Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇങ്ങനെയാണോ സഖാവേ എല്ലാം ശരിയാക്കുന്നത്? ഹാരിസൺ കേസിൽ റിവ്യൂ പെറ്റിഷനു പോകാതെ പിണറായി സർക്കാറിന്റെ ഒത്തുകളി; സെപ്റ്റംബറിൽ സർക്കാരിനെതിരെ സുപ്രീംകോടതി വിധി വന്നിട്ടും ചെറുവിരൽ അനക്കാതെ സർക്കാർ; പറയുന്നത് നിയമോപദേശം ലഭിച്ചില്ലെന്ന മുട്ടാന്യായം; നടക്കുന്നത് സർക്കാറിൽ എത്തേണ്ട 38000 ഏക്കർ ഭൂമി ഹാരിസണ് തീറെഴുതാനുള്ള നീക്കം; കോവളം കൊട്ടാരം രവി പിള്ളയ്ക്ക് നൽകിയത് പോലെ സർക്കാറിന് അവകാശപ്പെട്ടതെല്ലാം സ്വകാര്യ ഭീമന്മാർക്ക് ഇഷ്ടദാനം കൊടുക്കുന്നു

ഇങ്ങനെയാണോ സഖാവേ എല്ലാം ശരിയാക്കുന്നത്? ഹാരിസൺ കേസിൽ റിവ്യൂ പെറ്റിഷനു പോകാതെ പിണറായി സർക്കാറിന്റെ ഒത്തുകളി; സെപ്റ്റംബറിൽ സർക്കാരിനെതിരെ സുപ്രീംകോടതി വിധി വന്നിട്ടും ചെറുവിരൽ അനക്കാതെ സർക്കാർ; പറയുന്നത് നിയമോപദേശം ലഭിച്ചില്ലെന്ന മുട്ടാന്യായം; നടക്കുന്നത് സർക്കാറിൽ എത്തേണ്ട 38000 ഏക്കർ ഭൂമി ഹാരിസണ് തീറെഴുതാനുള്ള നീക്കം; കോവളം കൊട്ടാരം രവി പിള്ളയ്ക്ക് നൽകിയത് പോലെ സർക്കാറിന് അവകാശപ്പെട്ടതെല്ലാം സ്വകാര്യ ഭീമന്മാർക്ക് ഇഷ്ടദാനം കൊടുക്കുന്നു

എം മനോജ് കുമാർ

തിരുവനന്തപുരം: കോവളം കൊട്ടാരം പോലുള്ള സുഗമമായ അധികാരകൈമാറ്റമാണ് ഹാരിസൺ ഭൂമിയുടെ കാര്യത്തിലും കേരളത്തിൽ നടക്കുന്നത്. കേരളത്തിന്റെ സ്വന്തം ആയിരുന്ന കോടികൾ വിലമതിക്കുന്ന കോവളം കൊട്ടാരം രവി പിള്ള പോലൊരു വ്യവസായിയുടെ കൈയിൽ ഭദ്രമായി ഏൽപ്പിച്ച പിണറായി സർക്കാർ ഇപ്പോൾ ഹാരിസണിൽ നിന്ന് പിടിച്ചെടുത്ത 38000 ഏക്കർ ഭൂമി ഹാരിസണിന്റെ കൈയിൽ ഭദ്രമായി ഏൽപ്പിക്കാനുള്ള നീക്കങ്ങൾ നടക്കുകയാണ്. എല്ലാം ശരിയാക്കാൻ കോടതി വിധികൾ തന്നെ ആയുധവും ആധാരവും ആക്കുന്ന പിണറായി സർക്കാർ ഹാരിസൺ ഭൂമി ഹാരിസണ് നൽകാൻ ആയുധമാക്കുന്നതും രണ്ടു കോടതിവിധികളാണ്. ഒന്ന് ഹൈക്കോടതി വിധി, രണ്ടു സുപ്രീംകോടതി വിധി.

കോവളം കൊട്ടാര പ്രശ്‌നത്തിലും ശബരിമല പ്രശ്‌നത്തിലും ആയുധമാക്കിയ കോടതി വിധി തന്നെയാണ് ഹാരിസൺ ഭൂമി ഹാരിസണ് കൈമാറാൻ ആയുധമാക്കുന്നതും. ഹാരിസൺ ഭൂമിയുടെ കാര്യത്തിൽ ഒട്ടനവധി വിധികൾ കേരള സർക്കാരിനു നേടിനല്കിയ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായ സുശീല ഭട്ടിനെ നീക്കിയാണ് ഹൈക്കോടതി വിധി സർക്കാർ ഹാരിസണ് അനുകൂലമാക്കിയത്. ഹൈക്കോടതി വിധിയ്‌ക്കെതിരെ സുപ്രീംകോടതിയിൽ പോയ സർക്കാർ ഭൂമി പ്രശ്‌നത്തിൽ അവിടെയും തോറ്റു.

സർക്കാർ ആഗ്രഹിച്ച പോലെ ഹാരിസൺ കേസിൽ വാദം കേൾക്കാൻ അനുവദിക്കാതെയാണ് ജസ്റ്റിസ് രോഹിങ്ടൺ ബി. നരിമാൻ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് സർക്കാർ അപ്പീൽ തള്ളിയത്. 17 സെപ്റ്റംബറിൽ സുപ്രീം കോടതി വിധി വന്നിട്ടും സർക്കാരിനു ഒരു കുലുക്കവുമില്ല. ശബരിമല യുവതീ പ്രവേശന വിഷയത്തിൽ റിവ്യൂ പെറ്റീഷന് പോവുകയോ ദേവസ്വം ബോർഡിനെ അതിനു അനുവദിക്കുകയോ ചെയ്യാത്ത സർക്കാർ ഹാരിസൺ കേസിലും റിവ്യൂ പെറ്റീഷന് ഇതുവരെ തയ്യാറായിട്ടില്ല.  മട്ടാഞ്ചേരി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ ഗോവിന്ദൻ നമ്പൂതിരി നൽകിയ അപേക്ഷയ്ക്ക് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമായത്. ഹാരിസൺ കേസിൽ വിശദാംശങ്ങൾ തേടിയപ്പോൾ സർക്കാർ നൽകിയ മറുപടിയിൽ തന്നെ കള്ളക്കളികൾ ഒളിഞ്ഞിരിക്കുന്നു. റിവ്യൂ പെറ്റീഷൻ കാര്യത്തിൽ അഡ്വക്കേറ്റ് ജനറലിന്റെയും നിയമവകുപ്പിന്റെയും നിയമോപദേശം തേടിയിട്ടുണ്ട് എന്ന് മാത്രമാണ് കഴിഞ്ഞ 15 നു നൽകിയ വിവരാവകാശ മറുപടിയിൽ സർക്കാർ വ്യക്തമാക്കുന്നത്.

റവന്യൂവകുപ്പിന് ഹാരിസൺ ഭൂമി കഴിയും വേഗം തിരികെ പിടിക്കണം എന്നുണ്ടെങ്കിലും മുഖ്യമന്ത്രിക്ക് അത്തരം നിർബന്ധമില്ലാ എന്ന് വ്യക്തമാണ്. മന്ത്രി എ.കെ.ബാലന് കീഴി,ലുള്ള നിയവകുപ്പിനും നിയമസെക്രട്ടറിക്കും ഒരു നിർബന്ധവുമില്ല. റവന്യൂ മന്ത്രിയും റവന്യൂ വകുപ്പും എന്ത് ചെയ്യും. റവന്യൂ സെക്രട്ടറി പി.എച്ച്.കുര്യനും ഈ നിർബന്ധമില്ലാ എന്ന് എടുത്തുപറയേണ്ട കാര്യമാണ്. ഇവിടെ നിസ്സഹായൻ ആകുന്നത് റവന്യൂമന്ത്രി മാത്രമാണ്. ഒപ്പം സംസ്ഥാനവും. സർക്കാർ കളിക്കുന്ന എല്ലാ കളികളും കൈവിട്ട കളികളാണ്. ഈ കളികളിൽ കോവളം കൊട്ടാരം, ശബരിമല, ഹാരിസൺ ഭൂമി പ്രശ്‌നം തുടങ്ങി ഒട്ടനവധി കാര്യങ്ങൾ അടങ്ങിയിരിക്കുന്നു. ഈ കളികളിൽ ഒന്നും തന്നെ ഇടതുമുന്നണി മുന്നോട്ടു വയ്ക്കുന്ന, സിപിഎം മുന്നോട്ടു വയ്ക്കുന്ന ഇടത് ധാർമ്മികതയുടെ ഒരംശം പോലുമില്ലെന്നും എടുത്ത് പറയേണ്ട കാര്യമായി നിലനിൽക്കുന്നു.

ഇടത് സർക്കാർ വരും എല്ലാം ശരിയാകും; എല്ലാം ശരിയായോ അതോ ശരിയാക്കിയോ?

ഇടത് സർക്കാർ വരും. എല്ലാം ശരിയാകും. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ അവസാന കാലത്ത് ഇടതുമുന്നണിയുടെ ഏറ്റവും ശക്തമായ മുദ്രാവാക്യം ഇതായിരുന്നു. സോളാർ അഴിമതിയും അതോടനുബന്ധിച്ച് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുൾപ്പെടെയുള്ളവർക്കെതിരെ ഉയർന്ന ലൈംഗികാപവാദങ്ങളും, ധനമന്ത്രി കെ.എം.മാണിയ്‌ക്കെതിരെ ഉയർന്ന ബാർക്കോഴയും കാരണം എങ്ങിനെയെങ്കിലും ഈ യുഡിഎഫ് സർക്കാർ ഇറങ്ങിയാൽ മതിയെന്ന് ജനം ആഗ്രഹിച്ചു. ആ ആഗ്രഹത്തിന് എതിര് പകർന്ന മുദ്രാവാക്യമായിരുന്നു ഇടത് സർക്കാർ വരും. എല്ലാം ശരിയാകും. രണ്ടു വർഷം ഇടത് സർക്കാർ പിണറായി വിജയന്റെ നേതൃത്വത്തിൽ അധികാരമേൽക്കുകയും ചെയ്തു. എന്തെങ്കിലും ശരിയായോ? പക്ഷെ പലതും ശരിയാക്കി എന്ന് പറയാം.

ശബരിമലയുൾപ്പെടെയുള്ള പലതും. അതിൽ ശരിയാക്കിയ പ്രധാന കൈമാറ്റമായിരുന്നു കോവളം കൊട്ടാരം. മുഖ്യമന്ത്രി പിണറായി വിജയന്റെ നേരിട്ടുള്ള കാർമ്മികത്വത്തിലാണ് കോവളം കൊട്ടാരം പോലെയുള്ള കേരളത്തിന്റെ പൈതൃക സ്വത്ത് രവി പിള്ള പോലൊരു വ്യവസായിയുടെ കൈക്കുള്ളിൽ അമരുന്നത്. ഈ ആധികാരകൈമാറ്റം എളുപ്പമാക്കാനും യുഡിഎഫിൽ നിന്ന് ഒരു നേരിയ എതിർപ്പ് പോലും ഉയരാതിരിക്കാനുമാണ് ലൈംഗികാപവാദക്കേസിൽ കുരുക്കി കോവളം എംഎൽഎ എ.വിന്‌സേന്റിനെ എടുത്ത് അകത്തിട്ടത് എന്ന് ആക്ഷേപമുയർന്നിരുന്നു.

കോവളത്തെ യുഡിഎഫ് എംഎൽഎയായ വിൻസെന്റ് അകത്തിരുന്നു അഴിയെണ്ണുമ്പോൾ പിണറായി സർക്കാർ കോവളം കൊട്ടാരം രവി പിള്ളയുടെ കൈകളിൽ ഭദ്രമായി അമർത്തിവെച്ചു. കോവളം കൊട്ടാര പ്രശ്‌നത്തിൽ കോവളത്ത് നിന്നും ഉയരാൻ പോകുന്ന ഏറ്റവും ശക്തമായ എതിർപ്പ് ആയിരുന്നു പ്രതിപക്ഷ എംഎൽഎയായിരുന്നു വിൻസെന്റ്. ആ വിൻസെന്റ് അതേസമയത്ത് ലൈംഗികാപവാദക്കേസിൽ അകത്തായപ്പോൾ ആ ഘട്ടത്തിൽ പൊതുവിൽ യുഡിഎഫ് കൂടി നിർവീര്യമായ അവസ്ഥ വന്നു. പിണറായി സർക്കാർ ഈ ഘടത്തിൽ കോവളം കൊട്ടാര കൈമാറ്റം അനായാസമാക്കി. ഇപ്പോൾ അതേ പാതയിൽ പിണറായി സർക്കാർ ഒന്നുകൂടി കുതിക്കുകയാണ്. ഇത്തവണ ലക്ഷ്യം തോട്ടമാണ്. ഹാരിസണിൽ നിന്ന് സർക്കാർ പിടിച്ചെടുത്ത 38,000 ഏക്കർ തോട്ടഭൂമി ഹാരിസണിനെ ഏൽപ്പിക്കണം.

ശബരിമലയ്ക്കും ഹാരിസണിനും എല്ലാം ഇടത് സർക്കാരിന്റെ ആയുധങ്ങൾ കോടതി വിധികൾ

ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ തച്ചുടയ്ക്കാൻ സുപ്രീംകോടതി വിധി ആയുധമാക്കിയ സർക്കാർ ഇത്തവണ ഹാരിസണ് ഭൂമി നൽകാനും ആധാരമാക്കുന്നത് കോടതിവിധികളാണ്. ഒന്ന് ഹൈക്കോടതി വിധി, രണ്ടു സുപ്രീംകോടതി വിധി. ശബരിമല തകർക്കാൻ സുപ്രീംകോടതി വിധിയെ സർക്കാർ കൂട്ടുപിടിച്ചപ്പോൾ ഹാരിസൺ ഭൂമി കേസിൽ ഈ കോടതിവിധികൾ സർക്കാരിന്റെ കയ്യിലുള്ള ആയുധമാണ്. ഹാരിസൺ ഭൂമി ഹാരിസണിന് വിട്ടുകൊടുക്കാൻ ഹൈക്കോടതി-സുപ്രീംകോടതി വിധികളുണ്ട്.

അതുകൊണ്ട് ഭൂമി ഹാരിസണ് വിട്ടുകൊടുക്കാൻ യാതൊരു തടസവുമില്ല. സർക്കാർ പറയും. അതിലൊരു യാഥാർത്ഥ്യവുമുണ്ട്. പക്ഷെ ഈ യാഥാർഥ്യം ശബരിമല തകർക്കാൻ സുപ്രീംകോടതി വിധി ഉപയോഗിച്ച പോലെയുള്ള ഉള്ളുപൊള്ളയായ യാഥാർത്ഥ്യമാണ്. ഹാരിസണ് വേണ്ടി ഹൈക്കോടതിയിൽ സർക്കാർ തോറ്റുകൊടുത്തതാണ് എന്നാണ് ഈ കേസിൽ സർക്കാരിനെതിരെ ഉയരുന്ന ഏറ്റവും ശക്തമായ ആരോപണം. അതിനു ഉപോദ്ബലകമായ ഒട്ടുവളരെ കാര്യങ്ങൾ ഉണ്ട് താനും. കോവളം കൊട്ടാരം, ഹാരിസൺ, ശബരിമല ഈ വിവാദ കേസുകളിൽ ഇടത് സർക്കാർ ചുവടുകൾ മുഴുവൻ ഇടത് സർക്കാരിനു ചേർന്ന വിധമായിരുന്നില്ല.

ഇടത് ധാർമ്മികത എന്ന് തിരഞ്ഞെടുപ്പുകളിൽ പോലും മുഴക്കാൻ കഴിയാത്ത വിധം ഇടത് ധാർമ്മികതയെ പിണറായി സർക്കാർ തകർത്തു തരിപ്പണമാക്കിയിരിക്കുന്നു. വ്യവസായ മന്ത്രിയായുള്ള ഇ.പി.ജയരാജന്റെ തിരിച്ചു വരവ്, ഹണി ട്രാപ്പിൽ കുടുങ്ങിയ മന്ത്രി എ.കെ.ശശീന്ദ്രന്റെ തിരിച്ചുവരവ്. അഗ്‌നിശുദ്ധി വരുത്തിയാണോ ഇരുമന്ത്രിമാരും തിരിച്ചു വന്നത് എന്ന ചോദ്യത്തിനും ഉത്തരം ലഭിക്കില്ല. ഇതേ രീതിയിൽ കൂടി തന്നെയാണ് ഹാരിസണിൽ നിന്ന് തിരികെ പിടിച്ച ഭൂമി ഹാരിസണ് തിരികെ നൽകാനും ഇടത് സർക്കാർ ശ്രമം നടത്തുന്നത്. പക്ഷെ റവന്യൂ വകുപ്പ് ഭരിക്കുന്ന സിപിഐ മന്ത്രി ഇ.ചന്ദ്രശേഖരൻ ഈ ശ്രമങ്ങളിൽ നിന്നെല്ലാം തന്നെ അകന്നു മാറി നിൽക്കുകയും ചെയ്യുന്നു. ഒരു ഘട്ടത്തിൽ ഹാരിസൺ പ്രശ്‌നത്തിൽ റവന്യൂമന്ത്രി പദവി പുല്ലുപോലെ വലിച്ചെറിഞ്ഞു ഇറങ്ങിപ്പോരാൻ വരെ തയ്യാറായ മന്ത്രികൂടിയാണ് ഇ.ചന്ദ്രശേഖരൻ. അത് ഈ കഴിഞ്ഞ നവംബറിൽ ആയിരുന്നു. വന്യൂ സെക്രട്ടറി പി.എച്ച്.കുര്യൻ ഹാരിസണിന് അനുകൂലമായി നിൽക്കുന്നു.

സ്വന്തം പാർട്ടിയുടെ പിന്തുണയും ഹാരിസൺ പ്രശ്‌നത്തിൽ മന്ത്രിക്ക് ലഭിച്ചില്ല. പിന്നെങ്ങിനെ മന്ത്രി തുടരും. മറ്റൊന്ന് കൂടി ഇ.ചന്ദ്രശേഖരനെ അലട്ടുന്നുണ്ട്. ഈ ജനുവരിയിൽ പി.എച്ച്.കുര്യൻ വിരമിക്കുകയാണ്. ആ പോസ്റ്റിൽ റവന്യൂമന്ത്രിക്ക് താത്പര്യമുള്ള ഉദ്യോഗസ്ഥൻ വേണം. പക്ഷെ ഹാരിസൺ പോലുള്ള പ്രശ്‌നങ്ങളിൽ കള്ളക്കളിക്ക് കഴിയുന്ന ഒരു റവന്യൂ സെക്രട്ടറിയെ കൊണ്ടുവരാൻ അണിയറ നീക്കം ശക്തമാണ്. ഈ നീക്കങ്ങളിൽ ഇപ്പോഴും ഉത്കണ്കുലനാണ് റവന്യൂമന്ത്രി ഇപ്പോഴും. അത്രമാത്രം കള്ളക്കളികളാണ് ഹാരിസൺ കേസിൽ ഹാരിസണ് അനുകൂലമായി വിധി വരാൻ സർക്കാർ ഭാഗത്ത് നിന്നും വന്നത്. ഹാരിസൺ കേസിൽ ഹൈക്കോടതിയിൽ വാദം നടക്കുമ്പോൾ ഹാരിസൺ കേസിൽ സർക്കാരിനു അനുകൂലമായി ഒട്ടുവളരെ വിധികൾ വരുത്തിയ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായ സുശീല ഭട്ടിനെ നീക്കി. ഇത് വൻ വിവാദത്തിനാണ് തിരി കൊളുത്തിയത്. പിന്നീട് അഡീഷണൽ എ.ജി രഞ്ജിത് തമ്പാനെ കേസ് ഏൽപ്പിക്കാനുള്ള നീക്കം നടന്നു.

തമ്പാൻ മുമ്പ് ഹാരിസൺ കേസിൽ സർക്കാരിനെതിരെ ഹാജരായത് പുറത്ത് വന്നതോടെ പ്രേമചന്ദ്ര പ്രഭുവിനെ പ്രത്യേക അഭിഭാഷകനായി നിയമിച്ചു. ഇത്‌കൊണ്ട് ഒന്നും സുശീല ഭട്ടിനെ എന്തിനു മാറ്റി എന്ന കാര്യത്തിനു സ്ഥിരീകരണം നൽകാനും കഴിഞ്ഞില്ല. കേസ് സർക്കാർ അസ്സലായി തോൽക്കുകയും ചെയ്തു. ഹാരിസൺ കേസിൽ സ്‌പെഷൽ ഓഫിസറായ രാജമാണിക്യം സർക്കാരിനു തിരികെ പിടിച്ചു നൽകിയ 38000 ഏക്കർ ഭൂമിയാണ് കേസിൽ തോറ്റു കൊടുത്തത് കാരണം സംസ്ഥാനത്തിനു നഷ്ടമായത്. ഈ കേസിൽ സുശീല ഭട്ടിനെ നീക്കിയതോടെ എല്ലാവർക്കും കാര്യങ്ങൾ എളുപ്പമായി. ഹാരിസൺ മലയാളം പ്‌ളാന്റേഷന്റെ കൈവശമുള്ള ഭൂമി തിരിച്ചുപിടിക്കുന്നത് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തടഞ്ഞു. രാജമാണിക്യം റിപ്പോർട്ട് തന്നെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. ഇതോടെ രാജമാണിക്യത്തിന്റെ ഭൂമി ഏറ്റെടുക്കലും ആസാധുവായി. ഭൂമി തിരിച്ചു പിടിക്കുന്നത് അടിയന്തരമായി നിറുത്തിവയ്ക്കാൻ ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ച്, ഉത്തരവിടുകയും ചെയ്തു.

ഹാരിസൺ കേസിൽ ഹൈക്കോടതിയുടെ കണ്ടെത്തൽ വിചിത്രം

ഹാരിസൺ കേസിൽ വിചിത്രമായ ഒരു കണ്ടെത്തൽ കൂടി ഈ കേസിൽ ഹൈക്കോടതി നടത്തി. വൻകിട കമ്പനികളുടെ നിലനിൽപ് കേരളത്തിന് ആവശ്യമാണെന്നാണ് ഈ കണ്ടെത്തൽ. ഈ കണ്ടെത്തലിനു എതിരായാണ് മുൻ കെപിസിസി പ്രസിഡന്റ് വി എം.സുധീരൻ പ്രമുഖ വാർത്താ മാധ്യമങ്ങളിൽ വിശ്വാസ്യത നഷ്ടപ്പെടുന്ന ജുഡീഷ്യറി എന്ന പേരിൽ ലേഖനമെഴുതിയത്. കഴിഞ്ഞ ഏപ്രിൽ 24 നാണ് സുധീരന്റെ ലേഖനം മാധ്യമങ്ങൾ പ്രസിദ്ധപ്പെടുത്തിയത്. ലേഖനത്തിൽ സുധീരൻ ഇങ്ങിനെ എഴുതി. സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ സഹ ജഡ്ജിമാർ ഉന്നയിച്ച ഒരു ആരോപണം പ്രമാദമായ കേസുകൾ സീനിയർ ജഡ്ജിമാരെ മറികടന്നു ജൂനിയർ ജഡ്ജിക്ക് കൈമാറി എന്നായിരുന്നു.

ആ നിലയിൽതന്നെയാണ് ഹാരിസൺ കേസ് കേരള ഹൈക്കോടതിയിൽ സീനിയർ ജഡ്ജിമാരെ മറികടന്ന് ജസ്റ്റിസ് വിനോദ് ചന്ദ്രെന്റ ബെഞ്ചിന് നൽകിയത് എന്നത് വ്യാപകമായി ചർച്ചചെയ്യപ്പെടുന്നു. ക്ഷേമരാഷ്ട്രത്തിന്റെ നിലനിൽപിന് വൻകിട കോർപറേറ്റുകളുടെയും സാന്നിധ്യം ആവശ്യമാണെന്ന വിധിപ്രസ്താവത്തിലെ പരാമർശംതന്നെ ഈ കേസിൽ വിചിത്രമായ സമീപനമാണ് ഉണ്ടായിരുന്നതെന്ന് വ്യക്തമാക്കുന്നു സംസ്ഥാന സർക്കാർ റോബിൻ ഹുഡിനെ പോലെ ആകരുതെന്ന പരാമർശത്തിലൂടെ ഹൈക്കോടതി തള്ളിപ്പറഞ്ഞത് സുപ്രീംകോടതി അംഗീകരിച്ച ഭൂപരിഷ്‌കരണ നിയമത്തെയാണ്. വ്യാജരേഖ ചമയ്ക്കൽ, സർക്കാർഭൂമി കൈയേറ്റം, സർക്കാറിന് നഷ്ടം വരുത്തൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിജിലൻസ് കേസുകളും റഫറൻസ് ഉത്തരവിൽ രേഖപ്പെടുത്തിയിരുന്നു.

സിംഗിൾ ബിഞ്ചിന്റെ കണ്ടെത്തലുകളും നിഗമനങ്ങളും പാടേ തള്ളിക്കളഞ്ഞ ഡിവിഷൻ െബഞ്ചിന്റെ നടപടികളിൽ ദുരൂഹയുണ്ടെന്ന ആക്ഷേപം പ്രസക്തമാണ്. വിജിലൻസ് പിടിച്ചെടുത്ത വ്യാജമെന്ന് ആക്ഷേപം ഉയർന്നുവന്ന ആധാരം തിരികെ നൽകണമെന്ന് കാട്ടി ഹാരിസൺ ഫയൽ ചെയ്ത കേസിൽ ആധാരം ഹാജരാക്കാൻ കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിട്ടു. തൊണ്ടി മുതലായ ആധാരം വിട്ടുനൽകണമെന്ന പ്രതികളുടെ ആവശ്യത്തിൽ വിജിലൻസിന്റെ വാദംകൂടി കേൾക്കാതെയുള്ള കോടതിനടപടി ആരെ സഹായിക്കാനാണ് എന്നത് മനസ്സിലാക്കാവുന്നതേയുള്ളൂ. വിജിലൻസ് അന്വേഷണത്തിൽ ഈ വ്യാജ ആധാരം നിർണായകമാണെന്നിരിക്കേ അത് ഹൈക്കോടതി രജിസ്ട്രാറുടെ കസ്റ്റഡിയിൽ വിട്ടു നൽകുന്നത് ക്രിമിനൽ കേസ് അട്ടിമറിക്കപ്പെടാൻ സാഹചര്യമൊരുക്കുമെന്ന് ഹാരിസൺ കേസ് കാര്യക്ഷമമായി കൈകാര്യം ചെയ്ത അഡ്വക്കറ്റ് സുശീല ഭട്ട് പറഞ്ഞത് ശ്രദ്ധേയമാണ്.

ഇത്തരം അസാധാരണ നടപടികൾ ഹൈക്കോടതിയുടെ ഭാഗത്തുനിന്നുണ്ടാകുന്നത് ആശ്ചര്യജനകമാണ്. കേന്ദ്രസർക്കാറിന്റെയും സുപ്രീംകോടതിയുടെയും കാര്യത്തിലെന്നപോലെ ഇത്തരം വിധികളിലൂടെ നഷ്ടപ്പെടുന്നത് സംസ്ഥാന സർക്കാറിന്റെയും ഹൈക്കോടതിയുടെയും വിശ്വാസ്യത തന്നെയാണ്. ലേഖനത്തിൽ സുധീരൻ ചൂണ്ടിക്കാട്ടി. സുധീരൻ എഴുതിയ രീതിയിൽ തന്നെയാണ് ഈ ഹൈക്കോടതി വിധിയെ തുടർന്നും സർക്കാർ നീങ്ങിയത്.

ഹൈക്കോടതിയിൽ നിന്നേറ്റ തിരിച്ചടി സുപ്രീംകോടതിയിൽ നിന്നും

ഹൈക്കോടതിയിൽ നിന്നേറ്റ അതേ തിരിച്ചടി തന്നെയാണ് ഹാരിസൺ കേസിൽ സുപ്രീംകോടതിയിൽ നിന്നും സർക്കാരിനു ലഭിച്ചത്. ഒത്തുകളി എന്ന ആക്ഷേപം വിധി പോലെ തന്നെ ശക്തമായി കേരളത്തിൽ ഉയരുകയും ചെയ്തു. കേസ് പരിഗണിച്ചപ്പോൾതന്നെ ജസ്റ്റിസ് രോഹിങ്ടൺ നരിമാൻ ഉദ്ധരിച്ചത് ഹൈക്കോടതി വിധി. ഹൈക്കോടതി വിധി പൂർണമായും ശരിയാണെന്ന് ആവർത്തിച്ച ജസ്റ്റിസ് നരിമാൻ കേരള സർക്കാറിന് വേണ്ടി ഹാജരായ അഡ്വ. ജയദീപ് ഗുപ്തയെ വാദം നിരത്താൻ പോലും അനുവദിച്ചില്ല. പൂർണ വിജയം ഇവിടെ ഹാരിസണ് ലഭിച്ചു.ഹാരിസൺ മലയാളം അടക്കമുള്ള വിവിധ പ്ലാേന്റഷനുകൾക്ക് കീഴിലെ 38,000 ഏക്കർ അനധികൃത ഭൂമി ഏറ്റെടുക്കാനുള്ള സ്പെഷൽ ഓഫിസറുടെ നടപടികൾ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സമർപ്പിച്ച അപ്പീലാണ് ഇങ്ങിനെ സുപ്രീംകോടതി തള്ളിയത്.

വാദം കേൾക്കാൻപോലും അനുവദിക്കാതെയാണ് ജസ്റ്റിസ് രോഹിങ്ടൺ ബി. നരിമാൻ അധ്യക്ഷനായ ബെഞ്ച് അപ്പീൽ തള്ളിയത്. സിവിൽ കോടതിയിൽ പോയി ഭൂമിയുടെ ഉടമസ്ഥാവകാശം കേസ് കൊടുത്ത് സഥാപിച്ചെടുക്കാൻ സുപ്രീംകോടതി നിർദ്ദേശിക്കുകയാണ് ചെയ്തത്. ഹാരിസൺ കേസിൽ ഹൈക്കോടതിയിൽ നിന്നും സുപ്രീംകോടതിയിൽ നിന്നും വന്ന വിധികൾ സർക്കാരിനു മുന്നിൽ രോഗി ഇച്ചിച്ഛതും പാല് വൈദ്യൻ കൽപ്പിച്ചതും പാല് എന്ന പോലായിരുന്നു. അതുകൊണ്ട് തന്നെ ഹാരിസൺ കേസിൽ റിവ്യൂ പെറ്റീഷൻ എന്നത് റവന്യൂവകുപ്പിന് മുന്നിൽ ബാലി കേറാ മല പോലെ നിൽക്കുകയാണ്.

ഹാരിസൺ കേസിന്റെ അടിസ്ഥാനമെന്ത്?

ബ്രിട്ടീഷ് കമ്പനികളായ മലയാളം പ്ലാന്റഷൻസ്, ഹാരിസൺസ് ആൻഡ് ക്രോസ് ഫീൽഡ് എന്നീ കമ്പനികളുടെ പിന്തുടർച്ചക്കാരെന്ന  അവകാശവാദവുമായാണ് ഹാരിസൺസ് മലയാളം കമ്പനി സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. പക്ഷെ ഈ അവകാശവാദം വ്യാജ അവകാശവാദമാണ്. ഒറിജിനൽ കമ്പനി എല്ലാം ഇന്ത്യയിൽ ഒഴിവാക്കി ബ്രിട്ടനിലേക്ക് എന്നോ കപ്പല് കയറി. ആ കമ്പനിയുടെ അവകാശവാദമാണ് നിലവിലെ ഹാരിസൺ ഉന്നയിക്കുന്നത്. ഭരണകൂടം കുട പിടിക്കുന്നത് ഈ വ്യാജ അവകാശവാദത്തിനാണ്. സർക്കാർ നിയോഗിച്ച മൂന്നു കമ്മീഷനുകൾ നടത്തിയ അന്വേഷണത്തിൽ ബ്രിട്ടീഷ് കമ്പനികൾ നിയമപ്രകാരം ഇപ്പോഴത്തെ ഹാരിസൺസ് മലയാളം കമ്പനിക്ക് ഭൂമി കൈമാറിയിട്ടില്ലെന്നു തെളിഞ്ഞിട്ടുണ്ട്.

ഇവർ സംസ്ഥാനത്ത് ഒരു ലക്ഷത്തിലേറെ ഏക്കർ ഭൂമി അനധികൃതമായി കൈവശം െവച്ചിരിക്കുന്നുവെന്നും കണ്ടെത്തുകയും ചെയ്തു. ഇവ സർക്കാറിന് ഏറ്റെടുക്കാമെന്ന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു. പിന്നീട് ഹൈക്കോടതി നിർദ്ദേശപ്രകാരം വിജിലൻസ് നടത്തിയ അന്വേഷണത്തിൽ വ്യാജ ആധാരങ്ങൾ ചമക്കൽ, ഗൂഢാലോചന, വിദേശനാണ്യ വിനിമയ, നിയന്ത്രണചട്ടലംഘനം, സർക്കാർ രേഖകൾ തിരുത്തൽ, ഭൂസംരക്ഷണ നിയമം, ഭൂപരിഷ്‌കരണ നിയമം, ഇന്ത്യൻ ഇൻഡിപെൻഡന്റ് ആക്ട്, തുടങ്ങി ഒട്ടേറെ നിയമലംഘനങ്ങൾ കണ്ടെത്തി. ഇതിനിടെ, കമ്പനി ഭൂമി കൈവശം െവച്ചിരിക്കുന്നത് നിയമവിരുദ്ധമായാണെങ്കിൽ ഭൂ സംരക്ഷണ നിയമപ്രകാരം ഏറ്റെടുക്കാമെന്ന് 2013 ൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച് കഴിഞ്ഞ യു.ഡി.എഫ് സർക്കാറിന്റെ കാലത്ത് ഭൂ സംരക്ഷണ നിയമം അനുസരിച്ച് ഹാരിസൺസിസിന്റെ ഭൂമി ഏറ്റെടുക്കുന്നതിന് എം.ജി രാജമാണിക്യത്തെ സ്‌പെഷൽ ഓഫിസറായി നിയോഗിച്ചു.

അദ്ദേഹം നടത്തിയ അന്വേഷണത്തിൽ കൊല്ലം, പത്തനംതിട്ട, കോട്ടയം , ഇടുക്കി ജില്ലകളിലായി കമ്പനി പതിനായിരക്കണക്കിന് ഭൂമി അനധികൃതമായി കൈവശംെവക്കുന്നുവെന്ന് കണ്ടെത്തി. തുടർന്ന് 18 ഉത്തരവുകളിലൂടെ 38171 ഏക്കർ ഭൂമി സർക്കാർ ഏറ്റെടുത്തു. ഇതിൽ 517 ഏക്കർ ഏറ്റെടുത്ത രണ്ട് ഉത്തരവുകൾ കോടതി ശരിവച്ചിരുന്നു. രാജമാണിക്യത്തിന്റെ നിയമനത്തിന്റെയും അദ്ദേഹം സ്വീകരിച്ച നടപടികളുടെയും സാധുത ചോദ്യംചെയ്താണ് ഹാരിസൺ ഹൈക്കോടതിയെ സമീപിച്ചത്. ഈ സമീപിക്കലിനാണ് പിണറായി സർക്കാർ ഒത്താശ ചെയ്തത്.

ഇപ്പോൾ ഹാരിസണിനു അവകാശമില്ലാത്ത സർക്കാർ ഭൂമി ഹാരിസണിന്റെ കയ്യിൽ വന്നു പെട്ടിട്ടും ഒരു കുലുക്കവും ഇല്ലാതെ നിയമനടപടികൾ സ്വീകരിക്കുകപോലും ചെയ്യാതെ ഇടത് സർക്കാർ കയ്യും കെട്ടി നോക്കിയിരിക്കുന്നു. ശബരിമലയിലെ ആചാരം അനാചാരമായി കരുതി റിവ്യൂ പെറ്റീഷന് പോകാത്ത സർക്കാർ ഹാരിസൺ കേസിൽ റിവ്യൂ പെറ്റീഷന് പോകാത്തത് ഒത്തുകളി മാത്രം അടിസ്ഥാനമാക്കിയാണ്. ഈ ഒത്തുകളി തന്നെയാണ് ഇതുവരെ നിയമോപദേശം ലഭ്യമായില്ല എന്ന വിവരാവകാശ രേഖയിലെ വെളിപ്പെടുത്തലും വ്യക്തമാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP