Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അവധി ദിവസം അറബി വേഷമിട്ട് കോഴിക്കോട് ജയിലിൽ എത്തി സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനൻ അടക്കമുള്ള ടിപി കൊലക്കേസ് പ്രതികളെ കണ്ടു; അന്താരാഷ്ട്ര സ്വർണക്കടത്തുകാരൻ ഫായിസിന്റെ കൂടിക്കാഴ്ച എന്തിനായിരുന്നുവെന്ന് നാലുവർഷത്തിനിപ്പുറവും ദുരൂഹം: അന്വേഷണം അട്ടിമറിച്ചത് സർക്കാരിലെ ഉന്നതൻ; കേസുകളെല്ലാം എഴുതി തള്ളി ഒത്താശ; ജയിലിൽ ഫായിസിനെ വരവേറ്റ ജയിൽ ഉദ്യോഗസ്ഥർക്ക് ക്ലീൻചിറ്റ്; പിണറായി സർക്കാർ എല്ലാം ശരിയാക്കുന്നത് ഇങ്ങനെ

അവധി ദിവസം അറബി വേഷമിട്ട് കോഴിക്കോട് ജയിലിൽ എത്തി സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനൻ അടക്കമുള്ള ടിപി കൊലക്കേസ് പ്രതികളെ കണ്ടു; അന്താരാഷ്ട്ര സ്വർണക്കടത്തുകാരൻ ഫായിസിന്റെ കൂടിക്കാഴ്ച എന്തിനായിരുന്നുവെന്ന് നാലുവർഷത്തിനിപ്പുറവും ദുരൂഹം: അന്വേഷണം അട്ടിമറിച്ചത് സർക്കാരിലെ ഉന്നതൻ; കേസുകളെല്ലാം എഴുതി തള്ളി ഒത്താശ; ജയിലിൽ ഫായിസിനെ വരവേറ്റ ജയിൽ ഉദ്യോഗസ്ഥർക്ക് ക്ലീൻചിറ്റ്; പിണറായി സർക്കാർ എല്ലാം ശരിയാക്കുന്നത് ഇങ്ങനെ

പി.വിനയചന്ദ്രൻ

തിരുവനന്തപുരം : അന്താരാഷ്ട്ര സ്വർണക്കടത്തുകാരൻ ഫായിസ് കോഴിക്കോട് ജില്ലാ ജയിലിൽ ടി.പി.ചന്ദ്രശേഖരൻ കേസിലെ പ്രതികളുമായി കൂടിക്കാഴ്ച നടത്തിയതിനെക്കുറിച്ചുള്ള അന്വേഷണം സർക്കാരിലെ ഉന്നതൻ അട്ടിമറിച്ചു. അവധിദിവസം അറബി വേഷമിട്ട് വേഷപ്രച്ഛന്നനായി ഫായിസ് കോഴിക്കോട് ജയിലിലെത്തിയ സംഭവത്തിൽ ജയിൽ ജീവനക്കാർക്കെതിരായ അന്വേഷണവും എഴുതിത്ത്ത്ത്ത്ത്ത്തള്ളി. വിദേശത്തടക്കം സംശയാസ്പദമായ ഇടപാടുകളുള്ള സ്വർണക്കടത്തുകാരൻ ഫായിസിന് ടി.പി.ചന്ദ്രശേഖരൻ വധത്തിന് പിന്നിലെ ഗൂഢാലോചനയിൽ പങ്കുണ്ടോയെന്ന് സംശയം ഇതോടെ ബലപ്പെടുകയാണ്.

കണ്ണൂരിലേയും വടകരയിലേയും രാഷ്ട്രീയനേതാക്കൾ മുതൽ ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയുമായി വരെയുള്ള ഫായിസിന്റെ ബന്ധങ്ങൾ കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ഉയർന്നുവന്നിരുന്നെങ്കിലും ഇടത് - വലത് ബാന്ധവം കാരണം ഒതുക്കപ്പെടകയായിരുന്നു. ഇപ്പോൾ ഫായിസിനെ രക്ഷിക്കാൻ സർക്കാരിലെ കേമന്മാർ തന്നെ രംഗത്തിറങ്ങിയിരിക്കുകയാണ്.

സൂപ്രണ്ട് അടക്കമുള്ള ഉദ്യോഗസ്ഥർ അവധിയിലായിരുന്ന കർക്കടകവാവ് ദിവസമാണ് ഫായിസ് ജയിലിലെത്തി സിപിഎം ജില്ലാ സെക്രട്ടേറിയേറ്റംഗം പി.മോഹനൻ, കൊലയാളി സംഘാംഗങ്ങളായ കൊടിസുനി, കിർമാണി മനോജ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയത്. ജയിൽ നിയമങ്ങളൊന്നും പാലിക്കാതെ അറബി വേഷത്തിലാണ് ഫായിസ് ജയിലിലെത്തിയത്. വെൽഫയർ ഓഫീസറുടെ മുറിയിൽ അഞ്ച് പ്രതികളുമായി ഫായിസ് അരമണിക്കൂറോളം സമയമാണ് സംസാരിച്ചത്.

ഫായിസ് എത്തിയതിന്റെ മുൻപുള്ള രണ്ട് ദിവസങ്ങളിൽ ടി.പി.കേസിലെ ദൃക്സാക്ഷികളായ മൂന്നുപേർക്ക് ഫോണിലൂടെ വധഭീഷണിയുണ്ടായിരുന്നു. ഫോൺകോളുകളുടെ ഉറവിടം ഗൾഫ് രാജ്യങ്ങൾ ആണെന്ന് സ്ഥിരീകരിക്കുകയുംചെയ്തു. ഫായിസിന് ഗൾഫ് രാജ്യങ്ങളിലെ ക്രിമിനൽ സംഘങ്ങളുമായുള്ള ബന്ധം ഉപയോഗിച്ചാണോ ഭീഷണി കോളുകൾ ഉണ്ടായത് എന്നതടക്കം അന്വേഷിക്കണമെന്ന് ഇന്റലിജൻസ് സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നെങ്കിലും ഒതുക്കപ്പെട്ടു. ടി.പി കേസിൽ ഫായിസിന്റെ പങ്ക് അന്വേഷിക്കണമെന്ന ആവശ്യവുമായി വി എസ് അച്യുതാനന്ദൻ അന്ന് രംഗത്തെത്തിയിരുന്നു.

ആഭ്യന്തര മന്ത്രിയായിക്കേ തിരുവഞ്ചൂർ രാധാകൃഷ്ണനാണ് ഫായിസിന്റെ സന്ദർശനത്തെക്കുറിച്ച് ജയിൽ ഡി.ജി.പിയുടെ അന്വേഷണത്തിന് ഉത്തരവിട്ടത്. അന്നത്തെ ഡി.ജി.പി അലക്സാണ്ടർ ജേക്കബ് കോഴിക്കോട് ജയിലിലെത്തി മുഴുവൻ ജീവനക്കാരുടേയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ജയിൽ വാർഡർമാർക്ക് ഫയാസ് പണം കൈമാറിയെന്നും തടവുകാർക്ക് സൗകര്യങ്ങളൊരുക്കുന്നതിനുള്ള പാരിതോഷികമാകാമെന്നും അദ്ദേഹം റിപ്പോർട്ട് ചെയ്തിരുന്നു. പ്രാഥമികഅന്വേഷണത്തിൽ വീഴ്ചവരുത്തിയ ഉത്തരമേഖലാ ജയിൽ ഡി.ഐ.ജി ശിവദാസ്തൈപ്പറന്പിലിനെ തുരന്വേഷണത്തിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. പിന്നീട് ഈ അന്വേഷണം കോഴിക്കോട് ജയിലിലെ സൂപ്രണ്ടിന്റെ കൈയിൽ തന്നെ എത്തി.

മാഹി പള്ളൂരിൽ തന്റെ നാട്ടുകാരനായ കൊടിസുനിയെ കാണാനും സൗഹൃദം പുതുക്കാനും മാത്രമാണ് ഫായിസ് ജയിലിലെത്തിയതെന്നും അറബിവേഷം ധരിച്ചതിൽ സംശയാസ്പദമായി ഒന്നുമില്ലെന്നുമാണ് ജയിൽസൂപ്രണ്ടിന്റെ നിഗമനം. അവധിദിനത്തിൽ വേഷപ്രച്ഛന്നനായി ഫയാസ് എത്തിയതിലെ ദുരൂഹതയെക്കുറിച്ചും സന്ദർശന ഉദ്ദേശത്തെക്കുറിച്ചും അന്വേഷണമോ കേസോ വേണ്ടെന്നാണ് ഉന്നതന്റെ നിർദ്ദേശം. ഇതോടെ ജയിൽ ഡി.ജി.പിയുടെയും ഉത്തരമേഖലാ ഡി.ഐ.ജിയുടെയും അന്വേഷണങ്ങൾ പൂർണമായി അവസാനിപ്പിച്ചുവെന്ന് മാത്രമല്ല, ഫായിസിന് അനുകൂലമായ റിപ്പോർട്ടുണ്ടാൻ കോഴിക്കോട് ജയിൽ സൂപ്രണ്ടിന് രഹസ്യനിർദ്ദേശം നൽകുകയും ചെയ്തു.

ഫായിസ് മടങ്ങിയശേഷം ജയിൽ ജീവനക്കാർ പണംകൈമാറ്റം ചെയ്യുന്നത് സി.സി.ടി.വി കാമറയിൽ വ്യക്തമാണ്. വിസിറ്റേഴ്സ് റൂമിൽനിന്ന് പുറത്തിറങ്ങിയ വാർഡൻ മറ്റൊരു വാർഡന് പണം കൈമാറുന്നതായാണ് ദൃശ്യങ്ങളിൽ. ജയിലിൽ ഉദ്യോഗസ്ഥർ സൂക്ഷിക്കുന്നതോ ദൈനംദിന കാര്യങ്ങൾക്കുപയോഗിക്കുന്നതോ ആയ പണമല്ല ഇതെന്നും തടവുകാർക്ക് സൗകര്യങ്ങളൊരുക്കുന്നതിന് പാരിതോഷികമായി ഫായിസ് പണംനൽകിയതാവണമെന്നും ജയിൽ ഡി.ജി.പിയായിരുന്ന അലക്സാണ്ടർ ജേക്കബ് സർക്കാരിന് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ജയിലിലെ ചപ്പാത്തി വിൽപ്പനയുടെ ചുമതലയുണ്ടായിരുന്ന വാർഡർ ഷൈജേഷ് കുമാറിന് ചപ്പാത്തികൗണ്ടറിലെ പണം മറ്റൊരു വാർഡറായ റിജോ കൈമാറുന്നതാണ് സി.സി.ടി.വിയിലുള്ളതെന്നാണ് ജയിൽ സൂപ്രണ്ടിന്റെ റിപ്പോർട്ട്. കോഴിക്കോട് മുക്കത്തെ ക്വാറിയുടമയുടെ ശുപാർശപ്രകാരമാണ് അപേക്ഷയെഴുതിവാങ്ങുകയോ തിരിച്ചറിയൽ കാർഡ് പരിശോധിക്കുകയോ ചെയ്യാതെ ജയിൽ ജീവനക്കാർ ഫായിസിനെ ജയിലിനുള്ളിൽ കടത്തിയതെന്നുമാണ് സൂപ്രണ്ടിന്റെ വിശദീകരണം. ഇത് അംഗീകരിച്ച് ജയിൽ ജീവനക്കാരെ ആഭ്യന്തരവകുപ്പ് കുറ്റവിമുക്തരാക്കി കഴിഞ്ഞദിവസം ഉത്തരവിറങ്ങി.

കണ്ണൂരിലെ ചില രാഷ്ട്രീയ നേതാക്കൾ ഫായിസിനൊപ്പം വിദേശയാത്ര നടത്തിയതിന്റേയും വാഹനങ്ങൾ ചില നേതാക്കൾ ഉപയോഗിച്ചിരുന്നതിന്റയും വിവരങ്ങൾ ടി.പികേസ് അന്വേഷിച്ച പൊലീസ് സംഘം കണ്ടെത്തിയിരുന്നു. കണ്ണൂരിലെ ഒരു സന്പന്നന്റേയും കോഴിക്കോട്ടെ ഒരു ക്വാറിയുടമയുടേയും സഹായത്തോടെയാണ് രണ്ടുജില്ലകളിലേയും രാഷ്ട്രീയ നേതാക്കളുമായി ഫായിസ് ബന്ധംസ്ഥാപിച്ചത്. 2007 ഒക്ടോബർ 31ന് കരിപ്പൂരിൽ 1045 കിലോ ബാഗേജിലൂടെ ഇലക്ട്രോണിക് സെൻസറുകൾ കടത്തിയ കേസിലും നെടുമ്പാശ്ശേരിയിലേയും കരിപ്പൂരിലേയും കള്ളനോട്ട് കേസുകളിലും ഫയാസിന്റെ ബന്ധങ്ങൾ കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നുണ്ട്. കോഴിക്കോട് കേന്ദ്രമാക്കി മതത്തിന്റെ പേരിൽ പ്രവർത്തിക്കുന്ന ഒരു ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിലാണ് ഇലക്ട്രോണിക്സ് സെൻസറുകൾ കടത്തിയത്. ഫായിസിന്റെ സഹായികളായ തലശ്ശേരി, കൂത്തുപറമ്പ് സ്വദേശികളായ ചിലർക്ക് തീവ്രവാദ പ്രസ്ഥാനങ്ങൾക്ക് ബന്ധമുള്ളതായി കണ്ടെത്തിയിരുന്നു. കള്ളനോട്ട് കേസുകളിൽ അറസ്റ്റിലായ ദാവൂദിന്റെ ഡി കന്പനിസംഘാംഗമായ മലയാളി കാഞ്ഞങ്ങാട് കൊളവയൽ അബ്ദുള്ള ഹാജിയുമായി ഫായിസിന്റെ ബന്ധവും അന്വേഷിച്ചിരുന്നു.

ഫായിസും ടി.പി കൊലക്കേസ് പ്രതികളും തമ്മിലെന്താണ്?

ടി.പി വധഗൂഢാലോചനക്കേസിൽ അന്താരാഷ്ട്രബന്ധമുള്ള ഫായിസിന്റെ പങ്ക് പൊലീസ് അന്വേഷിച്ചെങ്കിലും ഉദ്യോഗസ്ഥരുടെ കൈകൾ ബന്ധിക്കപ്പെട്ടു. കൊലയാളിസംഘത്തെ ഫായിസിലേക്കും രാഷ്ട്രീയനേതൃത്വത്തിലേക്കുമെത്തിക്കുന്ന പരമാവധി തെളിവുകളും മൊഴികളും പൊലീസ് ശേഖരിച്ചിരുന്നു. രാഷ്ട്രീയ നേതൃത്വവുമായുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് രഹസ്യാന്വേഷണവിഭാഗവും വിവരങ്ങൾ ശേഖരിച്ചിരുന്നു. സിപിഎം നേതൃത്വം നേരത്തേ ആരോപിച്ചിരുന്നത് ടി.പി വധത്തിന് തീവ്രവാദബന്ധം ഉണ്ടെന്നായിരുന്നു. ടി.പിയെ വധിക്കുന്നതിനൊപ്പം കേസ് തീവ്രവാദസംഘടനകളുടെ തലയിൽകെട്ടിവയ്ക്കാനും ഗൂഢാലോചന നടന്നതായാണ് പൊലീസിനുള്ള വിവരം. കൊലയാളികളെത്തിയ കാറിൽ അറബിയിലെഴുതിയ സ്റ്റിക്കർ ഒട്ടിച്ചത് ഇതിന്റെ ഭാഗമായിരുന്നിരിക്കണം. ഏരിയാകമ്മിറ്റിയംഗമായ നേതാവാണ് ഇതിനുള്ള കരുക്കൾ നീക്കിയതെന്ന് പൊലീസ് പറയുന്നു.

2009ൽ തലശ്ശേരി ഏരിയാ കമ്മിറ്റിയംഗത്തിന്റെ ന്യൂമാഹിയിലെ വീട്ടിലും കണ്ണൂർ ചൊക്‌ളിയിലെ വയലിലും പാനൂർ ഏരിയാകമ്മിറ്റിയംഗത്തിന്റെ പാനൂരിലെ വീട്ടിലും ടി.പിയെ വകവരുത്താൻ ഗൂഢാലോചന നടന്നതായി പിടിയിലായപ്പോൾ പ്രധാനപ്രതികളിൽ ചിലർ മൊഴിനൽകിയിട്ടുണ്ട്. 2009ലെ വധശ്രമം പാളിയതിനാൽ കൊലനടത്താനായി മുംബയിൽ നിന്ന് കൊടിസുനിയെ വിളിച്ചുവരുത്തിയതിനു പിന്നിൽ ആരൊക്കെയാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. ടി.പിയെ വധിക്കാൻ പാർട്ടിതീരുമാനമുണ്ടായിരുന്നെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്‌റട്ടേറിയറ്റ് അംഗം കാരായിരാജന്റെ മൊഴി, ചന്ദ്‌റശേഖരന്റെ തലകൊയ്യുമെന്നു സിപിഎം ഒഞ്ചിയം ലോക്കൽ സെക്‌റട്ടറി വി.പി.ഗോപാലകൃഷ്ണൻ 2010 ഫെബ്‌റുവരിയിൽ നടത്തിയ പ്‌റസംഗത്തിന്റെ വിഡിയോ എന്നിവയെല്ലാം തെളിവുകളാണ്. മുംബയിൽനിന്നെത്തിയ കൊടിസുനി ടി.പിയെ വധിക്കാനുള്ള ദൗത്യമേറ്റെടുക്കുന്നതിന് മുൻപ് ഇത് പാർട്ടിയുടെ തീരുമാനമാണോ എന്ന് ഉറപ്പിക്കാൻ കാരായിരാജനെ വിളിച്ചതായി കൊലക്കേസ് അന്വേഷിച്ച പ്രത്യേകസംഘം കണ്ടെത്തിയിരുന്നു. കൊലയ്ക്ക് ശേഷം പ്രതികളേയും ഗൂഢാലോചനയിൽ പങ്കെടുത്തവരേയും സംസ്ഥാനത്തിനു പുറത്തേക്ക് കടത്താനും ഒളിവിൽ പാർപ്പിക്കാനും നൂറോളം പേരുടെ സഹായമുണ്ടായതായാണ് പൊലീസ് കരുതുന്നത്.

കൊലയ്ക്കു ശേഷം പ്രധാനപ്രതി ടി.കെ രജീഷ് മൈസൂർ, ബംഗളൂരു, പുനെ, ഷോലാപൂരിലെ അകുലിജ, ന്യൂ മുംബൈയിൽ വാശി, സാവന്തവാടി, മഡ്ഗാവ് എന്നിവിടങ്ങളിൽ ഒളിവിൽകഴിഞ്ഞ ശേഷം മഹാരാഷ്ട്‌റ- ഗോവ അതിർത്തിയിലെ സിന്ധുദുർഗ് ജില്ലയിലെ ഡോഡാമാർഗ് ബെദ്ഷി ഗ്‌റാമത്തിൽ നിന്നാണ് പിടിയിലായത്. കൊലനടത്താനെത്തിയ ഇന്നോവ കാർ ഓടിച്ച എം.സി. അനൂപ് ബാംഗ്ലൂരിലാണ് പിടിയിലായത്. നാല് സംസ്ഥാനങ്ങളിൽ പ്രതികൾക്ക് ഒളിയിടമൊരുക്കിയവരെക്കുറിച്ചും അതിനുപിന്നിലെ ആസൂത്രണത്തെക്കുറിച്ചും അന്വേഷിക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും രാഷ്ട്രീയക്കാർ പരാജയപ്പെടുത്തുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP