Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാരിടൈം ബോർഡിൽ മുഖ്യമന്ത്രി അലങ്കരിക്കേണ്ട ചെയർമാൻ പദവിയിൽ ഇരിക്കുന്നത് ഇടത് അഭിഭാഷകൻ; സിഇഒ വരെ മാരി ടൈം ബോർഡിന് പുറത്ത്; തുറമുഖ വകുപ്പിന്റെ നിയന്ത്രണവും ഖജനാവിലേക്ക് വരേണ്ട ഭീമമായ വരുമാനത്തിന്റെ നിയന്ത്രണവും സ്വകാര്യവ്യക്തി ഭരിക്കുന്ന ബോർഡിലേക്ക് മാറ്റാൻ നീക്കം; മാരി ടൈം ബോർഡ് പൂർത്തീകരണം വൈകുന്നത് ബാധിക്കുന്നത് വിഴിഞ്ഞം, അഴീക്കൽ തുറമുഖം അടക്കമുള്ള വമ്പൻ പദ്ധതികളെ

മാരിടൈം ബോർഡിൽ മുഖ്യമന്ത്രി അലങ്കരിക്കേണ്ട ചെയർമാൻ പദവിയിൽ ഇരിക്കുന്നത് ഇടത് അഭിഭാഷകൻ; സിഇഒ വരെ മാരി ടൈം ബോർഡിന് പുറത്ത്; തുറമുഖ വകുപ്പിന്റെ നിയന്ത്രണവും ഖജനാവിലേക്ക് വരേണ്ട ഭീമമായ വരുമാനത്തിന്റെ നിയന്ത്രണവും സ്വകാര്യവ്യക്തി ഭരിക്കുന്ന ബോർഡിലേക്ക് മാറ്റാൻ നീക്കം; മാരി ടൈം ബോർഡ് പൂർത്തീകരണം വൈകുന്നത് ബാധിക്കുന്നത് വിഴിഞ്ഞം, അഴീക്കൽ തുറമുഖം അടക്കമുള്ള വമ്പൻ പദ്ധതികളെ

എം മനോജ് കുമാർ

 തിരുവനന്തപുരം: കേരളത്തിലെ മാരി ടൈം ബോർഡ് സംശയത്തിന്റെ നിഴലിൽ. ആയിരക്കക്കണക്കിനു കോടികളുടെ പദ്ധതികളുള്ള മാരി ടൈം ബോർഡ് ഭരിക്കുന്നത് ഇടത് പശ്ചാത്തലമുള്ള അഭിഭാഷകൻ. മാരിടൈം പോലുള്ള ഒരു ബോർഡിന്റെ ചെയർമാൻ സ്ഥാനം അലങ്കരിക്കേണ്ടത് സംസ്ഥാന മുഖ്യമന്ത്രിമാർ തന്നെയാണ്. അല്ലെങ്കിൽ ചീഫ് സെക്രട്ടറിമാർ. എന്നാൽ കേരളത്തിൽ ഈ പദവിയിൽ ഉള്ളത് ഇടത് പശ്ചാത്തലമുള്ള അഭിഭാഷകനാണ്. അഭിഭാഷകന് വേണ്ടി മുഖ്യമന്ത്രി തന്നെ വഴിമാറിക്കൊടുക്കുന്ന അപൂർവ സാഹചര്യമാണ് മാരി ടൈം ബോർഡിന്റെ കാര്യത്തിൽ കേരളത്തിൽ വന്നത്.

മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും മാരി ടൈം ബോർഡ് ചെയർമാൻ മുഖ്യമന്ത്രിയാണ്. ഗുജറാത്തിൽ ചീഫ് സെക്രട്ടറിയാണ് മാരി ടൈം ബോർഡ് ചെയർമാൻ. എന്നാൽ കേരളത്തിലോ മാരി ടൈം ലോയിൽ സ്‌പെഷ്യലൈസ് ചെയ്ത അഭിഭാഷകനാണ് ചെയർമാൻ. വി.ജെ.മാത്യു എന്ന അഭിഭാഷകൻ ആണ് മാരി ടൈം ബോർഡ് ചെയർമാൻ. തുറമുഖ വകുപ്പിന്റെ നിയന്ത്രണവും പൊതുഖജനാവിലേക്ക് വരേണ്ട ഭീമമായ വരുമാനത്തിന്റെയും നിയന്ത്രണം മാരി ടൈം ബോർഡിലേക്ക് മാറ്റാൻ ശ്രമം നടക്കുന്നതിനാലാണ് കേരളത്തിലെ മാരി ടൈം ബോർഡ് സംശയത്തിന്റെ നിഴലിൽ വരുന്നത്. മുഖ്യമന്ത്രി ചെയർമാൻ ആയിരിക്കേണ്ട ബോര്ഡിൽ ആണ് സ്വകാര്യ വ്യക്തി ചെയർമാൻ ആയിരിക്കുന്നതും എന്നതും മാരി ടൈം ബോർഡുമായി ബന്ധപ്പെട്ട കള്ളക്കളികളിലേക്ക് വിരൽ ചൂണ്ടുന്നു. എന്നാൽ മാരി ടൈം ബോർഡിന്റെ രൂപവത്ക്കരണം പൂർണരീതിയിൽ ആയി മാറിയിട്ടുമില്ല.

ഈ ഘട്ടത്തിൽ തന്നെയാണ് തുറമുഖ വകുപ്പിന്റെ നിയന്ത്രണം മാരി ടൈം ബോർഡിലേക്ക് മാറ്റാൻ ശ്രമിക്കുന്നത്. മാരി ടൈം ബോർഡിന്റെ . രൂപവത്ക്കരണം എങ്ങുമാകാത്തത് കാരണം ആയിരക്കണക്കിന് കോടി രൂപയുടെ പദ്ധതികളാണ് പൂർത്തീകരണം സാധ്യമാക്കുകയോ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുകയോ ചെയ്യാതെ കടലാസിൽ ഉറങ്ങുന്നത്. . വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, കൊല്ലം തുറമുഖത്തെ സിമന്റ് ടെർമിനൽ, തീരദേശ കപ്പൽ ഗതാഗതം, , തീരദേശ വിനോദ സഞ്ചാര വികസനം, കേരളാ മാരി ടൈം ഇൻസ്റ്റിറ്റിയുട്ട്, അഴീക്കൽ ഔട്ടർ ഹാർബർ വികസനം. എല്ലാം കടലാസിൽ ഒതുങ്ങുകയാണ്, ഈ പദ്ധതികൾ പൂർത്തിയാക്കാൻ തുറമുഖവകുപ്പ് ഡയറക്ടറേറ്റ് മാത്രമല്ല മാരിടൈം ബോർഡ് കൂടി വേണം. പക്ഷെ മാരി ടൈം ബോർഡ് കേന്ദ്ര സർക്കാർ നിർദ്ദേശാനുസരുണം രൂപവത്ക്കരിക്കാൻ ഇടത് സർക്കാർ ഒരുക്കമല്ല. കാരണം സർക്കാരിനുള്ള വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങൾ ആണ് മാരി ടൈം ബോർഡിന്റെ രൂപവത്ക്കരണത്തിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നത്. മാരി ടൈം ബോർഡ് അതിന്റെ പൂർണ്ണ രൂപത്തിൽ നടപ്പിലാക്കാൻ സർക്കാർ തയ്യാറല്ല.

കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് മാരി ടൈം ബോർഡ് രൂപവത്ക്കരണത്തിനു ശ്രമം നടന്നപ്പോൾ മുഖ്യമന്ത്രി ചെയർമാനാണ് മാരി ടൈം ബോർഡ് രൂപവത്ക്കരിക്കാൻ തീരുമാനിച്ചത്. മറ്റു മാരി ടൈം ബോർഡുകൾ എങ്ങിനെയാണോ അങ്ങിനെ തന്നെയാണ് കേരളത്തിലും ബോർഡ് രൂപീകരിക്കാൻ തീരുമാനിച്ചത്. മുഖ്യമന്ത്രി ചെയർമാൻ വകുപ്പ് മന്ത്രി വൈസ് ചെയർമാൻ എന്നിങ്ങനെയായിരുന്നു ബോർഡിന്റെ ഘടന. ബോർഡ് രൂപീകരിക്കാനായി കഴിഞ്ഞ നിയമസഭ പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. ഇത് രാഷ്ട്രപതിക്ക് അയച്ചപ്പോൾ ചെറിയ മാറ്റങ്ങൾക്കായി ഈ ബിൽ തിരിച്ചയക്കുകയായിരുന്നു. അതിനുശേഷമാണ് ഇടത് സർക്കാർ ഒരു അഭിഭാഷകനെ ചെയർമാനായി ബോർഡിന്റെ തലപ്പത്തുകൊണ്ടുവന്നത്. നോമിനേറ്റഡ് മെമ്പർമാരുടെ നിയമനങ്ങളും രാഷ്ട്രീയ നിയമനങ്ങളാണ്.

ഒരു സ്വകാര്യ വ്യക്തി  മാരി ടൈം ബോർഡ് ചെയർമാനായി വരുന്നത് വകുപ്പ് സെക്രട്ടറിമാർക്കും പ്രയാസങ്ങൾ സൃഷ്ടിക്കുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. അടിക്കടിയുള്ള സ്ഥാനമാറ്റങ്ങളാണ് തുറമുഖവകുപ്പിൽ നടക്കുന്നത്. മുൻപ് ജെയിസ് വർഗീസ് ആയിരുന്നു തുറമുഖ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി അദ്ദേഹം 2017 ജൂണിൽ സ്ഥാനമൊഴിഞ്ഞു. വിഴിഞ്ഞം പദ്ധതി അഴിമതി അന്വേഷിക്കാൻ ഇടത് സർക്കാർ തീരുമാനിച്ചതിനെ തുടർന്നാണ് അദ്ദേഹം വകുപ്പിലെ സ്ഥാനം ഒഴിഞ്ഞത്. 2018 ഏപ്രിൽ വരെ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ തുറമുഖവകുപ്പ് സെക്രട്ടറി സ്ഥാനം വഹിച്ചു. ഒക്ടോബർ 2018 വരെ പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ ചുമതല വഹിച്ചു. അതിനു ശേഷം പ്രിൻസിപ്പൽ സെക്രട്ടറി എ.ജയതിലക് ചുമതല വഹിച്ചു.

കഴിഞ്ഞ ഡിസംബർ 13 നു സർക്കാർ ജയതിലകിനെ മാറ്റി ആശാ തോമസിനെ നിയമിച്ചു. അരഡസനോളം വകുപ്പ് സെക്രട്ടറിമാരാണ് ഒരു വർഷത്തിനിടെ തുറമുഖവകുപ്പ് സെക്രട്ടറിമാരായത്. വഴിവിട്ട നീക്കങ്ങൾക്ക് കൂട്ടുനിൽക്കാത്തതിന്റെ പേരിലാണ് വകുപ്പ് സെക്രട്ടറിമാർ മാറി മാറി വന്നതെന്ന് വകുപ്പിനുള്ളിൽ തന്ന സംസാരമുണ്ട്. തുറമുഖവകുപ്പ് ഡയറക്ടറേറ്റും അതിനു താഴെയുള്ള ഓഫീസുകളും മാരിടൈം ബോർഡിന് കീഴിലാക്കാനാണ് നിലവിലെ ശ്രമം. പക്ഷെ ബോർഡ് പ്രവർത്തനക്ഷമമല്ല. ഇടത് സർക്കാരിന്റെ രാഷ്ട്രീയ താത്പര്യങ്ങൾ ആണ് ബോർഡ് രൂപവത്ക്കരണത്തിനു എതിര് നിൽക്കുന്നത്. മാരി ടൈം ബോർഡിന്റെ നിയമം പാസാക്കിയിട്ടുണ്ട്. ബോർഡ് കോൺസ്റ്റിറ്റിയുട്ട് ചെയ്യാനുള്ള നോമിനേറ്റഡ് അംഗങ്ങളെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. ഇതിൽ ഇന്ത്യൻ നേവിയുടെയും കോസ്റ്റ് ഗാർഡിന്റെയും അംഗങ്ങൾ കൂടി വരുമ്പോഴാണ് ബോർഡ് പൂർണരൂപമാകുന്നത്.

മാരി ടൈം ബോർഡിന്റെ അധികാരപരിധി എന്താണ്? സർക്കാരിന്റെ അധികാര പരിധി, ബോർഡ് സിഇഒയുടെ അധികാര പരിധി എന്താണ്? ഇതൊന്നും ഇപ്പോഴും തീരുമാനിക്കപ്പെട്ടിട്ടില്ല.  ഇതെല്ലാം ആകുമ്പോഴേ കാര്യങ്ങൾ മാരിടൈം ബോർഡ് പൂർണ രീതിയിൽ വരുകയുള്ളൂ. കേരളത്തിൽ മാരി ടൈം ബോർഡിന്റെ നിയമങ്ങൾ തന്നെ ഇനിയും തീരുമാനിച്ചിട്ടില്ല. ഇതുവരെ. ബോർഡിന്റെ നോട്ടിഫിക്കേഷനും വന്നിട്ടില്ല. മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത് എന്നിവിടങ്ങളിൽ മാരി ടൈം ബോർഡ് ആയിക്കഴിഞ്ഞു.

ബോർഡിന്റെ മെമ്പർ സെക്രട്ടറി എന്ന് പറഞ്ഞാൽ ബോർഡിന്റെ സിഇഒ ആകണം. ഇവിടെ മാരി ടൈം ബോർഡിന്റെ സിഇഒ മാരി ടൈം ബോർഡിന് അകത്ത് ഉൾപ്പെടുത്തിയിട്ടുമില്ല. ബോർഡിന്റെ അഡ്‌മിനിസ്ട്രെറ്റീവ് ബോഡിയിൽ ബോർഡ് സിഇഒ ഇല്ല എന്നതും വിചിത്രമായി തുടരുന്നു. ബോർഡിന്റെ കാര്യങ്ങൾ അഡ്‌മിനിസ്‌ട്രേറ്റിവ് ബോഡിയിൽ അവതരിപ്പിക്കേണ്ടത് സിഇഒ. ആണ്. പക്ഷെ സിഇഒ മാരി ടൈം ബോർഡ് മെമ്പർ അല്ല. തുറമുഖ വകുപ്പ് കാര്യക്ഷമമല്ലാ എന്നാണ് വകുപ്പിലെ തന്നെ ഉന്നതരുടെ വിലയിരുത്തൽ. അപ്പോഴാണ് മാരി ടൈം ബോർഡുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ തുറമുഖ വകുപ്പിനെ തന്നെ പ്രതിസന്ധിയിലേക്ക് ആഴ്‌ത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP