Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ക്രെഡിറ്റ് കാർഡ് ഉപയോക്താക്കളേ നിങ്ങൾ എല്ലാം അറിഞ്ഞിട്ട് തന്നെയാണോ ? ധൂർത്ത് ജന്മനായുള്ള മനുഷ്യർക്ക് കുരുക്കാവാൻ ഇതിലും മികച്ച മറ്റൊന്നില്ല; ആഗ്രഹത്തിന് പകരം ആവശ്യത്തിന് ഉപയോഗിക്കുന്നവർക്ക് ക്രെഡിറ്റ് കാർഡ് അനുഗ്രഹം തന്നെ; 'കടം തരും കാർഡ്' വാങ്ങും മുൻപ് നിബന്ധനകൾ കൃത്യമായി വായിക്കണേ; ക്രെഡിറ്റ് കാർഡിനെ പറ്റി അറിയേണ്ട പ്രധാന കാര്യങ്ങളിതാ

ക്രെഡിറ്റ് കാർഡ് ഉപയോക്താക്കളേ നിങ്ങൾ എല്ലാം അറിഞ്ഞിട്ട് തന്നെയാണോ ? ധൂർത്ത് ജന്മനായുള്ള മനുഷ്യർക്ക് കുരുക്കാവാൻ ഇതിലും മികച്ച മറ്റൊന്നില്ല; ആഗ്രഹത്തിന് പകരം ആവശ്യത്തിന് ഉപയോഗിക്കുന്നവർക്ക് ക്രെഡിറ്റ് കാർഡ് അനുഗ്രഹം തന്നെ; 'കടം തരും കാർഡ്' വാങ്ങും മുൻപ് നിബന്ധനകൾ കൃത്യമായി വായിക്കണേ; ക്രെഡിറ്റ് കാർഡിനെ പറ്റി അറിയേണ്ട പ്രധാന കാര്യങ്ങളിതാ

തോമസ് ചെറിയാൻ.കെ

മലയാളത്തിന്റെ പ്രിയ സംവിധായകൻ ലാൽ ജോസിന്റെ ഡയമണ്ട് നെക്ക്‌ലേസ് എന്ന ചിത്രം കാണാത്തവരായി ആരുമുണ്ടാകില്ല. അതിലെ ഡോക്ടർ അരുൺ എന്ന കഥാപാത്രമായി നടൻ ഫഹദ് ഫാസിൽ എത്തിയതും ആരും മറക്കാനിടയില്ല. അതിൽ കഥാപാത്രത്തിന്‌റെ ലുക്കല്ല സ്വഭാവമാണ് ഏവരുടേയും ശ്രദ്ധയിൽപെട്ടത്. വളച്ചു ചുറ്റാതെ കാര്യം പറയാം. ക്രെഡിറ്റ് കാർഡ് എന്ന സേവനം ധൂർത്തിന്റെ പര്യായമായി മാറുന്ന സംഭവവികാസമാണ് സിനിമയുടെ സന്ദേശങ്ങളിലൊന്ന്. ക്രെഡിറ്റ് കാർഡ് സ്വന്തമാക്കുന്നവരുടെ എണ്ണം ദിനം പ്രതി കൂടി വരുന്ന അവസരത്തിൽ ഏവരും അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ ഒട്ടേറെയുണ്ട്.

പണം കടം നൽകുന്നവരെ ബ്ലേഡ് എന്ന് നാം വിളിച്ച് കേട്ടിട്ടുണ്ട്. പ്ലാസ്റ്റിക്ക് മണി എന്ന ഇരട്ടപ്പേരിൽ അറിയപ്പെടുന്ന ക്രെഡിറ്റ് കാർഡ് സൂക്ഷിച്ചല്ല ഉപയോഗിക്കുന്നതെങ്കിൽ ബ്ലേഡിനേക്കാൾ ക്രൂരമായി മുറിവ് പറ്റുമെന്ന് ഉറപ്പ്. ഇതുവരെ ക്രെഡിറ്റ് കാർഡ് എടുത്തവർക്കും ഇനി എടുക്കാൻ പോകുന്നവർക്കുമായാണ് മണിച്ചെപ്പിന്റെ പുത്തൻ എപ്പിസോഡ്. ഇപ്പോഴത്തെ മിക്ക ബാങ്കുകളിൽ നിന്നും ക്രെഡിറ്റ് കാർഡ് സേവനം ലഭ്യമാണ്. വിവിധ തരത്തിലുള്ള ഓഫറുകൾ വച്ച് ഉപഭോക്താക്കളെ മാടിവിളിക്കുകയാണ് ബാങ്കുകൾ ചെയ്യുന്നത്. ഇഎംഐ സൗകര്യം, റിവാർഡ് പോയിന്റുകൾ, തിരഞ്ഞെടുക്കപ്പെട്ട ബ്രാൻഡുകൾക്ക് മാത്രം ഡിസ്‌കൗണ്ട്, ഫ്രീയായി ലഭിക്കുന്ന സിനിമാ ടിക്കറ്റ് തുടങ്ങി വിവിധ വമ്പൻ കമ്പനികളുമായി ചേർന്ന് ഓഫറുകളുടെ മരട് വെടിക്കെട്ടാണ് ബാങ്കുകൾ ഉപഭോക്താക്കൾക്ക് നൽകുന്നത്.

പക്ഷേ ക്രെഡിറ്റ് കാർഡുമായി ബന്ധപ്പെട്ടുള്ള പിന്നാമ്പുറങ്ങളും നിബന്ധനകളും പ്രത്യേകം ചോദിച്ചറിയുക തന്നെ വേണം. കാർഡ് വാങ്ങുന്ന സമയത്ത് പൂരിപ്പിച്ച് കൊടുക്കുന്ന ഫോമുകൾക്കൊപ്പമുള്ള നിയമാവലി കൃത്യമായി വായിച്ചറിയുകയും സംശയങ്ങളുണ്ടെങ്കിൽ ബാങ്കുമായോ ക്രെഡിറ്റ് കാർഡ് കമ്പനിയുമായോ ചോദിച്ചറിയുകയും വേണം. ക്രെഡിറ്റ് കാർഡ് എന്തെന്നും ഈ ബാങ്ക് സേവനത്തെ പറ്റി അത്യാവശ്യമായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ പറ്റി നമുക്കൊന്ന് നോക്കാം.

ക്രെഡിറ്റ് കാർഡ്....ബാലപാഠം ഇങ്ങനെ

ആവശ്യഘട്ടങ്ങളിൽ പണം പിൻവലിക്കാൻ ബാങ്കുകൾ നൽക്കുന്ന  കാർഡാണ് ക്രെഡിറ്റ് കാർഡ് എന്ന പറയുന്നത്. കാഴ്‌ച്ചയിൽ എടിഎം കാർഡിന് സമാനം. എന്നാൽ പണം ഉള്ള അക്കൗണ്ടിൽ നിന്നും പണമെടുക്കുന്നതല്ല ഇതിന്റെ പ്രവർത്തനം. പകരം ആവശ്യം വരുമ്പോൾ പണം കടം ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. അതായത് പണം വായ്പ പോലെ നൽകുന്നു. എന്നാൽ ഇത് പെട്ടന്ന് ചുമ്മാതെ ലഭിക്കുമെന്നും കരുതണ്ട. ഇതിന് ബാങ്കുകൾ ചില ചിട്ടകൾ മുന്നോട്ട് വയ്ക്കുന്നുണ്ട്. ഒരു വ്യക്തിക്ക് എത്രത്തോളം വരുമാനമുണ്ട് എന്ന് കണക്കാക്കിയാണ് ബാങ്കുകൾ ക്രെഡിറ്റ് കാർഡ് നൽകുന്നത്.

ഇതിനായി പണം എടുക്കുന്നയാൾ ഇത് കൃത്യമായി തിരിച്ചടയ്ക്കുന്നുണ്ടോ എന്നും അത്തത്തിലുള്ള ട്രാൻസാക്ഷൻസിന് നൽകുന്ന റിമാർക്കായ സിബിൽ സ്‌കോറും കൃത്യമായി പരിശോധിച്ച ശേഷമാവും ഒരാൾക്ക് ക്രെഡിറ്റ് കാർഡ് ബാങ്ക് നൽകുന്നത്. ബാങ്ക് അക്കൗണ്ടിൽ പണമില്ലെങ്കിൽ പോലും ക്രെഡിറ്റ് കാർഡ് വഴി സാധനങ്ങൾ സ്വന്തമാക്കാം. എന്നാൽ ഇതിന് വലിയ തുക പലിശയായി നൽകേണ്ടിവരുമെന്ന് മാത്രമല്ല ബാങ്കുകൾ ക്രെഡിറ്റ് കാർഡുകൾക്ക് പരിധിയും നിശ്ചയിച്ചിട്ടുണ്ട് എന്ന കാര്യവും ഓർക്കണം. മാത്രമല്ല ഓരോ ഉപയോഗത്തിനും ബാങ്കുകൾ നിശ്ചിതമായ തുക ചാർജായി ഈടാക്കുകയും ചെയ്യും. ഇത് പല ബാങ്കുകൾക്കും പലതാണ്. കാർഡ് സ്വന്തമാക്കിയിരിക്കുന്നവർ അഞ്ഞൂറു രൂപ മുതൽ വാർഷിക ഫീസ് അടയ്‌ക്കേണ്ടതുണ്ട്.

പണം കടം ലഭിക്കുമെങ്കിലും ക്രെഡിറ്റ് കാർഡ് വഴി വാങ്ങുന്ന തുക നിശ്ചിത സമയത്തിനുള്ളിൽ അടച്ചു തീർത്തിരിക്കണം. ഇത് കൃത്യമായി നടന്നില്ലെങ്കിലാണ് ക്രെഡിറ്റ് കാർഡ് കുരുക്കായി മാറുന്നത്. മാത്രമല്ല ഇങ്ങനെ അടയ്ക്കുന്ന തുകയ്ക്ക് ജിഎസ്ടി അടക്കം ചേർത്തു വേണം അടയ്‌ക്കേണ്ടി വരിക എന്നതും മറക്കണ്ട. 20മുതൽ 50 ദിവസത്തേക്കാണ് ബാങ്കുകൾ തുക കടമായി നൽകുന്നത്. വാർഷിക ഫീസ് പോലെ ക്രെഡിറ്റ് കാർഡിന് പുതുക്കൽ ഫീസുമുണ്ട്. പുതുക്കൽ ഫീസ് 100രൂപ മുതൽ നൽകേണ്ടിവരും.

(ഓരോ ബാങ്കിനും വ്യത്യാസമുണ്ടാകും).അക്കൗണ്ട് ഉള്ള ബാങ്കിന്റെ എടിഎമ്മിൽ നിന്നു പണം പിൻവലിക്കുമ്പോൾ നിശ്ചിത തുകയും ട്രാൻസാക്ഷൻ ഫീസും നൽകണം. കടകളിലെ പിഒഎസ് മെഷീനിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നടത്തുന്ന ഇടപാടുകൾക്ക് ആയിരം രൂപ വരെ 0.75 ശതമാനം വരെയും ആയിരം രൂപയ്ക്കു മുകളിലേക്ക് ഒന്നു മുതൽ രണ്ടു ശതമാനം വരെയും ബാങ്കുകൾ സർവീസ് ചാർജ് ഈടാക്കും.(ഓരോ ബാങ്കിനും നിരക്കുകളിൽ വ്യത്യാസമുണ്ടാകും). ബാങ്കിൽ നിന്നുള്ള മെസേജുകൾക്ക് മൂന്നു മാസം കൂടുമ്പോൾ നിശ്ചിത തുക ബാങ്കുകൾക്കു നൽകണം. ക്രെഡിറ്റ് കാർഡ് ഉടമയ്ക്കു ഉപയോഗിച്ച പണം തിരിച്ചടയ്ക്കാൻ സാധിച്ചില്ലെങ്കിൽ അനന്തരാവകാശിക്കാണ് ഉത്തരവാദിത്വമെന്നതും മറക്കണ്ട.

ക്രെഡിറ്റ് കാർഡ് എന്നാൽ ഗുണദോഷ സമ്മിശ്രം തന്നെ....ഇവ മറക്കല്ലേ...

ഗുണങ്ങളും ദോഷങ്ങളും ഇടകലർന്നതാണ് ക്രെഡിറ്റ് കാർഡിന്റെ ഉപയോഗമെന്ന് പറയുന്നത്. ഇവ രണ്ടും തിരിച്ചറിയുകയും അവനവന്റെ സാമ്പത്തിക സ്ഥിതി എന്തെന്ന് മനസിലാക്കി ആവശ്യങ്ങൾ നടത്തുകയും ചെയ്യുന്നയാൾക്ക് ക്രെഡിറ്റ് കാർഡ് അനുഗ്രഹം തന്നെ. എന്നാൽ ധൂർത്താണ് മനസിലുള്ളതെങ്കിൽ ക്രെഡിറ്റ് കുരുക്കാവുമെന്ന് ഉറപ്പ്. ലഭിക്കുന്ന വരുമാനം കൊണ്ട് കൃത്യമായ സാമ്പത്തിക അച്ചടക്കം പാലിക്കാൻ സാധിക്കാത്തവർ ക്രെഡിറ്റ് കാർഡ് എടുക്കേണ്ട ആവശ്യമില്ല എന്ന് തന്നെയാണ് സാമ്പത്തിക വിദഗ്ദ്ധർ നൽകുന്ന ഉപദേശം. ആദ്യം തന്നെ ക്രെഡിറ്റ് കാർഡിന്റെ ഗുണങ്ങൾ എന്താണെന്ന് നോക്കാം.

ഡെബിറ്റിനേക്കാൾ സുരക്ഷിതം...

ഡെബിറ്റ് കാർഡിനേക്കാൾ സുരക്ഷിതമാണ് ക്രെഡിറ്റ് കാർഡ്. ഏതെങ്കിലും തരത്തിലുള്ള തട്ടിപ്പിന് ഇരയാകാനുള്ള സാധ്യത ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ വളരെ കുറവായിരിക്കും. തികവേറിയതും അതീവ സുരക്ഷിതവുമായ പാസ്വേഡ് സംവിധാനമാണ് ക്രെഡിറ്റ് കാർഡിനെ, ഡെബിറ്റ് കാർഡിനേക്കാൾ സുരക്ഷിതമാക്കുന്നത്.

ഇംഎംഐ എന്ന അനുഗ്രഹം

വൻകിട ഗൃഹോപകരണങ്ങളായ ടിവി, ഫ്രിഡ്ജ്, വാഷിങ് മെഷീൻ എന്നിവ ഇഎംഐയിലൂടെ വാങ്ങാനാകുമെന്നതാണ് ക്രെഡിറ്റ് കാർഡിന്റെ മറ്റൊരു സൗകര്യം. മാസ തവണകളായി ക്രെഡിറ്റ് കാർഡിലൂടെ തന്നെ ഈ പേമെന്റ് ഒടുക്കാം. ബാങ്ക് വഴി ഇഎംഐ എടുക്കുമ്പോൾ വ്യക്തിഗത വായ്പയായാണ് അത് ലഭിക്കുക. എന്നാൽ ക്രെഡിറ്റ് കാർഡ് കൈവശമുള്ളവർക്ക് ഇഎംഐ വ്യവസ്ഥയിൽ സാധനം വാങ്ങാൻ, വ്യക്തിഗത ബാങ്ക് വായ്പയുടെ ആവശ്യമില്ല.

ക്യാഷ് ബാക്ക് ഓഫർ

ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് സാധനങ്ങൾ വാങ്ങുകയോ ബില്ല് അടയ്ക്കുകയോ ചെയ്യുമ്പോൾ ചില ബാങ്കുകൾ കാഷ്ബാക്ക് ഓഫറുകൾ നൽകാറുണ്ട്. ചില അവസരങ്ങളിൽ ഓൺലൈൻ ഷോപ്പിങ് പോർട്ടലുകളും ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് കാഷ്ബാക്ക് ഓഫർ നൽകാറുണ്ട്.

പണം തിരിച്ചടയ്ക്കാൻ സമയമുണ്ടേ

ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച പണം ഒടുക്കുന്നതിന് 50 ദിവസമോ മറ്റോ ഉള്ള ഒരു ഗ്രേസ് പീരീഡ് നൽകാറുണ്ട്. ഇതനുസരിച്ച് പണം കരുതിവെച്ച്, ഒടുക്കാനാകുന്നത് ഉപയോക്താക്കൾക്ക് ഏറെ സൗകര്യപ്രദമായിരിക്കും.

വിശ്വാസ്യത നൽകുന്ന റിവാർഡ് പോയിന്റുകൾ

ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നിശ്ചിത തുക ചെലവഴിക്കുമ്പോൾ ബാങ്കുകൾ ഉപയോക്താവിന് റിവാഡ് പോയിന്റ് നൽകാറുണ്ട്. ഈ റിവാഡ് പോയിന്റ് നിശ്ചിത പരിധിയിൽ എത്തുമ്പോൾ, ബാങ്കുകൾ ഗിഫ്റ്റ് സമ്മാനിക്കുകയോ, അതുപയോഗിച്ച് ഷോപ്പിങ് നടത്താനോ സാധിക്കും.

ഇൻഷുറൻഷും ലഭിക്കുമേ....

ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് പലതരം ഇൻഷുറൻസ് പരിരക്ഷ ലഭ്യമാണ്. ട്രാവൽ ഇൻഷുറൻസ്, റെന്റൽ കാർ ഇൻഷുറൻസ്, സാധനങ്ങൾ വാങ്ങുമ്പോൾ അധിക വാറന്റി എന്നിവയൊക്കെ കാർഡ് ഉപയോക്താക്കൾക്ക് ലഭിക്കും.

ലോകത്തെവിടെയും സഹായം

ക്രെഡിറ്റ് കാർഡ് രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുമ്പോഴും ഉപയോഗിക്കാനാകും. വിദേശത്തേക്ക് പോകുമ്പോൾ, കാർ വാടകയ്ക്ക് എടുക്കുന്നതിനോ, ഹോട്ടൽ മുറി ബുക്ക് ചെയ്യുന്നതിനോ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാം. എന്നാൽ ഈ സൗകര്യം എല്ലാ ഡെബിറ്റ് കാർഡുകൾക്കും വിദേശത്ത് ലഭ്യമാകില്ല.

വിമാന ടിക്കറ്റ് വിരൽ തുമ്പിൽ

ഇടയ്ക്കിടെ വിമാന യാത്ര നടത്തുന്നവർക്ക് ഏറെ ഉപകാരപ്രദമാണ് ക്രെഡിറ്റ് കാർഡ്. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വിമാന ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ, ഒരു നിശ്ചിത റിവാഡ് പോയിന്റ് ലഭിക്കും. ഇത് നിഷ്‌കർഷിച്ചിട്ടുള്ള പരിധിയിൽ എത്തുമ്പോൾ, അത് ഡിജിറ്റൽ മണിയായി, ടിക്കറ്റ് ബുക്കിങിന് ഉപയോഗിക്കാനാകും. പേമെന്റിന്റെ കാര്യത്തിൽ ഡെബിറ്റ് കാർഡ് ഉൾപ്പടെയുള്ള മറ്റെല്ലാ സംവിധാനത്തേക്കാൾ മെച്ചം ക്രെഡിറ്റ് കാർഡ് ആണ്. ഉത്തരവാദിത്വത്തോടെയും, ശരിയായ രീതിയിലും ഉപയോഗിച്ചാൽ ക്രെഡിറ്റ് കാർഡ് ആണ് ഡെബിറ്റ് കാർഡിനേക്കാൾ ഗുണപ്രദവും സുരക്ഷിതവും. എന്നാൽ ബാങ്ക് നിർദ്ദേശിക്കുന്ന തീയതിക്കുള്ളിൽ പേമെന്റ് ഒടുക്കാൻ മറന്നുപോകരുതെന്ന് മാത്രം...

എയർ പോർട്ട് ലോണുകളിൽ അക്‌സസ്

പല ക്രെഡിറ്റ് കാർഡുകളും എയർപോർട്ട് ലൗണുകളിലേക്ക് നിങ്ങൾക്ക് ആക്സസ് നൽകുന്നു,ആഭ്യന്തര ലൗണുകളിലേക്ക് മാത്രമല്ല അന്തർദേശീയ രാജ്യങ്ങളിൽ പോലും ഈ ആനുകൂല്യം ലഭിക്കുന്നതാണ്.എത്ര തവണ വർഷത്തിൽ നിങ്ങൾക്ക് ഈ ലൗണുകൾ ഉപയോഗിക്കാം എന്ന് കാർഡ് നിശ്ചയിക്കും.ചില കാർഡുകൾ ലോകമെമ്പാടുമുള്ള ലൗണുകളിലേക്ക് പരിധിയില്ലാത്തത്ര ആക്സസ്സ് നൽകുന്നു.

അടുത്ത തവണ നിങ്ങൾ യാത്രയ്ക്കായി എയർപോർട്ടിൽ കാത്തിരിക്കുമ്പോൾ അസുഖകരമായ ഒരു അന്തരീക്ഷമോ , ബുദ്ധിമുട്ടോ അനുഭവപ്പെടുകയാണെങ്കിൽ,നിങ്ങളുടെ ക്രെഡിറ്റ് കാർഡ് സ്വൈപ്പുചെയ്യുകയും സൗകര്യപ്രദമായ സീറ്റിങ്,റിഫ്രഷ്മെന്റുകൾ,വൈഫൈ എന്നിവയ്ക്കായി ഒരു ലൗണിൽ പ്രവേശിക്കുകയും ചെയ്യാം.നിങ്ങളുടെ ക്രെഡിറ്റ് കാർഡിലൂടെ.ലൗണിലേക്കുള്ള ആക്സസ് മാത്രമല്ല യാത്ര ചെലവ് കുറയ്ക്കാനുള്ള ഡിസ്‌കൗണ്ട്,ഡീലുകൾ, ആനുകൂല്യങ്ങൾ എന്നിവയും ലഭിക്കുന്നതാണ്.

ഇക്കാര്യങ്ങൾ തീർച്ചയായും ഓർത്തിരിക്കണേ...........

  • ഉപയോഗതിനു മുമ്പ് ക്രെഡിറ്റ് കാർഡിന്റെ ഉപാധികളും വ്യവസ്ഥകളും ഉടമ കൃത്യമായി ചോദിച്ചറിയുക.
  • ഉപയോഗിച്ച പണം കാലാവധിക്കുള്ളിൽ അക്കൗണ്ടിൽ അടയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
  • ബാങ്കിൽ നിന്നു ലഭിച്ച പിൻ നമ്പർ മാറ്റി പുതിയത് സെറ്റ് ചെയ്യുക.
  • പിൻനമ്പർ മറ്റാർക്കും നൽകാതിരിക്കുക.
  • പിൻനമ്പർ കാർഡിന്റെ കവറിലോ മൊബൈലിലോ സൂക്ഷിക്കാതിരിക്കുക.
  • ബാങ്കിൽ നൽകിയിരിക്കുന്ന മൊബൈൽ നമ്പറിൽ ബാങ്കിൽ നിന്നു വരുന്ന സന്ദേശങ്ങൾ ശ്രദ്ധിക്കുക.
  • അക്കൗണ്ടുമായും കാർഡുമായും ബന്ധപ്പെട്ട് വരുന്ന മെസേജുകൾക്കു ബാങ്കുമായി ബന്ധപ്പെട്ട ശേഷം മാത്രം പ്രതികരിക്കുക.
  • ഫോണിൽ ആരുവിളിച്ചാലും പിൻനമ്പർ വെളിപ്പെടുത്താതിരിക്കുക.
  • കാർഡ് ഉപയോഗിച്ച് പണം അടയ്ക്കുമ്പോൾ ബന്ധപ്പെട്ട വെബ് സൈറ്റുകൾ
  • സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തുക.
  • ഓൺലൈനിൽ കാർഡിന്റെ വിവരങ്ങൾ സേവ് ചെയ്യാതിരിക്കുക.
  • കാർഡ് നഷ്ടപ്പെട്ടാൽ ഉടൻ ബാങ്കുമായി ബന്ധപ്പെട്ട് കാർഡ് ബ്ലോക്ക് ചെയ്യുക.

ഗുണങ്ങൾക്കൊപ്പം തന്നെ ദോഷങ്ങളുമുണ്ടേ...ഇതാ അറിഞ്ഞോളൂ

1. എടുത്താൽ പൊങ്ങാത്ത പലിശ

ക്രെഡിറ്റ് കാർഡ് പലിശ വളരെ ഉയർന്നതാണ്. മിക്ക കമ്പനികളും പലിശയിനത്തിൽ ഈടാക്കുന്നത് രണ്ടക്ക സംഖ്യകളും. ഉദാഹരണത്തിന് ഒരു ക്രെഡിറ്റ് കാർഡ് ബാധ്യത രണ്ടു ലക്ഷമെന്നിരിക്കട്ടെ. ഈടാക്കിയിരിക്കുന്ന പലിശ 40 ശതമാനവും. അടവിൽ വീഴ്ച വന്നാൽ തിരിച്ചടവ് പൂർത്തിയാക്കാൻ 15 വർഷമെടുക്കും.

2. ബഡ്ജറ്റ് ഇടിക്കാൻ ഇതു മതി

പൈസയില്ലെങ്കിലെന്താ ക്രെഡിറ്റ് കാർഡിൽ എടുക്കാലോ, പിന്നെ അടച്ചാൽ മതിയല്ലോ. പലപ്പോഴും സാധനങ്ങൾ വാങ്ങാനെത്തുമ്പോൾ കേൾക്കുന്ന ചോദ്യമാകുമിത്. കുടുംബ ബജറ്റ് തെറ്റിക്കാൻ ഈ ചോദ്യം മതി. ഇങ്ങനെയുള്ളവർ ഒന്ന് ആലോചിക്കുക ശരിക്കും കാർഡ് വഴി വാങ്ങിയപ്പോൾ ആ വസ്തു എന്തു വിലയ്ക്കാണ് ലഭിച്ചത്. അതിന് അത്രയ്ക്കു മൂല്യമുണ്ടോ? പണമില്ലെങ്കിൽ പിന്നെ വാങ്ങാം അതിനായി വീട്ടുബജറ്റ് തകർക്കേണ്ട ആവശ്യമുണ്ടോ?

3. കടക്കെണിയിൽ കുരുങ്ങാം

അമിതമായ ക്രെഡിറ്റ് കാർഡ് ഉപയോഗം നിങ്ങളുടെ കുഴി നിങ്ങൾ തന്നെ വെട്ടുന്നതിനു തുല്യമാണ്. കടക്കെണിയിലേക്കാണു നിങ്ങളുടെ യാത്ര. ക്രെഡിറ്റ് കാർഡിൽ സാധനങ്ങൾ വാങ്ങി അതിന്റെ പലിശ അടയ്ക്കാൻ കടമെടുക്കുന്ന ആളുകളിലും പരലും ചുറ്റുമുണ്ട്. പലിശയില്ല അല്ലെങ്കിൽ കുറവാണ് എന്നൊക്കെ പറയുമ്പോൾ ഒരു കാര്യം ഓർക്കുക പിന്നെ നമ്മുക്ക് ഈ പണം നൽകുമ്പോൾ അവർക്ക് എന്താണ് ഗുണം. സേവനത്തിനായി മാത്രം ധനകാര്യ സ്ഥാപനം നടത്തുന്ന കമ്പനികൾ നമ്മുടെ നാട്ടിൽ ഉള്ളതായി അറിവില്ല. ഒരോ തവണ കാർഡ് ഉപയോഗിക്കുമ്പോഴും നിങ്ങൾ കടക്കാരായി മാറിക്കൊണ്ടിരിക്കുകയാണ്. ഓർക്കുക.

4. മറഞ്ഞിരിക്കുന്ന നിബന്ധനകൾ

ഒരിക്കല്ലെങ്കിലും കാർഡിന്റെ ഉപാധികളും നിബന്ധനകളും മനസിരുത്തി വായിച്ചിട്ടുണ്ടോ? കാർഡിനായി ഒപ്പിട്ട സമയത്ത് നിങ്ങൾക്ക് അറിയാത്ത എത്ര കാര്യങ്ങൾ അതിലുണ്ടായിരുന്നു. ചെറിയ അക്കങ്ങളിൽ വായിക്കാനാകാത്തവിധം അച്ചടിച്ച ആ വാചകങ്ങൾ ഓർക്കുന്നില്ലേ ? വന്ന ഏജന്റ് പറഞ്ഞിട്ടുണ്ടാകുമല്ലോ, അതൊന്നും നോക്കണ്ട സർ, സാരമില്ല, എല്ലാവർക്കും ഉള്ളതാ എന്നൊക്കെ. നിങ്ങളുടെ കാർഡിന്റെ പലിശനിരക്ക്, ഫീസ്, പിഴ തുടങ്ങിയവയെല്ലാം രണ്ടാഴ്‌ച്ച നോട്ടീസ് പരിധിയിൽ ഉയർത്തുന്നതിനു അധികാരമുണ്ടെന്നും ആ തുക നിങ്ങൾ അടച്ചോളാമെന്നുമുള്ള സമ്മതപത്രമാണത്.

5. ക്രെഡിറ്റ് സ്‌കോർ കുറഞ്ഞാൽ പണി തന്നെ 

ക്രെഡിറ്റ് സ്‌കോർ കുറയുന്നത് അത്ര നല്ലതല്ല. നിങ്ങളുടെ തിരിച്ചടയ്ക്കാനുള്ള കഴിവാണ് ഈ സ്‌കോർ കാണിക്കുന്നത്. ക്രെഡിറ്റ് കാർഡ് തിരിച്ചടവുകൾ മുടങ്ങിയാൽ അത് നിങ്ങളുടെ സ്‌കോറിലും പ്രതിഫലിക്കും. സ്‌കോർ കുറഞ്ഞാൽ നിങ്ങളുടെ ഭാവിയിലുള്ള തിരിച്ചടവ് വർധിക്കും. പലിശയും. നിങ്ങൾക്ക് വായ്പ ലഭിക്കാനു്ള സാധ്യതകൾ വരെ ഈ സ്‌കോറിനെ അപേക്ഷിച്ചാണ്.

6. മനസിന് സ്വസ്ഥത കാണില്ല......

പണമില്ലെങ്കിൽ ആ ഒരു വിഷമം മാത്രമേ ഉണ്ടാകു. ചിലപ്പോൾ ഉദേശിക്കുന്ന കാര്യങ്ങൾ സാധനങ്ങൾ ആ സമയത്ത് വാങ്ങാൻ പറ്റില്ലെന്നു മാത്രം. എന്നാൽ മനസമ്മാദാനമുണ്ടാകും. എന്നാൽ ഇല്ലാത്ത പണം ഉണ്ടാക്കി വാങ്ങിയാലോ. അതിന്റെ സമ്മർദത്തിലാകും പിന്നീടുള്ള ജീവിതം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP