Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദൈവത്തിന്റെ നാടു കാണാനെത്തി മരണത്തിനു കീഴടങ്ങിയ ബ്രിട്ടീഷുകാരന്റെ അന്ത്യവിശ്രമത്തിനു പോലും തടസമായി നമ്മുടെ നാട്ടിലെ നിയമങ്ങൾ; ലണ്ടനിൽ നിന്നും ഉറ്റവരെത്തിയിട്ടും നൂലാമാലകൾ കാരണം സംസ്‌കാരം നീളുന്നു; ചിതാഭസ്മവുമായി മടങ്ങാൻ ഹർത്താലും പണിമുടക്കും തീരാൻ കാത്ത് ഈ കുടുംബം

ദൈവത്തിന്റെ നാടു കാണാനെത്തി മരണത്തിനു കീഴടങ്ങിയ ബ്രിട്ടീഷുകാരന്റെ അന്ത്യവിശ്രമത്തിനു പോലും തടസമായി നമ്മുടെ നാട്ടിലെ നിയമങ്ങൾ; ലണ്ടനിൽ നിന്നും ഉറ്റവരെത്തിയിട്ടും നൂലാമാലകൾ കാരണം സംസ്‌കാരം നീളുന്നു; ചിതാഭസ്മവുമായി മടങ്ങാൻ ഹർത്താലും പണിമുടക്കും തീരാൻ കാത്ത് ഈ കുടുംബം

മറുനാടൻ ഡെസ്‌ക്‌

ഫോർട്ട്‌കൊച്ചി: പുതുവർഷം ആഘോഷിക്കാനും കേരളം ചുറ്റിക്കാണാനുമാണ് ലണ്ടനിലെ കെന്നത്ത് വില്യം റുബേ മകൾ ഹിലാരിക്കൊപ്പം കൊച്ചിയിലെത്തിയത്. എന്നാൽ പുതുവർഷം ആഘോഷിച്ചു തീരുമുമ്പേ 89 കാരനായ കെന്നത്ത് ഫോർട്ട്‌കൊച്ചിയിലെ ഹോട്ടലിൽ വച്ച് മരിച്ചു. ഡിസംബർ 31നാണ് മരണം സംഭവിച്ചത്. ഉടൻ തന്നെ കെന്നത്തിന്റെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുകയും ചെയ്തു.

പിതാവിന്റെ അപ്രതീക്ഷിത വേർപാടിൽ തളർന്ന മകൾ ഹിലാരി പിതാവിന് കൊച്ചിയിൽ തന്നെ അന്ത്യവിശ്രമം ഒരുക്കാൻ തീരുമാനിക്കുകയായിരുന്നു. സംസ്‌കാര ചടങ്ങിൽ പങ്കെടുക്കുവാൻ അടുത്ത ബന്ധുക്കളും കൊച്ചിയിലെത്തി. മട്ടാഞ്ചേരി ചുള്ളിക്കലുള്ള പള്ളിയിൽ നടക്കുന്ന ശവസംസ്‌കാര ശുശ്രൂഷകൾക്കു ശേഷം, ഫോർട്ട്‌കൊച്ചി വെളിയിലെ നഗരസഭയുടെ പൊതുശ്മശാനത്തിൽ മൃതദേഹം ദഹിപ്പിക്കാനായിരുന്നു ബന്ധുക്കളുടെ തീരുമാനം.

ഇതനുസരിച്ച് സംസ്‌കാരം നടത്തുന്നതിനായി പൊലീസിന്റെ സർട്ടിഫിക്കറ്റുകളും ഇന്ത്യയിലെ ബ്രിട്ടൻ എംബസിയിൽ നിന്നും സർട്ടിഫിക്കറ്റുകൾ വാങ്ങുകയും ചെയ്തു. കൂടുതൽ നടപടി ക്രമങ്ങൾക്കായി എംബസി ഉദ്യോഗസ്ഥർ കൊച്ചിയിലെത്തി, കൊച്ചി നഗരസഭയുടെ അനുമതിക്കായി അപേക്ഷയും നൽകി. എല്ലാ നടപടികളും പൂർത്തിയാക്കി ചൊവ്വാഴ്ച മൃതദേഹം സംസ്‌കരിക്കാനായിരുന്നു തീരുമാനം.

എന്നാൽ, ദേശീയ പണിമുടക്ക് ദിവസമായ ചൊവ്വാഴ്ച രാവിലെ സംസ്‌കാരത്തിനായി ഫോർട്ട്‌കൊച്ചി വെളിയിലുള്ള ശ്മശാനത്തിൽ എത്തിയപ്പോഴാണ് കാര്യങ്ങൾ തകിടം മറിഞ്ഞത്. നഗരസഭയിൽ നിന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നിർദ്ദേശം നൽകാതെ പണിമുടക്ക് ദിവസമായ ചൊവ്വാഴ്ച മൃതദേഹം സംസ്‌കരിക്കാൻ കഴിയില്ലെന്നായിരുന്നു ശ്മശാന കാവൽക്കാരന്റെ നിലപാട്.

പണിമുടക്ക് സമരം നടക്കുന്നതിനാൽ നഗരസഭയുടെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരെ ബന്ധപ്പെടാനും കഴിഞ്ഞില്ല. കൊച്ചിയിലെ ഹോട്ടൽ സ്റ്റാഫും ചില സാമൂഹ്യപ്രവർത്തകരും ചേർന്നാണ് റുബേയുടെ മൃതദേഹം സംസ്‌കരിക്കുന്നതിനുള്ള സഹായങ്ങൾ ചെയ്തത്. അവർ ഓടിനടന്ന് ആംബുലൻസും സംസ്‌കാര ശുശ്രൂഷയ്ക്കുള്ള ഒരുക്കങ്ങളുമൊക്കെ നടത്തി. അവസാന നിമിഷത്തിലാണ് അപ്രതീക്ഷിതമായി തടസ്സമുണ്ടായത്.

നഗരസഭാധികൃതർ രേഖാമൂലം അനുമതി നൽകാത്തതിനാൽ ഇന്നലെയും മൃതദേഹം സംസ്‌കരിക്കാൻ കഴിഞ്ഞില്ല. തുടർന്ന് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ജനപ്രതിനിധികളുമായി പല തവണ ബന്ധപ്പെട്ടിട്ടും കാര്യത്തിൽ തീരുമാനമുണ്ടായില്ലെന്ന് ഹിലാരിയെ സഹായിക്കാനെത്തിയ പൊതുപ്രവർത്തകനായ ജോസഫ് എഡ്വിൻ പറഞ്ഞു. ഇന്ന് ഓഫീസുകൾ തുറന്ന ശേഷം അധികൃതർ തീരുമാനമെടുക്കണം. ഇന്ന് സംസ്‌കാരം നടത്താൻ കഴിയുമെന്നാണ് ബന്ധുക്കളുടെ പ്രതീക്ഷ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP