Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളത്തിലെ യുഡിഎഫ് സ്ഥാനാർത്ഥികൾ ആരൊക്കെ? ഇടുക്കിയിൽ ഉമ്മൻ ചാണ്ടിയെ നിർത്തണം എന്ന വികാരം ശക്തം; മുല്ലപ്പള്ളി മത്സരിക്കുമെന്നും മത്സരിക്കില്ലെന്നും പറയുന്നവർ ഒരു പോലെ; കെ വി തോമസിനെ മാറ്റി ഹൈബിയെ നിർത്താനുള്ള നീക്കം വെട്ടി സോണിയയുടെ വിശ്വസ്തൻ; തൃശൂർ-ചാലക്കുടി പാക്കേജിനെ കുറിച്ചും ചർച്ച സജീവം; കോട്ടയത്തെ മാണിയുടെ സ്ഥാനാർത്ഥിയിൽ ഊഹാപോഹങ്ങൾ

കേരളത്തിലെ യുഡിഎഫ് സ്ഥാനാർത്ഥികൾ ആരൊക്കെ? ഇടുക്കിയിൽ ഉമ്മൻ ചാണ്ടിയെ നിർത്തണം എന്ന വികാരം ശക്തം; മുല്ലപ്പള്ളി മത്സരിക്കുമെന്നും മത്സരിക്കില്ലെന്നും പറയുന്നവർ ഒരു പോലെ; കെ വി തോമസിനെ മാറ്റി ഹൈബിയെ നിർത്താനുള്ള നീക്കം വെട്ടി സോണിയയുടെ വിശ്വസ്തൻ; തൃശൂർ-ചാലക്കുടി പാക്കേജിനെ കുറിച്ചും ചർച്ച സജീവം; കോട്ടയത്തെ മാണിയുടെ സ്ഥാനാർത്ഥിയിൽ ഊഹാപോഹങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: 20ൽ 20 നേടുകയാണ് യുഡിഎഫിന്റെ ലക്ഷ്യം. അതുകൊണ്ട് തന്നെ എല്ലാ സീറ്റിലും കരുത്തരെ തന്നെ മത്സരിപ്പിക്കാനാണ് തീരുമാനം. 2014ൽ കടുത്ത വെല്ലുവിളിയെ അതിജീവിച്ച് ജയിച്ച് കയറിയവരിൽ യുഡിഎഫ് പക്ഷത്ത് നിന്ന് ജോസ് കെ മാണി ഒഴികെ എല്ലാവരും മത്സരിക്കാനെത്തും. തോറ്റി സ്ഥലത്തെല്ലാം അതിശക്തരും. ഇടുക്കിയിൽ ഉമ്മൻ ചാണ്ടിയെ മത്സരിപ്പിച്ച് മധ്യകേരളത്തിൽ സാധ്യത വാനോളമുയർത്താനാണ് കോൺഗ്രസ് നീക്കം. ഹൈക്കമാണ്ട് ആവശ്യപ്പെട്ടാൽ ഉമ്മൻ ചാണ്ടിയും മത്സരിച്ചേക്കും. അങ്ങനെ വന്നാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ സൂപ്പർസ്ഥാനാർത്ഥി ഉമ്മൻ ചാണ്ടിയാകും.

ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥിനിർണയം ഫെബ്രുവരിയിൽത്തന്നെ പൂർത്തിയാക്കാനുള്ള അനൗപചാരിക ചർച്ചകൾ കോൺഗ്രസിൽ സജീവമായിട്ടുണ്ട് നിലവിലെ എംപി.മാർക്കെല്ലാം സീറ്റുണ്ടാകുമെന്ന് കെപിസിസി. നേതൃയോഗത്തിൽ നേതാക്കൾ പരോക്ഷ സൂചന നൽകി. കെപിസിസി. പ്രസിഡന്റായതിനാൽ മുല്ലപ്പള്ളി രാമചന്ദ്രൻ ഇത്തവണ മത്സരിക്കാുമോ എന്നതിൽ സംശയമുണ്ട്. ഇക്കാര്യത്തിലും ഹൈക്കമാണ്ട് തീരുമാനമാകും നിർണ്ണായകം. പ്രവർത്തകരുടെ വികാരമറിയാൻ എ.ഐ.സി.സി. ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് ജില്ലകളിൽ പര്യടനം തുടങ്ങി. ഇതിനിടെയാണ് ഉമ്മൻ ചാണ്ടിക്ക് വേണ്ടി അണികൾ സജീവ ഇടപെടൽ നടത്തുന്നത്.

കോട്ടയത്ത് കേരളാ കോൺഗ്രസ് തന്നെ മത്സരിക്കും. മുസ്ലിംലീഗ്, ആർ.എസ്‌പി. പാർട്ടികളും സിറ്റിങ് എംപി.മാരെത്തന്നെ വീണ്ടും രംഗത്തിറക്കും. പികെ കുഞ്ഞാലിക്കുട്ടിയും ഇടി മുഹമ്മദ് ബഷീറും വലിയ വെല്ലുവിളി കൂടാതെ ജയിക്കുമെന്ന് തന്നെയാണ് വിലയിരുത്തൽ. കൊല്ലത്ത് ആർ എസ് പിക്ക് വേണ്ടി എൻ കെ പ്രേമചന്ദ്രൻ വീണ്ടും മത്സരിക്കും. ഇവിടേയും യുഡിഎഫിന് വിജയ സാധ്യത ഏറെയാണെന്നാണ് മുന്നണിയുടെ വിലയിരുത്തൽ. വയനാടാണ് യുഡിഎഫിന്റെ ഏറ്റവും സുരക്ഷിത മണ്ഡലം. അതുകൊണ്ട് തന്നെ ഇവിടെ സ്ഥാനാർത്ഥിയാകാൻ ്മത്സരവും ശക്തമാണ്.

കോട്ടയത്തെ സ്ഥാനാർത്ഥി കെ.എം. മാണിയുടെ കുടുംബത്തിൽനിന്നായിരിക്കുമെന്ന സൂചനയും ഉണ്ട്. ജോസ് കെ മാണിയുടെ ഭാര്യ മത്സരിക്കുമോ എന്ന സംശയമാണ് സജീവമാകുന്നത്. ഇക്കാര്യത്തിൽ മാണിയുടെ നിലപാട് ആയിരിക്കും നിർണ്ണായകം. അതിവിശ്വസ്തരെ മാത്രമേ മാണി മത്സരിപ്പിക്കൂവെന്നും സൂചനയുണ്ട്. അതിനിടെ കടുത്തുരുത്തി എംഎൽഎ മോൻസ് ജോസഫിന്റെ പേരും സജീവമായി ചർച്ച ചെയ്യുന്നുണ്ട്. എല്ലാ വശങ്ങളും പരിഗണിച്ച് മാണിയാകും തീരുമാനം എടുക്കുന്നത്. കോട്ടയം സീറ്റ് കോൺഗ്രസിന് വിട്ടുകൊടുക്കില്ല. ഈ സാഹചര്യത്തിലാണ് ഇടുക്കിയിൽ ഉമ്മൻ ചാണ്ടിയെ നിർത്താനുള്ള നീക്കം സജീവമായതും.

പരമാവധി സീറ്റുകൾ നേടുകയെന്നതാണ് ഉമ്മൻ ചാണ്ടിയെ അടക്കം രംഗത്തിറക്കാനുള്ള നീക്കത്തിനുപിന്നിൽ. ശശി തരൂർ തിരുവനന്തപുരത്ത് മൂന്നാം ഊഴത്തിനിറങ്ങും. പത്തനംതിട്ടയിൽ ആന്റോ ആന്റണി, മാവേലിക്കരയിൽ കൊടിക്കുന്നിൽ സുരേഷ്, ആലപ്പുഴയിൽ കെ.സി. വേണുഗോപാൽ, എറണാകുളത്ത് കെ.വി. തോമസ്, കോഴിക്കോട്ട് എം.കെ. രാഘവൻ എന്നിവർ വീണ്ടും മത്സരിക്കും. എറണാകുളത്ത് ഹൈബി ഈഡനെ മത്സരിപ്പിക്കാൻ കരുനീക്കം നടന്നിരുന്നു. എന്നാൽ കോൺഗ്രസ് വീണ്ടും അധികാരത്തിലെത്താനുള്ള സാധ്യത തിരിച്ചറിഞ്ഞ് കെ വി തോമസ് ഈ നീക്കത്തെ വെട്ടി. സോണിയാ ഗാന്ധിയുടെ അതിവിശ്വസ്തൻ മത്സരിക്കുമെന്ന് തന്നെയാണ് സൂചന.

ആറ്റിങ്ങലിൽ ശക്തനായ സ്ഥാനാർത്ഥിയെ ഇറക്കിയാൽ മണ്ഡലം പിടിക്കാമെന്നാണ് വിലയിരുത്തൽ. അടൂർ പ്രകാശിന്റെ പേരാണ് ഇവിടെ പരിഗണിക്കുന്നത്. കോന്നി എംഎൽഎയായ അടൂർ പ്രകാശും മത്സരിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇടുക്കിയിൽ ഉമ്മൻ ചാണ്ടി മത്സരിക്കുന്നില്ലെങ്കിൽ ജോസഫ് വാഴയ്ക്കൻ, ഡീൻ കുര്യാക്കോസ്, മാത്യു കുഴൽനാടൻ എന്നിവരാണ് പരിഗണനയിലുള്ളത്. ഇടുക്കിയിൽ ഉമ്മൻ ചാണ്ടി മത്സരിക്കുമെന്നാണ് ലഭിക്കുന്ന സൂചന. അങ്ങനെ വന്നാൽ സീറ്റ് ഉറപ്പായും പിടിച്ചെടുക്കാനാകുമെന്ന് തന്നെയാണ് കോൺഗ്രസ് ക്യാമ്പുകളുടെ പ്രതീക്ഷ. കോട്ടയത്തും പത്തനംതിട്ടയിലും കോൺഗ്രസിന് ഭൂരിപക്ഷം ഉയരുന്ന സാഹചര്യവും ഉമ്മൻ ചാണ്ടി ഒരുക്കുമെന്നാണ് വിലയിരുത്തൽ.

തൃശ്ശൂർ-ചാലക്കുടി മണ്ഡലങ്ങൾ ഒരു പാക്കേജായാകും നിശ്ചയിക്കുക. കഴിഞ്ഞതവണ പി.സി. ചാക്കോയും കെ.പി. ധനപാലനും മണ്ഡലംമാറി മത്സരിച്ചപ്പോൾ രണ്ടിടത്തും തോറ്റു. ഇത്തവണയും ഇരുവരുടെയും പേരുകൾ ഉയരുന്നുണ്ട്. തൃശ്ശൂരിൽ ടി.എൻ. പ്രതാപനെയും പരിഗണിക്കുന്നു. പാലക്കാട് ഡി.സി.സി. പ്രസിഡന്റ് വി.കെ. ശ്രീകണ്ഠന്റെ പേരിന് അവിടെ മുൻതൂക്കമുണ്ട്. വിദേശകാര്യ സർവീസ് ഉദ്യോഗസ്ഥനും രാഷ്ട്രപതിയുടെ സെക്രട്ടറിയുമായിരുന്ന വേണു രാജാമണിയുടെ പേരും ഉയർന്നിരുന്നു. ആലത്തൂർ, കാസർകോട് മണ്ഡലങ്ങളിലേക്കുള്ള പേരുകൾ സജീവമായി വന്നിട്ടില്ല. ഈ രണ്ട് സീറ്റുകളിലും വിജയ സാധ്യത കുറവാണെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. അതുകൊണ്ട് തന്നെ അതിശക്തരെ രംഗത്തിറക്കും.

വയനാട്ടിൽ എംപി.യായിരുന്ന എം.ഐ. ഷാനവാസ് അന്തരിച്ചതിനാൽ പുതിയ സ്ഥാനാർത്ഥിയെ കണ്ടെത്തും. ടി. സിദ്ദിഖ്, ഷാനിമോൾ ഉസ്മാൻ, എം.എം. ഹസൻ എന്നിവരുടെ പേരുകൾ ഉയരുന്നുണ്ട്. ഷാനവാസിന്റെ മകളെ സ്ഥാനാർത്ഥിയാക്കില്ല. വടകരയിൽ കെ.പി. അനിൽകുമാർ, കെ.എസ്.യു. പ്രസിഡന്റ് കെ.എം. അഭിജിത് എന്നിവരുടെ പേരുകൾക്കാണ് മുൻതൂക്കം. മുല്ലപ്പള്ളി മത്സരിക്കാനെത്തിയാൽ കാര്യങ്ങൾ കെപിസിസി പ്രസിഡന്റിന് അനൂകുലമാകും, കണ്ണൂരിൽ കെ. സുധാകരൻ, കെ. സുരേന്ദ്രൻ, സതീശൻ പാച്ചേനി, കെ.എസ്.യു. വൈസ് പ്രസിഡന്റ് അബ്ദുൾ റഷീദ് തുടങ്ങിയവരെ പരിഗണിക്കുന്നു. കാസർഗോട്ടേക്കും ടി സിദ്ദിഖിനെ പരിഗണിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP