Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒന്ന് കണ്ണടച്ചാൽ അലോക് വർമ്മയുടെ എല്ലാ കാര്യങ്ങളും ശരിയാക്കാമെന്ന് പറഞ്ഞിട്ടും വഴങ്ങിയില്ല ! രാകേഷ് അസ്താനയ്‌ക്കെതരെയുള്ള റിപ്പോർട്ട് തിരുത്താൻ തയാറാകാത്തതോടെ വർമ്മയെ നീക്കാൻ തീരുമാനമെടുത്തെന്ന് വിവരം! സിബിഐ ഡയറക്ടർ സ്ഥാനത്തേക്ക് എത്താൻ അസ്താനയ്ക്ക് വിലങ്ങുതടിയാകുന്ന റിപ്പോർട്ട് ആവശ്യപ്പെട്ടത് കേന്ദ്ര വിജിലൻസ് കമ്മീഷണർ; സിബിഐ തലപ്പത്ത് നടക്കുന്നത് വൻ ബലപരീക്ഷണം

ഒന്ന് കണ്ണടച്ചാൽ അലോക് വർമ്മയുടെ എല്ലാ കാര്യങ്ങളും ശരിയാക്കാമെന്ന് പറഞ്ഞിട്ടും വഴങ്ങിയില്ല ! രാകേഷ് അസ്താനയ്‌ക്കെതരെയുള്ള റിപ്പോർട്ട് തിരുത്താൻ തയാറാകാത്തതോടെ  വർമ്മയെ നീക്കാൻ തീരുമാനമെടുത്തെന്ന് വിവരം! സിബിഐ ഡയറക്ടർ സ്ഥാനത്തേക്ക് എത്താൻ അസ്താനയ്ക്ക് വിലങ്ങുതടിയാകുന്ന റിപ്പോർട്ട് ആവശ്യപ്പെട്ടത് കേന്ദ്ര വിജിലൻസ് കമ്മീഷണർ;  സിബിഐ തലപ്പത്ത് നടക്കുന്നത് വൻ ബലപരീക്ഷണം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: അഴിമതിയും സ്ഥാനമോഹവും തമ്മിൽ നടന്ന ബലപരീക്ഷണമാണ് അലോക് വർമ്മയെ സിബിഐ ഡയറക്ടർ സ്ഥാനത്ത് നിന്നും നീക്കാനുള്ള കാരണമായതെന്ന് റിപ്പോർട്ട്. സിബിഐ സ്‌പെഷൽ ഡയറക്ടർ രാകേഷ് അസ്താനയ്‌ക്കെതിരെയുള്ള മോശം റിപ്പോർട്ട് തിരുത്താൻ തയാറാകാത്തതാണ് സിബിഐ ഡയറക്ടർ സ്ഥാനത്ത് നിന്നും വർമ്മയെ നീക്കം ചെയ്തതെന്നും ഇതു സംബന്ധിച്ച് വിശദ വിവരങ്ങൾ ദി ടെലിഗ്രാഫ് പത്രം റിപ്പോർട്ട് ചെയ്തതുമാണ് ഇപ്പോൾ ചൂടേറിയ ചർച്ചയായിരിക്കുന്നത്. മാത്രമല്ല സിബിഐയുമായി അടുത്ത് ബന്ധമുള്ള വൃത്തങ്ങളാണ് ഇക്കാര്യം പുറത്ത് വിട്ടതെന്നും റിപ്പോർട്ടിൽ പറയുന്നു.കഴിഞ്ഞ വർഷം അവസാനം കേന്ദ്ര വിജിലൻസ് കമ്മിഷണർ കെ.വി.ചൗധരി ആലോക് വർമയെ നേരിൽ കണ്ടു അസ്താനയ്‌ക്കെതിരെയുള്ള റിപ്പോർട്ട് തിരുത്തണമെന്ന് അഭ്യർത്ഥിച്ചു.

അഴിമതി ആരോപണം നേരിടുന്ന അസ്താനയ്ക്ക് ഡയറക്ടർ സ്ഥാനത്തേക്ക് എത്താനുള്ള നീക്കത്തിനു വിലങ്ങുതടിയാണ് വർമയുടെ റിപ്പോർട്ട്. ഇതു പിൻവലിച്ചാൽ വർമയുടെ 'എല്ലാ കാര്യങ്ങളും ശരിയാകും' എന്നു ചൗധരി ഉറപ്പു നൽകിയതായി ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ആലോക് വർമ ഈ 'കൊടുക്കൽ വാങ്ങലിനു' വഴങ്ങിയില്ല. മാത്രമല്ല, സിവിസി അന്വേഷണത്തിനു മേൽനോട്ടം വഹിക്കാൻ കോടതി ചുമതലപ്പെടുത്തിയ ജസ്റ്റിസ് എ.കെ.പട്‌നായിക്കിനെ ഈ വിവരം അറിയിക്കുകയും ചെയ്തു. തുടർന്നു വന്ന സിവിസി റിപ്പോർട്ടാണ് സുപ്രീം കോടതി വിധിയിലൂടെ ഡയറക്ടർ സ്ഥാനത്തേക്കു തിരിച്ചെത്തിയ ആലോക് വർമയെ 48 മണിക്കൂറിനുള്ളിൽ നീക്കാൻ പ്രധാനമന്ത്രി അധ്യക്ഷനായ ഉന്നതാധികാര സമിതിയെ പ്രേരിപ്പിച്ചത്.

എന്നാൽ ഇതിനെക്കുറിച്ചു പ്രതികരിക്കാൻ ആലോക് വർമ, കെ.വി.ചൗധരി, എ.കെ.പട്‌നായിക് എന്നിവർ തയാറായില്ല. വർമയ്‌ക്കെതിരെയുള്ള കണ്ടെത്തലുകൾ സിവിസിയുടെ മാത്രമാണെന്നും അന്വേഷണത്തിൽ തനിക്കു പങ്കില്ലെന്നും പട്‌നായിക് പറഞ്ഞു. സിവിസി റിപ്പോർട്ട് പരിഗണിച്ചാണു വർമയെ പുറത്താക്കാനുള്ള തീരുമാനം ഉന്നതാധികാര സമിതി കൈക്കൊണ്ടതെന്നാണു വിവരം. അതേസമയം, ആലോക് വർമയ്‌ക്കെതിരെ സിബിഐ അന്വേഷണത്തിന് സിവിസി ശുപാർശ ചെയ്‌തേക്കുമെന്നും സൂചനകളുണ്ട്.

സിവിസിയുടെ ഇടപെടലിന് ആലോക് വർമ തയാറാകാതിരുന്നതാണ് ഈ നീക്കത്തിനു പിന്നിലെന്നുമാണ് വിവരം. വർമയ്‌ക്കെതിരെ അഴിമതി ആരോപണങ്ങളിൽ തെളിവില്ലെന്ന് എ.കെ പട്‌നായിക് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇത്. മൊയീൻ ഖുറേഷി കേസിൽ ആലോക് വർമയെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് സിവിസി നീക്കം. ഇതു സംബന്ധിച്ചു കേന്ദ്രത്തിന് ഉടൻ കത്തുനൽകുമെന്നാണ് സിവിസി വൃത്തങ്ങൾ നൽകുന്ന സൂചന.

ശരവേഗത്തിലെടുത്ത തീരുമാനം

വ്യാഴാഴ്‌ച്ച വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ ചേർന്ന സമിതിയുടെ യോഗമാണ് വർമ്മയെ മാറ്റിയത്. രണ്ട് മണിക്കൂർ നീണ്ട യോഗം അലോക് വർമ്മയ്‌ക്കെതിരായ കേന്ദ്ര വിജിലൻസ് കമ്മിഷന്റെ അന്വേഷണ റിപ്പോർട്ട് ചർച്ച ചെയ്തിരുന്നു. പ്രധാനമന്ത്രിയും സമിതിയിൽ ചീഫ് ജസ്റ്റിസിന്റെ പ്രതിനിധിയായ ജസ്റ്റിസ് എ. കെ. സിക്രിയും സി. വി. സി നിഗമനങ്ങൾ ശരിവച്ചപ്പോൾ മൂന്നാമത്തെ അംഗമായ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ എതിർത്തു. തീരുമാനം മാറ്റി വയ്ക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യം നിരാകരിക്കപ്പെട്ടു. ജസ്റ്റസ് സിക്രിയുടെ നിലപാടു കാരണം സുപ്രീംകോടതിയും അലോക് വർമ്മയക്ക് അനുകൂലമായ തീരുമാനം എടുക്കില്ലെന്ന വിലയിരുത്തൽ സജീവമാണ്. അലോക് വർമ്മയെ സമിതി ചേർന്ന് മാറ്റാമെന്ന നിരീക്ഷണം നേരത്തെ സുപ്രീംകോടതി നടത്തുകയും ചെയ്തു.

സി. വി. സി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തന്നെയാണ് രണ്ടര മാസം മുൻപ് അലോക് വർമ്മയെയും സ്‌പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താനയെയും കേന്ദ്ര സർക്കാർ നിർബന്ധിത അവധി നൽകി മാറ്റിയത്. അതിനെതിരെ അലോക് വർമ്മ സമർപ്പിച്ച ഹർജിയിൽ ചൊവ്വാഴ്ച സുപ്രീംകോടതി അദ്ദേഹത്തെ പരിമിതമായ അധികാരങ്ങളോടെ തിരിച്ചെടുക്കുകയായിരുന്നു. സി.വി സി റിപ്പോർട്ട് പരിഗണിച്ച് പ്രധാനമന്ത്രിയുടെ സമിതി ഒരാഴ്ചയ്ക്കകം അന്തിമ തീരുമാനം എടുക്കണമെന്നും ചീഫ്ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് വിധിച്ചിരുന്നു. സമിതി തീരുമാനം എടുക്കും വരെ അലോക് വർമ്മ നയപരമായ തീരുമാനങ്ങൾ എടുക്കരുതെന്ന് സുപ്രീം കോടതി വിലക്കിയിരുന്നു. എന്നാൽ സുപ്രീംകോടതി ഉത്തരവ് പ്രകാരം ബുധനാഴ്ച ഡയറക്ടർ പദവിയിൽ തിരിച്ചെത്തിയ അലോക് വർമ്മ അന്ന് തന്നെ പത്ത് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം റദ്ദാക്കുകയും ഇന്നലെ മറ്റ് അഞ്ച് പേരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.

വർമ്മയ്ക്ക് പകരം ഇടക്കാല ഡയറക്ടറായി നിയമിതനായ എം. നാഗേശ്വര റാവു നടത്തിയ സ്ഥലംമാറ്റങ്ങളാണ് അദ്ദേഹം തിരുത്തിയത്. ബുധനാഴ്ച രാത്രി ഉന്നതതല സമിതി ചോഗം ചേർന്നെങ്കിലും തീരുമാനമാകാതെ പിരിയുകയായിരുന്നു. ആ യോഗത്തിൽ മല്ലികാർജുൻ ഖാർഗെ സി. വി. സി റിപ്പോർട്ട് ഉൾപ്പെടെയുള്ള ചില രേഖകൾ വേണമെന്നും അലോക് വർമ്മയ്ക്ക് വിശദീകരണത്തിന് അവസരം നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് ഇന്നലെ വീണ്ടും സമിതി ചേർന്നത്. അതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ സെലക്ട് കമ്മിറ്റിയാണ് സി ബി ഐ ഡയറക്ടർ സ്ഥാനത്ത് നിന്നും മാറ്റിയ നടപടിയിൽ പ്രതിരകണവുമായി അലോക് വർമ രംഗത്ത് വന്നു.

സ്ഥാനത്തുനിന്നും തന്നെ നീക്കിയതിന് പിന്നിൽ വ്യക്തി വൈരാഗ്യമാണെന്നായിരുന്നു അലോക് വർമയുടെ പ്രതികരണം. തനിക്കെതിരായ നടപടിക്ക് കാരണമായിട്ടുള്ള ആരോപണങ്ങൾ തീർത്തും അടിസ്ഥാന രഹിതവും, കെട്ടിച്ചമച്ചതുമാണ്. ഇതിന് പിന്നിൽ ഒരുവ്യക്തിക്ക് തന്നോടുള്ള വിദ്വേഷമാണെന്നും വർമ ആരോപിക്കുന്നു. ദേശീയ വാർത്താ ഏജൻസിയായ പി ടി െഎയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സ്വതന്ത്ര അന്വേഷണ ഏജൻസിയായ സിബി െഎ ആരുടെയും സമ്മർദത്തിന് വഴങ്ങി പ്രവർത്തിക്കുന്ന സ്ഥിതി ഉണ്ടാവരുത്. ഏജൻസിയുടെ വിശ്വാസ്യത നിലനിർത്താനായിരുന്നു താൻ ശ്രമിച്ചത്. എന്നാൽ ഇത് തകർക്കാൻ ശ്രമങ്ങൾ നടക്കുന്നതായും അലോക് വർമ കുറ്റപ്പെടുത്തി. ഇതിന് സമാനമായ നടപടിയാണ് 2018 ഒക്ടോബർ 23 ന് തനിക്കെതിരായ നടപടിക്ക് കാരണമായ സിവിസി റിപ്പോർട്ടിന് പിന്നിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തന്നെ സ്ഥാനത്ത് നിന്നും മാറ്റിയ തീരുമാനം ദുഃഖമുണ്ടാക്കുന്നതാണെന്നും അദ്ദേഹം പറയുന്നു ഇതാദ്യമായാണ് അലോക് വർമ വിവാദത്തെകുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുന്നത്.

കേന്ദ്രതീരുമാനത്തിന് അനുകൂലമായി സുപ്രീംകോടതി ജഡ്ജി നിലകൊണ്ടത് കേന്ദ്രത്തിന്റെ വാദങ്ങൾക്ക് കൂടുതൽ ബലം നൽകി. സിബിഐ ഡയറക്ടർ അലോക് വർമയും സ്‌പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താനയും തമ്മിലുള്ള പടലപ്പിണക്കത്തെ തുടർന്നാണ് കേന്ദ്രം ഇരുവരെയും ചുമതലകളിൽ നിന്ന് നീക്കി നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചത്. വീണ്ടും ചുമതലയേറ്റ് 36 മണിക്കൂറിനുള്ളിലാണ് അലോക് വർമ്മയ്ക്ക് സിബിഐ ഡയറക്ടർ സ്ഥാനം നഷ്ടപ്പെട്ടത്.

ഡയറക്ടർ ഫയർ സർവ്വീസസ് ആൻഡ് ഹോം ഗാർഡ്സ് ആയാണ് മാറ്റം. രണ്ടരമണിക്കൂർ നീണ്ടു നിന്ന സെലക്ഷൻ സമിതി യോഗം കേന്ദ്ര വിജിലൻസ് കമ്മീഷൻ റിപ്പോർട്ട് പരിശോധിച്ചു. അഴിമതിക്ക് സാഹചര്യ തെളിവുണ്ടെന്നായിരുന്നു റിപ്പോർട്ടിലെ കണ്ടെത്തൽ. അലോക് വർമ്മയുടെ ഭാഗം കേട്ട ശേഷമേ തീരുമാനം പാടുള്ളു എന്ന് മല്ലികാർജ്ജുന ഖർഗെ വാദിച്ചു. അലോക് വർമ്മയെ ഉടൻ മാറ്റണമെന്ന പ്രധാനമന്ത്രിയുടെ നിലപാടിനോട് ജസ്റ്റിസ് എ കെ സിക്രിയും യോജിച്ചു. ഇതോടെ ഖർഗെയുടെ വിജയോജനക്കുറിപ്പ് എഴുതി വാങ്ങി തീരുമാനം കൈക്കൊള്ളുകയായിരുന്നു. റഫാൽ ഇടപാട് ചൂണ്ടിക്കാട്ടി കോൺഗ്രസ് തീരുമാനത്തിനെതിരെ രംഗത്തു വന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP