Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മലയാളം മിഷൻ - മലയാളം ഓപ്പൺ ഓൺലൈൻ കോഴ്‌സിന് തുടക്കമായി

മലയാളം മിഷൻ - മലയാളം ഓപ്പൺ ഓൺലൈൻ കോഴ്‌സിന് തുടക്കമായി

തിരുവനന്തപുരം : ലോകത്താകമാനം വ്യാപിച്ചുകിടക്കുന്ന മലയാളി സമൂഹത്തെ ഒന്നിപ്പിക്കാൻ ഭാഷാപഠനപ്രവർത്തനങ്ങളാണ് ഒരേയൊരു മാർഗമെന്ന് ബഹു. സാംസ്‌കാരികകാര്യ വകുപ്പുമന്ത്രി എ. കെ. ബാലൻ പറഞ്ഞു. മൂന്നുകോടിയിലേറെ മലയാളികൾ സംസാരിക്കുന്നതും ശ്രേഷ്ഠഭാഷ സ്ഥാനമുള്ളതുമായ ഭാഷയാണ് മലയാളം. ഭാഷയുടെ വികസനപദ്ധതി സംബന്ധിച്ച വിശദമായ പ്രവർത്തനരേഖ കേരളസർക്കാർ കേന്ദ്രത്തിനു സമർപ്പിക്കും. എവിടെയെല്ലാം മലയാളിയുണ്ടോ, അവിടെയെല്ലാം മലയാളഭാഷാ പഠനപ്രവർത്തനങ്ങളും എത്തിച്ചേരണം എന്നാണ് സർക്കാരിന്റെ നയം. ഇതിലേക്ക് എത്തിച്ചേരുന്നതിനായി ഇന്റർനെറ്റിന്റെയും ഡിജിറ്റൽ, നവമാധ്യമ സാങ്കേതിക വിദ്യയുടെയും എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മലയാളഭാഷയുടെ അടിസ്ഥാനപാഠങ്ങൾ ശാസ്ത്രീയമായ തയാറാക്കി പൂർണമായും ഇന്റർനെറ്റ് വഴി പഠിപ്പിക്കുന്ന ആദ്യ കോഴ്‌സിന്റെ പ്രാരംഭഘട്ടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലയാളം മിഷൻ - മലയാളം ഓപ്പൺ ഓൺലൈൻ കോഴ്‌സിന്റെ ആദ്യ ഘട്ടമാണ് ഭാഷയുടെ വളർച്ചയിലെ നിർണായക നാഴികക്കല്ലിട്ടിരിക്കുന്നത്. മലയാളം തീരെയറിയാത്ത പഠിതാവിനുപോലും സ്വയം പഠിക്കാവുന്ന രീതിയിൽ തയാറാക്കുന്ന കോഴ്‌സ് തികച്ചും സൗജന്യമായാണ് ലഭ്യമാക്കുന്നത്. മലയാളഭാഷയിലെ പ്രാഥമിക പാഠങ്ങൾ പഠിപ്പിക്കുന്ന ഏക ഓപ്പൺ ഓൺലൈൻ കോഴ്‌സുകൂടിയാണ് സി-ഡിറ്റിന്റെ സാങ്കേതിക സഹായത്തോടെ തയാറാക്കിയ മലയാളം മിഷന്റെ കോഴ്‌സ്.

വിവിധ ജീവിതസാഹചര്യങ്ങളിൽ കഴിയുന്ന, വിവിധ പ്രായത്തിലെ പഠിതാക്കളെ എങ്ങനെ മലയാളഭാഷ പഠിപ്പിക്കാം എന്ന പ്രശ്‌നത്തിന് പരിഹാരമായാണ് ഇത്തരം ഒരു പദ്ധതിയിലേക്ക് എത്തിച്ചേർന്നതെന്ന് സാംസ്‌കാരികകാര്യ വകുപ്പ് സെക്രട്ടറി ശ്രീ. റാണി ജോർജ്ജ് ഐഎഎസ് പറഞ്ഞു. മലയാളം മിഷന്റെ പ്രതിമാസ വാർത്താപത്രികയായ ഭൂമിമലയാളം വാർത്താപത്രികയുടെ ആദ്യ ലക്കം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.

തിരുവനന്തപരം പ്രസ് ക്ലബ് ടി.എൻ. ഗോപകുമാർ സ്മാരക ഹാളിൽ നടന്ന ചടങ്ങിൽ മലയാളം മിഷൻ ഡയറക്ടർ പ്രൊഫ. സുജ സൂസൻ ജോർജ്ജ് അധ്യക്ഷയായി. മലയാളി സാന്നിധ്യം കുറഞ്ഞതും, സംഘടനാസംവിധാനം നിലവിലില്ലാത്തതുമായ പ്രദേശങ്ങളിലെ പഠിതാക്കൾ, മലയാളികളല്ലെങ്കിലും ഭാഷാ-സാംസ്‌കാരിക താൽപ്പര്യങ്ങൾക്കായോ ഔദ്യോഗിക-യാത്രാസംബന്ധ ആവശ്യങ്ങൾക്കായോ മലയാളം പഠിക്കാനെത്തുന്ന വിദ്യാർത്ഥികൾ, കേരളത്തിലെ തന്നെ മലയാളം പഠിക്കാത്ത സിബിഎസ്ഇ - കേന്ദ്രീയ വിദ്യാലയ വിദ്യാർത്ഥികൾ തുടങ്ങിയവർ മലയാളം ഓപ്പൺ ഓൺലൈൻ കോഴ്‌സിലൂടെ ഭാഷാജ്ഞാനം നേടുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പ്രൊഫ. സുജ സൂസൻ ജോർജ്ജ് പറഞ്ഞു.

കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസ് ലിങ്വിസ്റ്റിക്‌സ് വിഭാഗം മേധാവി കുഞ്ഞമ്മ സാമുവൽ ആശംസയർപ്പിച്ചു. സംവിധായിക വിധു വിൻസെന്റ് സ്വാഗതവും മലയാളം മിഷൻ ഫിനാൻസ് ഓഫിസർ തിബീൻ നീലാംബരൻ നന്ദിയും പറഞ്ഞു. മലയാളം മിഷൻ ഗുജറാത്ത് ചാപ്റ്റർ പ്രസിഡന്റ് ബി. ഷാജഹാൻ വാർത്താപത്രികയുടെ ആദ്യ പ്രതി ഏറ്റുവാങ്ങി.

കേരള സർക്കാർ -സാംസ്‌കാരികകാര്യ വകുപ്പിനുകീഴിൽ കേരളത്തിനു പുറത്തെ ഇതര സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും മലയാളഭാഷാപഠനപ്രവർത്തന പ്രചാരണം നിർവഹിക്കുന്ന സ്ഥാപനമാണ് മലയാളം മിഷൻ. മലയാളം പഠനകേന്ദ്രങ്ങൾ മുഖാന്തരം നടത്തുന്ന പ്രതിവാര ക്ലാസുകളിലൂടെ നിർദിഷ്ഠ പാഠ്യപദ്ധതിപ്രകാരമാണ് മലയാളം മിഷൻ കോഴ്‌സുകൾ നടത്തുന്നത്. മലയാളം മിഷൻ നിലവിൽ പിന്തുടരുന്ന ഭാഷാപഠന പാഠ്യപദ്ധതിയിൽ നാല് കോഴ്‌സുകളാണുള്ളത്.

കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ, നീലക്കുറിഞ്ഞി എന്നിങ്ങനെ മലയാളം ആദ്യപാഠം മുതൽ പത്താംതരം വരെയുള്ള നിലവാരത്തിലെ കോഴ്‌സുകളാണ് പഠനകേന്ദ്രങ്ങളിലെ വിദ്യാർത്ഥികൾക്കായുള്ളത്. ആറ് മുതൽ അറുപതുവയസുവരെയുള്ള 25,000ൽ ഏറെ പഠിതാക്കൾ മലയാളം മിഷനുകീഴിൽ മലയാളഭാഷ പഠിക്കുന്നുണ്ട്. മലയാളം മാതൃഭാഷയല്ലാത്ത വിദ്യാർത്ഥികളും മലയാളം മിഷന്റെ നിലവിലെ പാഠ്യപദ്ധതിക്കുകീഴിൽ മലയാളഭാഷ പഠിക്കുന്നുണ്ട്. മലയാളി സംഘടനകളുടെ സ്വയംസന്നദ്ധ പ്രവർത്തനമാണ് മിഷന്റെ അടിത്തറ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP