Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചിന്നക്കനാൽ റിസോർട്ടിലെ ഇരട്ടക്കൊല: ചോദ്യം ചെയ്യാൻ പൊലീസ് വിളിപ്പിച്ച പ്രതിയെ ശാന്തൻപാറ പൊലീസ് സ്റ്റേഷനിൽ നിന്നും സിപിഎം നേതാക്കൾ ബലമായി മോചിപ്പിച്ചു; മോചിപ്പിച്ച ബേസിൽ ഇടുക്കി സിപിഎം ലോക്കൽ സെക്രട്ടറിയുടെ സഹോദരിയുടെ മകൻ; മുഖ്യപ്രതി ബോബനെ രക്ഷപ്പെടാൻ സഹായിച്ചത് ബേസിൽ എന്ന് സംശയം; ഇറക്കിക്കൊണ്ടു പോയത് ചോദ്യം ചെയ്യലിന് മുൻപേ; വിവരം പുറത്തായപ്പോൾ എല്ലാം നിഷേധിച്ച് കൈകഴുകി പൊലീസ്

ചിന്നക്കനാൽ റിസോർട്ടിലെ ഇരട്ടക്കൊല: ചോദ്യം ചെയ്യാൻ പൊലീസ് വിളിപ്പിച്ച പ്രതിയെ ശാന്തൻപാറ പൊലീസ് സ്റ്റേഷനിൽ നിന്നും സിപിഎം നേതാക്കൾ ബലമായി മോചിപ്പിച്ചു; മോചിപ്പിച്ച ബേസിൽ ഇടുക്കി സിപിഎം ലോക്കൽ സെക്രട്ടറിയുടെ സഹോദരിയുടെ മകൻ; മുഖ്യപ്രതി ബോബനെ രക്ഷപ്പെടാൻ സഹായിച്ചത് ബേസിൽ എന്ന് സംശയം; ഇറക്കിക്കൊണ്ടു പോയത് ചോദ്യം ചെയ്യലിന് മുൻപേ; വിവരം പുറത്തായപ്പോൾ എല്ലാം നിഷേധിച്ച് കൈകഴുകി പൊലീസ്

എം മനോജ് കുമാർ

മൂന്നാർ: ചിന്നക്കനാൽ റിസോർട്ട് ഉടമയുടെ വധത്തിലും രാഷ്ട്രീയം കലരുന്നുണ്ടോ? ചിന്നക്കനാൽ ഇരട്ടക്കൊലപ്പാതക കേസിൽ പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചയാളെ സിപിഎം നേതാക്കൾ ശാന്തൻപാറ പൊലീസ് സ്റ്റേഷനിൽ നിന്നും ബലമായി മോചിപ്പിച്ചതായി ആരോപണം. റിസോർട്ട് ഉടമയുടെയും ജീവനക്കാരന്റെയും വധവുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച ബേസിലിനെ സിപിഎം നേതാക്കൾ ശാന്തൻ പാറ പൊലീസ് സ്റ്റേഷനിൽ നിന്നും ബലമായി മോചിപ്പിച്ചു കൊണ്ടുപോയി എന്നാണ് ആരോപണം. ഇരട്ടക്കൊലപാതകക്കേസിൽ പൊലീസ് അന്വേഷിക്കുന്ന രാജകുമാരി കുളപ്പാറച്ചാൽ സ്വദേശി ബോബനെ തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെടാൻ സഹായിച്ചു എന്നതിന്റെ പേരിലാണ് ശാന്തൻപാറ പൊലീസ് ബേസിലിനെ വിളിച്ചുവരുത്തിയത്. പക്ഷെ ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിനിടയിൽ സ്റ്റേഷനിലെത്തിയ സിപിഎം നേതാക്കൾ ബലമായി ബേസിലിനെ മോചിപ്പിച്ചു കൊണ്ടുപോവുകയായിരുന്നു.

ഇടുക്കിയിലെ സിപിഎമ്മിന്റെ ഒരു ലോക്കൽ സെക്രട്ടറിയുടെസഹോദരിയുടെ മകനാണ് ബേസിൽ എന്നാണ് ലഭിക്കുന്ന വിവരം. ബേസിലിനെ പൊലീസ് വിളിപ്പിച്ചതുകൊലപാതകക്കേസിലെ പ്രതിയെ രക്ഷപ്പെടാൻ സഹായിച്ചു എന്നതിന്റെ ശക്തമായ സൂചനകൾ ലഭിച്ചതിനെ തുടർന്നാണ്. പക്ഷെ ചോദ്യം ചെയ്യൽ നടന്നില്ലാ എന്നാണ് ലഭിക്കുന്ന വിവരം. ആ സമയത്ത് എത്തിയ സിപിഎം നേതാക്കൾ സ്റ്റേഷനിൽ നിന്നും പ്രതിയെ രക്ഷിച്ചു കൊണ്ട് പോവുകയായിരുന്നു. ഈ വിവരം അറിഞ്ഞു വിവരം തിരക്കിയ മറുനാടനോട് ശാന്തൻപാറ പൊലീസ് പക്ഷെ ഈ കാര്യം നിഷേധിച്ചു. അങ്ങിനെയൊരാളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചില്ലാ എന്നാണ് ശാന്തൻപാറ പൊലീസ് മറുനാടനോട് പറഞ്ഞത്.

ഈ കേസിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലാ എന്നും പൊലീസ് പറഞ്ഞു. സിപിഎമ്മും പൊലീസും തമ്മിലുള്ള പ്രശ്‌നങ്ങൾ പുറത്തറിയാതെ പരിഹരിക്കണമെന്ന് പൊലീസിന് അനൗദ്യോഗികമായി നിർദ്ദേശം സംസ്ഥാന വ്യാപകമായി തന്നെ ലഭിച്ചതായി സൂചനയുണ്ട്. തിരുവനന്തപുരം പാളയത്ത് വെച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ എസ്എഫ്‌ഐ പ്രവർത്തകർ നടുറോഡിൽ മർദ്ദിച്ചതിനെ തുടർന്നാണ് ഇത്തരം ഒരു നിർദ്ദേശം പൊലീസിന് നൽകപ്പെട്ടത്. അതുകൊണ്ട് തന്നെ സിപിഎം പ്രശ്‌നങ്ങളിൽ പൊലീസ് ജാഗ്രതയോടെയാണ് ഇടപെട്ടുകൊണ്ടിരിക്കുന്നത്. ശാന്തൻപാറ പൊലീസ് സ്റ്റേഷനിൽ നടന്ന ഈ സംഭവവും ഒതുക്കാൻ നീക്കമുണ്ടെന്നാണ് അറിഞ്ഞത്. അതുകൊണ്ട് തന്നെയാണ് ബേസിൽ സംഭവം പൊലീസ് നിഷേധിക്കുന്നത്. അതേസമയം മുഖ്യപ്രതി ബോബൻ ഒളിയിടത്തിൽ നിന്നും രക്ഷപെട്ടത് പൊലീസ് എത്തുന്നതിന് തൊട്ടു മുൻപെന്നുമുള്ള വാർത്തകൾ പുറത്തുവന്നിട്ടുണ്ട്.

ബോബനെ സംരക്ഷിച്ച സംരക്ഷിച്ച ദമ്പതികൾ പൊലീസ് കസ്റ്റഡിയിലായതായി സൂചനയുണ്ട്. മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇന്നലെ ചേരീയാർ കുന്തപ്പനച്ചേരിയിലെ ഒരു വീട്ടിൽ ബോബൻ ഉണ്ടെന്ന് സൂചന ലഭിച്ചിരുന്നെന്നും ഇതിന്റെ അടിസ്ഥാനത്തിൽ ഉടൻ ഇവിടെ എത്തിയെങ്കിലും നിമിഷങ്ങൾക്ക് മുമ്പ് ഇയാൾ ഇവിടെനിന്നും രക്ഷപെട്ടെന്നുമാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം. കൊലയ്ക്ക് ശേഷം ബോബൻ നേരെ ഈ വീട്ടിലേയ്ക്കാണ് എത്തിയതെന്നാണ് പൊലീസ് അനുമാനം. വീട്ടിൽ താമസിച്ചിരുന്ന ദമ്പതികളെയാണ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്. ഇവരെ ചോദ്യം ചെയ്യുന്നതിൽ നിന്നും നിർണ്ണായക വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ശാന്തൻപാറ സി ഐ എസ് ചന്ദ്രകുമാർ മറുനാടനോട് വ്യക്തമാക്കിയിരുന്നു.

ബോബന്റെ കൈയിൽ പരിക്കേറ്റിരുന്നെന്നും നേരത്തെ പരിചയമുണ്ടായിരുന്നതിനാലാണ് വീട്ടിൽ താമസിപ്പിച്ചതെന്നും കൊലപാതകത്തെക്കുറിച്ച് തങ്ങൾ അറിഞ്ഞിരുന്നില്ലേന്നുമാണ് ദമ്പതികൾ ഇന്നലെ പൊലീസിൽ നൽകിയിട്ടുള്ളമൊഴി. രാജേഷിന്റെ പിതാവിന്റെ പേരിൽ ലൈസൻസുള്ള ഡബിൾ ബാരൽ തോക്ക് റിസോർട്ടിലാണ് സൂക്ഷിച്ചിരുന്നത്. ഇത് നഷ്ടപ്പെട്ടിട്ടുണ്ട്. ഈ തോക്ക് ഉപയോഗിച്ചായിരിക്കാം രാജേഷിന് നേരെ നിറയൊഴിക്കപ്പെട്ടതെന്നാണ് പൊലീസ് കരുതുന്നത്. രാജേഷിന്റെ നെഞ്ചിലാണ് വെടിയേറ്റിട്ടുള്ളത്. വെടിയുണ്ട മറുപുറം തുളച്ച് പുറത്തുപോയതായിട്ടാണ് പൊലീസ് ഇൻക്വസ്റ്റിൽ വ്യക്തമായിട്ടുള്ളത്. ഭാരമുള്ള ഇരുമ്പ് കമ്പിയോ ഇതുപോലുള്ള മറ്റെന്തെങ്കിലും വസ്തുക്കൾ കൊണ്ടോ ഉള്ള പ്രഹരത്താലാവാം മുത്തയ്യയുടെ തലതകർന്നിട്ടുള്ളതെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം.

റിസോർട്ടിന്റെ മുറ്റത്തുനിന്നും കാണാതായ ഡെസ്റ്റർ കാർ മുരിക്കുംതൊട്ടി മരിയഗൊരോത്തി പള്ളിമുറ്റത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു.ഈ കാറും ഇന്ന് ഫോറൻൻസിക് വിദഗ്ദ്ധർ പരിശോധിക്കും. ഈ കാറിൽ നിന്നും ലഭിക്കുന്ന ഫിംഗർ പ്രിൻന്റ് ബോബന്റെതാണെന്ന് തെളിഞ്ഞാൽ അത് അന്വേഷണത്തിന് കൂടുതൽ ഗുണം ചെയ്യുമെന്നാണ് പൊലീസിന്റെ കണക്കുകൂട്ടൽ. ഇന്നലെ രാത്രി ജില്ലയിൽ വ്യാപകമായി റോഡുകൾ അടച്ച് തരിച്ചിൽ നടത്തിയെങ്കിലും ബോബനെക്കുറിച്ച് യാതൊരുവിവരവും പൊലീസിന് ലഭിച്ചിരുന്നില്ല. മോഷണമാണോ മുൻവൈരാഗ്യമാണോ കൊലയ്ക്ക് കാരണമെന്നകാര്യം ഇതുവരെ നടത്തിയ അന്വേഷണത്തിൽ നിന്നും സ്ഥിരീകരിക്കാനായിട്ടില്ലന്നാണ്് പൊലീസ് വ്യക്തമാക്കുന്നത്.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് ബോബൻ രാജേഷിന്റെ സ്ഥാപനത്തിൽ ജോലി നോക്കിയിരുന്നെന്നും പിന്നീട് ഇയാളെ ഒഴിവാക്കിയെന്നും ഇതിന്റെ വൈരാഗ്യത്തിൽ കൊലനടത്തിയിരിക്കാം എന്നുമാണ് പൊലീസിന്റെ സംശയം. അതേസമയം രാജേഷിന്റെ കാറിൽ എത്തിച്ച രണ്ട് ചാക്ക് ഏലയ്ക്ക പൂപ്പറയിലെ സ്ഥാപനത്തിൽ ബോബൻ വിൽപ്പന നടത്തിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 40 ഏക്കർ ചുറ്റളവിലുള്ള എസ്റ്റേറ്റിൽ രാജേഷും മുത്തയ്യയും ബോബനും മാത്രമാണ് താമസിച്ചത് എന്നുള്ള വിവരവും പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP