Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ടി ഒ സൂരജിന് റിലയൻസുമായി എന്താണ് ബന്ധം? 4ജി നെറ്റ് വർക്കിന് കേബിളിടാൻ കേന്ദ്ര മാനദണ്ഡങ്ങൾ കാറ്റിൽപറത്തി ദേശീയപാത വെട്ടിപ്പൊളിക്കാനുള്ള അനുമതി നൽകിയതിലും അഴിമതി; ഭൂമി തട്ടിപ്പ് കേസിൽ നിന്ന് സൂരജ് ഊരിയതെങ്ങനെ? കൺസ്ട്രക്ഷൻ കോർപറേഷനിലെ 1000 കോടി അഴിമതി അന്വേഷണം എങ്ങനെ ആവിയായി? ഉത്തരം കിട്ടാൻ ചോദ്യങ്ങൾ നിരവധി; ഗുരുതര കൊള്ളയടിയിൽ നിന്നും സൂരജിനെ രക്ഷിച്ചത് ലീഗിലെ ഉന്നതനും ഐ.എ.എസ് ലോബിയും

ടി ഒ സൂരജിന് റിലയൻസുമായി എന്താണ് ബന്ധം? 4ജി നെറ്റ് വർക്കിന് കേബിളിടാൻ കേന്ദ്ര മാനദണ്ഡങ്ങൾ കാറ്റിൽപറത്തി ദേശീയപാത വെട്ടിപ്പൊളിക്കാനുള്ള അനുമതി നൽകിയതിലും അഴിമതി; ഭൂമി തട്ടിപ്പ് കേസിൽ നിന്ന് സൂരജ് ഊരിയതെങ്ങനെ? കൺസ്ട്രക്ഷൻ കോർപറേഷനിലെ 1000 കോടി അഴിമതി അന്വേഷണം എങ്ങനെ  ആവിയായി? ഉത്തരം കിട്ടാൻ ചോദ്യങ്ങൾ നിരവധി; ഗുരുതര കൊള്ളയടിയിൽ നിന്നും സൂരജിനെ രക്ഷിച്ചത് ലീഗിലെ ഉന്നതനും ഐ.എ.എസ് ലോബിയും

പി വിനയചന്ദ്രൻ

കൊച്ചി: അനധികൃത സ്വത്തു സമ്പാദനക്കേസിൽ കുടുങ്ങിയെങ്കിലും ഗുരുതരമായ രണ്ട് കേസുകളിൽ നിന്ന് സൂരജിനെ മുസ്ലിംലീഗിലെ ഒരു പ്രമുഖനും ഐ.എ.എസ് ലോബിയും ചേർന്ന് രക്ഷിച്ചു. റിലയൻസിന് 4ജി സേവനമൊരുക്കാൻ റോഡുകൾ വെട്ടിപ്പൊളിച്ച് സംസ്ഥാനത്തുടനീളം കേബിളിടാൻ നൽകിയ അനുമതിയായിരുന്നു അതിലൊന്ന്. രണ്ടാമത്തേത് കുപ്രസിദ്ധമായ കളമശേരി ഭൂമിതട്ടിപ്പു കേസും. പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെയാണ് റിലയൻിസിന് അനുകൂലമായ ഉത്തരവ് സൂരജ് ഇറക്കിയതെന്നാണ് അന്ന് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നത്. നാലാംതലമുറ ടെലികോം സേവനമായ 4ജിക്കായി സംസ്ഥാനത്തുടനീളം കേബിളുകൾ സ്ഥാപിക്കാൻ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ജിയോഇൻഫോകോമിന് അനുമതിനൽകി പൊതുമരാമത്ത് വകുപ്പ് ഉത്തരവിറക്കിയിരുന്നു.

ദേശീയപാതകളടക്കം വെട്ടിപ്പൊളിക്കാൻ കേന്ദ്രഉപരിതലഗതാഗത മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങൾ പാലിക്കാതെയായിരുന്നു ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവിൽ ക്രമക്കേടുകളുണ്ടെന്ന് കണ്ടെത്തി മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി റദ്ദാക്കുകയായിരുന്നു. ലീഗിലെ ഒരു പ്രമുഖനാണ് റിലയൻസിനു വേണ്ടി ഈ ഉത്തരവിറക്കി നൽകാൻ ചരടുവലിച്ചത്. കേരളത്തിൽ 4ജി കേബിൾശൃംഖല സ്ഥാപിക്കാൻ രണ്ടായിരംകോടി രൂപയാണ് റിലയൻസ് മുടക്കിയത്. കൊച്ചി, കോഴിക്കോട്, കണ്ണൂർ, തൃശൂർ, കൊല്ലം, കോട്ടയം എന്നിവിടങ്ങളിൽ 4ജിക്കുള്ള റിലയൻസിന്റെ പദ്ധതിയുടെ സുപ്രധാനരേഖകൾ വിജിലൻസ് പിടിച്ചെടുത്തിരുന്നു. സെക്രട്ടേറിയറ്റിലെ സൂരജിന്റെ ഓഫീസിൽനിന്ന് പൊതുമരാമത്ത് പണികളുടെ കരാർ നൽകിയതിന്റേതടക്കമുള്ള 42രേഖകളാണ് വിജിലൻസ് പിടിച്ചെടുത്തതെങ്കിലും ഉന്നത സമ്മർദ്ദം കാരണം തുടരന്വേഷണം ഒതുക്കപ്പെട്ടു.

കളമശേരി ഭൂമിതട്ടിപ്പുകേസിൽ സൂരജിന്റെ പങ്ക് പ്രത്യേകമായി അന്വേഷിക്കണമെന്ന് വിജിലൻസ് ഉപമേധാവിയായിരുന്ന ജേക്കബ്‌തോമസ് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഭൂമിതട്ടിപ്പുകേസിൽ മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഗൺമാനായിരുന്ന സലിംരാജിനെ നേരത്തേ വിജിലൻസ് ചോദ്യംചെയ്തപ്പോൾ ലാൻഡ് റവന്യൂ കമ്മിഷണറായിരുന്ന സൂരജിന്റെ ഇടപെടലുകളെക്കുറിച്ച് വ്യക്തമായിരുന്നെങ്കിലും പിന്നീട് ഉന്നതസ്വാധീനത്താൽ ഒതുക്കി. എറണാകുളം കളമശേരി തൃക്കാക്കര നോർത്ത് വില്ലേജിലെ പത്തടിപ്പാലം സ്വദേശി എൻ.എ. ഷറീഫയുടെ 25 കോടി വിലയുള്ള ഭൂമി തട്ടിയെടുക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട കേസിൽ നേരത്തേ സൂരജിനെ ഹൈക്കോടതി അതിരൂക്ഷമായി വിമർശിച്ചിരുന്നു. സൂരജിന്റെ നേതൃത്വത്തിൽ ലാൻഡ് റവന്യൂകമ്മിഷണറേറ്റിലെ 13 ഉദ്യോഗസ്ഥരാണ് കളമശേരി ഭൂമിയിടപാടിന്റെ ഫയലുകൾ കൈകാര്യംചെയ്തത്. ഭൂമിയുടെ തണ്ടപ്പേര് മാറ്റം സംബന്ധിച്ച് നൽകിയ പരാതിയിന്മേലും തുടർന്നും 2012 ഓഗസ്റ്റ് രണ്ടു മുതൽ 2013 ഓഗസ്റ്റ് 21 വരെ ഫയൽ കൈകാര്യം ചെയ്തത് സൂരജാണ്.

തണ്ടപ്പേര് റദ്ദാക്കിക്കൊണ്ട് സൂരജ് ഇറക്കിയ ഉത്തരവാണ് എല്ലാക്രമക്കേടുകൾക്കും കാരണമായതെന്നാണ് പിന്നീട് കേസന്വേഷിച്ച സിബിഐ നിഗമനത്തിലെത്തിിയത്. ഭൂമിയുടെ ഉടമസ്ഥത തീരുമാനിക്കേണ്ടത് സിവിൽകോടതിയാണെന്നിരിക്കേ സൂരജ് അധികാരദുർവിനിയോഗം നടത്തുകയായിരുന്നു. ലാൻഡ് റവന്യൂ കമ്മിഷണറുടെ ഇടപെടലാണ് ക്രമക്കേടുകൾക്ക് തുടക്കമിട്ടതെന്ന് ഹൈക്കോടതി ഡിവിഷൻബഞ്ച് വിമർശിച്ചിരുന്നു. ലാൻഡ് റവന്യൂ കമീഷണർ ഓഫിസിലെ ഉദ്യോഗസ്ഥയായ സലിംരാജിന്റെ ഭാര്യയുടെ സഹായത്തോടെയാണ് തണ്ടപ്പേര് മാറ്റിയതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നത്. കളമശേരി പൊലീസ് സ്റ്റേഷനിൽ ക്രൈംനന്പർ 1646-2013 ആയി രജിസ്റ്റർ ചെയ്തകേസിൽ വിജിലൻസ് അന്വേഷണം നടത്താതെ സൂരജിനെ ഭരണത്തിലെ ഉന്നതർ സംരക്ഷിക്കുകയാരുന്നു.

സൂരജിനെതിരെ മൊഴികളുണ്ടായിട്ടും കളമശേരി പൊലീസിന്റെ എഫ്.ഐ.ആറിൽ ഉൾപ്പെടുത്തിയതുമില്ല. ഐ.എ.എസുകാരനടക്കം റവന്യു ഉദ്യോഗസ്ഥരുള്ള കേസുകളായതിനാൽ വിദഗ്ദ്ധ അന്വേഷണത്തിന് വിജിലൻസ് നടത്തണമെന്നും രേഖകൾ നശിപ്പിക്കപ്പെടാതിരിക്കാൻ വിജിലൻസ് എത്രയുംവേഗം അവ പിടിച്ചെടുക്കണമെന്നുമുള്ള ഡി.ജി.പിയുടെ ശുപാർശയും തള്ളിക്കളഞ്ഞാണ് അന്ന് സൂരജിനേയും കൂട്ടരേയും യു.ഡി.എഫ് സർക്കാർ സംരക്ഷിച്ചത്. പിന്നീട് കടകംപള്ളി ഭൂമിതട്ടിപ്പിലെ പ്രധാന വിലയാധാരത്തിന്റെ പകർപ്പ് സലിംരാജിന്റെ ക്വാർട്ടേഴ്‌സിൽ നിന്ന് സിബിഐ പിടിച്ചെടുത്തിരുന്നു.

സംസ്ഥാന കൺസ്ട്രക്ഷൻ കോർപറേഷൻ ചെയർമാനായിരിക്കേ കരാർനൽകുന്നതിലടക്കം സൂരജ് നടത്തിയ ക്രമക്കേടുകളെക്കുറിച്ച് പ്രാഥമിക അന്വേഷണം നടത്താൻ വിജിലൻസ് ഡയറക്ടർ വിൻസൺ.എം.പോൾ ഉത്തരവിട്ടിരുന്നു. കരാറുകളിലും എസ്റ്റിമേറ്റ് പുതുക്കിയതിലും കാലാവധി നീട്ടിയതിലും ഉപകരാറുകൾ നൽകിയതിലുമടക്കം 1000 കോടിയിലേറെ രൂപയുടെ ഇടപാടുകളിൽ ക്രമക്കേടുകളുണ്ടെന്നാണ് വിജിലൻസ് സംശയിച്ചത്. 45ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കാൻ എറണാകുളം വിജിലൻസ് യൂണിറ്റിന് വിൻസൺ.എം.പോൾ നിർദ്ദേശംനൽകിയിരുന്നു. കൃത്യനിർവഹണത്തിന്റെ ഭാഗമായുള്ള നടപടികളിൽ മാത്രമാണ് ഉദ്യോഗസ്ഥർക്ക് സംരക്ഷണമുള്ളതെന്നും ശക്തമായി അന്വേഷിക്കണമെന്നും വിൻസൺ പോൾ പറഞ്ഞ കേസിലും സൂരജ് അനായാസേന ഊരിപ്പോവുന്നതാണ് പിന്നീട് കണ്ടത്.

പറഞ്ഞതെല്ലാം കള്ളങ്ങൾ

എറണാകുളം വിജിലൻസ് സൂപ്രണ്ടിന്റെ മേൽനോട്ടത്തിൽ ഏഴുമണിക്കൂറിലേറെനീണ്ട ചോദ്യംചെയ്യലിൽ കളവുകൾ ആവർത്തിച്ചുപറഞ്ഞെങ്കിലും ജേക്കബ്‌തോമസിന്റെ മേൽനോട്ടത്തിലെ ചോദ്യംചെയ്യലിൽ സൂരജിനെ വിജിലൻസ് പൊളിച്ചടുക്കുകയായിരുന്നു. പിടിച്ചെടുത്ത 150ലേറെ രേഖകളെക്കുറിച്ചും തൃപ്തികരമായ വിശദീകരിക്കാൻ സൂരജിന് വാദങ്ങളുണ്ടായിരുന്നില്ല. തിരുവനന്തപുരം കുന്നുകുഴിയിലെ വസതിയിൽ നിന്ന് പിടിച്ചെടുത്ത 23ലക്ഷം രൂപ വിദേശത്തുള്ള സഹോദരിയുടെ മകളുടെ വിവാഹത്തിന്റെ ഒരുക്കങ്ങൾക്കായി സൂക്ഷിച്ചതാണെന്ന് മാധ്യമങ്ങളോട് പറഞ്ഞ സൂരജ് വിജിലൻസിനോട് ഈകഥ വിഴുങ്ങി. പകരം സഹോദരിയുടെ കൊട്ടാരക്കരയിലെ സ്ഥലം വിൽപ്പനനടത്താൻ നവംബർ ആറിന് കരാറെഴുതിയപ്പോൾ ലഭിച്ച അഡ്വാൻസാണെന്നായിരുന്നു മൊഴി.

ഭൂമിവിൽപ്പനയെക്കുറിച്ചും ഇത്രയുംവലിയ തുക ബാങ്ക് വഴിയല്ലാതെ കൈമാറ്റം ചെയ്തതിനെക്കുറിച്ചുമടക്കമുള്ള ചോദ്യങ്ങൾക്കും മറുപടിയുണ്ടായില്ല. കൊച്ചിയിലെ മെഡിക്കൽ കോളേജിൽ മകന്റെ റേഡിയോളജി എം.ഡി പഠനത്തിന് 1.20കോടി ഒറ്റത്തവണയായി മുടക്കിയതിനെക്കുറിച്ചും ശന്പളത്തിനുപുറമേയുള്ള വരുമാനത്തെക്കുറിച്ചും വിശദീകരിക്കാൻ സൂരജിന് കഴിഞ്ഞില്ല. പത്തുവർഷക്കാലത്തെ സ്വത്തുക്കളേയും സന്പാദ്യത്തേയും കുറിച്ചുള്ള വിജിലൻസ് അന്വേഷണമാണ് ഇപ്പോൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 8.8 കോടിയുടെ കള്ളപ്പണം കണ്ടുകെട്ടുന്ന നടപടിയിലേക്ക് കൊണ്ടുചെന്നെത്തിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP