Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ ലിബി സെബാസ്റ്റ്യന്റെ കുരുക്ക് മുറുകുന്നു; തുടർ നടപടികൾ വൈകുന്നതിൽ എറണാകുളം സെൻട്രൽ പൊലീസിനോട് സിജെഎം കോടതി വിശദീകരണം തേടി; അവസാനിക്കുന്നത് പൊലീസിന്റെ ഒത്തുകളി; റിപ്പോർട്ട് നൽകാൻ കോടതി; കേസ് വീണ്ടും 16 നു പരിഗണിക്കും

മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ ലിബി സെബാസ്റ്റ്യന്റെ കുരുക്ക് മുറുകുന്നു; തുടർ നടപടികൾ വൈകുന്നതിൽ എറണാകുളം സെൻട്രൽ പൊലീസിനോട് സിജെഎം കോടതി വിശദീകരണം തേടി; അവസാനിക്കുന്നത് പൊലീസിന്റെ ഒത്തുകളി; റിപ്പോർട്ട് നൽകാൻ കോടതി; കേസ് വീണ്ടും 16 നു പരിഗണിക്കും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ശബരിമലയുമായി ബന്ധപ്പെട്ടു ഹിന്ദു മതവികാരം വ്രണപ്പെടുത്തി എന്ന കേസ് നേരിടുന്ന ലിബി സെബാസ്റ്റ്യൻ അറസ്റ്റിലായേക്കും. ലിബി സെബാസ്റ്റ്യൻ, ചേർത്തലയിലെ ഓൺലൈൻ റിപ്പോർട്ടർ രഞ്ചിത്ത് സിനിക് ശിവൻ എന്നിവർക്കെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തിരുന്നു. എന്നാൽ തുടർ നടപടികൾ സ്വീകരിച്ചിരുന്നില്ല. ലിബിയുടെ കാര്യത്തിൽ പൊലീസിന്റെ ഒത്തുകളി മനസിലാക്കിയ പരാതിക്കാരനായ പീപ്പിൾസ് ലീഗൽ വെൽഫെയർ ഫോറം വർക്കിങ് പ്രസിഡന്റ് സി.എസ്. സുമേഷ് കൃഷ്ണ വീണ്ടും മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് സിജെഎം കോടതി വിശദീകരണം തേടിയത്. ഈ കേസിൽ റിപ്പോർട്ട് നൽകാൻ കൊച്ചി സെൻട്രൽ പൊലീസിനോട് എറണാകുളം സിജെഎം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

16 നു കോടതി കേസ് വീണ്ടും പരിഗണിക്കും. ഹിന്ദു മതവികാരം വ്രണപ്പെടുത്തിയതിന്റെ പേരിൽ ഇരുവർക്കും എതിരെ ആദ്യം സുമേഷ് കൃഷ്ണ സെൻട്രൽ പൊലീസിന് പരാതി നൽകിയിരുന്നു. പക്ഷെ പൊലീസ് കേസെടുക്കാൻ മടിച്ചിരുന്നു. അതിനെ തുടർന്നാണ് നേരിട്ട് എറണാകുളം സിജെഎം കോടതിയിൽ പരാതി നൽകിയത്. ഈ പരാതിയാണ് കേസടുക്കാൻ ആവശ്യപ്പെട്ടു സിജെഎം കോടതി എറണാകുളം സെൻട്രൽ പൊലീസിന് കൈമാറിയത്.

മതനിന്ദ, മതസ്പർധ വളർത്തുന്ന തരത്തിൽ പ്രസംഗിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക, ആരാധനാലയങ്ങളെ അവഹേളിക്കുക, മതവികാരം വ്രണപ്പെടുത്തുക, ഇത്തരം കാര്യങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി തെറ്റായ ഉദ്ദേശ്യത്തോടെ പ്രചരിപ്പിക്കുക തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണു കേസ് രജിസ്റ്റർ ചെയ്തത്. ലിബി സെബാസ്റ്റ്യനെയും, ഒരു മാധ്യമപ്രവർത്തകർ, രഞ്ജിത്ത് സിനിക്ക് ശിവനെയും അറസ്റ്റ് ചെയ്യാനൊ, തുടർനടപടികൾ സ്വീകരിക്കാനോ തയ്യാറാകാതെ എറണാകുളം സെൻട്രൽ പൊലീസ് ഒത്തുകളിക്കുകയാണ് എന്ന് ആരോപണമുണ്ട്. ലിബിയും രഞ്ചിത്ത് സിനിക് ശിവനും അടുത്ത സുഹൃത്തുക്കളാണെന്നും സുമേഷ് കൃഷ്ണയുടെ പരാതിയിൽ പറയുന്നുണ്ട്.

സുമേഷ് കൃഷ്ണയുടെയും, സാക്ഷികളുടെയും മൊഴി രേഖപ്പെടുത്തിയ പൊലീസ് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തെങ്കിലും അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ വൈകിക്കുകയായിരുന്നു. സുപ്രീം കോടതി വിധിയെത്തുടർന്ന് ശബരിമലയിൽ ദർശനത്തിന് ആദ്യമെത്തിയ സ്ത്രീകളിലൊരാളാണ് ലിബി. ഇതിനെ തുടർന്ന് ഫേസ്‌ബുക്ക് പോസ്റ്റിൽ ഹിന്ദുമതത്തെയും അയ്യപ്പ ഭക്തരെയും അപകീർത്തിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്യുന്ന പോസ്റ്റുകൾ നൽകിയെന്നും ഇവരുടെ സുഹൃത്തായ രഞ്ചിത്ത് അയ്യപ്പ ഭക്തരെ അപമാനിക്കുന്ന തരത്തിൽ ഓൺലൈൻ മാധ്യമത്തിൽ എഴുതിയെന്നും ചൂണ്ടിക്കാട്ടിയാണ് സുമേഷ് കൃഷ്ണ പരാതി നൽകിയത്. നേരത്തെ ഇതേ വിവാദത്തിൽപ്പെട്ട ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ അറസ്റ്റിലായിരുന്നു.

മതവികാരം വ്രണപ്പെടുത്തുന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയെന്ന കേസിലാണ് അറസ്റ്റ്. തുടർന്ന് ഏറെ നാളത്തെ ജയിൽ വാസത്തിനു ശേഷമാണ് രഹ്നയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഈ കേസുമായി ബന്ധപ്പെട്ടു രഹ്നയുടെ ബിഎസ്എൻഎൽ ക്വർട്ടേഴ്സ് ഒരു സംഘം ആളുകൾ അടിച്ചു തകർത്തിരുന്നു. ബിഎസ്എൻഎല്ലിൽ നിന്ന് സസ്പെൻഷനും രഹ്നയ്ക്ക് നേരിടേണ്ടി വന്നിരുന്നു. രഹ്നയെ അപേക്ഷിച്ച് കുറച്ചുകൂടി ശക്തമായ വകുപ്പുകളാണ് ലിബി സെബാസ്റ്റ്യനെതിരെ വന്നിട്ടുള്ളത്. സിജെഎം കോടതി നിർദ്ദേശ പ്രകാരമുള്ള കേസ് ആയതിനാൽ സെൻട്രൽ പൊലീസിന് തുടർ നടപടികൾ വൈകിക്കാനുള്ള അവസരവും അവസാനിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP