Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആർപിഎഫിനെ ഇറക്കിയുള്ള കേസെടുക്കലിൽ സിപിഎം വീണു; ജയിലിൽ പോകാൻ ശിവൻകുട്ടിക്കും ആനാവൂരിനും മനസ്സില്ല; തിരുവനന്തപുരത്ത് ബിജെപിക്കാരുമായി സമവായത്തിലെത്തിയെന്ന് റിപ്പോർട്ട്; ഹർത്താൽ-പണിമുടക്ക് അക്രമങ്ങളിൽ നേതാക്കളെ ഒഴിവാക്കാൻ തീരുമാനം; പൊതു-സ്വകാര്യമുതൽ നശീകരണ കേസുകൾ കുടുക്കാകുക അണികൾക്ക് മാത്രം; കളി കാര്യമായപ്പോൾ കൊടിയുടെ നിറം മറന്ന് നേതാക്കൾ ഒറ്റക്കെട്ടായി

ആർപിഎഫിനെ ഇറക്കിയുള്ള കേസെടുക്കലിൽ സിപിഎം വീണു; ജയിലിൽ പോകാൻ ശിവൻകുട്ടിക്കും ആനാവൂരിനും മനസ്സില്ല; തിരുവനന്തപുരത്ത് ബിജെപിക്കാരുമായി സമവായത്തിലെത്തിയെന്ന് റിപ്പോർട്ട്; ഹർത്താൽ-പണിമുടക്ക് അക്രമങ്ങളിൽ നേതാക്കളെ ഒഴിവാക്കാൻ തീരുമാനം; പൊതു-സ്വകാര്യമുതൽ നശീകരണ കേസുകൾ കുടുക്കാകുക അണികൾക്ക് മാത്രം; കളി കാര്യമായപ്പോൾ കൊടിയുടെ നിറം മറന്ന് നേതാക്കൾ ഒറ്റക്കെട്ടായി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ നടന്ന ഹർത്താൽ, തൊഴിലാളി സംഘടനകളുടെ സംയുക്ത ദേശീയപണിമുടക്ക് എന്നിവയോടനുബന്ധിച്ചു നടന്ന അക്രമങ്ങളിൽ നേതാക്കളാരും പ്രതികളാകില്ല. അക്രമ കേസുകളിൽ നിന്ന് സംഘപരിവാർ, ഇടതുനേതാക്കളെ പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കും. തിരുവനന്തപുരത്താണ് ഇത് പ്രധാനമായും നടപ്പാക്കുക. സിപിഎമ്മും ബിജെപിയും തമ്മിൽ ഇതിനുള്ള രഹസ്യധാരണയായെന്ന് മംഗളമാണ് റിപ്പോർട്ട് ചെയ്യുന്നത്. എസ് ബി ഐ ആക്രമണകേസിൽ ഉൾപ്പെടെ പ്രധാന സിപിഎം നേതാവിനെ ഒഴിവാക്കും.

പൊതുമുതൽ നശീകരണം ഗൗരവമായെടുക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചതും സ്വകാര്യസ്വത്ത് നശീകരണത്തിനെതിരേ ഓർഡിനൻസ് കൊണ്ടുവരാൻ സംസ്ഥാനസർക്കാർ തീരുമാനിച്ചതും നേതാക്കൾക്കു കുരുക്കായി. സമരങ്ങളുടെ മറവിൽ സ്വകാര്യസ്വത്തുക്കൾ നശിപ്പിക്കുന്നവരെ ജാമ്യമില്ലാക്കുറ്റം ചുമത്തി അകത്തിടാൻ തീരുമാനിച്ച മുഖ്യമന്ത്രി പിണറായി വിജയനു പക്ഷേ ആദ്യ ഇരകളായി കിട്ടിയതു സിപിഎമ്മുകാരെയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കച്ചകെട്ടിയവർക്കെതിരെയും കേസുകൾ വന്നതോടെയാണു സമവായത്തിനു ധാരണയായതെന്ന് മംഗളം പറയുന്നു.

ദേശീയപണിമുടക്കിന്റെ പേരിൽ തിരുവനന്തപുരത്ത് എസ്.ബി.ഐ. ശാഖ അടിച്ചുതകർത്ത കേസിൽ രണ്ട് എൻ.ജി.ഒ. യൂണിയൻ നേതാക്കളാണ് ആദ്യപ്രതികൾ. പണിമുടക്കിനു ട്രെയിൻ തടഞ്ഞവർക്കെതിരേ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും (ആർ.പി.എഫ്) വ്യാപകമായി കേസെടുത്തു. ഇതിന് പിന്നിൽ ബിജെപി ഇടപെടലുണ്ടെന്നാണ് സിപിഎം വിലയിരുത്തൽ. ഈ കേസുകളിൽ എൽ.ഡി.എഫിലെയും യു.ഡി.എഫിലെയും പല നിയുക്ത സ്ഥാനാർത്ഥികളും പ്രതികളായതോടെയാണ് അനുരഞ്ജനനീക്കം സജീവമായത്. ശബരിമല ഹർത്താലിനോടനുബന്ധിച്ച അക്രമങ്ങളിൽ ബിജെപിയുടെ 25 സംസ്ഥാനഭാരവാഹികൾക്കെതിരേ പൊലീസ് കേസെടുത്തിരുന്നു. ഇതേത്തുടർന്നാണു പണിമുടക്കിനു ട്രെയിൻ തടഞ്ഞവർക്കെതിരേ ബിജെപി. സമ്മർദപ്രകാരം ആർ.പി.എഫ്. കേസെടുത്തത്.

റെയിൽവേ വകുപ്പ് കേന്ദ്രസർക്കാരിനു കീഴിലാണ്. മൂന്നുവർഷം തടവുൾപ്പെടെ ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തിയാണ് ആർ.പി.എഫ്. കേസുകൾ. ട്രെയിൻ ഗതാഗതം തടസപ്പെടുത്തിയതിനു 174-ാം വകുപ്പുപ്രകാരം ശിക്ഷിക്കപ്പെട്ടാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലായി 49 ട്രെയിനുകളാണു രണ്ടു ദിവസങ്ങളിലായി തടഞ്ഞത്. മിനിറ്റിന് 400 രൂപ വീതം പിഴ ഈടാക്കാനും നീക്കമുണ്ടായി. സിപിഎം. സംസ്ഥാനസമിതിയംഗം വി. ശിവൻകുട്ടി, തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ തുടങ്ങി എൽ.ഡി.എഫിലെയും യു.ഡി.എഫിലെയും 130 പ്രമുഖർക്കെതിരേ പണിമുടക്ക് അക്രമങ്ങളുടെ പേരിൽ കേസെടുത്തിട്ടുണ്ട്.

ജാമ്യമെടുത്തില്ലെങ്കിൽ ജയിലിൽ പോകേണ്ടിവരുമെന്നതിനാൽ നേതൃത്വങ്ങൾ തമ്മിൽ ധാരണയിലായി. ജില്ലാനേതാക്കൾ ഇന്നലെ നടത്തിയ പ്രാഥമികചർച്ച വിജയമായതോടെ ഇന്നുമുതൽ സംസ്ഥാനനേതാക്കളുടെ ഇടപെടലുണ്ടാകും. ശബരിമല പ്രക്ഷോഭത്തിൽ പങ്കാളിയായ കെ. സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കളുടെ കാര്യത്തിൽ കടുത്തനടപടിക്കു മറുപക്ഷം ഇനി മുതിരില്ലെന്നാണ് മംഗളം റിപ്പോർട്ട് ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP