Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശുദ്ധിക്രിയ സുപ്രീംകോടതി വിധിക്കെതിരായ നടപടിയെന്നും തന്ത്രിയെ നീക്കാൻ സർക്കാരിനാവുമെന്നും കുറ്റകരമായി പ്രവർത്തിച്ചത് ആചാരത്തിന്റെ സംരക്ഷണമില്ലെന്നും അഡ്വ കാളീശ്വരം രാജ്; ആചാരങ്ങൾ സംരക്ഷിക്കാനുള്ള തന്ത്രിയുടെ അധികാരം എടുത്ത് പറഞ്ഞ സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി തന്ത്രിയെ തൊടാനാവില്ലെന്ന് അഡ്വ ഗോവിന്ദ് ഭരതനും; തന്ത്രി നട അടച്ച വിഷയത്തിൽ സുപ്രീംകോടതി അഭിഭാഷകർ തമ്മിൽ യോജിപ്പില്ല

ശുദ്ധിക്രിയ സുപ്രീംകോടതി വിധിക്കെതിരായ നടപടിയെന്നും തന്ത്രിയെ നീക്കാൻ സർക്കാരിനാവുമെന്നും കുറ്റകരമായി പ്രവർത്തിച്ചത് ആചാരത്തിന്റെ സംരക്ഷണമില്ലെന്നും അഡ്വ കാളീശ്വരം രാജ്; ആചാരങ്ങൾ സംരക്ഷിക്കാനുള്ള തന്ത്രിയുടെ അധികാരം എടുത്ത് പറഞ്ഞ സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി തന്ത്രിയെ തൊടാനാവില്ലെന്ന് അഡ്വ ഗോവിന്ദ് ഭരതനും; തന്ത്രി നട അടച്ച വിഷയത്തിൽ സുപ്രീംകോടതി അഭിഭാഷകർ തമ്മിൽ യോജിപ്പില്ല

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ശബരിമലയിലെ ശുദ്ധിക്രയയിൽ തന്ത്രിക്കെതിരെ നടപടി എടുക്കാമെന്ന് അഡ്വ കാളീശ്വരം രാജ്. പറ്റില്ലെന്ന് ഗോവിന്ദ് ഭരതനും. ഈ വിഷയത്തിൽ നിയമ വിദഗ്ദർക്കിടയിലും ചർച്ച സജീവമാവുകയാണ്. മനോരമ പത്രത്തിലെ ലേഖനത്തിലാണ് ഇടതു പക്ഷ അനുഭാവമുള്ള കാളീശ്വരം രാജ് തന്ത്രിയ്‌ക്കെതിരെ നിലപാട് എടുത്ത. മനോരമയിലെ ലേഖനത്തിൽ മുതിർന്ന അഭിഭാഷകനായ ഗോവിന്ദ് ഭരതൻ തന്ത്രിക്കൊപ്പമാണ് നിലകൊള്ളുന്നത്. അങ്ങനെ വ്യത്യസ്തമായ നിലപാടുകൾ നിയമവിദഗ്ധരും കൈക്കൊള്ളുന്നു.

സർക്കാരും ദേവസ്വം ബോർഡും കക്ഷിയായ ഒരു കേസിൽ ഉണ്ടായ സുപ്രീം കോടതിവിധിയുടെ താൽപര്യത്തിനെതിരായ പ്രവൃത്തി തന്ത്രിയിൽ നിന്നുണ്ടായാൽ, അക്കാര്യത്തിൽ വിശദീകരണം ചോദിക്കാനും നടപടിയെടുക്കാനുമുള്ള അധികാരം മാത്രമല്ല ബാധ്യതയും ദേവസ്വം ബോർഡിനുണ്ട്. മുൻപു തന്ത്രിയായിരുന്ന കണ്ഠര് മോഹനർക്കെതിരെ ദേവസ്വം ബോർഡ് നടപടിയെടുത്തപ്പോൾ ദേവസ്വം ബോർഡിന് അതിനുള്ള അധികാരമുണ്ടെന്ന നിലപാടാണു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്വീകരിച്ചതെന്ന് കാളീശ്വരം രാജ് പറയുന്നു.

1950ലെ പതിനഞ്ചാം നിയമമായിട്ടാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് സംബന്ധിച്ച നിയമനിർമ്മാണമുണ്ടായത്. സർക്കാരിന്റെ കീഴിലുള്ള സ്വയംഭരണാധികാരമുള്ള സംവിധാനമായാണ് ബോർഡ് വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്. 1250ൽപരം അമ്പലങ്ങൾ ബോർഡിനു കീഴിൽ വരുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. ബോർഡിന്റെ സർവീസ് ചട്ടങ്ങളിൽ വിവരിക്കപ്പെട്ടതു പോലെയുള്ള ലോവർ ഡിവിഷൻ ക്ലാർക്ക് മുതൽ ഉന്നത ഉദ്യോഗസ്ഥർ വരെയുള്ളവരിൽനിന്നു വ്യത്യസ്തമാണു തന്ത്രിയുടെ ജോലിയുടെ സ്വഭാവം. മതപരമായ നിയമനം (ecclesiastical appointment) ആകുന്നതുകൊണ്ടു മാത്രം, തന്ത്രിയുടെ എല്ലാ പ്രവർത്തനങ്ങൾക്കും നിയമപരിരക്ഷയുണ്ടെന്നു ശഠിക്കാനാവില്ല. ശബരിമലയിൽ നടന്നതായി പറയുന്ന ശുദ്ധിക്രിയ യുവതീപ്രവേശത്തിന്റെ പേരിൽ ചെയ്തതാണെന്നതിൽ തർക്കമുണ്ടെന്നു തോന്നുന്നില്ല. സാധാരണഗതിയിൽ ആചാരപരവും വിശ്വാസപരവുമായ കാര്യങ്ങളിൽ തന്ത്രിക്കുള്ള സ്വതന്ത്രവും സ്വച്ഛന്ദവുമായ അധികാരത്തിൽ ദേവസ്വം ബോർഡോ സർക്കാരോ ഇടപെടില്ല. എന്നാൽ, ഈ സാമാന്യ തത്വത്തിൽനിന്നു വ്യത്യസ്തമായ സാഹചര്യമാണ് ഇപ്പോൾ ശബരിമലയിൽ ഉണ്ടായത്. ഈ വ്യത്യാസത്തിന്റെ അടിസ്ഥാന കാരണം സുപ്രീംകോടതി വിധി തന്നെയാണ്.

ഭരണഘടനയുടെ 17ാം അനുച്ഛേദത്തിൽ വിവരിച്ച, അതുവഴി നിരോധിക്കപ്പെട്ട അയിത്തത്തിന്റെ അഥവാ തൊട്ടുകൂടായ്മയുടെ ലിംഗപരമായ മറുപതിപ്പാണ് യുവതികൾക്കെതിരായ നിരോധനം എന്ന ജസ്റ്റിസ് ചന്ദ്രചൂഡിന്റെ കണ്ടെത്തൽ ഇവിടെ പ്രസക്തമാണ്. ഭരണഘടനയിലെ പദങ്ങളുടെ കൃത്യമായ അർഥത്തിനപ്പുറം സഞ്ചരിച്ച വിധിയാണത്. ഭൂരിപക്ഷവിധിയെഴുതിയ എല്ലാ ജഡ്ജിമാരും, അശുദ്ധിയുടെ പേരിൽ യുവതീപ്രവേശം തടയുന്ന 'ആചാര'ത്തിനു ഭരണഘടനാ സാധുതയില്ലെന്നു കണ്ടു. ഇതാണ് വിധിയുടെ അന്തഃസത്ത. അതിനാൽ, യുവതീപ്രവേശത്തിന്റെ പേരിൽ ശുദ്ധീകരണക്രിയ നടത്തുന്നത് കോടതിവിധിയുടെ അന്തഃസത്തയ്‌ക്കെതിരായ, കോടതിയലക്ഷ്യമായി വ്യാഖ്യാനിക്കാവുന്ന ഒന്നാണ്. ഈ അർഥത്തിൽ കുറ്റകരമായിത്തീരുന്ന പ്രവൃത്തിക്ക് ആചാരപരമായ കാര്യങ്ങളിൽ തന്ത്രി കയ്യാളുന്ന സവിശേഷാധികാരം ന്യായീകരണമാകുന്നതേയില്ല-കാളീശ്വരം രാജിന്റെ നിലപാട് ഇതാണ്.

കോടതിവിധിയുടെ സാരാംശത്തിനെതിരായ പ്രവൃത്തി ഉണ്ടായിട്ടും ദേവസ്വം ബോർഡും സർക്കാരും മൗനം പാലിച്ചാൽ, അവർ കൂടി കോടതിയലക്ഷ്യം സംബന്ധിച്ച കുറ്റാരോപണത്തിനു സമാധാനം പറയേണ്ടിവരും. ഏതെങ്കിലും ഒറ്റപ്പെട്ട തൊഴിൽപരമായ പെരുമാറ്റ ദൂഷ്യത്തിനെതിരെ മേലുദ്യോഗസ്ഥൻ കീഴുദ്യോഗസ്ഥനെതിരെ നടപടിയെടുക്കുന്നതിൽനിന്നു വ്യത്യസ്തമാണ് ഈ വിഷയം. ഭരണപരവും നിയമപരവുമായ നിയന്ത്രണാധികാരം ഉപയോഗിച്ച് സുപ്രീംകോടതി വിധിക്കെതിരായ നടപടികൾ ഒരു പൊതുസ്ഥാപനത്തിൽ ഉണ്ടാകുന്നതിനെ ചെറുക്കുകയാണ് ഇക്കാര്യത്തിൽ ദേവസ്വം ബോർഡ് ചെയ്യുന്നത്.
കോടതിവിധിയിലൂടെ അസാധുവാക്കപ്പെട്ട ആചാരത്തെ പരോക്ഷമായി സാധൂകരിക്കുന്ന പ്രവൃത്തിയെപ്പറ്റി വിശദീകരണം ചോദിക്കാനും നടപടിയെടുക്കാനും ബോർഡിനു ബാധ്യതയുണ്ട്. ഇതു കേവലം സർവീസ് ചട്ടങ്ങളിൽ നിന്നുണ്ടാകുന്നതല്ല; മറിച്ച് ഭരണഘടനാ ബെഞ്ചിന്റെ വിധിയുടെ അടിസ്ഥാനത്തിൽ ഉണ്ടാകുന്ന സവിശേഷമായ ബാധ്യതയും അധികാരവുമാണെന്ന് കാളീശ്വരം രാജ് പറയുന്നു.

എന്നാൽ ഗോവിന്ദ് ഭരതൻ പറയുന്നത് മറ്റ് കാര്യങ്ങളാണ്. ശബരിമല തന്ത്രിയുടെ സ്ഥാനീയകടമകൾ കൃത്യമായി മനസ്സിലാക്കിയവരോ വിലയിരുത്തിയവരോ അല്ല, ക്ഷേത്രത്തിലെ യുവതീപ്രവേശത്തിനു ശേഷം അദ്ദേഹം നിർവഹിച്ച ശുദ്ധികലശക്രിയയെ വിവാദമാക്കുന്നതും ഈ വിഷയത്തിൽ അഭിപ്രായ പ്രകടനം നടത്തുന്നതും. ക്ഷേത്രാചാരങ്ങളിൽ അവസാനവാക്കു തന്ത്രിയുടേതാണ്; അറിഞ്ഞോ അറിയാതെയോ ആചാരലംഘനം സംഭവിച്ചാൽ പരിഹാരക്രിയ നിശ്ചയിക്കേണ്ടതും നിർവഹിക്കേണ്ടതും തന്ത്രിയാണ്. മതപരമായ വിശ്വാസങ്ങളും അനുഷ്ഠാനങ്ങളും പ്രകാരം പ്രതിഷ്ഠിച്ച ഭഗവാനുള്ള നിവേദ്യം, അർപ്പിക്കുന്ന പുഷ്പം തുടങ്ങി ആ ക്ഷേത്രത്തെ സംബന്ധിച്ച സകല പരമ്പരാഗത വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കണമെന്ന് 1954ലെ, സുപ്രീംകോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ചിന്റെ വിധിയിൽ അർഥശങ്കയ്ക്കിടനൽകാതെ വ്യക്തമാക്കിയിട്ടുണ്ട്. മതപരമായ ആചാരങ്ങൾ അനുഷ്ഠിക്കാൻ ഭരണഘടനയുടെ 26(ബി) അനുച്ഛേദത്തിന്റെ അന്തഃസത്ത ക്ഷേത്രവിശ്വാസികൾക്കു പൂർണ അവകാശം നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ ഭരണകൂടത്തിനു നിയമനിർമ്മാണം സാധ്യമല്ല. തന്ത്രിയുടെ ഭരണഘടനാപരമായ അവകാശങ്ങൾ ഹനിക്കുന്ന ഉത്തരവുകളിറക്കാനും സർക്കാരിന് അധികാരം നൽകിയിട്ടില്ല.

മതാചാരങ്ങളുടെ അനുഷ്ഠാനം സംബന്ധിച്ച ഷിരൂർ മഠം കേസിലെ വിധി, അവയെ മൗലിക അവകാശമായി സ്ഥിരപ്പെടുത്തിയിട്ടുണ്ട്. ഒരു നിയമനിർമ്മാണത്തിനും അത് അസാധുവാക്കാൻ കഴിയില്ല. ഏതെങ്കിലുമൊരു പ്രത്യേക കാര്യത്തെ ഹിന്ദുമതാചാരപ്രകാരം നിഷിദ്ധമെന്നു വിശ്വസിച്ച്, ആ വിശ്വാസത്തെ മതത്തിന്റെ അടിസ്ഥാനതത്വമായി ആചരിക്കുന്നുണ്ടെങ്കിൽ അതിൽ ഇടപെടാൻ ഭരണകൂടത്തിന് അവകാശമില്ലെന്നാണ് ഗോവിന്ദ് ഭരതൻ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP