Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിശ്വാസികൾക്കൊപ്പം നിന്ന ശേഷം മതിലു കണ്ടപ്പോൾ അച്ഛൻ മറുകണ്ടം ചാടി; അയ്യപ്പ ജ്യോതിയിൽ മകനും അശയക്കുഴപ്പം ഉണ്ടാക്കി; എസ് എൻ ഡി പിയും ബിഡിജെഎസും ഒന്നായിരിക്കെ എങ്ങനെ എല്ലാത്തിലും പല നിലപാടുകൾ? അണികളെ തൃപ്തിപ്പെടുത്താൻ തുഷാർ വെള്ളാപ്പള്ളി നേരിട്ട് രംഗത്ത്; അച്ഛനിൽ നിന്നും മകനിലേക്കുള്ള അധികാര കൈമാറ്റം നടക്കാനിരിക്കെ പ്രതിഷേധം പരിഹരിക്കാൻ നീക്കം തകൃതി

വിശ്വാസികൾക്കൊപ്പം നിന്ന ശേഷം മതിലു കണ്ടപ്പോൾ അച്ഛൻ മറുകണ്ടം ചാടി; അയ്യപ്പ ജ്യോതിയിൽ മകനും അശയക്കുഴപ്പം ഉണ്ടാക്കി; എസ് എൻ ഡി പിയും ബിഡിജെഎസും ഒന്നായിരിക്കെ എങ്ങനെ എല്ലാത്തിലും പല നിലപാടുകൾ? അണികളെ തൃപ്തിപ്പെടുത്താൻ തുഷാർ വെള്ളാപ്പള്ളി നേരിട്ട് രംഗത്ത്; അച്ഛനിൽ നിന്നും മകനിലേക്കുള്ള അധികാര കൈമാറ്റം നടക്കാനിരിക്കെ പ്രതിഷേധം പരിഹരിക്കാൻ നീക്കം തകൃതി

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: സിപിഎമ്മിനൊപ്പമാണോ കോൺഗ്രസിനൊപ്പമാണോ അതോ ബിജെപിയോ? എസ് എൻ ഡി പി അണികളെല്ലാം ആശയക്കുഴപ്പത്തിലാണ്. എല പാർട്ടികളിലുള്ളവർ എസ് എൻ ഡി പിയിലുണ്ട്. പ്രത്യക്ഷ രാഷ്ട്രീയവുമില്ല. എന്നാൽ എക്കാലത്തും ഏത് പാർട്ടിയുടെ നിലപാടിനൊപ്പമാണ് യാത്രയെന്ന് എസ് എൻ ഡി പി വിശദീകരിക്കും. അത് മനസ്സിലാക്കിയാണ് ശാഖാ പ്രവർത്തകരും നിലയുറപ്പിക്കൂ. എന്നാൽ ബിഡിജെഎസ് എന്ന രാഷ്ട്രീയ പാർട്ടി വന്നതോടെ ഒന്നിനും വ്യക്തതയില്ലാതെയായി. ഇതിനൊപ്പം അച്ഛൻ വെള്ളാപ്പള്ളിയും മകൻ തുഷാറും വ്യത്യസ്ത നനനിലപാടും എടുക്കുന്നു. ഇതോടെ വലിയ ആശയ പ്രതിസന്ധിയിലേക്ക് എസ് എൻ ഡി പി മാറി. ഇതിന് പരിഹാരം കണ്ടെത്താൻ വെള്ളാപ്പള്ളിയും തുഷാറും ഓടുകയാണ്.

ഇതിന്റെ ഭാഗമായി തുഷാർ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിൽ എസ്എൻഡിപി യോഗം ശാഖാതലം മുതലുള്ള ഭാരവാഹികൾക്കു വിശദീകരണ, പഠന ക്ലാസുകൾ നടത്തും. അടുത്ത മാസം മുതൽ സംസ്ഥാനത്തെ എല്ലാ യൂണിയനുകളിലും യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി നേരിട്ടു പങ്കെടുക്കുന്ന ക്ലാസുകൾ നടക്കും. ശബരിമല വിഷയം, വനിതാ മതിൽ, സാമ്പത്തിക സംവരണം, സംസ്ഥാന സർക്കാരിനോടുള്ള സമീപനം തുടങ്ങിയയിൽ അംഗങ്ങളിൽ ആശയക്കുഴപ്പം ഉണ്ടായെന്ന വിലയിരുത്തലിലാണു ക്ലാസുകൾ. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുൻപു തീരുന്നവിധം ദിവസവും ഒന്നോ രണ്ടോ യൂണിയനുകളിൽ വീതമായിരിക്കും ക്ലാസ്. ആശയക്കുഴപ്പമില്ലാതെ കൃത്യമായി നിലപാട് പറയാൻ കഴിവുള്ള ഏതാനും പേരുടെ പട്ടികയും തയാറാക്കുന്നുണ്ട്.

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തുഷാർ മത്സരിക്കുമെന്ന് സൂചനയുണ്ട്. എൻ ഡി എ സ്ഥാനാർത്ഥിയായി ആറ്റിങ്ങൽ, കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളിൽ ഒരിടത്താകും മത്സരിക്കുകയെന്നാണ് സൂചന. ഇതിനൊപ്പം എസ് എൻ ഡി പിയുടെ നേതൃത്വവും തുഷാറിനെ കൈമാറുന്നത് വെള്ളാപ്പള്ളിയുടെ പരിഗണനയിലാണ്. എസ് എൻ ഡി പി ജനറൽ സെക്രട്ടറിയായി തുഷാർ മാറിയാൽ വെള്ളാപ്പള്ളി സ്ഥാനമെല്ലാം ഒഴിയും. അങ്ങനെ തുഷാർ സമുദായ നേതാവായാൽ ബിഡിജെഎസിന്റെ ഭാവിയിലും അവ്യക്തതയുണ്ട്. അങ്ങനെ സങ്കീർണ്ണമായ പ്രശ്‌നങ്ങളിലൂടെയാണ് എസ് എൻ ഡി പി കടന്നു പോകുന്നത്.

ഈ സാഹചര്യം മുതലെടുക്കാൻ ഗോകുലം ഗോപാലനും ബിജു രമേശും പുറത്ത് തയ്യാറെടുക്കുന്നുണ്ട്. എസ് എൻ ഡി പിയിൽ പിടിമുറുക്കാൻ വിമതർ ശ്രമിക്കുന്നതും വെള്ളാപ്പള്ളിക്കും കുടുംബത്തിനും അറിയാം. ശബരിമല വിഷയത്തിലും സംവരണ വിഷയത്തിലും അണികൾക്കുള്ള ആശയക്കുഴപ്പം തിരിച്ചടിക്കുമോ എന്ന് വെള്ളാപ്പള്ളിയും ഭയക്കുന്നു. ഈ സാഹചര്യത്തിലാണ് തുഷാർ പഠനക്ലാസുമായി എത്തിക്കുന്നത്. പ്രവർത്തകരിലേക്ക് ഇറങ്ങി ചെല്ലാനുള്ള തന്ത്രത്തിന്റെ ഭാഗമാണ് ഇതും.

യൂണിയൻ, ശാഖായോഗം, എസ്എൻഡിപി യൂത്ത് മൂവ്‌മെന്റ്, വനിതാ വിഭാഗം, മൈക്രോ ഫിനാൻസ് തുടങ്ങിയ എല്ലാ വിഭാഗങ്ങളിലെയും ഭാരവാഹികളെ പങ്കെടുപ്പിക്കും. സാമ്പത്തിക സംവരണത്തിനെതിരെ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചിരുന്നു. എന്നാൽ, സംവരണം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന എല്ലാ വിഭാഗങ്ങൾക്കും ബാധകമാണെന്നും പിന്നാക്ക വിഭാഗങ്ങൾക്ക് അധിക സംവരണത്തിനുള്ള വഴി തുറക്കുകയാണെന്നും ആണു തുഷാറിന്റെ നിലപാട്.

എൻ ഡി എ സഖ്യത്തിൽ ഉറച്ചു നിൽക്കുന്നതു കൊണ്ടാണ് തുഷാർ ഇങ്ങനെ നിലപാട് എടുക്കുന്നത്. ലോക്‌സഭയിലേക്ക് മത്സരിച്ചാൽ സമുദായ അംഗങ്ങളുടെ വോട്ട് നിർണ്ണായകമാണെന്ന് തുഷാറിന് അറിയാം. ഈ സാഹചര്യത്തിൽ കൂടിയാണ് തുഷാർ എസ് എൻ ഡി പി പ്രവർത്തകരെ നേരിട്ട് കാണാനെത്തുന്നത്. വിശ്വാസികളായ സമുദായ അംഗങ്ങളുടെ ആശയക്കുഴപ്പവും പരിഹരിക്കും. വനിതാ മതിലിൽ എസ് എൻ ഡി പി അണിചേർന്ന സാഹചര്യവും പറഞ്ഞു കൊടുക്കും.

ശബരിമല വിഷയത്തിൽ യോഗം വിശ്വാസികൾക്കൊപ്പമാണെന്ന നിലപാട് വിശദീകരിക്കും. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വനിതാ മതിലിന്റെ മുഖ്യ സംഘാടകനായതു യോഗം പ്രവർത്തകരിൽ ആശയക്കുഴപ്പം സൃഷ്ടിച്ചു. വനിതാ മതിൽ കഴിഞ്ഞയുടൻ ശബരിമലയിൽ യുവതികളെ പ്രവേശിപ്പിച്ചതിനെത്തുടർന്നു യോഗം ഭാരവാഹികൾക്കിടയിൽത്തന്നെ പ്രതിഷേധമുണ്ടായി. ഈ സാഹചര്യത്തിൽ സംസ്ഥാന സർക്കാരിനോടുള്ള യോഗത്തിന്റെ നിലപാടും ക്ലാസുകളിൽ വിശദീകരിക്കും.

വെള്ളാപ്പള്ളി നടേശന്റെ നിലപാടുകളാണ് എസ് എൻ ഡി പിയെ ആശയക്കുഴപ്പത്തിലേക്ക് തള്ളി വിട്ടത്. ശബരിമല വിഷയത്തിൽ വിശ്വാസികൾക്കൊപ്പമാണെന്ന നിലപാട് വെള്ളാപ്പള്ളി എടുത്തു. എന്നാൽ മുഖ്യന്ത്രി പിണറായി വിജയൻ വനിതാ മതിലുമായെത്തിയപ്പോൾ മറുകണ്ടം ചാടി. കാര്യ സാധ്യത്തിനായി മറുപക്ഷത്ത് എത്തിയെങ്കിൽ തൊട്ടടുത്ത ദിവസം യുവതികളും സന്നിധാനത്ത് എത്തി. യുവതി പ്രവേശനത്തിനായിരുന്നു വനിതാ മതിൽ എന്ന് വ്യക്തമായതോടെ വെള്ളാപ്പള്ളി വെട്ടിലായി. വെള്ളാപ്പള്ളിയുടെ ഭാര്യ പ്രീതി നടേശൻ വനിതാ മതിലിലെ ചതി തുറന്നു പറയുകയും ചെയ്തു.

ഇതോടെയാണ് എസ് എൻ ഡി പിയിൽ പ്രതിസന്ധി അതിരൂക്ഷമായത്. വിശ്വാസികൾക്കൊപ്പം നിന്നു കൊണ്ട് മറുകണ്ടം ചാടിയ വെള്ളാപ്പള്ളിക്ക് വിലയ ഒറ്റപ്പെടലും അനുഭവിക്കേണ്ടി വന്നു. ഈ സാഹചര്യത്തിലാണ് കാര്യങ്ങൾ വരുതിയിലാക്കാൻ തുഷാർ ശ്രമം തുടങ്ങുന്നത്. അയ്യപ്പജ്യോതിയിൽ നിന്ന് വിട്ടു നിന്നതിലൂടെ തുഷാറും സംശയങ്ങൾ അണികൾക്കിടയിൽ വളർത്തി. ഇതു കാരണം കാര്യങ്ങൾ കൈവിട്ടു പോകാതിരിക്കാനാണ് ഇപ്പോൾ പഠന ക്ലാസുമായെത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP