Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

യുവതികളെത്തിയത് സുപ്രീംകോടതിവിധിയുടെ പശ്ചാത്തലത്തിൽ; നാടിനെ നടുക്കി അക്രമം കാട്ടിയത് ആർ എസ് എസും; ബസ് തടഞ്ഞതും പൊതുമുതൽ കത്തിച്ചതും പരിവാറുകാർ; തിരിച്ചറിഞ്ഞ 10,024 പ്രതികളിൽ 9193 പേരും ആർഎസ്എസ്; നെടുമങ്ങാട്ടെ പ്രചാരകന്റെ ബോംബേറിന്റെ വീഡിയോയയും ഗവർണ്ണർക്ക്; റിപ്പോർട്ട് ചോദിച്ചത് പിരിച്ചുവിടൽ ചർച്ചകളിലേക്ക് കാര്യങ്ങളെത്തിക്കാൻ; ബിജെപിക്കാരെ ക്രിമിനലുകളാക്കി വിശദീകരിച്ചപ്പോൾ പണികിട്ടിയത് മോദി സർക്കാരിനും: ശബരിമലയിൽ പിണറായി സേഫ്

യുവതികളെത്തിയത് സുപ്രീംകോടതിവിധിയുടെ പശ്ചാത്തലത്തിൽ; നാടിനെ നടുക്കി അക്രമം കാട്ടിയത് ആർ എസ് എസും; ബസ് തടഞ്ഞതും പൊതുമുതൽ കത്തിച്ചതും പരിവാറുകാർ; തിരിച്ചറിഞ്ഞ 10,024 പ്രതികളിൽ 9193 പേരും ആർഎസ്എസ്; നെടുമങ്ങാട്ടെ പ്രചാരകന്റെ ബോംബേറിന്റെ വീഡിയോയയും ഗവർണ്ണർക്ക്; റിപ്പോർട്ട് ചോദിച്ചത് പിരിച്ചുവിടൽ ചർച്ചകളിലേക്ക് കാര്യങ്ങളെത്തിക്കാൻ; ബിജെപിക്കാരെ ക്രിമിനലുകളാക്കി വിശദീകരിച്ചപ്പോൾ പണികിട്ടിയത് മോദി സർക്കാരിനും: ശബരിമലയിൽ പിണറായി സേഫ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തെത്തുടർന്നുണ്ടായ ഹർത്താൽ ദിനത്തിലെ അക്രമസംഭവങ്ങളെക്കുറിച്ച് കേന്ദ്ര സർക്കാർ റിപ്പോർട്ട് ആവശ്യപ്പെട്ടത് പിണറായി സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താനായിരുന്നു. സംസ്ഥാന സർക്കാരിനെ പിരിച്ചു വിടുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായും വിലയിരുത്തി. പന്തളത്തെ ശബരിമല കർമ്മ സമിതിക്കാരന്റെ മരണവും മറ്റും ചർച്ചയാക്കുന്ന തരത്തിലായിരുന്നു മോദി സർക്കാരിന്റെ ഇടപെടൽ. എന്നാൽ ബിജെപിയെ തന്ത്രപരമായ റിപ്പോർട്ടാണ് പിണറായി സർക്കാർ നൽകി. ബിജെപിയേയും ആർ എസ് എസിനേയും വെട്ടിലാക്കുന്നതാണ് റിപ്പോർട്ട്. അക്രമങ്ങൾക്ക് ഉത്തരവാദി സംഘപരിവാറാണെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടിൽ വീഡിയോ ചിത്ര തെളിവുകളും ഉണ്ട്.

അക്രമങ്ങൾ തടയാൻ സ്വീകരിച്ച നടപടികളെക്കുറിച്ചും ഗവർണർ പി. സദാശിവത്തിന് മുഖ്യമന്ത്രി റിപ്പോർട്ട് നൽകി. പ്രതിഷേധങ്ങൾക്കിടെ അക്രമം കാട്ടിയവർക്കെതിരേ രാഷ്ട്രീയം നോക്കാതെ ശക്തമായ നടപടിയെടുക്കുമെന്ന് ഗവർണറെ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. വ്യാഴാഴ്ച രാത്രി ഏഴരയ്ക്ക് ഗവർണറുടെ വസതിയിൽ നേരിട്ടെത്തിയാണ് മുഖ്യമന്ത്രി റിപ്പോർട്ട് കൈമാറിയത്. അരമണിക്കൂറോളം നീണ്ട ചർച്ചയിൽ സംസ്ഥാനത്തെ ക്രമസമാധാന നിലയെക്കുറിച്ചും അക്രമങ്ങൾ തടയാൻ സ്വീകരിച്ച നടപടികളെക്കുറിച്ചും മുഖ്യമന്ത്രി വിശദീകരിച്ചതായി ഗവർണർ ട്വിറ്ററിലൂടെ അറിയിച്ചു. അക്രമങ്ങളുടെ ദൃശ്യങ്ങളും പ്രതികളുടെ ചിത്രങ്ങളും അവരുടെ രാഷ്ട്രീയബന്ധവും വിശദീകരിക്കുന്ന റിപ്പോർട്ട്. ഇത്തരത്തിലൊരു റിപ്പോർട്ട് സാധാരണ ഗതിയിൽ ഗവർണ്ണർക്ക് പിണറായി നേരിട്ട് നൽകേണ്ട ആവശ്യമില്ല. എ്ന്നിട്ടും മുഖ്യമന്ത്രി നേരിട്ടെത്തി. ഗവർണ്ണറെ ആദരിക്കുന്ന തന്ത്രപരമായ നിലപാടായി അതും.

സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധിയുടെ ഭാഗമായി യുവതികൾ ശബരിമലയിൽ ദർശനം നടത്തുന്ന സ്ഥിതി ഉണ്ടായതിനെത്തുടർന്നു സംസ്ഥാനത്ത് സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയിട്ടുള്ള അക്രമങ്ങളെക്കുറിച്ചു വിശദമായ റിപ്പോർട്ടാണു മുഖ്യമന്ത്രി കൈമാറിയത്. വിധി പുറപ്പെടുവിച്ചതു മുതൽ സംസ്ഥാനത്തുണ്ടായ ആസൂത്രിതമായ അക്രമ പരമ്പരയെക്കുറിച്ചും ശബരിമലയിൽ വിവിധ തീർത്ഥാടന സമയങ്ങളിൽ നട തുറന്നപ്പോൾ നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ നടന്ന അതിക്രമങ്ങളെക്കുറിച്ചും ഭക്തരായ സ്ത്രീകൾക്ക് നേരെ നടന്ന അക്രമങ്ങളെക്കുറിച്ചുമുള്ള വിശദാംശങ്ങൾ റിപ്പോർട്ടിലുണ്ട്.

ശബരിമലയിലും വിവിധ പ്രദേശങ്ങളിലുമായി നടന്ന അക്രമ സംഭവങ്ങൾ സംബന്ധിച്ച് 2012 കേസുകൾ രജിസ്റ്റർ ചെയ്തു. അതിൽ 10,561 പേരെ തിരിച്ചറിഞ്ഞു. ഇവരിൽ സംഘപരിവാർ സംഘടനകളിൽപെട്ടവർ 9489 -ഉം മറ്റുള്ളവർ 1072- ഉം ആണ്. ഹർത്താലുമായി ബന്ധപ്പെട്ടു മാത്രമുണ്ടായ വിവിധ അക്രമ സംഭവങ്ങളിൽ 1137 കേസുകൾ രജിസ്റ്റർ ചെയ്തു. 10,024 പ്രതികളെ തിരിച്ചറിഞ്ഞു. ഇവരിൽ 9193 പേർ(92 ശതമാനം ) സംഘപരിവാർ പ്രവർത്തകരാണ്. മറ്റു സംഘടനകളിൽ പെടുന്നവർ 831. അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യാനെത്തിയ 17 മാധ്യമപ്രവർത്തകർക്ക് സാരമായി പരിക്കേറ്റു. ഇതുമായി ബന്ധപ്പെട്ട് ഏഴു പൊലീസ് സ്റ്റേഷനുകളിലായി 15 പേർ അറസ്റ്റിലായി. മൂന്നിനു നടന്ന ഹർത്താൽ ദിനത്തിൽ മാത്രമുണ്ടായ നഷ്ടം 2.32 കോടി രൂപയുടേതാണ്. ഇതു സംബന്ധിച്ച കണക്കും കൈമാറിയിട്ടുണ്ട്.

വർഗീയ ധ്രുവീകരണമുണ്ടാക്കാനുള്ള ഗൂഢാലോചനകളും ഇതോടൊപ്പം ഉണ്ടായെന്ന് റിപ്പോർട്ടിൽ പറയുന്നു. അക്രമങ്ങളുടെ ചിത്രങ്ങളും മതസ്പർധ വളർത്തുന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ച കാര്യങ്ങളും അടങ്ങിയ സി.ഡി.കളും നൽകിയിട്ടുണ്ട്. നിലയ്ക്കലും പമ്പയിലും മാധ്യമ പ്രവർത്തകർക്കു നേരിടേണ്ടിവന്ന മർദനങ്ങളും പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇതിനെല്ലാം പിന്നിൽ ആർ എസ് ആണെന്ന് വിശദീകരിക്കുകയാണ് പിണറായി സർക്കാർ. ഇതോടെ ഈ റിപ്പോർട്ടിന്മേൽ കേന്ദ്ര സർക്കാരിന് ഒന്നും ചെയ്യാനാവാത്ത അവസ്ഥയുണ്ടായി. ഈ വിഷയത്തിൽ മുഖ്യമന്ത്രിയിൽനിന്ന് ഗവർണർ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഗവർണർ കേന്ദ്രത്തിന് വിശദമായ റിപ്പോർട്ട് നൽകും. പ്രളയബാധിത മേഖലകളിലെ പുനരധിവാസ നടപടികളെക്കുറിച്ചും ചർച്ച നടത്തിയതായി രാജ്ഭവൻ അറിയിച്ചു.

28.09.2018ന് സുപ്രീംകോടതി വിധി വന്നശേഷം സമർപ്പിച്ച വിവിധ ഹർജികൾ ജനുവരി 22ന് കേൾക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കുമ്പോൾ അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം 28.09.2018 ലെ വിധിക്കു യാതൊരു സ്റ്റേയുമില്ലെന്നു വ്യക്തമാക്കിയിരുന്നുവെന്ന കാര്യം സൂചിപ്പിക്കുകയുണ്ടായി. അതുകൊണ്ട് കൂടിയാണ് പ്രായഭേദമന്യേ സ്ത്രീകൾ ശബരിമല ദർശനത്തിന് എത്തിയത്. 03.01.2019 ലെ ഹർത്താൽ ദിനത്തിൽ മാത്രമുണ്ടായ നഷ്ടം 2.32 കോടി രൂപയുടേതാണ്. ഇത് സംബന്ധിച്ച കണക്കും കൈമാറി. അരമണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയിൽ, പൊതുസ്വകാര്യ സ്വത്തുക്കൾക്കുണ്ടായ നഷ്ടം മുഖ്യമന്ത്രി വിശദമാക്കി.

ഹർത്താലിലുണ്ടായ അനിഷ്ട സംഭവങ്ങളെക്കുറിച്ച് ഗവർണർ ജനുവരി മൂന്നിനാണ് റിപ്പോർട്ട് തേടിയത്. പരമാവധി പ്രതികളെ പിടികൂടും വരെ റിപ്പോർട്ട് വൈകിച്ചു. നെടുമങ്ങാട് പൊലീസ് സ്‌റ്റേഷന് ബോംബ് എറിയുന്ന സംഘപരിവാർ നേതാവിനെ കുറിച്ചും റിപ്പോർട്ടിലുണ്ട്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP