Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വരുമാനത്തിൽ സർവകാലറെക്കോഡിട്ട് ആനച്ചന്തവുമായി മുന്നേറുന്ന ആനവണ്ടിയെ തകർക്കാൻ വീണ്ടും ജ്യോതിലാലിന്റെ ഗൂഢനീക്കം; തച്ചങ്കരിയോടുള്ള പോരുതീർക്കാൻ കെഎസ്ആർടിസിക്ക് വീണ്ടും അള്ളുവച്ചു; ദേശസാൽകരിച്ച നിലയ്ക്കൽ-പമ്പ ശബരിമല റൂട്ടിൽ തമിഴ്‌നാട് ബസുകൾക്ക് സർവീസിന് അനുമതി നൽകി ഗതാഗത സെക്രട്ടറിയുടെ ഉത്തരവ്; പുതിയ ഉത്തരവ് ഗതാഗതമന്ത്രിയും മുഖ്യമന്ത്രിയും അറിയാതെ

വരുമാനത്തിൽ സർവകാലറെക്കോഡിട്ട് ആനച്ചന്തവുമായി മുന്നേറുന്ന ആനവണ്ടിയെ തകർക്കാൻ വീണ്ടും ജ്യോതിലാലിന്റെ ഗൂഢനീക്കം; തച്ചങ്കരിയോടുള്ള പോരുതീർക്കാൻ കെഎസ്ആർടിസിക്ക് വീണ്ടും അള്ളുവച്ചു; ദേശസാൽകരിച്ച നിലയ്ക്കൽ-പമ്പ ശബരിമല റൂട്ടിൽ തമിഴ്‌നാട് ബസുകൾക്ക് സർവീസിന് അനുമതി നൽകി ഗതാഗത സെക്രട്ടറിയുടെ ഉത്തരവ്; പുതിയ ഉത്തരവ് ഗതാഗതമന്ത്രിയും മുഖ്യമന്ത്രിയും അറിയാതെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെഎസ്ആർടിസി വരുമാനത്തിൽ സർവകാല റെക്കോഡ് സൃഷ്ടിച്ചതിന് പിന്നാലെ ഗതാഗത സെക്രട്ടറി കെ.ആർ.ജ്യോതിലാലും കോർപറേഷൻ എംഡി ടോമിൻ തച്ചങ്കരിയും തമ്മിലുള്ള ശീതസമരം വീണ്ടും തിരിച്ചടിയാവുന്നു. നേരത്തെയുള്ള ധാരണയ്ക്ക് വിരുദ്ധമായി തമിഴ്‌നാട് ബസുകൾക്ക് പമ്പ വരെ സർവീസ് നടത്താൻ അനുമതി നൽകി ഗതാഗത സെക്രട്ടറി ജ്യോതിലാൽ ഇറക്കിയ ഉത്തരവാണ് പുതിയ വിവാദത്തിന് മരുന്നിട്ടത്.

ജ്യോതിലാൽ ഇറക്കിയ ഉത്തരവ് കെഎസ്ആർടിസിയുടെ താൽപര്യങ്ങൾക്ക് വിരുദ്ധവും, സർക്കാർ നയത്തിന് എതിരുമാണെന്നാണ് തച്ചങ്കരിയുടെ വിലയിരുത്തൽ. വിവിധ വകുപ്പുകളുടെ കൂടിയാലോചനയ്ക്ക് ശേഷമാണ് കെഎസ്ആർടിസി മാത്രം പമ്പയിലേക്ക് സർവീസ് നടത്താൻ തീരുമാനിച്ചത്. തമിഴ്‌നാട് ബസുകൾക്ക് പമ്പ വരെ സർവീസ് നടത്താൻ അനുമതി നൽകണമെന്ന ആവശ്യപ്പെട്ട് സ്റ്റേറ്റ് എക്സ്‌പ്ര്‌സ് റോഡ് ട്രാൻസ്‌പോർട് കോർപറേഷൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യത്തിൽ സർക്കാരിന് തീരുമാനമെടുക്കാമെന്നാണ് കോടതി പറഞ്ഞത്.

എന്നാൽ, കെഎസ്ആർടിസിയുമായി ആലോചിക്കാതെ എസ്ഇടിസിക്ക് പമ്പയിലേക്ക് സർവീസ് നടത്താൻ ഗതാഗത സെക്രട്ടറി അനുമതി നൽകുകയായിരുന്നു. ഫയൽ മുഖ്യമന്ത്രി കണ്ട് ഒപ്പിട്ട് വാങ്ങിയ ശേഷം ഉത്തരവിറക്കിയെന്നാണ് ജ്യോതിലാൽ പറയുന്നത്. എന്നാൽ, ഫയൽ ഗതാഗതമന്ത്രിയോ, മുഖ്യമന്ത്രിയോ കണ്ടിട്ടില്ലെന്ന് പിന്നീട് അന്വേഷണത്തിൽ വ്യക്തമാക്കി. കെഎസ്ആർടിസിയെയും ഇക്കാര്യം അറിയിച്ചില്ല. പമ്പ സർവീസ് കോർപറേഷന് മാത്രമായി നൽകിയ സർക്കാർ തീരുമാനത്തിന് വിരുദ്ധമാണ് ജ്യോതിലാലിന്റെ ഉത്തരവെന്ന് തച്ചങ്കരി പറയുന്നു. കർണാടക അടക്കമുള്ള മറ്റുകോർപറേഷനുകളും ഇതിനകം പമ്പ സർവീസിന് അനുമതി തേടിയിട്ടുണ്ട്. ഹൈക്കോടതിയും സർക്കാരിന്റെ നിലപാട് മാറ്റത്തിൽ അത്ഭുതപ്പെടുകയുണ്ടായി. ഉത്തരവിന്റെ വിശദാശംങ്ങൾ അറിയാൻ തച്ചങ്കരി പലവട്ടം ജ്യോതിലാലിനെ വിളിച്ചെങ്കിലും ഫോൺ എടുത്തില്ലെന്ന് പറയുന്നു. ഗതാഗത സെക്രട്ടറി മൂന്നു-നാലു വർഷങ്ങളായി കെഎസ്ആർടിസിസിയുടെ പല തീരുമാനങ്ങളെയും എതിർക്കുകയാണെന്നും തച്ചങ്കരി പറയുന്നു.

നിയമം കെഎസ്ആർടിസിക്ക് അനുകൂലം

പ്ലാപ്പള്ളി-പമ്പ റൂട്ട് ദേശസാൽകരിച്ചത് 1991 ജൂലൈ 12 ലെ കേരള സർക്കാർ ഉത്തരവ് പ്രകാരമാണ് ദേശസാൽകരിക്കപ്പെട്ടത്. പ്ലാപ്പള്ളി-പമ്പ ദേശസാൽക്കരണ സ്‌കീമിലെ ക്ലോസ് അഞ്ചിലെ വ്യവസ്ഥ പ്രകാരം മറ്റുസംസ്ഥാനങ്ങളിലെ ആർടിസികൾക്ക് കെഎസ്ആർടിസിയുടെ എൻഒസി ഉണ്ടെങ്കിൽ മാത്രമേ ഈ റൂട്ടിൽ സർവീസ് നടത്താൻ സാധിക്കൂ. മാത്രമല്ല ഈ സ്‌കീമിലെ ക്ലോസ് 19 പ്രകാരം ഉത്സവകാലങ്ങളിൽ പോലും എസ്ടിഎ/ ആർടിഎകൾ ഈ റൂട്ടിൽ താൽകാലിക പെർമിറ്റ് അനുവദിക്കാൻ പാടില്ലെന്നാണ് വ്യവസ്ഥ. കൂടാതെ നിലയ്ക്കൽ മുതൽ പമ്പ വരെ കെഎസ്ആർടിസിക്ക് മാത്രമായി കുത്തകാവകാശം നൽകാനുള്ള സർക്കാർ തീരുമാനവും സർക്കാർ നിശ്ചയിച്ച നിരക്കും ഹൈക്കോടതി ഡിവിഷൻ ബഞ്ച് അംഗീകരിച്ചുമാണ്. നിയമം ഇതായിരിക്കെയാണ് ചട്ടങ്ങളെല്ലാം കാറ്റിൽ പറത്തി കെഎസ്ആർടിസിയോട് ഒരുവാക്കുപോലും ചോദിക്കാതെ, മുഖ്യമന്ത്രിയെും ഗതാഗത മന്ത്രിയെയും നോക്കുകുത്തിയാക്കി ഗതാഗത സെക്രട്ടറി പുതിയ ഉത്തരവിറക്കിയിരിക്കുന്നത്.

അന്തർ-സംസ്ഥാന കരാറിലെ വ്യവസ്ഥയും മറച്ചുവച്ചു

2018 ഒക്ടോബർ 24 ന് തമിഴ്‌നാട് സ്‌റ്റേറ്റ് എക്സ്‌പ്രസ് കോർപറേഷനും കെഎസ്ആർടിസിയും തമ്മിൽ ഒപ്പിട്ട അന്തർ-സംസ്ഥാന ശബരിമല സ്‌പെഷ്യൽ സർവീസ് കരാറിൽ കാര്യങ്ങൾ വ്യക്തമായി പറയുന്നുണ്ട്. പമ്പ റൂട്ട് ദേശസാൽകരിച്ചതായതുകൊണ്ട് നിലയ്ക്കൽ വരെ മാത്രമാണ് തമിഴ്‌നാട് കോർപറേഷന് സർവീസ് നടത്താൻ കഴിയുക.

എസ്ഇടിസി ബസുകളിൽ വന്നിറങ്ങുന്ന അയപ്പഭക്തർക്ക് നിലയ്ക്കൽ-പമ്പ ചെയിൻ ടിക്കറ്റുകൾ കെഎസ്ആർടിസി ലഭ്യമാക്കുമെന്നും കരാറിൽ ഉറപ്പുനൽകുന്നുണ്ട്.

തമിഴ്‌നാട് കോർപറേഷന് കെഎസ്ആർടിസി ഓപ്പറേഷൻസ് ഡെപ്യൂട്ടി ജിഎം അയച്ച കത്തിലും നിലയ്ക്കലിൽ നിന്ന് പമ്പ വരെ കെഎസ്ആർടിസി മാത്രമേ അനുവദിക്കുകയുള്ളുവെന്ന് വ്യക്തമായി പറയുന്നുണ്ട്. ഇത് ഹൈക്കോടതി നിർദ്ദേശപ്രകാരമാണെന്നും കത്തിൽ പറയുന്നു. എന്നാൽ, ഈ ധാരണകളെല്ലാം അട്ടിമറിച്ചുകൊണ്ടാണ് ഇപ്പോൾ ഗതാഗത സെക്രട്ടറി ജ്യോതിലാൽ മറിച്ചൊരു ഉത്തരവ് ഇറക്കിയിരിക്കുന്നത്.

ജ്യോതിലാലിന്റെ പോര് ഇന്നും ഇന്നലെയും തുടങ്ങിയതല്ല

തച്ചങ്കരിയും ജ്യോതിലാലും തമ്മിലെ പോര് ഐപിഎസ്-ഐഎഎസ് പോര് എന്നതിൽ ചുരുക്കാനാവില്ല. തുടക്കം മുതൽ തന്നെ തച്ചങ്കരിയുടെ പരിഷ്‌കരണ നടപടികൾക്ക് തുരങ്കം വയ്ക്കുന്ന സമീപനമാണ് ജ്യോതിലാൽ സ്വീകരിച്ചത്. ജീവനക്കാർക്ക് ശമ്പളം നൽകാൻ ധനവകുപ്പ് അനുവദിച്ച 50 കോടി വൈകിച്ചതിനെ ചോദ്യം ചെയ്തപ്പോൾ മറ്റൊരു പാര കൊണ്ടാണ് ജ്യോതിലാൽ നേരിട്ടത്. 50 ലക്ഷത്തിൽ കൂടുതൽ ചെലവിടുന്നതിൽ നിന്ന് സിഎംഡിയെ വിലക്കി ജ്യോതിലാൽ ഉത്തരവിറക്കി.

വൻകിട പർച്ചേസുകൾ കൂടുതൽ സുതാര്യമാക്കുവാനാണ് ഇതെന്നായിരുന്നു ജ്യോതിലാൽ മന്ത്രി എ.കെ.ശശീന്ദ്രനെ അറിയിച്ചത്. സുതാര്യതയ്ക്കായി മൂന്ന് അംഗ സമിതിയേയും നിയമിച്ചു. എന്നാൽ കമ്മിറ്റിയുടെ നേരവും കാലവും നോക്കി അടിയന്തര തീരുമാനങ്ങൾ എടുക്കാൻ സാധിക്കില്ലെന്നായിരുന്നു തച്ചങ്കരിയുടെ വാദം. തൊഴിലാളി സംഘടനകളെ നിലയ്ക്കു നിർത്തിയ തച്ചങ്കരിയെ പുകച്ചു ചാടിക്കാൻ സംഘടനാ നേതാക്കൾ ഗതാഗത സെക്രട്ടറിയെ കൂട്ടുപിടിച്ചെന്നും തച്ചങ്കരി അനുകൂല വിഭാഗം പറയുന്നു.

ഗതാഗത സെക്രട്ടറി കെ ആർ ജ്യോതിലാലിന്റെ രഹസ്യ ഇടപെടൽ പലപ്പോഴും വിവാദത്തിലായിരുന്നു. കെ എസ് ആർ ടി സിയുടെ വരുമാനത്തിൽ ബഹുഭൂരിഭാഗവും കെടിഡിഎഫ്‌സിയിലേക്ക് വഴി തിരിച്ചു വിടാനുള്ള നീക്കങ്ങളെയും തച്ചങ്കരി ചെറുത്തു. എ
എസ് ബി ഐ കൺസോർഷ്യത്തിന് 59 ഡിപ്പോകൾ നേരിട്ട് കളക്ഷൻ അടയ്ക്കുകയാണ് രീതി. മുഴുവൻ കളക്ഷൻ അവർക്കാണ് പോകുന്നത്. ഇങ്ങനെ കിട്ടുന്നതിൽ 86 ലക്ഷം രൂപ കഴിഞ്ഞുള്ള ബാക്കി തുക കേരളാ ഫിനാൻസ് കോർപ്പറേഷന് കൈമാറണമെന്ന നിർദ്ദേശമാണ് എസ് ബി ഐയ്ക്ക് സെക്രട്ടറി നൽകിയത്. ഇത്തരത്തിലൊരു നിർദ്ദേശം എസ് ബി ഐയ്ക്ക് കൊടുക്കുമ്പോൾ അത് കെ എസ് ആർ ടി സി എംഡിയെ സെക്രട്ടറി അറിയിച്ചതുമില്ല. എസ് ബി ഐയ്ക്ക് നേരിട്ട് കത്തയയ്ക്കുകയാണ് ചെയ്തത്. ഇതിനുള്ള അധികാരം സെക്രട്ടറിക്കില്ലെന്നതാണ് വസ്തുത. ഇത് മനസ്സിലാക്കി തച്ചങ്കരിയും മറുതന്ത്രം മെനഞ്ഞു.

അതുകൊണ്ട് തന്നെ കെ എസ് ആർ ടി സി പറയാതെ തുക വകമാറ്റാൻ ആവില്ലെന്ന യാഥാർത്ഥ്യം ചൂണ്ടിക്കാട്ടി എസ് ബി ഐയ്ക്ക് തച്ചങ്കരി കത്തയച്ചത്. തന്നെ അറിയിക്കാതെ കെ എസ് ആർ ടി സിയെ തകർക്കാൻ നടക്കുന്ന ശ്രമാണ് ഇതെന്ന പരാതിയും മന്ത്രി എകെ ശശീന്ദ്രനെ തച്ചങ്കരി അറിയിച്ചു. ഇതോടെ ജ്യോതിലാലിന്റെ നിലപാട്.

യൂണിയൻ നേതാക്കളുടെ കൂടെ ചേർന്നാണ് ഗതാഗതസെക്രട്ടറിയുടെ ഇടപെടലെന്ന ആക്ഷേപം ശക്തമായിരുന്നു. മുമ്പ് സർക്കാർ ശമ്പളം കൊടുക്കാൻ അനുവദിച്ച തുകയും കെ ടി ഡി എഫ് സിയിലേക്ക് വകമാറ്റി വിടാൻ സെക്രട്ടറി ശ്രമിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലോടെ ഈ നീക്കം പൊളിഞ്ഞു. ഇതിന് പിന്നാലെയാണ് പ്രതിദിന വരുമാനത്തിന്റെ അന്വത് ശതമാനത്തോളം കെ എസ് ആർ ടി സിക്ക് കിട്ടുന്നില്ലെന്ന് ഉറപ്പാക്കാനുള്ള ശ്രമം നടന്നത്. ഇതും പൊളിഞ്ഞു. തച്ചങ്കരിയെ പുകച്ച് പുറത്തു ചാടിക്കാനുള്ള സാഹചര്യം ഒരുക്കാനാണ് സെക്രട്ടറിയുടെ നീക്കം.

ജീവനക്കാർക്ക് ശമ്പളം നൽകാൻ കെ എസ് ആർ ടി സിക്ക് സർക്കാർ അനുവദിച്ച 20 കോടി രൂപ വകമാറ്റിക്കൊണ്ട് വിവാദം ക്ഷണിച്ചു വരുത്തിയ ജ്യോതിലാൽ ഒടുവിൽ തച്ചങ്കരിയുടെ കടുംപിടുത്തത്തിന് വഴങ്ങിയിരുന്നു. 20 കോടി അനുവദിച്ച് ഇതിൽ നിന്നും കെഎഫ്സിയിൽ നിന്നും എടുത്ത വായ്‌പ്പയുടെ പലിശ കൂടി അടയ്ക്കണം എന്നു നിർദ്ദേശിച്ചു കൊണ്ടുള്ള ആദ്യത്തെ ഉത്തരവ് പിൻവലിച്ച് പുതിയ ഉത്തരവ് പുറത്തിറക്കേണ്ടി വന്നത് മുഖ്യമന്ത്രിയുടെ സമ്മർദ്ദത്തെ തുടർന്നായിരുന്നു. കൃത്യസമയത്ത് സർക്കാർ ശമ്പളം നൽകാൻ തച്ചങ്കരി നടത്തുന്ന ഇടപെടലുകൾക്ക് ഇടങ്കോലിടലാണ് ജ്യോതിലാലിന്റെ ഇടപെടലെന്ന വിമർശനം ഉയർന്നിരുന്നു

ശമ്പളം നൽകാനായിരുന്നു ധനവകുപ്പ് ഫണ്ട് അനുവദിച്ചത്. ഇത് ഗതാഗത സെക്രട്ടറി വേണമായിരുന്നു കെ എസ് ആർ ടി സിക്ക് അനുവദിച്ച് നൽകേണ്ടത്. എന്നാൽ ശമ്പളം കൊടുക്കേണ്ടി ദിവസങ്ങളിൽ ജ്യോതിലാൽ തിരുവനന്തപുരത്ത് നിന്ന് മാറി നിന്നു. ഓൺലൈനിൽ അനുമതി കൊടുക്കാമായിരുന്നിട്ടും അതിന് ശ്രമിച്ചില്ല. ഇത് മനസ്സിലാക്കി ബാങ്കിൽ നിന്ന് ഓവർ ഡ്രാഫ്റ്റ് എടുത്ത് കൃത്യസമയത്ത് തച്ചങ്കരി ശമ്പളം നൽകി. ഇതോടെ കളി പുതിയ തലത്തിലെത്തി. ഓഡി തുക ബാങ്കിലേക്ക് തിരിച്ചടയ്ക്കാതിരിക്കാനായി ശ്രമം. ഇതിന് വേണ്ടി ശമ്പളത്തിനെന്ന് കൃത്യമായി രേഖപ്പെടുത്തി ധനവകുപ്പ് നൽകിയ തുക കെറ്റിഡിഎഫ് സിക്ക് പലിശയായി നൽകണമെന്ന് ജ്യോതിലാൽ കുറിച്ചു. പണം കൈമാറിയുമില്ല. ഇതോടെ വിഷയം മന്ത്രിയുടെ മുന്നിലെത്തി. പണം അതിവേഗം കൈമാറാൻ ജ്യോതിലാലിനോട് നിർദ്ദേശിച്ചു. എന്നാൽ പുതിയ കുടുക്കിടുകയായിരുന്നു സെക്രട്ടറി ചെയ്തത്.

ഓണക്കാലത്ത് ജീവനക്കാർക്ക് ശമ്പളം നൽകാനുള്ള തുക സെക്രട്ടറി വകമാറ്റിയിട്ടും യൂണിയനുകളാരും പ്രതിഷേധത്തിന് എത്തിയില്ല. എന്നാൽ, പണം ലഭിക്കാതെ വന്നതോടെ തച്ചങ്കരി കൃത്യമായി ഇടപെട്ടു. ബാങ്കിൽ നിന്നും ഓവർഡ്രാഫ്റ്റെടുത്തും 20 കോടി എടുത്ത് കൃത്യസമയത്ത് ശമ്പളം കൊടുത്തു. പിന്നാലെ ഇപ്പോൾ 20 കോടി അനുവദിച്ചു കൊണ്ടുള്ള ഉത്തരവും വന്നു. ഇതോടെ യൂണിയനുകാർ ഗതാഗത സെക്രട്ടറിയെ കൂട്ടുപിടിച്ചു നടത്തിയ നീക്കം കൂടിയാണ് അന്ന് പൊളിഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP