Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കർത്താവിന്റെ പേരിൽ പാതിരാത്രിയിൽ കല്ലേറും തെറിവിളിയും; മാന്ദാമംഗലം പള്ളിക്ക് മുമ്പിൽ ഇന്നലെ നടന്നത് നാടകീയ രംഗങ്ങൾ; പള്ളിക്ക് പുറത്ത് പന്തൽ കെട്ടി പ്രാർത്ഥാനാ യജ്ഞം നടത്തിയ ഓർത്തഡോക്‌സുകാരെ ഒഴിപ്പിച്ചു; കല്ലേറിൽ ഓർത്തഡോകസ് മെത്രാൻ ഉൾപ്പെടെ ഇരുകൂട്ടർക്കും പരിക്ക്; രാത്രിയുടെ മറവിൽ നടന്ന അക്രമത്തിന്റെ പേരിൽ ഇരുവിഭാഗവും ആരോപണങ്ങൾ തുടരുന്നു; കോടതി വിധിയുമായി മറ്റൊരു പള്ളി കൂടി പിടിക്കാൻ എത്തിയ ഓർത്തഡോക്‌സ് വിഭാഗത്തിന് വീണ്ടും തോൽവി

കർത്താവിന്റെ പേരിൽ പാതിരാത്രിയിൽ കല്ലേറും തെറിവിളിയും; മാന്ദാമംഗലം പള്ളിക്ക് മുമ്പിൽ ഇന്നലെ നടന്നത് നാടകീയ രംഗങ്ങൾ; പള്ളിക്ക് പുറത്ത് പന്തൽ കെട്ടി പ്രാർത്ഥാനാ യജ്ഞം നടത്തിയ ഓർത്തഡോക്‌സുകാരെ ഒഴിപ്പിച്ചു; കല്ലേറിൽ ഓർത്തഡോകസ് മെത്രാൻ ഉൾപ്പെടെ ഇരുകൂട്ടർക്കും പരിക്ക്; രാത്രിയുടെ മറവിൽ നടന്ന അക്രമത്തിന്റെ പേരിൽ ഇരുവിഭാഗവും ആരോപണങ്ങൾ തുടരുന്നു; കോടതി വിധിയുമായി മറ്റൊരു പള്ളി കൂടി പിടിക്കാൻ എത്തിയ ഓർത്തഡോക്‌സ് വിഭാഗത്തിന് വീണ്ടും തോൽവി

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: മന്ദാമംഗലത്ത് അവകാശത്തർക്കം നടക്കുന്ന സെന്റ് മേരീസ് പള്ളിക്കു മുന്നിൽ സംഘർഷാവസ്ഥ. ഇന്നലെ രാത്രി 11.15ന് കല്ലേറും സംഘർഷവും അപ്രതീക്ഷിതമായി ഉണ്ടാവുകയായിരുന്നു. ഓർത്തഡോക്‌സ് സഭ തൃശൂർ ഭദ്രാസനാധിപൻ ഡോ.യുഹാനോൻ മാർ മിലിത്തിയോസ് ഉൾപ്പെടെ ഇരുപതോളം പേർക്കു പരുക്ക്. യാക്കോബയക്കാർക്കും പരിക്കേറ്റിട്ടുണ്ട്. രണ്ട് കൂട്ടരും പരസ്പരം കല്ലെറിയുകയായിരുന്നു. ഇതോടെ യാക്കോബായ-ഓർത്തഡോക്‌സ് തർക്കം പുതിയ തലത്തിലെത്തി. പള്ളിക്കും കേടുപാടു പറ്റിയിട്ടുണ്ട്. നിലവിൽ പൊലീസിന്റെ നിയന്ത്രണത്തിലാണ് കാര്യങ്ങൾ. എന്നാൽ എപ്പോൾ വേണമെങ്കിലും കാര്യങ്ങൾ കൈവിട്ടുപോകും. ഓർത്തഡോക്‌സുകാരെ പള്ളി പരിസരത്ത് നിന്ന് മാറ്റിയാണ് കാര്യങ്ങൾ പൊലീസ് നിയന്ത്രണത്തിലാക്കിയത്.

പള്ളിക്കുള്ളിൽ പ്രാർത്ഥന നടത്തുകയായിരുന്ന യാക്കോബായ സഭാംഗങ്ങൾക്കും പുറത്ത് പ്രാർത്ഥനായജ്ഞത്തിൽ പങ്കെടുത്തിരുന്ന ഓർത്തഡോക്‌സ് സഭാംഗങ്ങൾക്കും കല്ലേറിൽ പരുക്കേറ്റു. പള്ളിക്കു മുന്നിലുണ്ടായിരുന്ന ഓർത്തഡോക്‌സ് സഭാംഗങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഇതോടെയാണ് സംഘർഷത്തിന് അയവ് വന്നത്. പുറത്ത് നിന്നാണ് പള്ളിക്കുള്ളിലേക്ക് ആദ്യം കല്ലേറുണ്ടായതെന്ന് ആരോപണമുണ്ട്. ഈ സാഹചര്യത്തിലാണ് പുറത്തുള്ളവരെ പൊലീസ് മാറ്റിയത്.പള്ളിയുടെ ചില്ലുകൾ കല്ലേറിൽ തകർന്നിട്ടുണ്ട്. ഗേറ്റും തകർത്തു. എസിപി വി.കെ. രാജുവിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തു ക്യാംപ് ചെയ്യുന്നുണ്ട്. പള്ളിക്കു പുറത്ത് ഓർത്തഡോക്‌സ് സഭാംഗങ്ങൾ പ്രാർത്ഥന നടത്തിയിരുന്ന പന്തൽ പൊലീസ് അഴിച്ചുമാറ്റി.

രാത്രി 12 മണിയോടെ ഓർത്തഡോക്‌സ് വിഭാഗം ഗേറ്റ് തകർത്ത് പള്ളിയിലേക്ക് കടക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷമുണ്ടായത്. ഇരു വിഭാഗങ്ങളും തമ്മിൽ കല്ലേറുണ്ടായി. പാത്രിയാർക്കിസ് വിഭാഗത്തിന് കീഴിലുള്ള പള്ളിയിൽ ആരാധന നടത്താൻ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഓർത്തഡോക്‌സ് വിഭാഗം സമരം ചെയ്തത്. തങ്ങൾക്കനുകൂലമായ കോടതി വിധി ചൂണ്ടിക്കാട്ടിയായിരുന്നു സമരം. എന്നാൽ പള്ളിയിൽ കയറാൻ അനുവദിക്കാതെ യാക്കോബായ വിഭാഗവും പള്ളിക്കകത്ത് നിലയുറപ്പിക്കുകയായിരുന്നു. സമരപ്പന്തൽ ഒഴിപ്പിച്ചെങ്കിലും സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പൊലീസ് ക്യാംപ് ചെയ്യുന്നുണ്ട്. വെള്ളിയാഴ്ച കൂടുതൽ വിശ്വാസികൾ പള്ളിയിലേക്കെത്തും എന്ന കണക്കുകൂട്ടലിൽ കൂടുതൽ സേനയെ വിന്യസിക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്. പരിക്കേറ്റ പതിനഞ്ചോളം പേരെ ആശുപത്രിയിലേക്ക് മാറ്റി.

സുപ്രീം കോടതി വിധി പ്രകാരം പള്ളിയിൽ കയറി പ്രാർത്ഥന നടത്തണമെന്നാവശ്യപ്പെട്ട് ബുധൻ രാവിലെയാണ് മാർ മിലിത്തിയോസിന്റെ നേതൃത്വത്തിൽ ഒരു സംഘം പള്ളിക്കു മുന്നിൽ പ്രാർത്ഥനായജ്ഞം ആരംഭിച്ചത്. യാക്കോബായ സഭക്കാർ പള്ളിക്കുള്ളിൽ പ്രാർത്ഥനായജ്ഞം നടത്തിവരികയായിരുന്നു. ഇതാണ് സംഘർഷത്തിലെത്തിയത്. പരുക്കേറ്റ മാർ മിലിത്തിയോസ്, തോമസ് പോൾ റമ്പാൻ, ഫാ. മത്തായി പനംകുറ്റിയിൽ, ഫാ. പ്രദീപ്, ഫാ. റെജി മങ്കുഴ, രാജു പാലിശേരി, ജോൺ വാഴാനി, എൽദോ എന്നിവരെ കുന്നംകുളം അടുപ്പൂട്ടി മലങ്കര മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തൃശൂർ ജില്ലയിലെ മാന്ദാമംഗലം സെന്റ് മേരീസ് പള്ളിയിൽ ഓർത്തഡോക്സ് വിഭാഗത്തിനു പ്രാർത്ഥനാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് ഭദ്രാസനാധിപന്റെ നേതൃത്വത്തിൽ സ്ത്രീകളടക്കമുള്ള ഓർത്തഡോക്സ് വിശ്വാസികൾ പള്ളിക്ക് പുറത്ത് കുത്തിരിയിപ്പ് ആരംഭിച്ചതോടെയാണ് പ്രശ്‌നങ്ങൾക്ക് തുടക്കം. ഓർത്തഡോക്സ് സഭയ്ക്കനുകൂലമായി സുപ്രീം കോടതി ഉത്തരവ് ലഭിച്ചതിനെ തുടർന്ന് വികാരിക്ക് ചുമതല കൈമാറണമെന്ന് യാക്കോബായ സഭയോടാവശ്യപ്പെട്ടാണ് നൂറോളം വരുന്ന ഓർത്തഡോക്സ് സഭാ വിശ്വാസികൾ പള്ളിയിലെത്തിയത്. വിവരം മുൻകൂട്ടിയറിഞ്ഞ യാക്കോബായ വിഭാഗത്തിൽപ്പെട്ട 300 ഓളം പേർ പള്ളിക്കുള്ളിൽ കടന്ന്, ഗേറ്റ് പൂട്ടിയശേഷം പ്രാർത്ഥനായജ്ഞം തുടങ്ങി. പള്ളിക്കുള്ളിൽ പ്രവേശിക്കാൻ സാധിക്കാത്തതുമൂലം അഞ്ച് പുരോഹിതന്മാരടങ്ങുന്ന സംഘം ഗെയ്റ്റിനു വെളിയിൽ കുത്തിയിരിപ്പ് തുടരുകയായിരുന്നു. സ്ഥലത്തെത്തിയ മലങ്കര ഓർത്തഡോക്സ് തൃശൂർ ഭദ്രാസനാധിപകൻ യൂഹനോൻ മാർ മിലിത്തിയോസും കുത്തിയിരിപ്പിൽ പങ്കുചേരുകയായിരുന്നു.

സുപ്രീം കോടതി വിധിയെ തുടർന്ന് പ്രശ്നപരിഹാരത്തിന് കലക്ടർ ഇടപെട്ട് തൃശൂർ എ.സി.പി യുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച ചർച്ച നടത്തിയെങ്കിലും പരിഹാരമായില്ല. ഇതേ തുടർന്നാണ് ഓർത്തഡോക്സ് സഭ പള്ളിയിൽ നേരിട്ടെത്തിയത്. ആറു വർഷം മുമ്പും പള്ളിയിൽ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. കോടതി ഉത്തരവിൽ സംരക്ഷണം നൽകണമെന്ന കാര്യം പരാമർശിച്ചിട്ടില്ലാത്തതിനാൽ പൊലീസ് സംഭവസ്ഥലത്തെത്തിയിട്ടില്ല. എന്നാൽ ജില്ലാ കോടതിയുടെ ഉത്തരവിൽ തങ്ങൾ ഹൈക്കോടതിയിൽനിന്നും സ്റ്റേ വാങ്ങിയിട്ടുണ്ടെന്നാണ് യാക്കോബായ വിഭാഗത്തിന്റെ പക്ഷം. കീഴ്ക്കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ നൽകിയ അപ്പീലും പരിഗണനയിലാണ്. അതിനാൽ പള്ളി വിട്ടുനൽകാനാവില്ലെന്നാണ് യാക്കോബായ നിലപാട്. ഈ തർക്കമാണ് കല്ലേറിലും അടിപടിയിലേക്കും എത്തുന്നത്.

സംഘർഷാവസ്ഥയായിട്ടും സ്ഥലത്തു പൊലീസ് ക്യാംപു ചെയ്യുകയോ കാവൽ ഏർപ്പെടുത്തുകയോ ചെയ്തിരുന്നില്ല. അതുകൊണ്ടുതന്നെ സംഭവം നടന്നു 15 മിനിറ്റിനു ശേഷവും പൊലീസ് സഹായം ലഭ്യമായില്ല. ഇതും കാര്യങ്ങൾ കൈവിട്ട് പോകുന്ന അവസ്ഥയുണ്ടാക്കി. നേരത്തെ പിറവത്തും കോലഞ്ചേരിയിലും പള്ളി തർക്കം സംഘർഷത്തിലേക്ക് വഴി മാറിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP