Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

കെ.എ.എസ് സംവരണം : ഇടതു നയം നവോത്ഥാനമൂല്യങ്ങളെയും ഭരണഘടനാ മൂല്യങ്ങളെയും തകർക്കാൻ : ഹമീദ് വാണിയമ്പലം

കെ.എ.എസ് സംവരണം : ഇടതു നയം നവോത്ഥാനമൂല്യങ്ങളെയും ഭരണഘടനാ മൂല്യങ്ങളെയും തകർക്കാൻ : ഹമീദ് വാണിയമ്പലം

തിരുവനന്തപുരം : കെ.എ.എസിലെ സംവരണ നിഷേധം സവർണാധിപത്യം പൂർവ്വാധികം ശക്തിയായി തിരികെ കൊണ്ടുവരാനും നവോത്ഥാന മൂല്യങ്ങളേയും ഭരണഘടനാ മൂല്യങ്ങളേയും തകർക്കാനുമുള്ള ഇടതുപക്ഷത്തിന്റെ നയമാണ് വ്യക്തമാകുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. വെൽഫെയർ പാർട്ടി സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമ്പത്തിക സംവരണം എന്ന വാദം തന്നെ സാമൂഹ്യ നീതിയെ ഇല്ലാതാക്കാനാണ്. ആർ.എസ്.എസ് സാമ്പത്തിക സംവരണ വാദം ഉന്നയിക്കുന്നത് ചാതുർവർണ്യ വ്യവസ്ഥ സ്ഥാപിച്ചെടുക്കാനാണ്. അതേ പാതയാണ് ഇടതുപക്ഷവും കോൺഗ്രസുമെല്ലാം പിന്തുടരുന്നതെന്ന് പാർലമെന്റിൽ അവതരിപ്പിക്കപ്പെട്ട മുന്നാക്ക സംവരണ ബിൽ വ്യക്തമാക്കി തന്നു. ദാരിദ്ര്യം എന്ന വാദമുയർത്തി മുന്നാക്കക്കാർക്കു മാത്രം സംവരണം നൽകുക എന്നത് തന്നെ വിചിത്രമാണ്. നിലവിലെ സംവരണത്തിൽ ഒ.ബി.സികളിൽ പെട്ടവരിലെ ക്രീമിലെയറിന് സംവരണമില്ല. എന്നിരിക്കെ മുന്നാക്കക്കാർക്കേപ്പെടുത്തിയ സംവരണവും ദരിദ്രർക്കല്ല ക്രീമിലെയറിനെ മാത്രം ഒഴിവാക്കിയാണ്. നിലവിലെ ജനറൽ വിഭാഗത്തിൽ നിന്ന് 10 ശതമാനം പുതുതായി സംവരണം ഏർപ്പെടുത്തിയാൽ ഒബിസി കളുടെ സീറ്റ് നഷ്ടപ്പെടില്ല എന്ന വാദം കപടമാണ്. എല്ലാ വിഭാഗക്കാർക്കും ഓരേപോലെ അവകാശപ്പെട്ട 10 ശതമാനം സീറ്റുകളാണ് വരേണ്യ വിഭാഗത്തിനായി സംവരണം ചെയ്തിരിക്കുന്നത്.

കേരളമന്ത്രിസഭ ദേവസ്വം നിയമനങ്ങളിൽ മുന്നാക്കക്കാർക്കായി ഏർപ്പെടുത്തിയ സംവരണവും കേന്ദ്രസർക്കാർ കൊണ്ടു വന്ന മുന്നാക്ക സംവരണ ബില്ലിലെ മുന്നാക്ക സംവരണവും 10 ശതമാനം എന്നത് യാദൃശ്ചികമായി വന്നതല്ലെന്നും സംവരണത്തെയും ഭരണഘടനാ മൂല്യങ്ങളേയും ഇല്ലാതാക്കാനുള്ള ആർ.എസ്.എസ് ഗൂഢാലോചനയിൽ അറിഞ്ഞോ അറിയാതെയൊ സിപിഎമ്മും ഉൾപ്പെട്ടു എന്നതുമാണ് ഇത് വെളിവാക്കുന്നത്. കേരളത്തിലെ ബ്യൂറോക്രസിയുടെ തലപ്പത്ത് ദലിത്-മുസ്ലിം-പിന്നാക്ക വിഭാഗങ്ങൾ വരേണ്ടതില്ല എന്ന തീരുമാനമെടുത്ത പിണറായി സർക്കാരിന് ചരിത്രം മാപ്പു നൽകില്ല. ഐ.എ.എസ് ഫീഡർ തസ്തികയായി മാറുന്ന കെ.എ.എസിൽ രണ്ട് സ്ട്രീമുകളിൽ സംവരണം ഒഴിവാക്കിയാൽ 80% വരുന്ന ദലിത്-മുസ്ലിം-ഒബിസി വിഭാഗങ്ങൾക്കായി ഉറപ്പാകുന്നത് 16% തസ്തികകൾ മാത്രമാണ്. നിലവിൽ ജനറൽ മെറിറ്റിലൂടെ ഇത്തരം വിഭാഗങ്ങളുടെ പ്രവേശനത്തെ നിരന്തരം അട്ടിമറിക്കുന്ന വലിയ ലോബി പ്രവർത്തിക്കുന്നുണ്ട്. നവോത്ഥാനത്തെപ്പറ്റിയും ഭരണഘടനാ ധാർമികതയെപ്പറ്റിയും വാചാലമാകുന്ന കേരള മുഖ്യമന്ത്രി നവോത്ഥാന മൂല്യങ്ങളെയും ഭരണഘടനയുടെ അടിസ്ഥാന മൂല്യമായ സാമൂഹ്യ നീതിയെയും അട്ടിമറിക്കാൻ നേതൃത്വം നൽകുന്ന വിരോധാഭാസമാണ് കാണുന്നത്. വരും നാളുകളിൽ കേരളത്തിന്റെ തെരുവുകളിൽ സംവരണ സംരക്ഷണ പോരാട്ടങ്ങളുടെ പരമ്പരകളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

വിവിധ സംവരണ സമുദായങ്ങളെ പ്രതിനിധീകരിച്ച് ഫാ തിയോദേഷ്യസ് (ലത്തീൻ കത്തോലിക്ക സഭ), പ്രൊഫ അബ്ദുൽ റഷീദ് (മെക്ക), വിഷ്ണുപുരം ചന്ദ്രശേഖരൻ (വി എസ്.ഡി.പി), കുട്ടപ്പൻ ചെട്ടിയാർ (എം.ബി.സി.എഫ്), റെജി പേരൂർക്കട (കെ.ഡി.എഫ്) തുടങ്ങിയവരും ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡണ്ട് എസ്. ഇർഷാദ്, വെൽഫെയർ പാർട്ടി നേതാക്കളായ ഇ.സി ആയിഷ, കെ.എ ഷഫീഖ്, പി.എ ഹഖിം, റസാഖ് പാലേരി, ശ്രീജ നെയ്യാറ്റിൻകര, ശശി പന്തളം, സജീദ് ഖാലിദ് ജോസഫ് ജോൺ എന്നിവരും അഭിവാദ്യ പ്രഭാഷണങ്ങൾ നടത്തി. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരിപ്പുഴ അദ്ധ്യക്ഷത വഹിച്ചു. മിർസാദ് റഹ്മാൻ സ്വാഗതവും ജില്ലാ പ്രസിഡന്റ് എൻ.എം അൻസാരി നന്ദിയും പറഞ്ഞു.

രാവിലെ മ്യൂസിയം ജംഗ്ഷനിൽ നിന്നാരംഭിച്ച മാർച്ചിന് സംസ്ഥാന നേതാക്കൾ നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP