Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കറുത്ത സ്വർണമെന്ന് അറിയപ്പെടുന്ന കരിമണലിൽ എല്ലാം നിയന്ത്രിക്കുന്നത് കിരീടം വെക്കാത്ത വ്യവസായ രാജാക്കന്മാർ; കേരളത്തിലെ വമ്പൻ സ്രാവായ ശശിധരൻ കർത്ത പോലും എസ് വൈകുണ്ഠരാജന് മുമ്പിൽ വെറും പരൽമീൻ മാത്രം; ആലപ്പാട്ടെ കരിമണലിൽ പൊന്നു കൊയ്യുന്നവരിൽ തമിഴ്‌നാട്ടിലെ വ്യവസായ ഭീമനും കർത്തയും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളും; ആലപ്പുഴയുടെ തീരങ്ങളിൽ വീണ്ടും കണ്ണുവെച്ച് ആരെയും കൂസാത്ത ചെരിപ്പു ധരിക്കാത്ത ശതകോടീശ്വരൻ!

കറുത്ത സ്വർണമെന്ന് അറിയപ്പെടുന്ന കരിമണലിൽ എല്ലാം നിയന്ത്രിക്കുന്നത് കിരീടം വെക്കാത്ത വ്യവസായ രാജാക്കന്മാർ; കേരളത്തിലെ വമ്പൻ സ്രാവായ ശശിധരൻ കർത്ത പോലും എസ് വൈകുണ്ഠരാജന് മുമ്പിൽ വെറും പരൽമീൻ മാത്രം; ആലപ്പാട്ടെ കരിമണലിൽ പൊന്നു കൊയ്യുന്നവരിൽ തമിഴ്‌നാട്ടിലെ വ്യവസായ ഭീമനും കർത്തയും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളും; ആലപ്പുഴയുടെ തീരങ്ങളിൽ വീണ്ടും കണ്ണുവെച്ച് ആരെയും കൂസാത്ത ചെരിപ്പു ധരിക്കാത്ത ശതകോടീശ്വരൻ!

എം മനോജ് കുമാർ

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും കരിമണൽ രാഷ്ട്രീയം തിളയ്ക്കുകയാണ്. പതിറ്റാണ്ടുകളായി തുടരുന്ന കരിമണൽ ഖനനം കാരണം ആലപ്പാട് എന്ന പ്രദേശം ഇന്ത്യയുടെ മാപ്പിൽ നിന്നും തന്നെ അപ്രത്യക്ഷമാകുന്ന അവസ്ഥയാണ്. ആലപ്പാട്ടെ കരിമണൽ ഖനനത്തിന്നെതിരെ ആലപ്പാട്ടെ മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരത്തിലേക്ക് കേരളത്തിന്റെ ശ്രദ്ധ വന്നതോടെയാണ് കേരളത്തിലെ കരിമണൽ രാഷ്ട്രീയം തിളയ്ക്കാൻ തുടങ്ങുന്നത്. വെറുതെ കിടക്കുന്ന കരിമണൽ ഖനനം ചെയ്യാനും വിൽക്കാനും അനുവദിക്കില്ല. എന്തിനും ഏതിനും സമരം തന്നെ' ഈ വിലാപമാണ് കരിമണൽ ഖനനത്തിന് കേരളത്തിൽ സുവർണ അവസരം ഒരുക്കിയത്. അപ്പോഴൊന്നും കരിമണൽ ഖനനംകൊണ്ട് കേരളത്തിലെ തീരദേശങ്ങളിൽ വന്നു ഭവിക്കുന്ന പ്രശ്‌നങ്ങൾ മനസ്സിലാക്കിയിരുന്നില്ല.

ഇപ്പോൾ ഒരു തത്വദീക്ഷയുമില്ലാതെ നടത്തുന്ന ഖനനം കാരണം കേരളത്തിലെ ചില ഭൂഭാഗങ്ങൾ അപ്രത്യക്ഷമാകാനും സുനാമി പോലുള്ള പ്രതിഭാസങ്ങൾ കേരളത്തെ മതിക്കാനും തുടങ്ങിയശേഷം ഇപ്പോൾ കേരളം കരിമണൽ ഖനനത്തിനെതിരെ ചിന്തിക്കാൻ തുടങ്ങുകയാണ്. കരിമണൽ പ്രക്ഷോഭത്തിനു അനുകൂലമായി ഇപ്പോൾ കേരളത്തിൽ ഉയരുന്ന ശബ്ധങ്ങൾക്ക് ഇപ്പോൾ പിന്തുണയും കൂടിവരുകയാണ്. ലക്ഷം കോടികളുടെ ബിസിനസ് നടക്കുന്ന ഒരു സുവർണ മേഖലയാണ് കരിമണൽ രംഗം. എന്താണ് കരിമണൽ, ആരൊക്കെയാണ് ഈ രംഗം അടക്കിവാഴുന്നത്. കരിമണൽ രാഷ്ട്രീയത്തിന് പിന്നിലെന്ത്? കരിമണലിനെക്കുറിച്ച് അറിയാം.

എന്താണ് കരിമണൽ? കേരളം എങ്ങിനെ കരിമണൽ ഖനനത്തിലേക്ക് തിരിയാൻ ഇടവന്നു?

കറുത്ത സ്വർണമാണിത്. കറുത്ത പൊന്ന് എന്നാണ് കരിമണൽ അറിയപ്പെടുന്നത്. സ്വതന്ത്ര തിരുവിതാംകൂർ വാദവുമായി തിരുവിതാംകൂർ ദിവാൻ സർ.സി.പി. രാമസ്വാമി അയ്യർ മുന്നോട്ടുപോകുന്ന കാലത്ത് ഈ ശ്രമങ്ങൾക്ക് ബ്രിട്ടീഷ് പാർലമെന്റിലെ ഒരു കൂട്ടം എംപിമാർ പിൻതുണ നൽകി. അവരെ അതിനു പ്രേരിപ്പിച്ച ചേതോവികാരം കേരളത്തിലെ കരിമണൽ ആയിരുന്നെന്നാണ് പറയപ്പെടുന്നത്. ചവറയിലെ കരിമണലിന്റെ സ്വാധീനം നാൽപ്പതുകളിൽ തന്നെ സായിപ്പന്മാർ തിരിച്ചറിഞ്ഞു.

കടൽത്തീരത്താണ് കാണുന്നതെങ്കിലും കരയുടെ സമ്പത്താണ് കരിമണൽ, കേരളത്തിന്റെ മലനാട്ടിലും ഇടനാട്ടിലുമുള്ള പാറകൾപൊടിഞ്ഞുണ്ടായ ധാതുമണൽ പുഴകളിലൂടെ കടലിലെത്തുന്നു. കാറ്റിന്റെയും തിരമാലയുടെയും ശക്തിയാൽ ഈ ധാതുമണൽ വേർതിരിഞ്ഞ് തീരത്തടിയും. കടലിന്റെ കിടപ്പും വേലിയേറ്റ, ഇറക്കങ്ങളുടെ പ്രത്യേകതയും കൊണ്ട് ചിലയിടത്തു മാത്രമാണ് മണൽ അടിഞ്ഞുകൂടുന്നത്. ഇതാണ് ധാതുസമ്പന്നമായ കരിമണൽ. 1908-ൽ ഹെർഷോംബർഗ് എന്ന ജർമ്മൻ കെമിസ്റ്റാണ് ഈ കറുത്ത സ്വർണ്ണത്തെ ആദ്യമായി കണ്ടെത്തുന്നത്. അതിനു കാരണം കേരളവുമാണ്.

മുൻകാലങ്ങളിൽ കേരളത്തിൽ നിന്നും വിദേശത്തേക്ക് കയറ്റി അയക്കുന്ന കയറിന് തൂക്കം കൂടാനായ് കരിമണലിൽ മുക്കും. ഇങ്ങിനെ മുക്കുന്ന കയറിൽ. കറുത്ത തിളങ്ങുന്ന പദാർത്ഥം ശ്രദ്ധിച്ച ഹെർഷോംബർഗ് അതിന്റെ രാസഘടനയിൽ മോണസൈറ്റിന്റെ സാന്നിദ്ധ്യം മനസ്സിലാക്കി. ഈ മോണോസൈറ്റുകൾക്ക് വേണ്ടിയാണ് അദ്ദേഹം ഇന്ത്യയിൽ എത്തുന്നത്. 1910-ൽ മണവാളക്കുറിച്ചിയിലും (തമിഴ്‌നാട്), പിന്നീട് ചവറയിലും കരിമണലിൽ നിന്നും മോണസൈറ്റ് വേർതിരിക്കാനുള്ള പ്ലാന്റുകൾ അദ്ദേഹം സ്ഥാപിച്ചു. ഇന്ത്യയിൽ ഒഡീഷ്സ, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കേരളം, മഹാരാഷ്ട്ര, ബീഹാർ, ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ കരിമണൽ ഉണ്ട്. പക്ഷെ ഇവയ്ക്കില്ലാത്ത ഒരു പ്രത്യേകത ചവറയിലെ കരിമണലിനുണ്ട്. ഹെർഷോംബർഗിന്റെ അന്വേഷണത്തിലാണ് മണവാളക്കുറിച്ചിയിൽ നിന്ന് വടക്കോട്ട് കൊല്ലം, ആലപ്പുഴ ജില്ലകളുടെ തീരദേശങ്ങളിൽ ഇൽമനൈറ്റും മോണോസൈറ്റും ഉൾപ്പെടെ അനേകം അമൂല്യധാതുക്കളടങ്ങിയ കരിമണൽശേഖരം ഉണ്ടെന്നു അറിയാൻ കഴിഞ്ഞത്.

ചവറയിലെ നിക്ഷേപത്തിന്റെ പ്രത്യേകത നീണ്ടകര മുതൽ കായംകുളം വരെയുള്ള 23 കിലോമീറ്റർ ചുറ്റളവിൽ കരിമണൽ വ്യാപിച്ചുകിടക്കുകയാണ്. കടലിലും, കരയിലുമായിട്ടുള്ള 95% മണ്ണിലും ഈ അപൂർവ്വ ധാതുക്കൾ അടങ്ങിയിട്ടുണ്ട്. ഇൽമനൈറ്റും മോണോസൈറ്റും ഉൾപ്പെടെ അനേകം അമൂല്യധാതുക്കളടങ്ങിയ കരിമണൽശേഖരമാണിത്. അതുകൊണ്ട് ലാഭകരമായി ഖനനം ചെയ്യാം. മറിച്ച്, മറ്റു സ്ഥലങ്ങൾ തേടിപ്പോയാൽ ഖനനം ലാഭകരമാകില്ല. നിക്ഷേപം വളരെ വലിയ ഒരു ഭൂപ്രദേശത്തായി വ്യാപിച്ച് കിടക്കുകയാവും. അപ്പോൾ വലിയ ഒരു ഭൂപ്രദേശം തന്നെ ഖനനം ചെയ്യേണ്ടി വരും.

ഖനനത്തിനായുള്ള ചിലവും, അതിൽ നിന്നും കിട്ടുന്ന ധാതുക്കളുടെ വിലയുമായി തട്ടിച്ചുനോക്കുമ്പോൾ ഒരു പക്ഷെ ഖനനം അത്ര ലാഭകരമായിരിക്കുകയുമില്ല. പക്ഷെ ചവറ അങ്ങിനെയല്ല. ഈ കണക്കുകൂട്ടലിലാണ് ചവറയിലെ നിക്ഷേപത്തിലേക്ക് ഖനനത്തിന് കണ്ണെത്തുന്നത്. ഖനനം തുടങ്ങിയതോടെ കേരളത്തിലെ തുറമുഖങ്ങളിലെത്തിയിരുന്ന വിദേശക്കപ്പലുകൾ പിന്നെ മടങ്ങിയത് കരിമണലിന്റെ വൻശേഖരവുമായിട്ടാണ്. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ കേരളത്തിന്റെ കരിമണലിലെ ധാതുക്കളെക്കുറിച്ച് പരീക്ഷണങ്ങൾ നടന്നിട്ട്. ഈ പരീക്ഷണങ്ങളിൽ കേരളത്തിലെ ധാതുമണലിൽ ഇൽമനൈറ്റ്, ഗാർനൈറ്റ്, റൂട്ടയിൽ, ലുക്കോസിൻ, സിലിമിനൈറ്റ്, സിർക്കോൺ, മോണോസൈറ്റ് എന്നിവ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

ലോകത്തുതന്നെയുള്ള ഇൽമനൈറ്റ് നിക്ഷേപങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായ, 60 ശതമാനത്തിലേറെ ടൈറ്റാനിയം സാന്ദ്രതയുള്ളത് ചവറയിലെ നിക്ഷേപമാണ്. ടൈറ്റാനിയം എന്ന് പറഞ്ഞാൽ ഭാവിയുടെ ലോഹമെന്നാണ് വാഴ്‌ത്തപ്പെടുന്നത്. ഏകദേശം 80 ദശലക്ഷം ടൺ ഇൽമനൈറ്റ് അടങ്ങിയിട്ടുള്ള 127 ദശലക്ഷം ടൺ ഖനധാതുക്കളാണ് ഇവിടെയുള്ളത്. ഇതു തേടിയാണ് കരിമണൽ ഖനനം കേരളത്തിൽ ഒരു തത്വദീക്ഷയുമില്ലാതെ മുന്നോട്ടു കുതിക്കുന്നത്.

കരിമണലിൽ നിന്നും എന്തൊക്കെ വേർതിരിക്കാം?

വളരെ സമ്പുഷ്ഠമായ കരിമണൽ ആണ് കേരളത്തിലേത്. കേരളത്തിലെ ധാതുമണലിൽ മോണോസൈറ്റ്, ഇൽമനൈറ്റ്, ഗാർനൈറ്റ്, റൂട്ടയിൽ, ലുക്കോസിൻ, സിലിമിനൈറ്റ്, സിർക്കോൺ, എന്നിവയാണ് അടങ്ങിയിട്ടുള്ളത്. ഇവയൊക്കെ വേർതിരിച്ച് എടുക്കാനും സംവിധാനമുണ്ട്. ഇവ കൂടാതെ ചില മൂലകങ്ങൾ വടക്കൻകേരളത്തിലെ കരിമണലിൽ കാണുന്നുണ്ട്. ഇൽമനൈറ്റ്, റൂട്ടൈൽ എന്നിവ സംസ്‌കരിച്ചെടുക്കുന്ന ടൈറ്റാനിയവും അതിന്റെ സംയുക്തങ്ങളും വളരെയേറെ ഉപയോഗമുള്ളതാണ്. പെയിന്റ്, പേപ്പർ, പ്ലാസ്റ്റിക്, തുണി, അച്ചടിമഷി, റബ്ബർ, കളിമൺ എന്നീ വ്യവസായങ്ങളിൽ ടൈറ്റാനിയം ഡയോക്‌സൈഡ് ഉപയോഗിക്കുന്നു. ഉപഗ്രഹപേടകങ്ങൾ, അന്തർവാഹിനി, വിമാനം, മിസൈൽ, പേസ്മേക്കർ, ബുള്ളറ്റ്പ്രൂഫ് വസ്ത്രങ്ങൾ എന്നിവയുടെ നിർമ്മാണത്തിനും ഇതുപയോഗിക്കുന്നു.

വെൽഡിങ് ഇലക്ട്രോഡ് ഉണ്ടാക്കാൻ റൂട്ടൈൽ ഉപയോഗിക്കുന്നു. സാനിറ്ററിവസ്തുക്കൾ, ടൈൽ, കളിമൺപാത്രങ്ങൾ എന്നിവയുണ്ടാക്കാൻ സിർക്കോൺ ഉപയോഗിക്കുന്നു. ലോഹങ്ങൾ മുറിക്കാനും മിനുസപ്പെടുത്താനുമുള്ള ഉപകരണങ്ങൾ, ഡീസൽഎൻജിൻ ഇൻസുലേഷൻ സാധനങ്ങൾ, സീലുകൾ, പമ്പിന്റെ സ്‌പെയർപാർട്ടുകൾ എന്നിവയുണ്ടാക്കാനും ഇത് വേണം. റെയർ എർത്ത് ക്ലോറൈഡ്, റെയർ എർത്ത് ഓക്‌സൈഡുകൾ, സീറിയം ഓക്‌സൈഡ്, ട്രൈസോഡിയം ഫോസ്ഫേറ്റ്, തോറിയം ഓക്‌സൈഡ് എന്നിവ വേർതിരിക്കാനാണ് മോണോസൈറ്റ് ഉപയോഗിക്കുന്നത്. ടൈൽ, പോളിഷിങ് ഉപകരണങ്ങൾ എന്നിവയുടെ നിർമ്മാണത്തിന് ഗാർനൈറ്റും ഉപയോഗിക്കുന്നു. അലുമിനീയം ഉത്പാദനത്തിനു പറ്റിയ അയിരാണ് സിലിമിനൈറ്റ്. ഇങ്ങിനെ വമ്പൻ വ്യവസായ സാധ്യതകളാണ് കരിമണൽ ഖനനം വഴി ഉരുത്തിരിഞ്ഞു വരുന്നത്.

കരിമണലിന്റെ കച്ചവടസാധ്യത

ലക്ഷം കോടി രൂപയാണ് കരിമണൽ വഴിയുള്ള വരുമാനം. അതുകൊണ്ട് തന്നെ വൻകിടക്കാരും വൻകളികളുമാണ് ഈ രംഗത്ത് നടക്കുന്നത്. മോണസൈറ്റും, ഗാർനെറ്റും ഇല്ലാതെയുള്ള നമ്മുടെ ധാതുക്കളുടെ വില 67656 കോടി രൂപയാണ് എന്നാണു വിലയിരുത്തപ്പെടുന്നത്. ഭാവിയിലെ ന്യൂക്ലിയർ ഇന്ധനമായി കരുതുന്ന തോറിയത്തിന്റെ നിർമ്മാണത്തിനായി മോണസൈറ്റ് മാറ്റി വെക്കുന്നതിനാൽ അതിന്റെ കയറ്റുമതിയും കച്ചവടവും നടക്കുന്നില്ല. കേരള സർക്കാർ സ്ഥാപനമായ കെഎംഎല്ലിന്റെ ഏറ്റവും പ്രധാന ഉൽപ്പന്നം ടൈറ്റാനിയം ഡയോക്സൈയിഡാണ്. . കിലോയ്ക്ക് വെറും നാലു രൂപ വിലയുള്ള ഇൽമനൈറ്റിൽ നിന്നാണ് കിലോയ്ക്ക് 100 രൂപ വിലയുള്ള ടൈറ്റാനിയം ഡയോക്സയിഡ് നിർമ്മിക്കുന്നത്. 25 ഇരട്ടി മൂല്യവർദ്ധനവ് ആണ് ഇവിടെ സംഭവിക്കുന്നത്.

അപ്പോൾ 67656 കോടി രൂപയുടെ മൂല്യവർദ്ധിത ഉത്പന്ന വില എന്തായിരിക്കും? 25 ഇരട്ടി കൂട്ടിയാൽ കിട്ടുന്നത് 16.91 ലക്ഷം കോടിയാണ്. ചവറയിലെ ഖനന മേഖലയിലെ ഒരു സെന്റ് ഭൂമിയിലെ കരിമണലിൽ അടങ്ങിയിരിക്കുന്ന ധാതുക്കളുടെ വില ചുരുങ്ങിയത് 30 ലക്ഷം രൂപ വരുമെന്നു കണക്കുകൂട്ടപ്പെടുന്നു. ഒരു ചതുരശ്ര മീറ്റർസ്ഥലത്ത് 475 കിലോ ഇൽമനൈറ്റ്, 146 കിലോ സിർക്കൺ, 122 കിലോ സിലിമനൈറ്റ്, 61 കിലോ റൂട്ടൈൽ എന്നിവ സ്ഥലത്ത് അടങ്ങിയിട്ടുണ്ട്. അതിന്റെ മൂല്യനിർണ്ണയം കണക്കാക്കുമ്പോൾ ഒരു സെന്റ് ഭൂമിയിലെ വിലനിലവാരം ഇങ്ങിനെ വർദ്ധിക്കപ്പെടും.

നിയന്ത്രിക്കാൻ കരിമണൽ ലോബികൾ; ചുക്കാൻ പിടിക്കുന്നത് തമിഴ്‌നാട്ടിൽ നിന്നും വൈകുണ്ഠരാജൻ

കൊല്ലം, ആലപ്പുഴ തീരങ്ങളിൽ നിന്ന് പ്രതിവർഷം ഒന്നരലക്ഷം ടൺ കരിമണലെങ്കിലും തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലെ കമ്പനിയിലേക്കു കടത്തിക്കൊണ്ടു പോകുന്നുവെന്നാണ് സൂചനകൾ. കരിമണൽ രാജാവ് എന്നറിയപ്പെടുന്ന വൈകുണ്ഠരാജന്റെ വി.വി മിനറലസിലേക്കാണ് ഇവ പോകുന്നത്. വി.വി. മിനറൽസ് ഖനനം ചെയ്ത ധാതുമണൽ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം തുറമുഖം വഴി യൂറോപ്പ്, പശ്ചിമേഷ്യ, ഓസ്ട്രേലിയ, അമേരിക്ക, ശ്രീലങ്ക എന്നിവിടങ്ങളിലേക്ക് കയറ്റുമതിചെയ്‌തെന്ന് റവന്യു സെക്രട്ടറി ജഗൻദ്വീപ് സിങ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. വൈകുണ്ഠ രാജന്റെയും കുടുംബങ്ങളുടെയും പേരിലുള്ള വിവിധ ഖനന ലൈസൻസുകൾ എല്ലാം തന്നെ സജീവവുമാണ്. പക്ഷെ, ഒരു സർക്കാരും വൈകുണ്ഠരാജനെതിരെ ചെറുവിരൽ പോലും അനക്കില്ല. കേരളത്തിൽനിന്നു കടത്തിക്കൊണ്ടുപോകുന്ന കരിമണലിൽനിന്ന് വേർതിരിച്ച ധാതുക്കൾ വൈകുണ്ഠരാജന്റെ വി.വി.മിനറൽസ് കേരളത്തിലെ പൊതുമേഖലാ കമ്പനികൾക്ക് തന്നെയാണ് വിറ്റു കോടികൾ കൈക്കലാകുന്നത്.

ചോദിക്കുന്ന തുകയാണ് വൈകുണ്ഠരാജൻ രാഷ്ട്രീയ പാർട്ടികൾക്ക് നൽകാറ്. അതുകൊണ്ട് തന്നെ വൈകുണ്ഠരാജന്റെ കാര്യത്തിൽ ഒരു ചോദ്യം കേരളത്തിൽ നിന്നോ തമിഴ്‌നാട്ടിൽ നിന്നോ ഉയരാറില്ല, അനധികൃത ഈ കരിമണൽ ഖനനത്തിലൂടെ സർക്കാരിന് 10,000 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാക്കിയെന്ന പരാതിയിൽ മുൻപ് വൈകുണ്ഠരാജൻ അറസ്റ്റിലാവുകയും ചെയ്തിട്ടുണ്ട്. വി.വി.മിനറൽസിനെതിരെ കോടതികളിലും പൊലീസ് സ്റ്റേഷനുകളിലും കേസുകൾ പലതും വന്നെങ്കിലും ഒരു കേസും ഫലം കണ്ടില്ല. കഴിഞ്ഞ വർഷവും മിനറൽസിന്റെ ഓഫീസുകളിലും ഉടമസ്ഥരുടെ വീടുകളിലും തുടർച്ചയായി റെയിഡുകൾ നടന്നിരുന്നു. ആ റെയ്ഡിൽ തിരുനെൽവേലിയിലെ വീട്ടിൽനിന്ന് ഏഴ് കോടി രൂപയും സ്വർണവും പിടിച്ചെടുത്തിരുന്നു.

വിദേശനിക്ഷേപത്തിന്റെ രേഖകളും ഒപ്പം കണ്ടെടുത്തിരുന്നു. തമിഴ്‌നാടിന്റെ തീര പ്രദേശങ്ങളിൽ വൈകുണ്ഠരാജൻ നടത്തുന്ന തീരദേശ മണൽ ഖനനം നിയമവിരുദ്ധമെന്ന് മദ്രാസ് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി കഴിഞ്ഞവർഷം കണ്ടെത്തിയിരുന്നു. ജൂൺ 20 ന് കോടതിക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ ഉള്ളത്. 2000 -2017 വരെയുള്ള കാലയളവിൽ 1.5 കോടി മെട്രിക് ടൺ കരിമണൽ കടത്തിയതായി റിപ്പോർട്ടിൽ പറയുന്നു. ഇതിൽ 57 ശതമാനവും അനധികൃതമാണ്. വർണകല്ലും ഇൽമെനെറ്റും 70 ശതമാനവും അനധികൃതമായി കടത്തി. 2013 മുതൽ തീരദേശ ഖനനത്തിന് നിരോധനം ഉണ്ടായ കാലയളവിലും ഏകദേശം 22 ലക്ഷം മെട്രിക് ടൺ കരിമണൽ കടത്തി. 420 മെട്രിക് ടൺ വർണ്ണ കല്ലുകൾ ദുബായിലേക്ക് കയറ്റുമതി ചെയ്യാൻ വൈകുണ്ഠരാജന്, തൂത്തുക്കുടി ഖനന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ,തൂത്തുക്കുടി പോർട്ട് അധികൃതർക്ക് അനുമതി നൽകിയതും വൻ വിവാദമായിരുന്നു.

കോടികളുടെ ലാഭമാണ് മേൽപ്പറഞ്ഞ ഓരോ ഇടപാടിലും വൈകുണ്ഠരാജൻ നേടിക്കൊണ്ടിരിക്കുന്നത്. ഈ വൈകുണ്ഠരാജന് കേരളത്തിലും വേരുകൾ ശക്തമാണ് എന്നാണ് ഇതിലെ ശ്രദ്ധേയമായ കാര്യം. ആറാട്ടുപുഴയിൽ 12.73 ഏക്കർ ഭൂമി വൈകുണ്ഠരാജൻ വാങ്ങിയിരുന്നു. വൈകുണ്ഠരാജനെ കൂടാതെ കേരളത്തിൽ ഈ രംഗത്ത് സജീവമായുള്ളത് കരിമണൽ കർത്ത എന്ന് വിളിക്കുന്ന ശശിധരൻ കർത്തയാണ്. കർത്തയുടെ സ്വന്തം കമ്പനിയായ സി.എം.ആർ.എല്ലാണ് കേരളത്തിലെ കരിമണൽ ഖനനങ്ങളിൽ സജീവമാകുന്നത്. ബിനാനിപുരത്ത് പ്രവർത്തിക്കുന്ന സി.എം.ആർ.എല്ലിന്റെ ഉടമ ശശിധരൻ കർത്തയ്ക്ക് തൃക്കുന്നപ്പുഴ വില്ലേജിൽ 50 ഏക്കർ ഭൂമിയുണ്ട്. ഇവിടെനിന്നും കരിമണൽ കടത്തുന്നതായി അന്നത്തെ എഡിജിപിയായ വിൻസെന്റ് പോൾ 2014 ൽ തന്നെ റിപ്പോർട്ട് നൽകിയിരുന്നു. കരിമണൽ ഖനനം ലക്ഷ്യമിട്ടാണ് ആലപ്പുഴയുടെ തീരങ്ങളിൽ സ്വകാര്യ ലോബി വൻതോതിൽ ഭൂമി വാങ്ങികൂട്ടിയത്.

ഇതിൽ പ്രധാനി ശശിധരൻ കർത്തയായിരുന്നു. വിവിധ സർവേ നമ്പരുകളിലുള്ള ഭൂമിയാണ് കർത്ത വാങ്ങിക്കൂട്ടിയിരിക്കുന്നത്. കഴിഞ്ഞ അഞ്ചുവർഷംകൊണ്ട് 10000 കോടിയുടെ കരിമണൽ കള്ളക്കടത്ത് തമിഴ്‌നാട്ടിലേക്ക് നടന്നതായാണ് ക്രൈംബ്രാഞ്ച് നൽകുന്ന വിവരം. 2011 മുതലുള്ള അഞ്ചുവർഷം തമിഴ്‌നാട്ടിലേക്കു പതിനായിരം കോടി രൂപയുടെ കരിമണൽ കള്ളക്കടത്തു തന്നെ നടന്നിട്ടുണ്ട്. കരിമണൽകടത്തുമായി ബന്ധപ്പെട്ട് ഇതുവരെ ഇരുപതിനായിരത്തിലധികം കേസുകൾ വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. പക്ഷെ കരിമണൽ ആകുമ്പോൾ എല്ലാവരും മൗനം പാലിക്കും. ഇതാണ് കേരളത്തിലെ കരിമണൽ മേഖലയിൽ നടക്കുന്നത്. അതുകൊണ്ട് തന്നെയാണ് നിരന്തര ഖനനം കാരണം ആലപ്പാട് മാപ്പിൽ നിന്നും അപ്രത്യക്ഷമാകുമ്പോഴും ഖനനത്തിന്നെതിരെ ചെറുവിരൽ പോലും ഉയരാതിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP