യുവതികൾ മലകയറിട്ടില്ലെന്നും വനംവകുപ്പിലെ ഉദ്യോഗസ്ഥർ മറുനാടനോട് സ്ഥിരീകരിച്ചു. പ്രവർത്തന സജ്ജമായ അവസ്ഥയിലല്ല ഈ ആംബുലൻസ് എന്നാണ് വനംവകുപ്പ് നൽകുന്ന സൂചന. ഇതോടെ സന്നിധാനത്ത് യുവതികളെത്തിയത് ദേവസ്വം ബോർഡിന്റെ ആംബുലൻസിലാണെന്ന സംശയം സജീവമാകുകയാണ്. എന്നാൽ ഇത് സ്ഥിരീകരിച്ചിട്ടില്ല. ഈ ആസുത്രണത്തിൽ ദേവസം ബോർഡ് അംഗം കെപി ശങ്കരദാസിന് പങ്കുണ്ടെന്ന സൂചനയും ഉണ്ട്. കോട്ടയം എസ് പിയാണ് ഈ ഓപ്പറേഷൻ നിയന്ത്രിച്ചത്. ശങ്കരദാസിന്റെ മകനാണ് ഹരിശങ്കർ എന്നതാണ് ഇത്തരമൊരു സംശയത്തിന് കാരണം.

യുവതികളെ എത്തിക്കുന്ന കാര്യം ദേവ്‌സ്വം ബോർഡ് പ്രസിഡന്റെ എ പത്മകുമാറിൽ നിന്ന് ബോധപൂർവ്വം പൊലീസ് മറച്ചു വച്ചിരുന്നു. എന്നിട്ടും ദേവസ്വം ബോർഡിന്റെ ആംബുലൻസ് ഉപയോഗിച്ചെന്ന സംശയം ദേവസ്വം ബോർഡിൽ പലവിധ പൊട്ടിത്തെറിക്കും കാരണമായിട്ടുണ്ട്. പ്രസിഡന്റ് പത്മകുമാർ തന്റെ അനിഷ്ടം അറിയിക്കുകയും ചെയ്തു. എന്നാൽ ഈ ഘട്ടത്തിൽ പരസ്യ പ്രതികരണങ്ങൾ അരുതെന്ന് സിപിഎം നേതൃത്വം പത്മകുമാറിനോട് നിർദ്ദേശിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന പ്രതികരണങ്ങൾ പത്മകുമാർ നടത്തില്ല. ഇനി മാസങ്ങൾക്കുള്ളിൽ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ കാലാവധി തീരും. അതുവരെ സിപിഎം പറയുന്നത് കേട്ടില്ലെങ്കിൽ തന്റെ രാഷ്ട്രീയ ഭാവിക്ക് കോട്ടമുണ്ടാകുമെന്ന് പത്മകുമാറിനും അറിയാം. അതുകൊണ്ട് തന്നെ വിവാദങ്ങളുണ്ടാക്കാത്ത വിധം

പമ്പയിൽ നിന്ന് യുവതികളുമായി ആംബുലൻസ് പുറപ്പെട്ടത് സന്നിധാനത്ത് അപായമുണ്ടായെന്ന സൂചന പൊലീസുകാർക്കുൾപ്പെടെ നൽകിയാണ്. പരിക്കേറ്റ ഒരാളെ താഴെ എത്തിക്കാൻ ആംബുലൻസ് പോകുന്നുവെന്നാണ് യുവതി പ്രവേശനത്തെ കുറിച്ച് അറിയാമായിരുന്ന പൊലീസ് വിശദീകരിച്ചത്. അങ്ങനെയാണ് പമ്പയിൽ നിന്ന് സന്നിധാനത്തെ സർക്കാർ ആശുപത്രി വരെ യുവതികൾ ആംബുലൻസിൽ എത്തിയത്. ഭക്തർക്ക് സംശയം തോന്നാത്ത വിധം വളരെ വേഗത കുറച്ച് അപായ സൈറൺ മുഴക്കാതെയാണ് വാഹനം സന്നിധാനത്തേക്ക് എത്തിയത്. അതിന് ശേഷം അവിടെ നിന്ന് ആംബുലൻസ് മരക്കൂട്ടത്തിനടുത്തേക്ക് മാറ്റിയിടുകയും ചെയ്തു. പൊലീസിലെ അതിവിശ്വസ്തനാണ് ഈ ആംബുലൻസ് ഓടിച്ചിരുന്നത്. അതുകൊണ്ട് തന്നെ ഈ ഡ്രൈവറും പൊലീസുകാരനാണോ എന്ന സംശയം സജീവമാണ്. രഹസ്യ വഴയിലൂടെ മഫ്തി പൊലീസിന്റെ അകമ്പടിയിൽ സന്നിധാനത്ത് എത്തിയ യുവതികൾ അതിവേഗം ദർശനം പൂർത്തിയാക്കി. ഇതിന് ശേഷം ഇവർ ആയുർവേദ ആശുപത്രിക്ക് മുന്നിൽ നിന്ന് ആംബുലൻസിന്റെ അടുത്തുവരെ നടന്നു നീങ്ങി.

ദർശനം കഴിഞ്ഞെത്തിയ യുവതികളുടെ ഫോട്ടോ ഷൂട്ടിനും മറ്റും അവസരമൊരുക്കാനായിരുന്നു ഇത്. ഈ ചെറിയ ദൂരം നടന്നു പോകുമ്പോഴാണ് വിക്ടിറി സിമ്പലും മറ്റും കനകദുർഗ്ഗയും ബിന്ദുവും കാട്ടിയത്. ഈ ഭാഗത്തുള്ള കടയിൽ നിന്ന് ഇവർ പൊരിയും വാങ്ങി. സോപാനത്തെ എത്തി മടങ്ങുമ്പോഴാണ് അതുവഴി വരുന്ന ഭക്തരെ കാട്ടാനായി മുഖം ഇരുവരും വ്യക്തമാക്കിയതും മറ്റും. ഭക്തരെത്തുന്ന വഴിയിലൂടെയാണ് ഇരുവരുമെത്തിയതെന്ന് തെറ്റിധരിപ്പിക്കാനായിരുന്നു ഇതെല്ലാം. ഇങ്ങനെ നാടകത്തിന്റെ ഭാഗമായുള്ള മീറ്ററുകൾ നീളുന്ന കനകദുർഗ്ഗയുടേയും ബിന്ദുവിന്റേയും നടത്തും പൊലീസുകാർ തന്നെ കൃത്യമായി ചിത്രീകരിച്ചിരുന്നു. ആംബുലിൻസിന്റെ കഥ പുറത്തുവന്നാൽ പ്രതിരോധിക്കാനുള്ള തന്ത്രമായിരുന്നു ഇതെല്ലാം. ഈ ഫോട്ടോ ഷൂട്ടിന് ശേഷം അതിവേഗം നടന്ന് ഇവർ ആംബുലൻസിന് മുന്നിലെത്തി. അവിടെ നിന്ന് വീണ്ടും സ്വാമി അയ്യപ്പൻ റോഡിലൂടെ ഇവർ പമ്പയിലെത്തുകയായിരുന്നു.

ഇതിന് ശേഷം മറ്റൊരു വാഹനത്തിൽ ഇവരെ പൊലീസ് അതിവേഗം നിലയ്ക്കൽ കടത്തി. അവിടെ നിന്ന് അങ്കമാലിക്കും. അങ്കമാലിയിൽ യുവതികളുടെ പത്രസമ്മേളനത്തിനും തീരുമാനം എടുത്തിരുന്നു. അങ്കമാലിയിലെ കിടങ്ങൂർ ജോൺസണിന്റെ വീട് ഇതിനായി ഒരുങ്ങുകയും ചെയ്തു. ഈ ബുദ്ധിക്ക് പിന്നിലും കോട്ടയം എസ് പി ഹരിശങ്കർ ആയിരുന്നു. എന്നാൽ ക്രമസമാധാന പ്രശ്‌നം പറഞ്ഞ് ഈ നീക്കം അവസാന നിമിഷം ഉപേക്ഷിച്ചു. ഇതോടെയാണ് മൊബൈലിൽ ഷൂട്ട് ചെയ്ത് പ്രതികരണം മാധ്യമങ്ങൾക്ക് എത്തിച്ചു. അങ്കമാലിയിൽ നിന്ന് സുരക്ഷിത സ്ഥലത്തേക്ക് കനകദുർഗ്ഗയേയും ബിന്ദുവിനേയും മാറ്റുകയും ചെയ്തു. മുമ്പ് സ്ത്രീകൾ ദർശനത്തിന് ശ്രമിച്ചപ്പോൾ മുൻകൂട്ടി അറിയിച്ചതും മാധ്യമങ്ങളിലൂടെ അക്കാര്യം പരസ്യമാവുകയും ചെയ്തതാണ് പ്രതിഷേധം രൂക്ഷമാക്കിയത്. യുവതികൾക്ക് മടങ്ങേണ്ടിയും വന്നു. എന്നാൽ ഇത്തവണ വിവരങ്ങളൊന്നും ചോർന്നു പോകാതെയുള്ള ആസൂത്രണം നടന്നു. ദർശനത്തിനെത്തിയ യുവതികൾക്ക് പ്രതിഷേധങ്ങളൊന്നുമില്ലാതെ മലചവിട്ടാനുമായി.

ശബരിമല ദർശനത്തിന് സുരക്ഷയൊരുക്കണമെന്നാവശ്യപ്പെട്ട് ഡിസംബർ മുപ്പതിനാണ് ബിന്ദുവും കനകദുർഗയും പൊലീസിനെ സമീപിച്ചതെന്ന് ഔദ്യോഗികമായി പുറത്തു വിടുന്ന വിവരം. എന്നാൽ മുമ്പ് മല ചവിട്ടാനെത്തി മടങ്ങിയ ശേഷം ഇവർ പൊലീസിന്റെ നിയന്ത്രണത്തിൽ തന്നെയായിരുന്നു. കൃത്യ സമയത്ത് പൊലീസ് എല്ലാം നടപ്പിലാക്കുകയും ചെയ്തു. വനിതാ മതിലിന് മുമ്പുള്ള ദിവസം പൊലീസ് ഇതിനായി ആദ്യം തീരുമാനിച്ചു. എന്നാൽ വനിതാ മതിൽ പൊളിയാതിരിക്കാൻ ദിവസം നീട്ടി. അങ്ങനെയാണ് ജനുവരി രണ്ട് തെരഞ്ഞെടുത്തത്. പ്രതിഷേധങ്ങൾ ഒഴിവാക്കുന്നതിനായാണ് പുലർച്ചെ സമയം തിരഞ്ഞെടുത്തതെന്നും പൊലീസ് വൃത്തങ്ങൾ പറയുന്നു. സുരക്ഷയൊരുക്കാൻ കത്തുനൽകിയതും സൗകര്യങ്ങളൊരുക്കാമെന്ന് ഉറപ്പുനൽകിയതും പൊലീസും യുവതികളും അതിരഹസ്യമായി സൂക്ഷിച്ചു.

എറണാകുളം ജില്ലയിൽനിന്നാണ് പുലർച്ചെ കനകദുർഗയും ബിന്ദുവും ഉൾപ്പെടുന്ന സംഘം പമ്പയിലെത്തിയത്. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ ഉന്നതരെമാത്രം അറിയിച്ചായിരുന്നു യുവതികളെത്തിയത്. സന്നിധാനത്ത് ഡി.വൈ.എസ്‌പി.മാർക്കുപോലും വിവരം അറിയുമായിരുന്നില്ല. പമ്പയിലെ സ്‌കാനർ പരിശോധനയും ഒഴിവാക്കി. യൂണിഫോം ഒഴിവാക്കി മഫ്തിയിലായിരുന്നു പൊലീസ് അകമ്പടി. കറുത്തവേഷം ധരിച്ച മഫ്തി പൊലീസ് സുരക്ഷയൊരുക്കി. ദർശനത്തിനുശേഷം തെക്കെഭാഗത്തുകൂടി താഴേക്ക് ഇറങ്ങിയ യുവതികളെ ബെയ്ലിപാലം വഴി ജ്യോതിമേടിന് സമീപം എത്തിച്ചു. ചന്ദ്രാനന്ദൻ റോഡ് വഴി മരക്കൂട്ടത്തുകൊണ്ടുവന്നശേഷം സ്വാമി അയ്യപ്പൻ റോഡ് വഴി ആംബുലൻസിൽ പമ്പയിലെത്തിച്ചത്. ചന്ദ്രനാന്ദൻ റോഡിലെ ചെറിയ ദൂരമാണ് ഇവർ നടന്നതും ഫോട്ടോയും വീഡിയോയും എടുത്തതും. ഇത് ഭക്തർക്കൊപ്പമെത്തിയെന്ന് വരുത്താനുള്ള തന്ത്രമായിരുന്നു. യുവതികളെ സന്നിധാനത്ത് എത്തിച്ചതിനു പിന്നിൽ ഏഴു ദിവസത്തെ ആസൂത്രണമെന്നാണ് സൂചന. 2018 ഡിസംബർ 24 ന് യുവതികൾ ശബരിമലയിലെത്തുകയും പ്രതിഷേധമുണ്ടാകുകയും ചെയ്തതിനെത്തുടർന്ന് പൊലീസ് ആഭ്യന്തരവകുപ്പിന്റെ നിർദ്ദേശം തേടിയിരുന്നു.

കാത്തിരിക്കാനായിരുന്നു മറുപടി. യുവതികളെ പൊലീസ് നിയന്ത്രണത്തിൽ കോട്ടയം ജില്ലയുടെ അതിർത്തിയിലുള്ള താമസസ്ഥലത്തെത്തിച്ചു. പിന്നീട് സ്ഥലങ്ങൾ മാറി. ഉന്നത ഉദ്യോഗസ്ഥർക്കു മാത്രമാണ് വിവരങ്ങൾ അറിയാമായിരുന്നത്. യുവതീപ്രവേശത്തിനു സർക്കാർ അനുകൂല നിലപാടെടുത്തത്. സർക്കാർ നയം വ്യക്തമാക്കിയതോടെ പൊലീസ് സംഘം യുവതികളുമായി രാത്രി എരുമേലിയിലേക്കെത്തി. നിലയ്ക്കൽ, വടശ്ശേരിക്കര, എരുമേലി എന്നിവിടങ്ങളിലെ സുരക്ഷാ മേൽനോട്ട ചുമതല ഇന്റലിജൻസ് ഡിഐജി എസ്.സുരേന്ദ്രനാണ്. കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവി ജി. ജയദേവ്, ക്രൈംബ്രാഞ്ച് എസ്‌പി പി.ബി. രാജീവ് എന്നിവരാണ് സന്നിധാനത്ത് പൊലീസ് കൺട്രോളർമാരായി ഉണ്ടായിരുന്നത്. യുവതികളുടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഇരുപതിൽ താഴെ ഉദ്യോഗസ്ഥരൊഴികെ, താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥരാരും യുവതികളെത്തുന്ന വിവരം അറിഞ്ഞില്ല. ഓരോ നീക്കവും ഉന്നത ഉദ്യോഗസ്ഥർ ഡിജിപിയെ അറിയിച്ചു.

സ്വകാര്യ വാഹനത്തിൽ പൊലീസ് അകമ്പടിയിൽ യുവതികൾ പമ്പയിലെത്തി. അതിനു ശേഷം വനംവകുപ്പിന്റെ ആംബുലൻസിൽ സന്നിധാനത്തിനു സമീപം ബെയ്ലി പാലം വരെ എത്തിച്ചു. സംശയം തോന്നാതിരിക്കാൻ കൈയിൽ ഡ്രിപ്പ് ഇട്ടാണു ഇരുത്തിയത്. ആറു പൊലീസുകാർ മഫ്തിയിൽ യുവതികളുടെ പിന്നാലെ നിശ്ചിത അകലം പാലിച്ചു നടന്നു. വഴിയിൽ സംശയം ഉന്നയിക്കുന്ന പൊലീസുകാരോടും ദേവസ്വം ഗാർഡിനോടും 'ഐജിയുടെ ഗസ്റ്റ്' എന്നായിരുന്നു മറുപടി. തുടർന്ന് അരവണ വിതരണ കൗണ്ടറിനു സമീപത്തെ അടിപ്പാതയിലൂടെ ജീവനക്കാർക്കുള്ള ഗേറ്റ് വഴി സന്നിധാനത്തെത്തിച്ചു. സന്നിധാനത്തെ ബോംബ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥരെ വരെ മാറ്റിയിരുന്നു. സന്നിധാനം എസ്ഒ ജയദേവും സ്ഥലത്തുണ്ടായിരുന്നു. ഇത്രയും ദിവസം പുലർച്ചെ നിർമ്മാല്യത്തിനു വരാതിരുന്ന ജയദേവ് ഇന്നലെ ആ സമയം എത്തി.

കൊടിമരച്ചുവട്ടിൽനിന്ന് ബലിക്കൽപ്പുര വാതിലൂടെ ഇവരെ കടത്തിവിട്ടു. ഇവർ ഓടിയെത്തിയപ്പോൾ അവിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാർ മാറിനിന്നു കൊടുത്തു. 3.48ന് തിരുനടയുടെ ഏറ്റവും പിൻനിരയിൽ നിന്നാണു ദർശനം നടത്തിയത്. ഈ സമയം ഗണപതിഹോമം നടക്കുകയായിരുന്നു. അതിനാൽ തന്ത്രി, മേൽശാന്തി, പരികർമികൾ, ദേവസ്വം ഉദ്യോഗസ്ഥർ എന്നിവരുടെ ശ്രദ്ധയിൽപെട്ടില്ല. അയ്യപ്പന്മാർ തിരിച്ചറിയും മുൻപേ പടിഞ്ഞാറേ നട വഴി ഇവരെ ഇറക്കി. ഗണപതി കോവിലിനു സമീപത്തെ പാലത്തിലൂടെ താഴെ ഇറക്കി. ഇതേ ആംബുലൻസിൽ തിരികെ കൊണ്ടു പോകുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP