Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അപ്പോൾ നായന്മാരെ സിപിഎമ്മിന് ബഹുമാനിക്കാൻ അറിയാം! പത്തനംതിട്ട കോയിപ്രം ബ്ലോക്ക് പഞ്ചായത്തിൽ നായർ സമുദായാംഗത്തെ പ്രസിഡന്റാക്കാൻ വിളിച്ചത് സാക്ഷാൽ കോടിയേരി നേരിട്ട്; മാണി ഗ്രൂപ്പംഗത്തെ ചാക്കിട്ടു പിടിച്ച് മറുകണ്ടം ചാടിച്ച ക്രൈസ്തവ സമുദായക്കാരനെ സിപിഎം ജില്ലാ നേതൃത്വം വെട്ടിയത് അവസാന നിമിഷം; പ്രസിഡന്റായത് ദേവസ്വം ബോർഡ് കോൺസലും എൻഎസ്എസ് ഡയറക്ടർ ബോർഡംഗവുമായ ആർ കൃഷ്ണകുമാർ

അപ്പോൾ നായന്മാരെ സിപിഎമ്മിന് ബഹുമാനിക്കാൻ അറിയാം! പത്തനംതിട്ട കോയിപ്രം ബ്ലോക്ക് പഞ്ചായത്തിൽ നായർ സമുദായാംഗത്തെ പ്രസിഡന്റാക്കാൻ വിളിച്ചത് സാക്ഷാൽ കോടിയേരി നേരിട്ട്; മാണി ഗ്രൂപ്പംഗത്തെ ചാക്കിട്ടു പിടിച്ച് മറുകണ്ടം ചാടിച്ച ക്രൈസ്തവ സമുദായക്കാരനെ സിപിഎം ജില്ലാ നേതൃത്വം വെട്ടിയത് അവസാന നിമിഷം; പ്രസിഡന്റായത് ദേവസ്വം ബോർഡ് കോൺസലും എൻഎസ്എസ് ഡയറക്ടർ ബോർഡംഗവുമായ ആർ കൃഷ്ണകുമാർ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ശബരിമല യുവതി പ്രവേശന വിഷയത്തിൽ എൻഎസ്എസ് നിലപാട് സിപിഎമ്മിനെ വെട്ടിലാക്കിയിരിക്കുന്നത് തെല്ലൊന്നുമല്ല. സമദൂരം വെടിഞ്ഞ് ബിജെപിയോട് എൻഎസ്എസ് അടുക്കുന്നതിനിടെ അവരെ ചാക്കിലാക്കാനുള്ള സകലതന്ത്രവും മെനയുകയാണ് സിപിഎം. അതിന്റെ ഭാഗമെന്ന നിലയിൽ കോയിപ്രം ബ്ലോക്ക് പഞ്ചായത്തിൽ മുൻ നിശ്ചയിച്ചതിൽ നിന്ന് അവസാന നിമിഷം മാറ്റം വരുത്തി നായർ സമുദായാംഗത്തെ പ്രസിഡന്റാക്കി ഞെട്ടിച്ചിരിക്കുകയാണ് സിപിഎം ജില്ലാ നേതൃത്വം.

സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നേരിട്ട് ഇടപെട്ടാണ് ദേവസ്വം ബോർഡ് സ്റ്റാൻഡിങ് കോൺസലും എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗവുമായ കൃഷ്ണകുമാറിനെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാക്കിയത്. 13 അംഗ ബ്ലോക്ക് പഞ്ചായത്തിൽ എൽഡിഎഫ്-ആറ്, യുഡിഎഫ്-ആറ്, ബിജെപി-ഒന്ന് എന്നിങ്ങനെയാണ് കക്ഷി നില. ആദ്യം നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇരു മുന്നണികൾക്കും വോട്ട് നില തുല്യമായി വന്നു. തുടർന്ന് നടന്ന നറുക്കെടുപ്പിൽ കോൺഗ്രസിലെ നിർമല മാത്യൂസ് പ്രസിഡന്റായി.

കേരളാ കോൺഗ്രസ് (എം) അംഗം സൂസൻ ജോർജിനെ തന്ത്രപൂർവം അടർത്തിയെടുത്തുകൊണ്ടു വന്ന് കഴിഞ്ഞ മാസം നടത്തിയ അവിശ്വാസത്തിൽ യുഡിഎഫിന് ഭരണം നഷ്ടമായി. സൂസനെ അടർത്തി കൊണ്ടു വന്നത് ജിജി മാത്യുവിനെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാക്കാനായിരുന്നു സിപിഎമ്മിൽ ധാരണ. എന്നാൽ ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനം ലംഘിച്ച് ജില്ലാ സെക്രട്ടറി കൃഷ്ണകുമാറിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചത് പാർട്ടിയിൽ വിവാദമാകുന്നു. പുറമറ്റം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഎം ഏരിയ കമ്മിറ്റി അംഗവുമായ ജിജി മാത്യുവിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിപ്പിക്കാനായിരുന്നു സിപിഎം ജില്ലാ സെക്രട്ടറിേയറ്റ് തീരുമാനം.

എന്നാൽ തീരുമാനത്തിനെതിരെ എസ്/സി സംവരണ വാർഡിൽ നിന്ന് വിജയിച്ച ഇരവിപേരൂർ ബ്ലോക്ക് ഡിവിഷൻ അംഗം കെ സി സജികുമാർ രംഗത്ത് വരികയും താൻ രാജിവച്ചതായി പത്രക്കുറിപ്പിറക്കുകയും ചെയ്തു. തുടർന്ന് ജില്ലാ സെക്രട്ടറിയുൾപ്പെടെയുള്ള നേതാക്കൾ ഇടപെട്ട് സജികുമാറിനെ അനുനയിപ്പിച്ചു. പാർട്ടി തീരുമാനത്തിന് വിരുദ്ധമായി നിന്നാൽ സ്ഥാനം നഷ്ടമാകുമെന്ന സന്ദേശം നൽകി.

ഇതിനിടെ ജിജി മാത്യുവിന് പകരം മറ്റൊരാളെ പരിഗണിച്ചാൽ വോട്ട് ചെയ്യുമെന്ന് സജികുമാർ വ്യക്തമാക്കി. വോട്ടെടുപ്പ് ദിവസമായ ഏഴിന് രാവിലെ പാർട്ടി തീരുമാനം റിപ്പോർട്ട് ചെയ്യാനെത്തിയ ജില്ലാ സെക്രട്ടറി ഉദയഭാനു ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളെ ഞെട്ടിച്ചു കൊണ്ട് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷനും മാരാമൺ ഡിവിഷനിൽ നിന്നുള്ള അംഗവുമായ കൃഷ്ണകുമാർ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് അറിയിച്ചു.

ഇതോടെ അംഗങ്ങൾ ആശയക്കുഴപ്പത്തിലായെങ്കിലും പാർട്ടി തീരുമാനം നടപ്പാക്കി കൃഷ്ണകുമാർ പ്രസിഡന്റായി. നിലവിൽ ഹൈക്കോടതിയിൽ ദേവസ്വം സ്റ്റാൻഡിങ്ങ് കോൺസലും എൻഎസ് എസ് പ്രതിനിധി സഭാംഗവുമായ കൃഷ്ണകുമാറിനെ എൻഎസ്എസിനെ പ്രീണിപ്പിക്കുന്നതിന്റെ ഭാഗമായാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചതെന്ന് പാർട്ടിയിലെ ഒരു വിഭാഗം കരുതുന്നു.

സിപിഎം ഏരിയ കമ്മിറ്റി അംഗം കൂടിയായ ജിജി മാത്യുവിന്റെ നേതൃത്വത്തിൽ കേരള കോൺഗ്രസ് അംഗത്തെ സ്വാധീനിക്കാൻ നടത്തിയ ശ്രമങ്ങൾ ജില്ലാ നേതൃത്വം കൂടി ഇടപെട്ടാണ് പൂർത്തിയാക്കിയത്. എന്നാൽ ഒടുവിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ജിജി മാത്യുവിനെ പരിഗണിച്ചതുമില്ല. ഇതാണ് ഇപ്പോൾ ഇരവിപേരൂർ ഏരിയ കമ്മിറ്റിയുടെ പരാതിക്കും തർക്കത്തിനുമിടയാക്കിയിരിക്കുന്നത്. നേരത്തേ ഏരിയ സെക്രട്ടറി സ്ഥാനത്തേക്ക് ജിജി മാത്യുവിനെ പരിഗണിച്ചപ്പോഴും ജാതി സമവാക്യത്തിന്റെ പേരിൽ ഒഴിവാക്കിയതായി ആക്ഷേപമുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP