Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇതാണ് യഥാർത്ഥ കമ്മിഷണർ.. പ്രകാശ് സാർ പൊലീസിന്റെ അഭിമാനമാണ്; സിപിഎം നേതാക്കളോട് ഇംഗ്ലീഷ് പറഞ്ഞതിന് സർക്കാറിന് സ്ഥലംമാറ്റപ്പെട്ട തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ പി.പ്രകാശിനെ വാനോളമുയർത്തി സോഷ്യൽ മീഡിയ; കമ്മീഷണറായിരിക്കെ ചെയ്ത നല്ല കാര്യങ്ങൾ എഴുതാൻ നൂറു പേജ് വേണ്ടിവരുമെന്നും ദൈവങ്ങൾ യൂണിഫോമിൽ എത്തുന്നത് പൊതുജനം തിരിച്ചറിഞ്ഞെന്ന് കമ്മിഷണർ ഓഫീസിലെ ജൂനിയർ സൂപ്രണ്ടിന്റെ പോസ്റ്റ്; വികാരനിർഭരമായി യാത്രയപ്പ് ചടങ്ങും

ഇതാണ് യഥാർത്ഥ കമ്മിഷണർ.. പ്രകാശ് സാർ പൊലീസിന്റെ അഭിമാനമാണ്; സിപിഎം നേതാക്കളോട് ഇംഗ്ലീഷ് പറഞ്ഞതിന് സർക്കാറിന് സ്ഥലംമാറ്റപ്പെട്ട തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ പി.പ്രകാശിനെ വാനോളമുയർത്തി സോഷ്യൽ മീഡിയ; കമ്മീഷണറായിരിക്കെ ചെയ്ത നല്ല കാര്യങ്ങൾ എഴുതാൻ നൂറു പേജ് വേണ്ടിവരുമെന്നും ദൈവങ്ങൾ യൂണിഫോമിൽ എത്തുന്നത് പൊതുജനം തിരിച്ചറിഞ്ഞെന്ന് കമ്മിഷണർ ഓഫീസിലെ ജൂനിയർ സൂപ്രണ്ടിന്റെ പോസ്റ്റ്; വികാരനിർഭരമായി യാത്രയപ്പ് ചടങ്ങും

പി വിനയചന്ദ്രൻ

തിരുവനന്തപുരം: തിരുവനന്തപുരത്തെ ഇടത് നേതാക്കൾക്ക് മുന്നിൽ ഓച്ഛാനിച്ചു നിൽക്കാതെ, നട്ടെല്ലു നിവർത്തി അഭിപ്രായം പറയുകയും തീരുമാനങ്ങളെടുക്കുകയും ചെയ്തതിനെത്തുടർന്ന് പിണറായി സർക്കാരിന് അനഭിമതനായി സ്ഥലംമാറ്റപ്പെട്ട കമ്മിഷണർ പി.പ്രകാശിന് പിന്തുണയും ആശംസയുമായി സാമൂഹ്യമാധ്യമങ്ങളിൽ സന്ദേശപ്രവാഹം. ബറ്റാലിയൻ ഡി.ഐ.ജിയായി കഴിഞ്ഞദിവസം പ്രകാശിനെ സർക്കാർ സ്ഥലംമാറ്റിയിരുന്നു. ആലപ്പുഴ എസ്‌പി എസ്.സുരേന്ദ്രനാണ് പുതിയ കമ്മിഷണർ. ഒന്നരവർഷം കമ്മിഷണറായി പ്രകാശ് ചെയ്ത സ്തുത്യർഹമായ സേവനങ്ങൾ അക്കമിട്ടു നിരത്തി കമ്മിഷണർ ഓഫീസിലെ ജൂനിയർ സൂപ്രണ്ട് സാജു ഫ്രാൻസിസ് ഇട്ട പോസ്റ്റ് ഫേസ്‌ബുക്കിൽ വൈറലായി.

പ്രകാശിന് ബിഗ് സല്യൂട്ട് നൽകുകയാണ് തിരുവനന്തപുരം സിറ്റി പൊലീസ്. പ്രകാശ് ചെയ്ത നല്ല കാര്യങ്ങൾ എഴുതാൻ നൂറു പേജ് വേണ്ടിവരുമെന്ന പോസ്റ്റുകൾ അദ്ദേഹത്തിന്റെ മഹത്വം വെളിവാക്കുന്നതാണ്. പ്രിയപ്പെട്ട കമ്മീഷണർക്ക് വികാരനിർഭരമായ യാത്രയപ്പാണ് സഹപ്രവർത്തകർ നൽകിയത്. വ്യാഴാഴ്ച വൈകിട്ട് എ.ആർ ക്യാമ്പിൽ നടന്ന പരിപാടിയിൽ എ.ഡി.ജി.പി മനോജ് എബ്രഹാം ഉൾപ്പെടെയുള്ളവർ പ്രകാശിന്റെ സേവനങ്ങളെ പ്രശംസിച്ചു.

തിരുവനന്തപുരം സിറ്റി പൊലീസിന് ഐ.എസ്.ഒ അംഗീകാരം തുടങ്ങി പല സ്വപ്നങ്ങളും പൂർത്തീക്കരിക്കാനാവാതെയാണ് പ്രകാശ് കമ്മിഷണറുടെ തൊപ്പി അഴിച്ചുവയ്ക്കുന്നത്. മഹാപ്രളയത്തിൽ തലസ്ഥാന ജില്ലയെ പ്രളയക്കെടുതി കാര്യമായി ബാധിച്ചില്ലെങ്കിലും ഊണും ഉറക്കവും ഉപേക്ഷിച്ച് മറ്റിടങ്ങളിലെ രക്ഷാദൗത്യത്തിന്റെ ബാറ്റൺ കൈയിലേന്തി മുന്നിൽനിന്ന് നയിച്ചത് പ്രകാശായിരുന്നു. ഹെലികോപ്റ്ററുകളുടെ വരവും പോക്കും മുതൽ ദുരിത ബാധിതർക്ക് അവശ്യ സാധനങ്ങൾ എത്തിക്കാനുള്ള ദൗത്യത്തിനുവരെ മേൽനോട്ടം വഹിച്ചിരുന്നത് പ്രകാശായിരുന്നു. ഓണാഘോഷങ്ങൾ വേണ്ടെന്നവച്ച്, അതിനായി ചെലവാക്കുന്ന തുക ദുരിതാശ്വാസ ഫണ്ടിലേക്ക് കൊടുക്കാൻ പൊലീസുകാരോടും മിനിസ്റ്റീരിയൽ ജീവനക്കാരോടും അദ്ദേഹം ആഹ്വാനം ചെയ്തു. അങ്ങനെ, പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന സഹജീവികൾക്കായി അവശ്യസാധനങ്ങളുമായി സിറ്റി പൊലീസിന്റെ കൈത്താങ്ങ് തുടർന്നുകൊണ്ടേയിരുന്നു. ദൈവങ്ങൾ യൂണിഫോമിൽ എത്തുന്നത് പൊതുജനം ശരിക്കും തിരിച്ചറിയുകയായിരുന്നു.

ശബരിമല പ്രശ്‌നങ്ങൾ ഇവിടെ കൊടുമ്പിരിക്കൊണ്ടിരിക്കവേ, പ്രകാശിന്റെ നടപടികൾ പക്വതയുള്ളതും കൃത്യവുമായിരുന്നു. സെക്രട്ടറിയേറ്റിനു മുന്നിൽ ബിജെപിയുടെ നിരാഹാരപന്തലിനു മുന്നിൽ തീകൊളുത്തി മരിച്ച സംഭവത്തിൽ പ്രകാശ് സമയോചിതമായി ഇടപെട്ടു. അയ്യപ്പഭക്തൻ ആത്മാഹുതി ചെയ്തു എന്ന പ്രചാരണമുണ്ടായപ്പോൾ സത്യസ്ഥിതി അറിയാൻ പ്രകാശ് നേരിട്ടിറങ്ങി. ഉടനടി അന്വേഷണം നടത്തി, പ്ലംബിങ് ഇലക്ട്രിക് ജോലികൾക്ക് സഹായിയായി പോകുന്ന ഇയാൾക്ക് പ്രത്യേക രാഷ്ട്രീയ ബന്ധങ്ങളില്ലെന്നും സ്വകാര്യ കാരണങ്ങളാൽ ആത്മഹത്യ ചെയ്തതാണെന്നും മണിക്കൂറുകൾക്കുള്ളിൽത്തന്നെ തെളിയിക്കാൻ കഴിഞ്ഞു. അതുമൂലമുള്ള രക്തച്ചൊരിച്ചിലും അനിഷ്ട സംഭവങ്ങളും ഒഴിവാക്കാൻ കഴിഞ്ഞതും പ്രകാശിന്റെ മിടുക്ക് കൊണ്ടുതന്നെയായിരുന്നു. തിരുവനന്തപുരം സിറ്റിയിൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിനായും, പൊതുജനങ്ങളുടെ ജീവനും പൊതുസ്വത്തിനും കാവലായും സെക്രട്ടറിയേറ്റിന് മുന്നിലെ സമര മുഖങ്ങളിൽ പലപ്പോഴും പൊലീസുകാരുടെ മുന്നിലായിത്തന്നെ കമ്മിഷണർ പ്രകാശ് ഹെൽമറ്റും ധരിച്ച് ലാത്തിയുമേന്തി നിലയുറപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ സമയോചിതമായ ഇടപെടലുകളും സമരക്കാരുമായുള്ള ചർച്ചകളുമൊക്കെത്തന്നെയാണ് പ്രശ്‌നങ്ങൾ രൂക്ഷമാവാതിരുന്നതിന് കാരണം.

നഗരത്തിലെ വർദ്ധിച്ചുവരുന്ന ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി, തലസ്ഥാന നഗരിയിൽജാഥകളും പ്രകടനങ്ങളും രാവിലെ 11 മണിമുതൽ ഉച്ചക്ക് ഒരു മണി വരെ മാത്രമേ അനുവദിച്ചിരുന്നുള്ളൂ. പ്രകടനങ്ങളും ജാഥകളും ധർണകളും നടത്താൻ സിറ്റി പൊലീസിന്റെ അനുവാദം മുൻകൂട്ടി വാങ്ങണമെന്നും റോഡ് മുഴുവനായി കയ്യടക്കി ജാഥകളും പ്രകടനങ്ങളും പാടില്ല എന്നും, ജാഥ നടത്തുന്ന റോഡുകളിൽ വാഹനങ്ങൾക്ക് പാർക്കിങ് അനുവദിക്കില്ല എന്നും കമ്മിഷണർ മുന്നറിയിപ്പ് നൽകിയിരുന്നു. അന്താരാഷ്ട്ര വിപണിയിൽ പല കോടിക്കണക്കിന് രൂപ വില വരുന്ന കേരളത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടകൾ നടത്താനും പ്രകാശിന് കഴിഞ്ഞു.

സാമൂഹ്യമാധ്യമങ്ങളിലൂടെ കലാപത്തിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള വോയിസ് മെസേജുകളും ഫേസ് ബുക്ക് പോസ്റ്റുകളും പ്രചരിപ്പിക്കുന്നവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും, വിദേശ രാജ്യങ്ങളിൽനിന്ന് ഇപ്രകാരം കലുഷിതമായ മെസേജുകൾ സൃഷ്ടിച്ച് പ്രചരിപ്പിക്കുന്നവരുടെ വിവരങ്ങൾ സൈബർ സെൽ വഴി ശേഖരിച്ച് പാസ്‌പോർട്ട് റദ്ദാക്കി അവരെ തിരികെ നാട്ടിൽ എത്തിക്കാനും പ്രകാശ് നടപടികളെടുത്തു. ക്ലാസ്സിൽ കയറാതെ സിനിമകളും കണ്ട്, ടിക് ടോക് വിഡിയോകളും പിടിച്ചു നടക്കുന്ന വിദ്യാർത്ഥികളെ തിയേറ്ററുകളിലും പാർക്കുകളിലും വീഡിയോ ഗെയിം ക്ലബുകളിലും നിന്നുമൊക്കെ കണ്ടെത്തി രക്ഷിതാക്കളെ ഏൽപ്പിക്കുക വഴി പൊലീസിന്റെ കണ്ണുകൾ അക്ഷര മുറ്റങ്ങളിലെത്തിച്ചതും പ്രകാശായിരുന്നു. കുട്ടികളിൽ ട്രാഫിക് സംസ്‌കാരം വളർത്താനും അപകടങ്ങൾ കുറയ്ക്കാനും ലക്ഷ്യമിട്ട് കമ്മീഷണർ രക്ഷാധികാരിയായി സ്‌കൂളുകളിൽ ട്രാഫിക് ക്ലബ്ബുകൾ തുടങ്ങി. അങ്ങനെ സ്‌കൂൾ പരിസരത്ത് രാവിലെയും വൈകിട്ടും കാൽ മണിക്കൂർ കുട്ടികൾ ഗതാഗതം നിയന്ത്രിക്കുന്നതിന് തുടക്കമായി.

തിരുവനന്തപുരം സിറ്റി പൊലീസ് യൂണിറ്റിലെ പൊലീസ് കമ്മീഷണറുടെ കാര്യാലയം മാത്രമല്ല, മുഴുവൻ പൊലീസ് സ്റ്റേഷനുകളെയും, സർക്കിൾ ഓഫീസുകളെയും, സബ് ഡിവിഷണൽ ഓഫീസുകളെയും, പൊലീസ് കൺട്രോൾ റൂം, ഷാഡോ പൊലീസ്, പിങ്ക് പൊലീസ്, സൈബർസെൽ, ഡിസ്ട്രിക്ട് സ്‌പെഷ്യൽ ബ്രാഞ്ച്, ഡിസ്ട്രിക്ട് ക്രൈം ബ്രാഞ്ച്, നാർകോട്ടിക് സെൽ, പബ്ലിക് വിൻഡോ സിസ്റ്റം, എ ആർ ക്യാംപ്, എം റ്റി ഓഫീസ്, കോവളം ടൂറിസം പൊലീസ്, വിഴിഞ്ഞം കോസ്റ്റൽ സ്റ്റേഷൻ, ട്രാഫിക് സ്റ്റേഷൻ, വനിതാ സെൽ, വനിതാ പൊലീസ് സ്റ്റേഷൻ, ടെലി കമ്മ്യൂണിക്കേഷന്റെ സിറ്റി ഡി സി എം യു വിഭാഗം, ആശ്വാരൂട സേന, ഡോഗ് സ്‌ക്വാഡ്, എന്നിയുടെയെല്ലാം പ്രവർത്തനം അദ്ദേഹം ഊർജിതപ്പെടുത്തുകയും കാര്യക്ഷമമാക്കുകയും ചെയ്തു. പൊലീസ് സ്റ്റേഷനിലും സർക്കിൾ ഓഫീസിലും സബ് ഡിവിഷണൽ ഓഫീസിലുമൊക്കെ കയറിയിറങ്ങിയിട്ടും തങ്ങളുടെ പരാതിക്ക് പരിഹാരം കിട്ടാത്തതുകൊണ്ടാണ് പൊതുജനങ്ങൾ കമ്മീഷണർക്ക് പരാതി നൽകുന്നതെന്നും പരാതികളിൽ കഴമ്പുണ്ടെങ്കിൽ അവർക്ക് എത്രയും വേഗം നീതി ലഭിക്കുന്നതിനായി തക്കതായ നടപടികൾ സ്വീകരിക്കണമെന്ന് തന്റെ അധികാര പരിധിയിലുള്ള എല്ലാ പൊലീസ് ഓഫീസർമാരോടും അദ്ദേഹം കർശനമായി നിർദ്ദേശിച്ചിരുന്നു.

ഒരു ഉദ്യോഗസ്ഥനെപ്പോലും ആവശ്യമില്ലാതെ ഉപദ്രവിക്കുകയോ, പണിഷ്‌മെന്റ് നൽകുകയോ ചെയ്തിരുന്നില്ല. അനാവശ്യമായി വ്യക്തി വിരോധം തീർക്കാനോ, രാഷ്ട്രീയ-വർഗീയ വൈരത്തിന്റെ ഭാഗമായോ ഒരു പൊലീസുകാരനെതിരെയും സ്‌പെഷ്യൽ റിപ്പോർട്ട് അയച്ച് പി ആർ എടുക്കണമെന്ന് റെക്കമെന്റ് ചെയ്യരുതെന്നും പൊലീസ് ഓഫീസർമാരോട് അദ്ദേഹം നിഷ്‌കർഷിച്ചിരുന്നു. അതുകൊണ്ടുതന്നെ കഴിഞ്ഞ ഒന്നരക്കൊല്ലമായി പണിഷ്‌മെന്റുകളുടെ എണ്ണവും തുലോം കുറവാണ്. മാത്രവുമല്ല, എല്ലാ ഉദ്യോഗസ്ഥരും അച്ചടക്ക സേനയിലെ അംഗങ്ങൾ എന്ന നിലയ്ക്ക് മാന്യമായും കൃത്യമായും ആത്മാർത്ഥതയോടെ ജോലി ചെയ്തു. സർവീസിൽനിന്നും വിരമിക്കുന്നവർക്ക് അടുത്ത മാസം തന്നെ പെൻഷൻ കിട്ടുന്ന രീതിയും, അടുത്ത മാസം തന്നെ ടെർമിനൽ സറണ്ടർ ഉൾപ്പെടെ എല്ലാ ആനുകൂല്യങ്ങളും നൽകുന്ന രീതിയുമാണ് അവലംബിച്ചുവന്നത്.

ആർക്ക് എന്ത് പരാതിയുണ്ടെങ്കിലും കമ്മീഷണറെ നേരിട്ടു കണ്ട് പരാതി ബോധിപ്പിക്കാം എന്നൊരു അവസ്ഥയുണ്ടായിരുന്നു. കഴിഞ്ഞ അഞ്ചാറ് വർഷങ്ങളായി മുടങ്ങിക്കിടന്ന എസ്‌ഐ, എഎസ്ഐ പ്രമോഷനുകൾ എന്ന സ്വപ്ന സാക്ഷാത്കാരം അക്ഷരാർത്ഥത്തിൽ യാഥാർഥ്യമാക്കിയത് പ്രകാശാണ്. മാത്രമല്ല ഫിക്‌സേഷൻ അനോമലി പരിഹരിക്കൽ, സെലെക്റ്റ് ലിസ്റ്റ് തയ്യാറാക്കൽ, യഥാസമയം ഗ്രേഡ്, ഇൻക്രിമെന്റ് തുടങ്ങിയവ അനുവദിക്കൽ എന്നീ കാര്യങ്ങളിലും അദ്ദേഹം ശ്രദ്ധാലുവായിരുന്നു. എല്ലാ മാസവും സ്റ്റാഫ് മീറ്റിങ്, സൂപ്പർവൈസറി ഓഫീസേഴ്‌സ് മീറ്റിങ്, ക്രൈം കോൺഫറൻസ്, പി ആർ റിവ്യൂ മീറ്റിങ്, സർവീസ് അദാലത്തുകൾ തുടങ്ങിയവ മുടങ്ങാതെ നടത്തി പരാതികൾ പരിഹരിച്ചിരുന്നു. എല്ലാ പൊലീസ് സ്റ്റേഷനുകളും എ ആർ ക്യാപ് തുടങ്ങി സിറ്റി യൂണിറ്റിലെ എല്ലാ പൊലീസ് ഓഫീസുകളും പൂർണമായും കമ്പ്യൂട്ടർവൽക്കരിക്കുകയും, നവീകരിക്കുകയും ചെയ്തു. പഴയ കെട്ടിടങ്ങൾ പുതുക്കിപ്പണിയാൻ പദ്ധതിയുണ്ടാക്കി.

കൺട്രോൾ റൂമിൽ തുടങ്ങിയ ഫെസിലിറ്റേഷൻ സെന്റർ, ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം കോംപ്ലെക്‌സിൽ അന്താരാഷ്ട്ര നിലവാരത്തിൽ സജ്ജമാക്കിയ സംസ്ഥാനത്തെ ആദ്യ ക്ലോറിൻരഹിത നീന്തൽകുളം തുടങ്ങിയവയുടെ ഉദ്ഘാടന വേളകൾ, കൊച്ചിയിൽ നടന്ന സൈബർസ്‌പെഷ്യൽ കോക്കൂൺ, ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിലെ സുരക്ഷാ ചുമതല, പൊലീസ് സ്മൃതിദിന പരിപാടികൾ, ഗാന്ധി ജയന്തി ശുചീകരണ യജ്ഞം അങ്ങനെ എല്ലാ മേഖലയിലും തന്റെ സജീവ സാന്നിദ്ധ്യം അദ്ദേഹം പ്രകടമാക്കിയിരുന്നു. ഓഫീസിലെ ഫയൽ വർക്കുകൾ ദ്രുതഗതിയിലാക്കുന്നതിനും, പെൻഡിങ് ഫയലുകളിന്മേൽ യുദ്ധകാലാടിസ്ഥാനത്തിൽ നടപടിയെടുത്ത് തീർപ്പ് കൽപ്പിക്കുന്നതിനും, ഓരോ സെക്ഷനുകളിലും കിട്ടുന്ന തപാലുകളിന്മേലുള്ള ജീവന്റെ തുടിപ്പ് മനസ്സിലാക്കി അതിന്മേൽ എത്രയുംവേഗം നടപടിക്രമങ്ങൾ പൂർത്തിയാക്കുന്ന കാര്യത്തിലും കഴിഞ്ഞ ഒന്നര വർഷമായി അദ്ദേഹം അശ്രാന്ത ശ്രദ്ധാലുവായിരുന്നു. പൊലീസുകാരുടെ സേവന വേതന ആവശ്യങ്ങൾ ഉടനടി പരിഹരിച്ചാൽ മാത്രമേ അവർക്ക് സന്തോഷമായി അവരിൽ നിക്ഷിപ്തമായ ക്രമസമാധാന പരിപാലന ജോലിയിൽആത്മാർഥതയോടെ ജോലി ചെയ്യാനാവൂ എന്നു മനസ്സിലാക്കിയ അദ്ദേഹം മിനിസ്റ്റീരിയൽ സ്റ്റാഫിനെ കൂടുതൽ കാര്യക്ഷമമാക്കി.

പ്രകാശ് ഏത് യൂണിറ്റിൽ പോയാലും അവിടെ പുരോഗതിയുണ്ടാവും എന്നത് സുനിശ്ചിതമാണെന്ന് സഹപ്രവർത്തകർ പറയുന്നു. എവിടെ ആയിരുന്നാലും ഇനിയും പുരോഗമനപരമായ പല കാര്യങ്ങളും ചെയ്യുന്നതിനായും, ജീവിതത്തിന്റെ അത്യുന്നതിയിലേയ്ക്ക് പറന്നുയരുന്നതിനായും അദ്ദേഹത്തിന്റെ ചിറകുകൾക്ക് ജഗദീശ്വരൻ ശക്തി പകരട്ടേ എന്നാശംസിക്കുന്നു, ഹൃദയപൂർവം പ്രാർത്ഥിക്കുന്നു- ജൂനിയർ സൂപ്രണ്ടിന്റെ പോസ്റ്റിൽ പറയുന്നു. എന്തായാലും പ്രകാശിന്റെ സ്ഥലംമാറ്റം തിരുവനന്തപുരം സിറ്റി പൊലീസിന് ഒരു തീരാനഷ്ടം തന്നെയാണ്. 2004ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ പ്രകാശ് തമിഴ്‌നാട് കോയമ്പത്തൂർ സ്വദേശിയാണ്. എം.എസ്സി അഗ്രികൾച്ചർ ബിരുദധാരിയാണ്. പൊലീസ് ആസ്ഥാനത്ത് എ.ഐ.ജി, കൊല്ലം കമ്മിഷണർ, കൊല്ലം റൂറൽ എസ്‌പി, വിജിലൻസ് എസ്‌പി, കൊച്ചി ഡി.സി.പി എന്നിങ്ങനെ വിവിധ പദവികളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ക്രമസമാധാനം, കേസന്വേഷണം, കമ്മ്യൂണിറ്റി പൊലീസിങ്, ഗതാഗതനിയന്ത്രണം എന്നീ നാലുമേഖലകളിലും ഒരേപോലെ ശ്രദ്ധിച്ചതാണ് പ്രകാശിന്റെ തൊപ്പിയിൽ പൊൻതൂവലായി മാറിയത്. സി.പി.ഒ മുതൽ കമ്മിഷണർ വരെ ഒരേമനസോടെ മികച്ച രീതിയിൽ പ്രവർത്തിക്കേണ്ടതുണ്ടെന്നും അതിനാൽ സേനയെ ഒത്തൊരുമയോടെ മുന്നോട്ടു നയിക്കുകയുമായിരുന്നെന്നും പ്രകാശ് പറയുന്നു. ഉദ്യോഗസ്ഥർക്കിടയിൽ നല്ല രീതിയിലുള്ള ഏകോപനമുണ്ടാക്കാനായി. മികച്ച പൊലീസിങ് ഉറപ്പാക്കുകയായിരുന്നു ലക്ഷ്യം. അത് നിറവേറി. പൊലീസ് എന്നത് ഒരു വ്യക്തിയല്ല. ഇനി പുതിയ ദൗത്യമേൽക്കുന്നു- പ്രകാശ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP