Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വിശ്വാസികളുടെ വികാരങ്ങൾ മാനിക്കപ്പെടണം; ശബരിമല സംരക്ഷണത്തിന് ഇറങ്ങിയത് ആർഎസ്എസുകാർ മാത്രമല്ല; എന്തോ ആഗ്രഹിച്ചിട്ടു കിട്ടാതെ വന്നപ്പോഴായിരിക്കും പ്രീതി നടേശന് വൻ ചതിപറ്റിയെന്ന് തോന്നിയത്; സർക്കാർ നടപടി തള്ളി വീണ്ടും ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ

വിശ്വാസികളുടെ വികാരങ്ങൾ മാനിക്കപ്പെടണം; ശബരിമല സംരക്ഷണത്തിന് ഇറങ്ങിയത് ആർഎസ്എസുകാർ മാത്രമല്ല; എന്തോ ആഗ്രഹിച്ചിട്ടു കിട്ടാതെ വന്നപ്പോഴായിരിക്കും പ്രീതി നടേശന് വൻ ചതിപറ്റിയെന്ന് തോന്നിയത്; സർക്കാർ നടപടി തള്ളി വീണ്ടും ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ശബരിമല വിഷയത്തിൽ സർക്കാർ നിലപാട് തള്ളിയും ആർഎസ്എസുകാരെ വെള്ളപൂശിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ. സർക്കാർ നിലപാട് തള്ളിക്കൊണ്ട് രംഗത്തെത്തെത്തിയ അദ്ദേഹം ശബരിമല ആചാര സംരക്ഷണത്തിനിറങ്ങിയത് ആർഎസ്എസുകാർ മാത്രമല്ലെന്ന് പ്രതികരിച്ചു. അത്തരം തെറ്റിധാരണ തനിക്കോ ബോർഡിനോ ഇല്ലെന്നായിരുന്നു പത്മകുമാറിന്റെ പ്രതികരണം. വനിതാമതിലുമായി ബന്ധപ്പെട്ടു വഞ്ചിക്കപ്പെട്ടുവെന്ന എസ്എൻഡിപി യോഗം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന്റെ ഭാര്യ പ്രീതി നടേശന്റെ വാദത്തിൽ കഴമ്പില്ല. വനിതാമതിലിന് പോകുന്നതിനുമുൻപ് നന്നായി ആലോചിക്കണമായിരുന്നു. എന്തെങ്കിലും ആഗ്രഹിച്ചിട്ടു കിട്ടാതെ വരുമ്പോൾ വഞ്ചന എന്നുപറഞ്ഞിട്ടു കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. മനോരമ ന്യൂസിന്റെ 'നേരെ ചൊവ്വെ' പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

യുവതീപ്രവേശ വിഷയത്തിൽ യഥാർഥ വിശ്വാസികളുടെ വിചാരവികാരങ്ങൾ മനസ്സിലാക്കണമെന്നാണു തന്റെ നിലപാട്. വിശ്വാസത്തിന്റെ പേരുപറഞ്ഞിറങ്ങിയവരിൽ കപട വിശ്വാസികളുമുണ്ട്. ഇക്കാര്യത്തിൽ രാഷ്ട്രീയ മുതലെടുപ്പ് അംഗീകരിക്കാനാവില്ല. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണു ബോർഡ് പുനഃപരിശോധനാഹർജി നൽകാതിരുന്നത്. ശബരിമലയിൽ തന്ത്രിക്കു യാതൊരു അധികാരവുമില്ലെന്ന വാദത്തോടു യോജിപ്പില്ല. തന്ത്രിക്കും ദേവസ്വം ബോർഡിനും സർക്കാരിനും അവരവരുടേതായ അധികാരങ്ങളും അവകാശങ്ങളുമുണ്ടെന്നും പത്മകുമാർ പറഞ്ഞു. ദേവസ്വം മന്ത്രി അടക്കമുള്ളവരുടെ നിലപാടിന് വിരുദ്ധമായാണ് എം പത്മകുമാർ പ്രതികരിച്ചത്.

അതേസമയം മകരവിളക്കിന് ശേഷം രാജിവെക്കുമെന്ന വാർത്തകളെയും പത്മകുമാർ തള്ളിക്കളഞ്ഞു.ആരുടെയും സ്വപ്നത്തിൽപോലും വരാത്ത കാര്യങ്ങളാണു കേട്ടുകൊണ്ടിരിക്കുന്നത്. സർക്കാരുമായും സിപിഎമ്മുമായും എൽഡിഎഫുമായും ആലോചിച്ചാണ് ഞാൻ ഇതുവരെ നീങ്ങിയിട്ടുള്ളത്. അതിനാൽത്തന്നെ, എന്നോട് ആർക്കെങ്കിലും ഏതെങ്കിലും തരത്തിലുള്ള അപ്രീതിയോ നീരസമോ ഉണ്ടാകുമെന്നു കരുതുന്നില്ല.

മുഖ്യമന്ത്രി പിണറായി വിജയനുമായി നല്ലബന്ധമാണെന്നും അദ്ദേഹ പറഞ്ഞു. മുഖ്യമന്ത്രിയാകുന്നതിനു മുൻപ് പാർട്ടി സെക്രട്ടറിയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമൊക്കെയായിരുന്ന ഒരു പിണറായി വിജയനുണ്ട്. അന്ന് ഡിവൈഎഫ്‌ഐയുടെയും സിപിഎമ്മിന്റെയും പ്രവർത്തകനായിരുന്ന പത്മകുമാറുമുണ്ട്. ചിലർ ഇപ്പോഴുള്ള മുഖ്യമന്ത്രിയെയും ദേവസ്വം ബോർഡ് പ്രസിഡന്റിനെയും മാത്രമേ കാണുന്നുള്ളു. ശബരിമലയിൽ ഞാൻ കാണാത്ത നിസ്സാരകാര്യങ്ങൾ പോലും മുഖ്യമന്ത്രി മനസ്സിലാക്കുന്നുണ്ട്. തെറ്റുപറ്റാത്ത ആളല്ല ഞാനെന്നും എനിക്കു പിശകുകളുണ്ടെങ്കിൽ അതു ചൂണ്ടിക്കാട്ടാൻ അദ്ദേഹം ബാധ്യസ്ഥനാണെന്നും പത്മകുമാർ പറഞ്ഞു.

ശബരിമലയിലെ തന്ത്രിസ്ഥാനത്തെക്കുറിച്ചും താഴമൺ മഠത്തിനു പരസ്യമായി പ്രതികരിക്കേണ്ടി വന്നതിനെ കുറിച്ചും പത്മകുമാർ അഭിമുഖത്തിൽ വിശദീകരിച്ചു. തന്ത്രിസ്ഥാനം പരശുരാമനിൽനിന്നു കിട്ടിയതാണെന്ന വാദഗതി ഒരു വിഭാഗത്തിനു വിശ്വസിക്കാൻ കഴിയുമായിരിക്കും. 1902 മുതലല്ലേ അവർക്കു താന്ത്രികാവകാശം ലഭിച്ചത്? എന്റെ കുടുംബത്തിനു ശബരിമലയുമായി 1907 മുതൽ ബന്ധമുണ്ട്. അവർ നിലയ്ക്കലിൽനിന്നു വന്നവരാണെന്നു പറയുന്നു. എന്നോടു പറഞ്ഞത് ആന്ധ്രയിൽനിന്നു വന്നവരാണെന്നാണെന്നും അദ്ദേഹം പറഞ്ഞു.

യുവതീ പ്രവേശന വിഷയത്തിൽ യഥാർഥ വിശ്വാസികളുടെ വികാരവിചാരങ്ങൾ മാനിക്കപ്പെടണമെന്നാണ് തന്റെ ആഗ്രഹമെന്നും പത്മകുമാർ വ്യ്കതമാക്കി. അവരെ വിശ്വാസത്തിലെടുത്ത് പരിഹാരമുണ്ടാക്കണം. പക്ഷേ, വിശ്വാസത്തിന്റെ പേരു പറഞ്ഞ് തെരുവിലിറങ്ങിയവരെ തിരിച്ചറിയണം. ഇന്നലെവരെ യുവതികളെ കയറ്റണമെന്നു പറഞ്ഞവർ അതു നിഷേധിച്ചു കലാപം തുടങ്ങി. ശബരിമലയിലെ ആചാര കാര്യങ്ങളുടെ തീർപ്പ് തന്ത്രിക്ക് തന്നെയാണെന്നും പത്മകുമാർ വ്യക്തമാക്കി.

ശബരിമലയിൽ തന്ത്രിക്ക് അധികാരമില്ലെന്ന വാദത്തോടു യോജിപ്പില്ല.തന്ത്രിക്കും ബോർഡിനും സർക്കാരിനും കോടതിക്കും തങ്ങളുടേതായ അധികാരസീമയുണ്ട്. ക്ഷേത്ര നടത്തിപ്പിനെപ്പറ്റി ദേവസ്വം മാനുവലിൽ കൃത്യമായി പറഞ്ഞിരിക്കുന്നു. ഇക്കാര്യത്തിൽ മുൻപുള്ള കോടതിവിധികളുമുണ്ട്. തന്ത്രിയുടെ വിശദീകരണം കിട്ടിയാൽ എല്ലാവശവും പരിശോധിച്ചു നടപടിയെടുക്കും. വികാരപരമായല്ല, വിചാരപരമായാണു പ്രശ്‌നത്തെ സമീപിക്കേണ്ടത്. പുനഃപരിശോധനാ ഹർജി സമർപ്പിച്ചാലും പ്രയോജനമുണ്ടാവില്ല എന്നു നിയമോപദേശം ലഭിച്ചതിനാലാണ് ബോർഡ് അതിൽനിന്നു പിന്തിരിഞ്ഞത്.

കെ പി ശങ്കർദാസ് ബോർഡിൽ പകരക്കാരനായി എത്തുമെന്ന വാദങ്ങളെയും അദ്ദേഹം തള്ളി. യുവതികൾ മല കയറിയതു ബോർഡുമായി ചർച്ച ചെയ്യേണ്ട കാര്യമില്ല. അക്കാര്യം സർക്കാരും പൊലീസും നോക്കട്ടെ. രണ്ടു സ്ത്രീകൾ അവിടെ കയറിയതിന്റെ സാഹചര്യം പൂർണമായി അറിയില്ല. ഞങ്ങൾക്കിടയിൽ ഭിന്നതയുണ്ടെന്നു വരുത്താൻ ബോധപൂർവമായ നീക്കമുണ്ട്. ക്ഷേത്രങ്ങളെയും ജീവനക്കാരുടെ കുടുംബങ്ങളെയും അപകടപ്പെടുത്താനും ശ്രമം നടക്കുന്നു. സിപിഎം നേതാക്കളിൽനിന്ന് ഈ സ്ഥാനത്തെത്തുന്ന ആദ്യയാളാണു താനെന്നും പത്മകുമാർ പറഞ്ഞു. ഇതുവരെയുള്ള പ്രസിഡന്റുമാരിൽ ഏറ്റവുമേറെ പഴി കേൾക്കേണ്ടി വന്നതും പ്രതിസന്ധികൾ നേരിടേണ്ടി വന്നതും എനിക്കാണെന്നും രാജിക്കത്ത് പോക്കറ്റിൽ സൂക്ഷിച്ചല്ല താൻ നടക്കുന്നതെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് അഭിമുഖത്തിൽ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP