Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിമാനങ്ങൾ പറന്നുയരുന്നതിനിടെ ഓടിക്കളിച്ച് കുറുക്കന്മാർ; ലാൻഡ് ചെയ്യാനാവാതെ ആകാശത്ത് വട്ടമിട്ട് പറന്ന് വിമാനങ്ങൾ; അതീവ സുരക്ഷാമേഖല വേണ്ട റൺവേ കൈയടക്കി കുറുക്കന്മാർ; കണ്ണൂർ വിമാനത്താവളത്തിൽ ഇന്ധനനഷ്ടം മൂലം വിമാനക്കമ്പനികൾക്ക് വൻ സാമ്പത്തികനഷ്ടം

വിമാനങ്ങൾ പറന്നുയരുന്നതിനിടെ ഓടിക്കളിച്ച് കുറുക്കന്മാർ; ലാൻഡ് ചെയ്യാനാവാതെ ആകാശത്ത് വട്ടമിട്ട് പറന്ന് വിമാനങ്ങൾ; അതീവ സുരക്ഷാമേഖല വേണ്ട റൺവേ കൈയടക്കി കുറുക്കന്മാർ; കണ്ണൂർ വിമാനത്താവളത്തിൽ ഇന്ധനനഷ്ടം മൂലം വിമാനക്കമ്പനികൾക്ക് വൻ സാമ്പത്തികനഷ്ടം

രഞ്ജിത്ത് ബാബു

കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം കുറുക്കന്മാരുടെ വിഹാര രംഗമാകുന്നു. വിമാനങ്ങൾ വരുന്നതും പോകുന്നതുമൊന്നും പ്രശ്നമാക്കാതെ റൺവേയിലൂടെ ഓടിക്കളിക്കുകയാണ് കുറുക്കന്മാർ. ഇത് മൂലം കഴിഞ്ഞ ദിവസങ്ങളിലായി എയർ ഇന്ത്യാ എക്സ്പ്രസ്സിന്റെ വിമാനങ്ങൾ ടെക് ഓഫ് ചെയ്യാൻ ഏറെ നേരം വൈകി. ഇന്നലേയും ഇന്നുമായി ഗോ എയറിന്റെ വിമാനം ലാന്റ് ചെയ്യുന്നതിനിടയിലും തടസ്സമായി കുറുക്കന്മാർ റൺവേയിലൂടെ ഓടിക്കളിക്കുയായിരുന്നു. വൈകീട്ടോടെ റൺവേയിൽ കടന്ന കുറുക്കന്മാരെ സുരക്ഷാ ജീവനക്കാർ പിടികൂടി. അതീവ സുരക്ഷ വേണ്ടുന്ന റൺവേ മേഖല കുറുക്കന്മാർ കയ്യടക്കുന്നതു മൂലം വിമാനങ്ങൾ ടെക് ഓഫ് ചെയ്യാനും ലാന്റ് ചെയ്യാനും തടസ്സമുണ്ടാവുകയാണ്. ലാന്റ് ചെയ്യാൻ താമസം നേരിടുന്നത് മൂലം വിമാനങ്ങൾ ഏറെനേരം ആകാശത്ത് വട്ടമിട്ട് പറക്കേണ്ടി വരുന്നു. ഇത് മൂലം വിമാന കമ്പനികൾക്ക് ഏറെ ഇന്ധന നഷ്ടവും അതിലൂടെ സാമ്പത്തിക ബാധ്യതയും ഉണ്ടാവുന്നു. പതിവ് ലാന്റിങിന് പുറമേ ഒരു തവണ കൂടി ആകാശത്ത് കറങ്ങാൻ 25,000 രൂപയിലേറെ ഇത്തരത്തിൽ ചെലവാകുമെന്നാണ് കണക്ക്.

യഥാസമയം വിമാനം ടെക് ഓഫ് ചെയ്യാനാവാത്തതിനാൽ ഇറങ്ങേണ്ടുന്ന വിമാനത്താവളങ്ങളിൽ ലാന്റ് ചെയ്യാനുള്ള അനുമതിയും വൈകും. ഇതിലൂടേയും ഇന്ധന ചെലവ് ക്രമാതീതമായി വർദ്ധിക്കാൻ കാരണമാകുന്നു. കുറുക്കന്മാരുടെ ശല്യം വൻ സുരക്ഷാ വീഴ്ചയായാണ് വ്യോമയാന മന്ത്രാലയം കണക്കാക്കുന്നത്. ഡയരക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന് ഇത് സംബന്ധിച്ച് റിപ്പോർട്ട് നൽകിയിട്ടുണ്ട്. പയലറ്റുമാരുടെ കണ്ണിൽ കുറുക്കന്മാർ പെടുന്നതുകൊണ്ട് മാത്രം അപകടങ്ങൾ ഒഴിഞ്ഞു പോവുകയാണ്.

വിമാനം ലാന്റ് ചെയ്യുന്ന സമയത്ത് റൺവേയിൽ കയറുന്ന കുറുക്കൻ തടസ്സം സൃഷ്ടിക്കുകയും വൈമാനികൻ ഇത് കാണാതിരിക്കുകയും ചെയ്താൽ വൻ ദുരന്തം തന്നെ ക്ഷണിച്ചു വരുത്തിയേക്കാം. വിമാനത്താവളത്തിൽ കുറുക്കന്മാർ എത്തുന്നത് തടയാൻ ജീവനക്കാർക്ക് കർശന നിർദ്ദേശം നൽകിയിരിക്കയാണ് വിമാനത്താവള അധികാരികൾ. വർഷങ്ങൾക്കു മുമ്പ് വന്യ ജീവികളുടെ ആവാസ സ്ഥലമായിരുന്നു മൂർക്കൻ പറമ്പ്. വർഷങ്ങളുടെ ശ്രമത്തിലൂടെയാണ് ഇന്നത്തെ നിലയിൽ 3,050 മീറ്റർ റൺവേ പണി തീർത്തത്. ഈ പ്രദേശത്തിന് ചുറ്റും ഇപ്പോഴും കുറക്കന്മാർ ഉൾപ്പെടെയുള്ള ജീവജാലങ്ങളുണ്ട്. വിമാനത്താവളത്തിന്റെ ഉത്ഘാടന ദിവസവും കുറുക്കന്മാർ റൺവേയിൽ കയറിയിരുന്നു. ഉത്ഘാടന ചടങ്ങിന് തൊട്ടു മുമ്പാണ് റൺവേയിലൂടെ വെള്ളം പുറത്ത് ഒഴുക്കാനുള്ള പൈപ്പ് സ്ഥാപിച്ചത്. ഇത് വഴിയാണ് റൺവേയിൽ കുറുക്കന്മാർ സ്വൈര്യ വിഹാരം നടത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP