Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുർബാന അർപ്പിക്കാൻ വൈദികനെ തേടി വിചിത്രമായ പത്രപരസ്യവുമായി പള്ളി കമ്മിറ്റി; മെത്രാനെ മറികടന്ന് പത്രപരസ്യം നൽകിയത് ബാലരാമപുരത്തെ വിശുദ്ധ സെബാസ്ത്യാനോസ് പള്ളി ഇടവക; പരസ്യം സഭാനിയമങ്ങളുടെയും കാനോൻ നിയമങ്ങളുടെയും ലംഘനമല്ലേയേന്ന് ചോദിച്ചപ്പോൾ അത് അപ്പോഴത്തെ ആവശ്യമായിരുന്നു..അതുകഴിഞ്ഞുവെന്ന ഒഴുക്കൻ മറുപടി; വിശ്വാസികളെ നിയന്ത്രിക്കാൻ ഇടവകയിൽ ഊരുകൂട്ടവും; പ്രതിസന്ധികൾക്കിടെ കത്തോലിക്കാ സഭയിൽ വീണ്ടും വിവാദകൊടുങ്കാറ്റ്

കുർബാന അർപ്പിക്കാൻ വൈദികനെ തേടി വിചിത്രമായ പത്രപരസ്യവുമായി പള്ളി കമ്മിറ്റി; മെത്രാനെ മറികടന്ന് പത്രപരസ്യം നൽകിയത് ബാലരാമപുരത്തെ വിശുദ്ധ സെബാസ്ത്യാനോസ് പള്ളി ഇടവക; പരസ്യം സഭാനിയമങ്ങളുടെയും കാനോൻ നിയമങ്ങളുടെയും ലംഘനമല്ലേയേന്ന് ചോദിച്ചപ്പോൾ അത് അപ്പോഴത്തെ ആവശ്യമായിരുന്നു..അതുകഴിഞ്ഞുവെന്ന ഒഴുക്കൻ മറുപടി; വിശ്വാസികളെ നിയന്ത്രിക്കാൻ ഇടവകയിൽ ഊരുകൂട്ടവും; പ്രതിസന്ധികൾക്കിടെ കത്തോലിക്കാ സഭയിൽ വീണ്ടും വിവാദകൊടുങ്കാറ്റ്

എം മനോജ് കുമാർ

 തിരുവനന്തപുരം: കത്തോലിക്കാ സഭാ രീതികൾ തെറ്റിച്ച് കുർബാന അർപ്പിക്കാൻ വൈദികനെ വേണമെന്ന ആവശ്യവുമായി പത്രപ്പരസ്യം. ബാലരാമപുരം വിശുദ്ധ സെബാസ്ത്യനോസ് ദേവാലയത്തിൽ ആണ് വൈദികരെ വേണമെന്നു ആവശ്യപ്പെട്ടു പത്രപ്പരസ്യം നൽകിയത്. പത്രപ്പരസ്യം പ്രതീക്ഷിച്ചത് പോലെ സഭയിൽ വിവാദത്തിനു വഴിവെക്കുകയും ചെയ്തു.

സഭാ നിയമങ്ങളും കാനോൻ നിയമങ്ങളും പരസ്യത്തിൽ ലംഘിക്കപ്പെടുന്നു എന്നാണ് പരസ്യത്തിന്റെ ആരോപണം ഉയർന്നത്. സഭയിൽ വിവാദകൊടുങ്കാറ്റിന് വഴിവെക്കുന്നതായിരുന്നു പരസ്യത്തിലെ വരികൾ. കുർബാന അർപ്പിക്കാൻ വൈദികനെ വേണമെന്ന ആവശ്യവുമായാണ് പത്രപ്പരസ്യം വന്നത്. വിശുദ്ധ സെബാസ്ത്യനോസ് ദേവാലയത്തിൽ ധ്യാനം നടത്തുന്നതിന് ധ്യാന സംഘടനകളെ ആവശ്യമുണ്ട്. ലത്തീൻ റീത്തിൽ കുർബാന അർപ്പിക്കാൻ വൈദികരേയും ആവശ്യമുണ്ട്. ഇതാണ് പരസ്യത്തിൽ വന്നത്. കുർബാനയ്ക്ക് വൈദികരെ ആവശ്യമുണ്ട് എന്ന വാർത്തയിലെ വരികൾ സഭയിൽ വിവാദത്തിനു തിരികൊളുത്തുകയും ചെയ്തു.

ഒരു കത്തോലിക്കാ വിശ്വാസി പരിശുദ്ധവും പരിപാവനവുമായി കാണുന്ന വിശുദ്ധ കുർബാനയെ അവഹേളിക്കുകയാണ് ഈ പരസ്യം എന്നാണ് ആക്ഷേപം.ലത്തീൻ സഭ, സീറോ മലബാർ സഭ, മലങ്കര സഭ റീത്തുകളിൽ ഉള്ള വൈദികർക്ക് തന്റെതല്ലാത്ത റീത്തിൽപ്പെട്ട ഒരു പള്ളിയിൽ കുർബാനയ്ക്ക് എത്തണമെങ്കിൽ ആ രൂപതയിലെ ബിഷപ്പിന്റെ അനുവാദം വാങ്ങണം. ഇതാണ് കാനോൻ നിയമം പറയുന്നത്. ഈ മൂന്നു റീത്തുകളിലും പെടാത്ത സഭകളിൽ നിന്നുള്ള വിവാഹ ബന്ധങ്ങൾക്ക് മാമോദീസ നിർബന്ധവുമാണ്. ഇത്തരം സഭാ നിയമങ്ങൾ ലംഘിക്കപ്പെട്ടതിലാണ് സഭയിൽ നിന്നും രോഷം ഉയർന്നത്.

കത്തോലിക്കാ സഭയിൽ പുരോഹിതരെ നിയമിക്കുന്നത് മെത്രാന്മാരാണ്. അവർ നിർദ്ദേശിക്കുന്ന പള്ളികളിൽ വൈദികർ സേവനം അനുഷ്ഠിക്കുകയാണ് സഭാ രീതി. കത്തോലിക്കാ സഭകളിലും ഉള്ള പാരമ്പര്യമിതാണ്. അതിനു വിരുദ്ധമായാണ് പള്ളിക്കമ്മിറ്റിക്കാർ വൈദികരെ തേടിയത്. ഈ പ്രശ്‌നത്തിൽ ഇടവകയോട് മറുനാടൻ വിശദീകരണം തേടിയപ്പോൾ കൂടുതൽ പ്രതികരണത്തിന് പള്ളിക്കമ്മിറ്റി തയ്യറായില്ല. അത് അന്നത്തെ ആവശ്യമായിരുന്നു. അത് കഴിഞ്ഞു. അതുകൊണ്ട് കൂടുതൽ പ്രതികരണത്തിനില്ലാ എന്നാണ് വിശുദ്ധ സെബാസ്ത്യനോസ് ദേവാലയത്തിനായി പത്രപ്പരസ്യം നൽകിയവർ പ്രതികരിച്ചത്.

ബാലരാമപുരത്തെ നെയ്ത്തുകാർ അടക്കമുള്ള വിശ്വാസികളെ പൗരോഹിത്യം വഞ്ചിക്കുന്നതായാണ് സഭയിൽ തന്നെ ഉള്ളവർ വിരൽ ചൂണ്ടുന്നത്. പത്രപ്പരസ്യത്തിന്റെ അണിയറ വിശേഷം തേടിപ്പോയവർ മറ്റൊരു വെളിപ്പെടുത്തൽ കൂടി നടത്തി. വിശ്വാസികളെ ഊരുകൂട്ടം എന്ന പേരിൽ സഭാ നേതൃത്വം തങ്ങളുടെതായ വഴികളിൽ നയിക്കുന്നു. സഭാരീതികൾക്ക് വിഭിന്നമായ കാര്യങ്ങളാണ് വിശുദ്ധ സെബാസ്ത്യനോസ് ദേവാലയത്തിൽ നിന്നും നടക്കുന്നത്. വിശ്വാസികളെ നിയന്ത്രിക്കുന്നു എന്ന പേരിൽ ഭീഷണിപ്പെടുത്തി മുന്നോട്ടു കൊണ്ടുപോകൽ കൂടി ഊരുകൂട്ടത്തിന്റെ പേരിൽ നടക്കുന്നു എന്നും ആക്ഷേപം ഉയർന്നു.

പൗരോഹിത്യത്തിന്റെ നിയമങ്ങൾ തെറ്റുമ്പോഴും തെറ്റിക്കുമ്പോഴുമെല്ലാം അത് സഭകളിൽ വിപ്ലവത്തിന് കാരണമാകും. പൊതുവെ വിപ്ലവത്തെ ഭയക്കുന്നവരാണ് എന്നും കത്തോലിക്കാ സഭയെ വഴിനടത്തിയതും. . പള്ളിയെ ക്രിസ്തുവത്ക്കരിക്കണം എന്ന ആവശ്യമാണ് ഉയരുന്നത് എങ്കിൽ പോലും അത് സഭാ നേതൃത്വത്തെ അസ്വസ്ഥമാക്കും. ഈ ഘട്ടത്തിലാണ് കുർബാനയ്ക്ക് വൈദികനെ ആവശ്യമുണ്ടെന്ന പത്രപ്പരസ്യം പ്രമുഖ ക്രിസ്തീയ ദേവാലയത്തിന്റെ പേരിൽ വരുന്നത്. പത്രപ്പരസ്യത്തിനു അകമ്പടിയായി ഒപ്പം വിവാദങ്ങൾകൂടി വന്നു. കേരളത്തിലെ കത്തോലിക്കാ സഭാ നേതൃത്വം വൻ പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ്. സഭയെ തകർക്കാൻ ശ്രമിക്കുന്ന ശക്തികളുടെ കയ്യിലെ ആയുധമാകാതെ വിശുദ്ധ സെബാസ്ത്യനോസ് ദേവാലയത്തിന്റെ ഇടവക തിരിച്ചു വരണമെന്നാണ് സഭയ്ക്കുള്ളിൽ നിന്നും ഇപ്പോൾ ആവശ്യമുയരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP