Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പതിവ് തെറ്റിച്ചില്ല.. ചെയിസിംഗിൽ കോലിക്ക് സെഞ്ച്വറി; ഫിനിഷറായി തിരിച്ചെത്തി വിമർശകരെ കണ്ടം വഴി ഓടിച്ച് ധോനി; അഡ്‌ലെഡിൽ ഇന്ത്യയ്ക്ക് വിജയം; പരമ്പരയിൽ ഓസ്‌ട്രേലിയക്കൊപ്പം; മത്സരം സാക്ഷിയായത് നായകന്റെ 39ാം സെഞ്ച്വറിക്ക്

പതിവ് തെറ്റിച്ചില്ല.. ചെയിസിംഗിൽ കോലിക്ക് സെഞ്ച്വറി; ഫിനിഷറായി തിരിച്ചെത്തി വിമർശകരെ കണ്ടം വഴി ഓടിച്ച് ധോനി; അഡ്‌ലെഡിൽ ഇന്ത്യയ്ക്ക് വിജയം; പരമ്പരയിൽ ഓസ്‌ട്രേലിയക്കൊപ്പം; മത്സരം സാക്ഷിയായത് നായകന്റെ 39ാം സെഞ്ച്വറിക്ക്

മറുനാടൻ ഡെസ്‌ക്‌

അഡ്ലെയ്ഡ്; പതിവ് തെറ്റിച്ചില്ല. ചെയിസിംഗിൽ കോലി സെഞ്ച്വറി അടിച്ചു ഇന്ത്യയ്ക്ക് ഉജ്ജ്വല വിജയം. 39ാം ഏകദിന സെഞ്ചുറിയുമായി ക്യാപ്റ്റൻ വിരാട് കോലി കളം നിറഞ്ഞ മത്സരത്തിൽ മെല്ലെപ്പോക്കിനു പഴി പറഞ്ഞ വിമർശകരെ കണ്ടം വഴി ഓടിച്ച് 'ഫിനിഷർ' റോളിൽ മഹേന്ദ്രസിങ് ധോണിയുടെ മടങ്ങിവരവ്. പരമ്പരയിൽ ഓസ്‌ട്രേലിയക്കൊപ്പം അഡ്ലെയ്ഡിൽ നടന്ന ഏകദിനത്തിൽ ആറ് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. ഏകദിനത്തിലെ 39ാമത്തെയും റൺ ചേസിങ്ങിലെ 24ാമത്തെയും സെഞ്ചുറി കുറിച്ച ക്യാപ്റ്റൻ വിരാട് കോലി തന്നെ ഇന്ത്യൻ വിജയത്തിലെ മുഖ്യശിൽപി.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയ ഷോൺ മാർഷിന്റെ സെഞ്ചുറി മികവിൽ നിശ്ചിത 50 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 298 റൺസാണെടുത്തത്. മറുപടി ബാറ്റിങ്ങിൽ കോഹ്‌ലി മുന്നിൽനിന്നു നയിച്ചതോടെ നാലു പന്തുകൾ ബാക്കിനിൽക്കെ നാലു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ ലക്ഷ്യത്തിലെത്തി. പരമ്പരയിലെ നിർണായക മൽസരം വെള്ളിയാഴ്ച മെൽബണിൽ നടക്കും.

വിരാട് കോലിയുടെ സെഞ്ചുറിയിലൂടെ (112 പന്തിൽ 104) ഇന്ത്യ മറുപടി നൽകിയപ്പോൾ 49.2 ഓവറിൽ ഇന്ത്യ വിജയം സ്വന്തമാക്കുകയായിരുന്നു. മുൻ ക്യാപ്റ്റൻ എം.എസ് ധോണിയുടെ (54 പന്തിൽ 55 ) ഇന്നിങ്സും നിർണായകമായി. കോലിക്ക് പുറമെ ശിഖർ ധവാൻ (28 പന്തിൽ 32), രോഹിത് ശർമ (52 പന്തിൽ 43), അമ്പാടി റായുഡു (24) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ദിനേശ് കാർത്തിക് ( 14പന്തിൽ 25) പുറത്താവാതെ നിന്നു. ജേസൺ ബെഹ്റൻഡോർഫ്, മാർകസ് സ്റ്റോയ്നിസ്, ഗ്ലെൻ മാക്‌സ്വെൽ, റിച്ചാർഡ്സൺ എന്നിവർക്കാണ് വിക്കറ്റ്.

കോലിയുടെ 39ാം ഏകദിന സെഞ്ചുറിയാണിത്. അഞ്ച് ഫോറും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു കോലിയുടെ ഇന്നിങ്‌സ്. ഒന്നാം വിക്കറ്റിൽ ധവാൻ- രോഹിത് സഖ്യം 47 റൺസാണ് കൂട്ടിച്ചേർത്തത്. ധവാന് മികച്ച തുടക്കം ലഭിച്ചെങ്കിലും മുതലാക്കാൻ സാധിച്ചില്ല. ജേസൺ ബെഹ്റൻഡോർഫിന്റെ പന്തിൽ ഉസ്മാൻ ഖവാജയ്ക്ക് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ സെഞ്ചുറിക്കാരൻ രോഹിത് ശർമയാവട്ടെ സ്റ്റോയ്നിസിന്റെ പന്തിൽ പീറ്റർ ഹാൻഡ്സ്‌കോംപിന് ക്യാച്ച് നൽകി. മധ്യനിരയിൽ റായുഡു ഒരിക്കൽകൂടി പരാജയമായി. മാക്‌സവെല്ലിന്റെ പന്തിൽ സ്റ്റോയ്‌നിസിന് ക്യാച്ച് നൽകുകയായിരുന്നു റായുഡു.

നേരത്തെ, ഷോൺ മാർഷിന്റെ (123 പന്തിൽ 131) സെഞ്ചുറി കരുത്തിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 298 റൺസ് അടിച്ചെടുക്കുകയായിരുന്നു. ഗ്ലെൻ മാക്സ്വെല്ലിന്റെ വേഗത്തിലുള്ള ബാറ്റിങ്ങും ഓസീസിന്റെ ഇന്നിങ്സിൽ നിർണായകമായി. 300ന് അപ്പുറമുള്ള സ്‌കോറിലേക്ക് പോകുമായിരുന്ന ഓസീസിനെ ബൗളർമാർ നിയന്ത്രിച്ച് നിർത്തുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി ഭുവനേശ്വർ കുമാൽ നാലും മുഹമ്മദ് ഷമി മൂന്ന് വിക്കറ്റുമെടുത്തു. രവീന്ദ്ര ജഡേജയ്ക്ക് ഒരു വിക്കറ്റുണ്ട്. ആദ്യ ഏകദിനത്തിൽ നിന്ന് ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. ഖലീൽ അഹമ്മദിന് പകരം മുഹമ്മദ് സിറാജിനെ ടീമിൽ ഉൾപ്പെടുത്തുകയായിരുന്നു.

123 പന്തിൽ 11 ഫോറും മൂന്ന് സിക്സും ഉൾപ്പെടുന്നതായിരുന്ന മാർഷിന്റെ ഇന്നിങ്സ്. സ്റ്റോയിനിസിനൊപ്പം 55 റൺസും മാക്സ്വെല്ലിനൊപ്പം 94 റൺസും മാർഷ് കൂട്ടിച്ചേർത്തു. ഏകദിന കരിയറിൽ മാർഷിന്റെ ഏഴാം സെഞ്ചുറിയാണിത്. 37 പന്തിൽ ഒരു സിക്സും നാല് ഫോറും അടങ്ങുന്നതായിരുന്നു മാക്സവെല്ലിന്റ ഇന്നിങ്സ്. ഇരുവരേയും ഭുവനേശ്വർ കുമാർ പുറത്താക്കി. ഇവർക്ക് പുറമെ അലക്സ് കാരി (18), ആരോൺ ഫിഞ്ച് (6), ഉസ്മാൻ ഖവാജ (21), പീറ്റർ ഹാൻഡ്സ്‌കോംപ് (20), മാർകസ് സ്റ്റോയ്നിസ് (29), റിച്ചാർഡ്സൺ (2) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. മധ്യനിരയും വാലറ്റവും അൽപം കൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ ഇതിലും മികച്ച സ്‌കോർ ഓസീസ് നേടുമായിരുന്നു.

ക്യാപ്റ്റൻ ആരോൺ ഫിഞ്ചിനെയാണ് ഓസീസിന് ആദ്യം നഷ്ടമായത്. ഫിഞ്ചിനെ ഭുവനേശ്വർ കുമാർ ബൗൾഡാക്കുകയായിരുന്നു. ഭുവിയെ ലോങ് ഓണിലൂടെ അതിർത്തി കടത്താനുള്ള ശ്രമത്തിനിടെ ബാറ്റിൽ തട്ടി പന്ത സ്റ്റംപിൽ പതിക്കുകയായിരുന്നു. 20 റൺസ് മാത്രമായിരുന്നു അപ്പോൾ സ്‌കോർ ബോർഡിൽ. ആറ് റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ കാരിയെ മുഹമ്മദ് ഷമി പുറത്താക്കി. ഷമിയെ പുൾ ചെയ്യാനുള്ള ശ്രമത്തിൽ കാരിയെ ശിഖർ ധവാൻ കൈയിലൊതുക്കി. നഥാൻ ലിയോൺ (12), ബെഹ്രൻഡോർഫ് (1) എന്നിവർ പുറത്താവാതെ നിന്നു.

ഖവാജ രവീന്ദ്ര ജഡേജയുടെ നേരിട്ടുള്ള ഏറിൽ റണ്ണൗട്ടാവുകയായിരുന്നു. ഹാൻഡ്സ്‌കോംപ് ജഡേജയെ സ്വീപ് ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ടപ്പോൾ, ധോണി സ്റ്റംപ് ചെയ്ത് പുറത്താക്കി. സ്റ്റോയ്നിസ് ഷമിയുടെ പന്തിൽ ധോണിക്ക് വിക്കറ്റ് നൽകി മടങ്ങി. റിച്ചാർഡ്സൺ ഷമിയെ ഡീപ് ബാ്ക്ക്വേർഡ് പോയിന്റിലൂടെ ബൗണ്ടിറി കടത്താനുള്ള ശ്രമത്തിൽ ബൗണ്ടറി ലൈനിൽ ധവാന് ക്യാച്ച് നൽകി. പീറ്റർ സിഡിലിനെ ഭുവനേശ്വർ കോലിയുടെ കൈകളിലെത്തിച്ചു. 10 ഓവറിൽ 45 റൺ വഴങ്ങിയാണ് ഭുവി നാല് വിക്കറ്റ് വീഴ്‌ത്തിയത്. ഷമി ഇത്രയും ഓവറിൽ 58 റൺസ് വഴങ്ങിയാണ് മൂന്ന് വിക്കറ്റ് നേടി. മുഹമ്മദ് സിറാജിന്റെ ഏകദിന അരങ്ങേറ്റം ഒട്ടും നന്നായില്ല. പത്ത് ഓവർ എറിഞ്ഞ താരം 76 റൺസ് വിട്ടുകൊടുത്തു. മാത്രമല്ല വിക്കറ്റൊന്നും നേടാൻ സാധിച്ചതുമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP