Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്വർണ്ണ കള്ളക്കടത്തും ഹവാലയുമായി തുടക്കം; ആയിരക്കണക്കിന് കാരിയർമാരുള്ള കുഴൽപ്പണ രാജാവായി വളർന്നത് മുസ്ലിംലീഗിന്റെ തണലിൽ; സ്വർണവും പണവും ധനസഹായങ്ങളും വാരിവിതറി പാവങ്ങളുടെ കണ്ണിലുണ്ണിയായി; ഒടുവിൽ ലീഗിനോട് ഇടഞ്ഞ് ഇടതു സ്വതന്ത്രനായി പച്ചക്കോട്ട ചുവപ്പിച്ചു; എംഎൽഎയായിട്ടും സ്വർണ്ണക്കടത്തു കേസിലെ പ്രതികൾക്കൊപ്പം നിന്ന് വിവാദ നായകനായി; കോടിയേരിയെപ്പോലും കൂപ്പറിൽ കയറ്റി ചാക്കിലാക്കി; കൊടുവള്ളിയിലെ 'വിൻസന്റ് ഗോമസ്' എന്നറിയപ്പെടുന്ന കാരാട്ട് റസാഖ് എന്നും വിവാദ പുരുഷൻ

സ്വർണ്ണ കള്ളക്കടത്തും ഹവാലയുമായി തുടക്കം; ആയിരക്കണക്കിന് കാരിയർമാരുള്ള കുഴൽപ്പണ രാജാവായി വളർന്നത് മുസ്ലിംലീഗിന്റെ തണലിൽ; സ്വർണവും പണവും ധനസഹായങ്ങളും വാരിവിതറി പാവങ്ങളുടെ കണ്ണിലുണ്ണിയായി; ഒടുവിൽ ലീഗിനോട് ഇടഞ്ഞ് ഇടതു സ്വതന്ത്രനായി പച്ചക്കോട്ട ചുവപ്പിച്ചു; എംഎൽഎയായിട്ടും സ്വർണ്ണക്കടത്തു കേസിലെ പ്രതികൾക്കൊപ്പം നിന്ന് വിവാദ നായകനായി; കോടിയേരിയെപ്പോലും കൂപ്പറിൽ കയറ്റി ചാക്കിലാക്കി; കൊടുവള്ളിയിലെ 'വിൻസന്റ് ഗോമസ്' എന്നറിയപ്പെടുന്ന കാരാട്ട് റസാഖ് എന്നും വിവാദ പുരുഷൻ

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: രാജാവിന്റെ മകൻ എന്ന സിനിമയിൽ മോഹൻലിന്റെ അധോലോക നായകൻ വിൻസന്റ് ഗോമസിനെ ഓർമ്മയില്ലേ. അധോലോക വഴികളിലൂടെ കടന്നുവന്ന സ്വന്തമായി സാമ്രാജ്യം സൃഷ്ടിച്ച ആ പ്രതിനായകന്റെ അതേ നിലയിലായിരുന്നു ഇപ്പോൾ കോടതിയ വിധിയിലൂടെ എംഎൽഎ സ്ഥാനം നഷ്ടമായ കൊടുവള്ളിയിലെ ജനപ്രതിനിധി കാരാട്ട് റസാഖിന്റെ ഉയർച്ച. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് കോടുവള്ളിയിലെത്തിയ യുഡിഎഫിന്റെ ഒരു പ്രമുഖ നേതാവ് പൊതയോഗത്തിൽ ചോദിച്ചത് ഇയാൾ ആരാണ് കൊടുവള്ളിയിലെ 'വിൻസന്റ് ഗോമസോ' എന്നാണ്.

അതിശയകരവും സിനിമാറ്റിക്കുമായ വളർച്ചയായിരുന്ന സത്യത്തിൽ കാരാട്ട് റസാഖിന്റെത്. കോഴിക്കോട്ടെ ഒരു പിന്നോക്ക ഗ്രാമമായ കൊടുവള്ള്ളിൽ ജനിച്ച റസാഖ് വളരെ ചെറുപ്പത്തിലെ തന്നെ ജൂവലറി ബിസിനിസിലേക്കും ലീഗ് രാഷ്ട്രീയത്തിലേക്കും ഇറങ്ങുകയായിരുന്നു. സ്വർണത്തിന്റെ നഗരമെന്നായിരുന്നു ഒരു കാലത്തുകൊടുവള്ളി അറിയപ്പെട്ടിരുന്നത്. പിന്നീട് ഇത് സ്വർണ്ണകള്ളക്കടത്തുകാരുടെയും കൂഴൽപ്പണക്കാരുടെയും നാടായി. ഇവിടെ അടുത്തകാലംവരെ എല്ലാകാര്യങ്ങളും നിയന്ത്രിച്ചിരുന്നത് ഹവാലാ ലോബിയാണെന്നത് പരസ്യമായ രഹസ്യമാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ കുഴൽപ്പണം ഇറങ്ങുന്ന പ്രദേശമാണിത്. എംഎൽഎതൊട്ട് പഞ്ചായത്ത് മെമ്പർവരെ ആരാവണമെന്ന് അവർ തീരുമാനിക്കും. ഒരു ഒറ്റ ദിവസംകൊണ്ട് അഞ്ചര തൊട്ട് എഴുകോടി രൂപയുടെവരെ കുഴൽപ്പണ ഇടപാടാണ് കൊടുവള്ളി സംഘങ്ങൾ നടത്തുന്നതെന്ന് എൻഫോഴ്‌സ്‌മെന്റ് അധികൃതർക്കും അറയാത്തകാര്യമല്ല. ഏതാണ്ട് നാലായിരത്തോളം ചെറുപ്പക്കാരാണ് കുഴൽപ്പണ വിതരണവുമായി ബന്ധപ്പെട്ട് ഈ മേഖലയിൽ മാത്രം ജോലിചെയ്യുന്നത്.

പത്താംക്ലാസും ഗുസ്തിയുമായി സ്വർണ്ണ കുഴൽപ്പണ മേഖലയിലേക്ക് ഇറങ്ങിയ കാരാട്ട് റസാഖ് മുസ്ലീലീഗിന്റെ സ്വാധീനംവെച്ച് വളരെ പെട്ടെന്ന് വളർന്നു. ചുരുങ്ങിയ കാലം കൊണ്ടുതന്നെ ആഡംബര കാറുകളും കൂറ്റൻ വീടുകളും മറ്റുമുള്ള 'വ്യവസായ' പ്രമുഖനായി അദ്ദേഹം വളർന്നു. ലീഗിലും യുവനേതാവായി റസാഖ് തിളങ്ങി. മുസ്ലീലീഗിൻെ കൊടുവള്ളി മണ്ഡലം സെക്രട്ടറിയായി ഇയാൾ വളരെ വേഗം ഉയർന്നു. പാവപ്പെട്ടവരെ കൈയയച്ച് സഹായിക്കാനും റസാഖ് മടിച്ചില്ല. നിർധനരായ ആര് വിവാഹം ക്ഷണിച്ചാലും ജാതി മതഭേദമന്യേ ഒരു പവനിൽ കുറയാത്ത സ്വർണം റസാഖ് എത്തിക്കുമായിരുന്നു. അതുപോലെ ഗൾഫിൽ ജോലും വീടുവെച്ചുകൊടുക്കലുമൊക്കെയായി ഇയാൾ പാവങ്ങളുടെ കണ്ണിലുണ്ണിയായി. ഒടുവിൽ കൊടുവള്ളിയെന്നാൽ കാരാട്ട് റസാഖ് എന്ന നില വന്നു. അതിനിടെ കുഴൽപ്പണവും സ്വർണ്ണക്കാടത്തതുമൊക്കെ നിർത്തി, റിയൽഎസ്റ്റേറ്റ ബിസിനസുകൾ, വൻകിട ആശുപത്രികൾ,സി.ബി.എസ്.ഇ സ്‌കൂളുകൾ ജൂവലറികൾ, അനാഥശാലകൾ അടങ്ങുന്ന ജീവകാരുണ്യ ട്രസ്റ്റുകൾ എന്നിങ്ങനെയുള്ള വിവിധ മേഖലകളിലേക്ക് റസാഖ് കളം മാറ്റി ചവിട്ടുകയും ചെയ്തു.

മുൻസിപ്പാലിറ്റിയായി മാറിയ കൊടുവള്ളിയിലെ മുൻ പഞ്ചായത്ത് ഭരണ സമിതിയുമായി കാരാട്ട് റസാഖിന് നേരത്തെ അഭിപ്രായ വിത്യാസങ്ങൾ ഉണ്ടായിരുന്നു. ഈ പ്രശ്‌നങ്ങൾ രൂക്ഷമായതോടെ കഴിഞ്ഞ തദ്ദശേ സ്വയംഭരണ തിരഞ്ഞെടുപ്പിൽ അദ്ദഹേം പ്രചാരണ രംഗത്ത് നിന്നും വിട്ടുനിൽക്കുകയായിരുന്നു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ളവർ പങ്കടെുത്ത തദ്ദശേ തിരഞ്ഞെടുപ്പിന്റെ പ്രചാരണ യോഗങ്ങളിൽ പോലും അദ്ദേഹം പങ്കടെുത്തിരുന്നില്ല.തെരഞ്ഞെടുപ്പിൽ അതിന്റെ മാറ്റവും കണ്ടിരുന്നു. ഉറച്ച കോട്ടയെന്ന് കരുതിയ കൊടുവള്ളി നഗരസഭയിൽ കഷ്ടിച്ചാണ് യു.ഡി.എഫ് കേവല ഭൂരിപക്ഷത്തിൽ എത്തിയത്.

അതിനടെയാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കൊടവള്ളിയിൽ മുസ്ലിം ലീഗിൽ വിമത കലാപം പൊട്ടിപ്പുറപ്പെട്ടത്. സീറ്റിൽ കാരാട്ട് റസാഖ് മൽസരിക്കുമെന്നായിരുന്നു ലീഗ് അണികളുടെ ആവശ്യം. ലീഗ് മണ്ഡലം സെക്രട്ടറി, കൊടുവള്ളി ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിൽ ഏറെ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് കാരാട്ട് റസാഖ് നടത്തിയിട്ടുള്ളത്. അതിനാൽ റസാഖിന് സീറ്റ് നൽകണമെന്ന് പ്രാദേശിക തലത്തിൽ നിന്ന് ആവശ്യം ഉയർന്നിരുന്നെങ്കിലും സംസ്ഥാന നേതൃത്വത്തിലെ പി കെ കുഞ്ഞാലിക്കുട്ടി, കെ പി എ മജീദ് തുടങ്ങിയ നേതാക്കളുടെയും ജില്ലാ കമ്മിറ്റിയുടെയും പിന്തുണയുടെ കരുത്തിൽ സീറ്റ് എം എ റസാഖ് സ്വന്തമാാക്കുകയായിരുന്നു.

ഇതിൽ പ്രതിഷേധിച്ചാണ് കൊടുവള്ളി മണ്ഡലം ജനറൽ സെക്രട്ടറിയായിരുന്ന കാരാട്ട് റസാഖ് സ്ഥാനങ്ങൾ രാജിവച്ച് സ്വതന്ത്രനായി ലീഗ് സ്ഥാനാർത്ഥിക്കെതിരെ മത്സരിക്കാൻ തീരുമാനിച്ചു. പ്രവർത്തകരുടെ കൊഴിഞ്ഞുപോക്ക് തടയാൻ ലീഗിന് ഇതോടെ കഴിഞ്ഞില്ല.
പക്ഷേ തന്ത്രപരമായിരുന്നു കാരാട്ടിന്റെ നീക്കങ്ങൾ. പാർട്ടി വിട്ട് തന്നോടൊപ്പം പരസ്യമായി ആരും വരേണ്ടതില്ലെന്നും വോട്ടുചെയ്ത് സഹായിച്ചാൽ മതിയെന്നുമാണ് റസാഖ് പറഞ്ഞിരുന്നത്. ജില്ലാസംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനോട് വിയോജിപ്പുള്ള ലീഗ് പ്രവർത്തകരുടെ അഭ്യർത്ഥന മാനിച്ചാണ് തന്റെ സ്ഥാനാർത്ഥിത്വമെന്നും അദ്ദേഹം പ്രചരിപ്പിച്ചു.

ഇതിനിടെ ഇടതുമുന്നണിയുടെ പിന്തുണ നേടിയെടുക്കാനും റസാഖിന് കഴിഞ്ഞു. പി ടി എ റഹീം എം എൽ എ, എളമരം കരീം എന്നിവരാണ് ഈ നീക്കത്തിന് ചുക്കാൻ പിടിച്ചത്. കാന്തപുരം എ പി അബൂബക്കർ മുസ്ല്യാരെ നേരിൽ കണ്ട് പിന്തുണയും റസാഖ് നേടി. റസാഖിനെ പിന്തുണക്കുന്നതിനെ ചൊല്ലി കടുത്ത ഭിന്നതയാണ് സിപിഎമ്മിൽ ഉണ്ടായിരുന്നത്. റസാഖിന്റെ പൂർവകാല കള്ളക്കടത്ത് ബന്ധങ്ങൾതന്നെയാണ് പാർട്ടിയിൽ കല്ലുകടിയായിരുന്നു. നേരത്തെ പല സിപിഎം നേതാക്കളും ഇക്കാര്യത്തിൽ പരസ്യമായി പ്രതികരിച്ചിരുന്നു. സ്വർണംകുഴൽപ്പണം കള്ളക്കടത്തുമായി റസാഖിനെതിരെ പലകേസുകളും ഉണ്ടായിട്ടും ലീഗ് നേതൃത്വം ഇടപെട്ട് അത് ഒതുക്കുകയായിരുന്നെന്നാണ് സിപിഎം ഒരു കാലത്ത് ആരോപിച്ചിരുന്നത്. പക്ഷേ ഒരു കള്ളക്കടത്തുകാരനാണ് ഇടതുപക്ഷ സ്ഥാനാർത്ഥിയെന്ന് പ്രചാരണം വന്നാൽ അത് സംസ്ഥാനമൊട്ടാകെ തങ്ങളുടെ ഇമേജിനെ ബാധിക്കുമെന്നാണ് സിപിഎം ജില്ലാനേതാക്കളിൽ ഒരു വിഭാഗം പറഞ്ഞിരുന്നത്.

2006ൽ ലീഗിലെ പ്രശ്‌നങ്ങളെ തുടർന്ന് പി.ടി.എ റഹീം പുറത്തുവന്നപ്പോൾ ഇടതുമുന്നണ പിന്തുണ നൽകുകയും അദ്ദേഹം ജയിക്കുകയും ചെയ്തിരുന്നു. റഹീമിനെ തഴയാൻ അന്ന് സീറ്റിങ് സീറ്റ് ലീഗ് കോൺഗ്രസിന് നൽകുകയായിരുന്നു. യു ഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച കെ മുരളീധരനെ തകർത്ത് രംഗത്തത്തെിയ റഹീമും അനുയായികളും കൊടുവള്ളിയിലും പരിസര പ്രദേശങ്ങളിലും കനത്ത തിരിച്ചടിയാണ് ലീഗിന് നൽകിയത്. ലീഗിന്റെ ഉരുക്കുകോട്ടയായ കൊടുവള്ളി പഞ്ചായത്തിൽവരെ റഹീമിന്റെ സഹായത്തോടെ എൽ ഡി എഫ് ഭരണം പിടിച്ചിരുന്നു. ഈ രീതിയിൽ മണ്ഡലം പി്ടിക്കാമെന്നായിരുന്നു സിപിഎമ്മിന്റെ കണക്കുകൂട്ടൽ. അങ്ങനെ എതിർപ്പുകളെ മറികടന്ന് കാരാട്ട് ഇടതുപക്ഷ സ്വതന്ത്രനായി.

സിപിഎമ്മിന്റെ പ്രവചനം ശരിവെച്ചുകൊണ്ട് റസാഖ് കടുത്ത മൽസരത്തിലൂടെ എഴുനൂറോളം വോട്ടിന്റെ ഭൂരിപക്ഷത്തിൽ അട്ടിമറി വിജയം നേടി. അതിനായി റസാഖ് വ്യാപകമായി പണം ഒഴുക്കിയെന്നും എതിർ സ്ഥാനാർത്ഥിയെ അപകീർത്തിപ്പെടുത്തുന്ന വീഡിയോയും ഓഡിയോയും പ്രചരിപ്പിക്കുകയും ചെയ്തെന്ന് അന്നുതന്നെ പ്രചാരണം ഉണ്ടായിരുന്നു. ഇതിൽ ഒന്നാണ് ഇപ്പോൾ റസാഖിനെ കുടുക്കിയത്.

എംഎൽഎയായിട്ടും വിവാദങ്ങളുടെ സഹയാത്രികനായിരുന്നു റസാഖ്. സ്വർണക്കടത്ത് കേസിലെ പ്രതിയായ അബു ലെയ്സുമായി രണ്ട് ഇടത് സ്വതന്ത്ര എംഎൽഎമാരുടെ ബന്ധം വെളിവാക്കുന്ന ഫോട്ടോ പുറത്ത് വന്നത് വൻ വിവാദമായിരുന്നു. കൊടുവള്ളി എംഎൽഎ കാരാട്ട് റസാഖും, കുന്ദമംഗലം എംഎൽഎ പി.ടി.എ. റഹീമും ഡി.ആർ.ഐ രജിസ്റ്റർ ചെയ്ത കോഫെപോസെ കേസിൽ പിടികിട്ടാപ്പുള്ളിയായ അബ്ദുൾ ലെയ്‌സിനൊപ്പം ദുബായിൽ ഒരു ഷോറും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തപ്പോഴുള്ള ചിത്രങ്ങളാണ് പുറത്ത് വന്നത്. ജനജാഗ്രതാ യാത്രയ്ക്കിടെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സഞ്ചരിച്ച ആഡംബര വാഹനമായ മിനി കൂപ്പറിന്റെ ഉടമ കാരാട്ട് ഫൈസലും ഫോട്ടോയിലുണ്ട്. ഈ കൂപ്പർ വിവാദവും പാർട്ടിക്ക് വൻ തിരിച്ചടിയായിരുന്നു.

2013ലാണ് കള്ളക്കടത്ത് കേസിൽ പ്രതിയായ അബു ലെയ്സിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഷഹബാസ്, നബീൽ അബ്ദുൽ ഖാദർ എന്നിവർക്കെതിരെയും ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. മേപ്പൊയിൽ എന്ന ബിസിനസ് ഗ്രൂപ്പിന്റെ ദുബായിലെ സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് കള്ളക്കടത്ത് കേസിലെ പ്രതികൾക്കൊപ്പം എംഎൽഎമാർ ദുബായിൽ പങ്കെടുത്തത്. സ്വർണ്ണക്കള്ളക്കടത്ത് കേസിലെ മൂന്നാം പ്രതിയാണ് അബ്ദുൾ ലെയ്സ്. 2016 ജൂണിലാണ് കൊടുവള്ളി സ്വദേശി മേപ്പൊയിൽ മുഹമ്മദിന്റെ കട ഉദ്ഘാടനം ചെയ്യാൻ എംഎൽഎമാർ ദുബായിൽ എത്തിയത്. മുഹമ്മദിന്റെ അടുത്ത സുഹൃത്തായ അബൂലെയ്സും ചടങ്ങിനെത്തിയിരുന്നു. അന്നെടുത്ത ചിത്രങ്ങളാണ് ഇപ്പോൾ പുറത്തായത്. ലുക്കൗട്ട് നോട്ടിസ് വിവരം മുൻകൂട്ടി അറിഞ്ഞ ഇവർ വിദേശത്തേയ്ക്കു കടക്കുകയായിരുന്നു. അബൂലെയ്സ് കള്ളക്കടത്തുകേസിൽ പ്രതിയാണെന്ന് അറിയാമെന്നും വേദി പങ്കിട്ടത് അറിവോടെയാണെന്നും പി.ടി.എ റഹീം എംഎൽഎയും കാരാട്ടട് റസാഖും പ്രതികരിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP