Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാമക്ഷേത്രം ഉടൻ നിർമ്മിക്കണമെന്ന 'കടുംപിടിത്തം' ഉപേക്ഷിച്ച് ആർഎസ്എസ്; 2025 വരെ 'സമയം അനുവദിച്ച്' ആർഎസ്എസ് ജനറൽ സെക്രട്ടറി ഭയ്യാജി ജോഷി; രാമക്ഷേത്രം വരുന്നതോടെ രാജ്യത്തിന്റെ വളർച്ചാവേഗം കൂടുമെന്നും വാദം: തൊഴിലില്ലായ്മയും വിലക്കയറ്റവും തുടരുന്നുവെന്നും യുദ്ധമില്ലാതിരുന്നിട്ടും രാജ്യത്ത് ഏറെ സൈനികർ കൊല്ലപ്പെടുന്നുവെന്നും സർക്കാരിന് ഒളിയമ്പും

രാമക്ഷേത്രം ഉടൻ നിർമ്മിക്കണമെന്ന 'കടുംപിടിത്തം' ഉപേക്ഷിച്ച് ആർഎസ്എസ്; 2025 വരെ 'സമയം അനുവദിച്ച്' ആർഎസ്എസ് ജനറൽ സെക്രട്ടറി ഭയ്യാജി ജോഷി; രാമക്ഷേത്രം വരുന്നതോടെ രാജ്യത്തിന്റെ വളർച്ചാവേഗം കൂടുമെന്നും വാദം: തൊഴിലില്ലായ്മയും വിലക്കയറ്റവും തുടരുന്നുവെന്നും യുദ്ധമില്ലാതിരുന്നിട്ടും രാജ്യത്ത് ഏറെ സൈനികർ കൊല്ലപ്പെടുന്നുവെന്നും സർക്കാരിന് ഒളിയമ്പും

മറുനാടൻ ഡെസ്‌ക്‌

നാഗ്പൂർ: ഇപ്പോഴത്തെ മോദി സർക്കാർ തന്നെ രാമക്ഷേത്ര നിർമ്മാണത്തിന് തുടക്കം കുറിക്കണമെന്ന 'പിടിവാശി' ഉപേക്ഷിച്ച് ആർഎസ്എസ്. രാമക്ഷേത്രം 2025ൽ നിർമ്മിച്ചാൽ മതിയെന്ന് ആർഎസ്എസ് ജനറൽ സെക്രട്ടറി ഭയ്യാജി ജോഷി പറഞ്ഞതോടെയാണ് ഈ നിലപാടുമാറ്റം ചർച്ചയായിരിക്കുന്നത്. മോദി സർക്കാർ തന്നെ ഓർഡിനൻസ് കൊണ്ടുവന്ന് രാമക്ഷേത്രം നിർമ്മിക്കണമെന്നായിരുന്നു ഇതുവരെ നിലപാട്. എന്നാൽ ഓർഡിൻസ് കൊണ്ടുവരില്ലെന്ന് മോദിതന്നെ വ്യക്തമാക്കുകയും കോടതി നിർദ്ദേശം വരട്ടെയെന്ന് സർക്കാർ തീരുമാനിക്കുകയും ചെയ്തത് സർക്കാരും ആർഎസ്എസും തമ്മിൽ അകൽച്ചയ്ക്ക് കാരണമാകുകയും ചെയ്തിരുന്നു.

ഇതിനിടെയാണ് സംഘ് ജനറൽ സെക്രട്ടറി തന്നെ 2025വരെ ക്ഷേത്ര നിർമ്മാണത്തിന് സമയം അനുവദിച്ച് ഇപ്പോൾ രംഗത്തുവന്നിരിക്കുന്നത്. രാമക്ഷേത്ര നിർമ്മാണം 2025ൽ പൂർത്തിയാകുന്നതോടെ രാജ്യത്തിന്റെ വളർച്ചയുടെ വേഗത വർധിക്കുമെന്നും ഭയ്യാജി പറഞ്ഞിട്ടുണ്ട്. 1952ൽ ഗുജറാത്തിൽ സോമനാഥ് ക്ഷേത്രം നിർമ്മിച്ചപ്പോൾ ഉണ്ടായതുപോലെയായിരിക്കും ഇതെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. അടുത്ത 150 വർഷത്തിൽ രാമക്ഷേത്രം രാജ്യത്തിന് മുതൽകൂട്ടാകുമെന്നും ഉത്തർപ്രദേശിൽ കുംഭമേളയോടനുബന്ധിച്ചുള്ള പരിപാടിയിൽ സംസാരിക്കവേ ഭയ്യാജി ജോഷി അഭിപ്രായപ്പെട്ടു.

സുപ്രീം കോടതി തീരുമാനം വരുന്നതുവരെ രാമക്ഷേത്ര നിർമ്മാണത്തിൽ കാത്തിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ പറഞ്ഞതിന് പിന്നാലെയാണ് ആർഎസ്എസുമായി സർക്കാർ അകലുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ നീങ്ങുന്നുവെന്ന നിലയിൽ ചർച്ചകൾ വന്നത്. സുപ്രീം കോടതി വിധിക്കുശേഷം മാത്രമായിരിക്കും വിഷയത്തിൽ ഓർഡിനൻസ് ഇറക്കണോയെന്നു തീരുമാനിക്കുകയെന്നും പ്രധാനമന്ത്രി നിലപാടെടുത്തു. എന്നാൽ ഇതിനു പിന്നാലെ പ്രധാനമന്ത്രിക്കു മറുപടിയുമായി ആർഎസ്എസ് രംഗത്തെത്തുകയും ചെയ്തു.

അയോധ്യയിൽ മാത്രമായിരിക്കും ക്ഷേത്രമുയരുകയെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവതും കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. രാമനിൽ ഞങ്ങൾക്കു വിശ്വാസമുണ്ട്. മാറ്റത്തിനായി സമയമെടുക്കില്ലെന്നും മോഹൻ ഭാഗവത് വ്യക്തമാക്കി. ഇതിനോട് യോജിക്കുന്ന പ്രതികരണം ഭയ്യാജി കൂടെ ഉന്നയിച്ചതോടെയാണ് ആർഎസ്എസ് രാമക്ഷേത്ര വിഷയത്തിൽ സർക്കാരിനോട് ഏറ്റുമുട്ടാനില്ലെന്ന് വ്യക്തമാകുന്നത്.

അതേസമയം, സർക്കാരിനെതിരെ ചില ഒളിയമ്പുകളും ആർഎസ്എസ് ഉന്നയിക്കുന്നുണ്ട്. ഇതും ഭയ്യാജിയുടെ പ്രസംഗത്തോടെ ചർച്ചയായി. യുദ്ധമില്ലാതിരുന്നിട്ടും രാജ്യത്ത് ഏറെ സൈനികർ കൊല്ലപ്പെടുന്നതിലും ആർഎസ്എസ് സർക്കാരിനോട് എതിർപ്പ് പ്രകടമാക്കുന്നു. തൊഴിലില്ലായ്മയും വിലക്കയറ്റവും പരിഹരിക്കപ്പെടുന്നില്ലെന്നും ആർഎസ്എസ് വിമർശനമുന്നയിക്കുന്നുണ്ട്.

2014ൽ അധികാരത്തിലേറുമ്പോൾ രാമക്ഷേത്രത്തിനായി സാധ്യമായതെല്ലാം ചെയ്യുമെന്ന പ്രഖ്യാപനം ബിജെപിയും മോദിയും മുന്നോട്ടുവച്ചിരുന്നു. ഇത് ഈ സർക്കാർ തന്നെ നടപ്പാക്കണമെന്ന ആവശ്യമാണ് ആർഎസ്എസ് നേതാക്കൾ ഉന്നയിച്ചത്. എന്നാൽ മോദി ഇക്കാര്യത്തിൽ എതിരഭിപ്രായം പരസ്യപ്പെടുത്തിയത് സംഘത്തിൽ നീരസത്തിനും കാരണമായി.

എന്നാൽ ആർഎസ്എസ് നിലപാട് മയപ്പെടുത്തുമ്പോഴും രാമക്ഷേത്രത്തിനായി നിയമ നിർമ്മാണവുമായി കേന്ദ്രസർക്കാർ മുന്നോട്ടുപോകണമെന്ന നിലപാടിൽ വിഎച്ച് പി ഇപ്പോഴും ഉറച്ചുനിൽക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട തീരുമാനങ്ങളും ആസൂത്രണങ്ങളും പിന്നീടു പ്രഖ്യാപിക്കുമെന്നും സർക്കാരിന് മുന്നിൽ ഇപ്പോഴും സമയമുണ്ടെന്നും വിഎച്ച്പി നേതാവ് അലോക് കുമാർ നിലപാട് സ്വീകരിച്ചിരിക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP