Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വെൽഡൺ ടീം കേരള...; ഗുജറാത്തിന്റെ ബേസിളക്കി ബേസിൽ തമ്പി; വാര്യരുടെ കുത്തിയുയരുന്ന പന്തുകളും സന്ദർശകരെ തകർത്തു; ബൗളിങ് കരുത്തിൽ വയനാട്ടിൽ ചരിത്രം രചിച്ച് കേരളം; രഞ്ജി ട്രോഫിയിൽ ആദ്യമായി മലയാളിക്കരുത്ത് സെമിയിൽ; ക്വാർട്ടറിൽ ഗുജറാത്തിനെ തകർത്തത് 113 റൺസിന്; കേരളത്തിന് ഉജ്ജ്വല ജയം സമ്മാനിച്ചത് കൃത്യതയോടെ പന്തെറിഞ്ഞ പേസർമാർ; മാൻ ഓഫ് ദി മാച്ചായി ബേസിൽ തമ്പി; ഇനി ദേശീയതലത്തിൽ ക്രിക്കറ്റിലും കേരളത്തിന് തല ഉയർത്തിപ്പിടിക്കാം

വെൽഡൺ ടീം കേരള...; ഗുജറാത്തിന്റെ ബേസിളക്കി ബേസിൽ തമ്പി; വാര്യരുടെ കുത്തിയുയരുന്ന പന്തുകളും സന്ദർശകരെ തകർത്തു; ബൗളിങ് കരുത്തിൽ വയനാട്ടിൽ ചരിത്രം രചിച്ച് കേരളം; രഞ്ജി ട്രോഫിയിൽ ആദ്യമായി മലയാളിക്കരുത്ത് സെമിയിൽ; ക്വാർട്ടറിൽ ഗുജറാത്തിനെ തകർത്തത് 113 റൺസിന്; കേരളത്തിന് ഉജ്ജ്വല ജയം സമ്മാനിച്ചത് കൃത്യതയോടെ പന്തെറിഞ്ഞ പേസർമാർ; മാൻ ഓഫ് ദി മാച്ചായി ബേസിൽ തമ്പി; ഇനി ദേശീയതലത്തിൽ ക്രിക്കറ്റിലും കേരളത്തിന് തല ഉയർത്തിപ്പിടിക്കാം

മറുനാടൻ മലയാളി ബ്യൂറോ

വയനാട്: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് ചരിത്ര നേട്ടം. തുടർച്ചയായ രണ്ടാ വർഷവം ദേശീയ ചാമ്പ്യൻഷിപ്പിന്റെ ക്വാർട്ടറിലെത്തിയ കേരളം ഇത്തവണ സെമിയിലുമെത്തി. വയനാട്ടിലെ കൃഷ്ണ ഗിരി സ്റ്റേഡിയത്തിൽ കരുത്തരായ ഗുജറാത്തിനെ തകർത്താണ് കേരളം സെമിയിലെത്തുന്നത്. ചരിത്രത്തിൽ ആദ്യമായാണ് കേരളം രഞ്ജി ട്രോഫിയുടെ സെമിയിലെത്തുന്നത്. യുവതാരങ്ങളുടെ മികവാണ് കേരളത്തിന് തുണയാകുന്നത്. ഇതോടെ ദേശീയ ക്രിക്കറ്റിലെ ശക്തികേന്ദ്രമായി കേരളാ ക്രിക്കറ്റ് മാറുകയാണ്. സച്ചിൻ ബേബിയുടെ നായകത്വത്തിലാണ് കേരളം കളിക്കാനിറങ്ങിയത്. കഴിഞ്ഞ തവണ കേരളം ക്വാർട്ടറിലെത്തിയതും സച്ചിന്റെ നായകത്വത്തിലാണ്. ഇതോടെ കേരളാ ക്രിക്കറ്റിലെ ഭാഗ്യനായകനായി സച്ചിൻ മാറുകയാണ്.

വയനാട്ടിലെ പിച്ച് ഫാസ്റ്റ് ബൗളിങ്ങിനെ തുണയ്ക്കുന്നതയാരുന്നു. ഈർപ്പമുള്ള പിച്ചിൽ കുത്തിയുരുന്ന ബൗൺസ് ബാറ്റ്‌സ്മാന്മാർക്ക് വെല്ലുവിളിയായി. സന്ദീപ് വാര്യരും ബേസിൽ തമ്പിയും മുന്നിൽ നിന്ന് പന്തെറിഞ്ഞപ്പോൾ പാർത്ഥിവ് പട്ടേലിന്റെ ഗുജറാത്ത് തകർന്നു. മത്സരത്തിൽ ഗുജറാത്തിനായിരുന്നു കളിയെഴുത്തുകാർ കൂടുതൽ സാധ്യത നൽകിയിരുന്നത്. ഇതെല്ലാം അപ്രസക്തമാക്കിയാണ് കേരളം ജയിച്ചു കയറുന്നത്. ടോസ് നേടിയ ഗുജറാത്ത് കേരളത്തെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഓരോ ദിവസവും ബാറ്റിങ് ദുഷ്‌കരമാകുന്ന പിച്ചിൽ പാർത്ഥിവ് പട്ടേലിന്റെ ഈ തീരുമാനം കേരളത്തിന് ഒരർത്ഥത്തിൽ തുണയാകുകയായിരുന്നു.

ആദ്യം ബാറ്റ് ചെയത് കേരളം ഒൻപത് വിക്കറ്റിന് 185 റൺസെടുത്തു. മറുപടിയായി ഗുജറാത്തിന് 171 റൺസേ എടുക്കാനായുള്ളൂ. ഒന്നാം ഇന്നിങ് ലീഡ് നേടിയ കേരളം രണ്ടാം ഇന്നിങ്‌സിൽ 162 റൺസിന് പുറത്തായി. മറുപടി ബാറ്റിംഗിൽ കേരളം ഗുജറാത്തിന് 81 റൺസിന് എറിഞ്ഞിട്ടു. അതുകൊണ്ട് തന്നെ ഈ വിജയം ഫാസ്റ്റ് ബൗളർമാരുടേതാണ്. ആദ്യ ഇന്നിങ്‌സിൽ സന്ദീപ് വാര്യർ നാലും ബേസിൽ തമ്പിയും നിധീഷ് എംഡിയും മൂന്ന് വീതം വിക്കറ്റെടുത്തു. രണ്ടാം ഇന്നിങ്‌സിൽ ബേസിൽ തമ്പിയാണ് മുന്നിൽ നിന്ന് പന്തെറിഞ്ഞത്. ബേസിൽ തമ്പി അഞ്ച് വിക്കറ്റെടുത്തു. സന്ദീപ് വാര്യർ നാലും.. അങ്ങനെ ഫാസ്റ്റ് ബൗളിങ് മികവിൽ കേരളം സെമിയിലെത്തി.

ആദ്യ ഇന്നിങ്‌സിൽ ബാറ്റ് ചെയ്യുമ്പോൾ സഞ്ജു വി സാംസണ് പരിക്കേറ്റിരുന്നു. കൈവരിലൊടിഞ്ഞ സഞ്ജു രണ്ടാം ഇന്നിങ്‌സിൽ ഒറ്റക്കൈയനായെത്തി ബറ്റ് ചെയ്തു. ആദ്യ ഇന്നിങ്‌സിൽ 27 റൺസ് നേടിയ ബേസിൽ തമ്പിയും ബാറ്റിംഗിൽ തിളങ്ങി. രണ്ടാം ഇന്നിങ്‌സിൽ കേരളാ ഇന്നിങ്‌സിന് നെടുതൂണായത് സിജോമോൻ ജോസഫിന്റെ അർദ്ധ സെഞ്ച്വറിയായിരുന്നു. 56 റൺസാണ് സിജോമോൻ എടുത്തത്. ജലജ് സക്‌സേന 44 ഉം റൺസെടുത്തു. ക്യാപ്ടൻ സച്ചിൻ ബേബിയും റൺ നേടുക അസാധ്യമായ പിച്ചിൽ 24 റൺസ് നേടി. ഇതൊക്കെയാണ് വയനാടൻ മണ്ണിൽ കേരളത്തിന് ചരിത്ര വിജയം സമ്മാനിച്ചത്.

കേരളത്തിനെതിരേ 195 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഗുജറാത്തിന് തുടക്കത്തിലേ ബാറ്റിങ് തകർച്ച സംഭവിച്ചു. മൂന്ന് ഓവറിനിടെ രണ്ടു വിക്കറ്റ് പിഴുത ബേസിൽ തമ്പിയാണ് ഗുജറാത്തിനെ പ്രതിരോധത്തിലാക്കിയത്. കേരളവും ഗുജറാത്തും തമ്മിലുള്ള രഞ്ജി ട്രോഫി ക്വാർട്ടറിന്റെ രണ്ടാം ദിനം ആരാധകരുടെ ഹൃദയം കീഴടക്കിയത് സഞ്ജു വി സാംസൺ ആയിരുന്നു. വിരലിനേറ്റ പരിക്ക് വകവെയ്ക്കാതെ ഗ്രൗണ്ടിലിറങ്ങിയാണ് സഞ്ജു ആരാധകരുടെ കൈയടി നേടിയത്. കേരളത്തിന്റെ രണ്ടാം ഇന്നിങ്സിൽ ഒമ്പത് വിക്കറ്റും പോയതോടെ സഞ്ജു ക്രീസിലെത്തുകയായിരുന്നു. ഒമ്പതാമനായി സന്ദീപ് വാര്യർ പുറത്തായതോടെ കേരളത്തിന്റെ ഇന്നിങ്സ് അവസാനിച്ചുവെന്ന് കരുതിയതാണ്. രണ്ടാം ഇന്നിങ്സിൽ സഞ്ജു കളിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. എന്നാൽ അപ്രതീക്ഷിതമായി ക്രീസിലുള്ള ജലജ് സക്സേനയ്ക്ക് കൂട്ടായി സഞ്ജു കളിക്കാനിറങ്ങുകയായിരുന്നു. സഞ്ജുവിന്റെ ധീരമായ ഈ തീരുമാനത്തെ എഴുന്നേറ്റ് നിന്ന് കൈയടിച്ചാണ് കാണികൾ സ്വീകരിച്ചത്.

സഞ്ജുവിനെ കൂട്ടുപിടിച്ച് ജലജ് എട്ടു റൺസ് കൂടി സ്‌കോർ ബോർഡിൽ കൂട്ടിച്ചേർത്തു. എട്ടു പന്ത് ഇടങ്കൈ കൊണ്ട് ബാറ്റുവീശി ബ്ലോക്ക് ചെയ്ത സഞ്ജുവിനെ ഒമ്പതാം പന്തിൽ അക്സർ പട്ടേൽ വിക്കറ്റിന് മുന്നിൽ കുരുക്കി. ആദ്യ ഇന്നിങ്സിൽ ബാറ്റു ചെയ്യുന്നതിനിടെയാണ് സഞ്ജുവിന്റെ വലതു കൈവിരലിന് പരിക്കേറ്റത്. 17 റൺസെടുത്ത് നിൽക്കെ ചിന്തൻ ഗജയുടെ പന്ത് സഞ്ജുവിന്റെ വലതു കൈയിലെ വിരലിൽ കൊള്ളുകയായിരുന്നു. വേദന സഹിക്കാനാകാതെ താരം അപ്പോൾ തന്നെ ക്രീസ് വിട്ടു. തുടർന്ന് പരിശോധനയ്ക്ക് ശേഷം നാലാഴ്‌ച്ചത്തെ വിശ്രമമാണ് സഞ്ജുവിന് ഡോക്ടർമാർ നിർദ്ദേശിച്ചത്.

രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങി രണ്ടാം ഓവറിൽ തന്നെ കേരളത്തിന് ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടു. അസ്ഹറുദ്ദീനെ ഗജ വിക്കറ്റിന് മുന്നിൽ കുരുക്കി. നേരിട്ട മൂന്നാം പന്തിലായിരുന്നു അസ്ഹറുദ്ദീന്റെ വിക്കറ്റ്. അടുത്ത ഊഴം രാഹുലിന്റേതായിരുന്നു. 32 പന്തിൽ 10 റൺസെടുത്ത രാഹുലിനെ നാഗേസ്വല്ല പുറത്താക്കുകയായിരുന്നു. പിന്നീട് വിനൂപും സിജോമോനും ചേർന്ന് പ്രതിരോധിക്കാൻ തുടങ്ങി. 22 റൺസെടുത്ത ഈ കൂട്ടുകെട്ടിനെ അക്സർ പട്ടേൽ പൊളിച്ചു. 16 റൺസെടുത്ത് നിൽക്കെ വിനൂപ് വിക്കറ്റിന് മുന്നിൽ കുരുങ്ങുകയായിരുന്നു. അടുത്തത് സച്ചിൻ ബേബിയും സിജോമോനും ചേർന്നുള്ള രക്ഷാപ്രവർത്തനമായിരുന്നു. 39 റൺസെടുത്ത കൂട്ടുകെട്ട് ഉച്ചഭക്ഷണത്തിന് മുമ്പ് തകർന്നു. 43 പന്തിൽ 24 റൺസടിച്ച കേരള ക്യാപ്റ്റനെ അക്സർ പട്ടേൽ പുറത്താക്കി. അഞ്ച് ഓവറിനുള്ളിൽ അടുത്ത വിക്കറ്റും വീണു. വിഷ്ണു വിനോദിനെ (9) നാഗ്വാസ്വല്ല കഥാന്റെ കൈയിലെത്തിക്കുകയായിരുന്നു.

പിന്നീട് ക്രീസിലെത്തിയ ജലജ് സക്സേന സിജോമോന് യോജിച്ച കൂട്ടായി. ഇരുവരും സ്‌കോറിങ് വേഗത കൂട്ടി. 53 റൺസിന്റെ ഈ നിർണായക കൂട്ടുകെട്ട് സിജോമോനെ പുറത്താക്കി കലേരിയ പൊളിക്കുകയായിരുന്നു. 148 പന്തിൽ എട്ടു ഫോറടക്കം 56 റൺസടിച്ച സിജോമോൻ കേരളത്തിന്റെ ഏക അർദ്ധ സെഞ്ചുറിക്കാരനായി. ഇതിനുശേഷം കേരളത്തിന്റെ കൂട്ടത്തകർച്ചയായിരുന്നു. സിജോമോൻ പുറത്തായി തൊട്ടടുത്ത പന്തിൽ ബേസിൽ തമ്പിയേയും കലേരിയ തിരിച്ചയച്ചു. തൊട്ടടുത്ത ഓവറിൽ സന്ദീപ് വാര്യരും പുറത്തായി. ആറു പന്ത് നേരിട്ട സന്ദീപിനെ പിയൂഷ് ചൗള വിക്കറ്റിന് മുന്നിൽ കുരുക്കി. ഇതോടെ കേരളത്തിന്റെ ഇന്നിങ്സ് അവസാനിച്ചുവെന്ന് പ്രതീക്ഷിച്ചതാണ്. എന്നാൽ അപ്രതീക്ഷിതമായി പരിക്ക് വകവെയ്ക്കാതെ സഞ്ജു ക്രീസിലെത്തുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP