Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദേശീയതലത്തിൽ ഒന്നാം സ്ഥാനം നേടിയ കേരളത്തിലെ ബാന്റ് സംഘത്തിനും റിപ്പബ്‌ളിക് ദിന പരേഡിൽ അയിത്തം; അർഹത നേടിയിട്ടും കോഴിക്കോട്ടെ ആംഗ്‌ളോ ഇന്ത്യൻ സ്‌കൂൾ കുട്ടികളെ അവസാന നിമിഷം തഴഞ്ഞ് കേന്ദ്രസർക്കാർ; കേരളത്തിന്റെ നവോത്ഥാന ഫ്‌ളോട്ടിന് ചുവപ്പുകൊടി കാട്ടിയതിന് പിന്നാലെ മറ്റൊരു വിവാദംകൂടി  

ദേശീയതലത്തിൽ ഒന്നാം സ്ഥാനം നേടിയ കേരളത്തിലെ ബാന്റ് സംഘത്തിനും റിപ്പബ്‌ളിക് ദിന പരേഡിൽ അയിത്തം; അർഹത നേടിയിട്ടും കോഴിക്കോട്ടെ ആംഗ്‌ളോ ഇന്ത്യൻ സ്‌കൂൾ കുട്ടികളെ അവസാന നിമിഷം തഴഞ്ഞ് കേന്ദ്രസർക്കാർ; കേരളത്തിന്റെ നവോത്ഥാന ഫ്‌ളോട്ടിന് ചുവപ്പുകൊടി കാട്ടിയതിന് പിന്നാലെ മറ്റൊരു വിവാദംകൂടി   

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ഡൽഹിയിൽ ഈ മാസം 26ന് നടക്കുന്ന റിപ്പബ്‌ളിക് ദിന പരേഡിൽ കേരളത്തിന്റെ നവോത്ഥാന ഫ്‌ളോട്ടിന് അനുമതി നിഷേധിച്ചത് ചർച്ചയായതിന് പിന്നാലെ കോഴിക്കോട്ടെ ആംഗ്‌ളോ ഇന്ത്യൻ സ്‌കൂളിന്റെ ബാൻഡ് സംഘത്തിനും ചുവപ്പുകൊടി കാട്ടി കേന്ദ്രസർക്കാർ. നവോത്ഥാന വനിതാ മതിൽ ഉയർത്തിയതിന് പിന്നാലെ നവോത്ഥാന ആശയങ്ങളുമായി ആയിരുന്നു കേരളം ഫ്‌ളോട്ട് ഒരുക്കാൻ ഒരുങ്ങിയത്. എന്നാൽ അതിന് അനുമതി ലഭിക്കാതിരുന്നത് ചർച്ചയായിരുന്നു.

ഇതിന് പിന്നാലെയാണ് പരേഡിന് കോഴിക്കോട്ടെ സെന്റ് ജോസഫ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിന്റെ ബാൻഡ് സംഘത്തിനും അനുമതി നിഷേധിച്ചിട്ടുള്ളത്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നവോത്ഥാനത്തിന്റെ പേരിൽ സിപിഎമ്മും ബിജെപിയും ഏറ്റുമുട്ടലിന്റെ പാതയിലാണ്. ഇതിനിടെയാണ് നവോത്ഥാന ഫ്‌ളോട്ട് അവതരണത്തിന് കേരളം തയ്യാറെടുത്തതും അത് തിരഞ്ഞെടുക്കപ്പെടാതെ പോയതും. ഇത് കേന്ദ്രം തള്ളിയതിന് പിന്നാലെയാണ് ബാൻഡ് മേളത്തിനും കുട്ടികൾക്ക് അവസരം നിഷേധിക്കപ്പെട്ടത്.

ഡിസംബറിൽ ഡൽഹിയിൽ നടന്ന ദേശീയ ബാൻഡ്മേളത്തിൽ ഒന്നാം സ്ഥാനം നേടിയ ബാന്റ് സംഘത്തിനാണ് അനുമതി നിഷേധിക്കപ്പെട്ടത്. അതിനാൽ തന്നെ ഇത് കേരളത്തോടുള്ള അവഗണനയുടെ ഭാഗമായി മനപ്പൂർവം ബിജെപി സർക്കാർ ഒഴിവാക്കിയതാണെന്ന ആക്ഷേപം ശക്തമാകുകയാണ്. ഒന്നാം സ്ഥാനം കിട്ടിയതുകൊണ്ടാണ് സെന്റ് ജോസഫ് സ്‌കൂളിന് റിപ്പബ്ലിക് ദിനപരേഡിൽ പങ്കെടുക്കാൻ യോഗ്യത ലഭിച്ചത്.

ക്ഷണം വരാൻ വൈകിയതിനെ തുടർന്ന് സ്‌കൂൾ അധികൃതർ എസ്.എസ്.എയുമായി ബന്ധപ്പെട്ടപ്പോഴാണ് ഇത്തവണ പങ്കെടുക്കേണ്ടെന്ന് ഡൽഹിയിൽ നിന്ന് എം.എച്ച്.ആർ.ഡി അറിയിപ്പ് വന്ന കാര്യം അറിയുന്നത്. തുടർന്ന് ഇവർ വിദ്യാഭ്യാസ ഡയറക്ടർക്കും എസ്.എസ്.എ, എം.എച്ച്.ആർ.ഡി ഡയറക്ടർമാർക്കും കത്തയച്ചു. പുറമേ മുഖ്യമന്ത്രിക്കും കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിനും നവേദനം നൽകുകയും ചെയ്തു. സാങ്കേതിക പ്രശ്‌നമാണെന്നും കഴിയാവുന്നത്ര ശ്രമിക്കാമെന്നുമായിരുന്നു അൽഫോൻസ് കണ്ണന്താനത്തിന്റെ മറുപടി. എന്നാൽ ഇതുവരെയും അറിയിപ്പൊന്നും ലഭിച്ചില്ല.

റിപ്പബ്ലിക് ദിന പരിപാടിയിൽ പങ്കെടുക്കണമെങ്കിൽ ഒരുമാസം മുമ്പെങ്കിലും ഡൽഹിയലേക്ക് വിളിപ്പിച്ച് പരിശീലനം നൽകാറുണ്ട്. ഇക്കാര്യത്തെപ്പറ്റി അന്വേഷിച്ചപ്പോൾ ഇത്തവണ വരേണ്ടതില്ലെന്നായിരുന്നു എം.എച്ച്.ആർ.ഡിയുടെ അറിയിപ്പെന്ന് എസ്എസ്എ പ്രോഗ്രാം ഓഫീസർ സുരേഷ് പ്രതികരിച്ചു.

അതേസമയം, സംസ്ഥാനത്തിന്റെ നവോത്ഥാന ചരിത്രസംഭവങ്ങൾ അടിസ്ഥാനമാക്കിയ ഫ്ളോട്ടിൽ ക്ഷേത്രപ്രവേശന വിളംബരവും വൈക്കം സത്യാഗ്രഹവും എല്ലാം ഉൾപ്പെടുത്തിയുള്ള ആവിഷ്‌കാരമാണ് സംസ്ഥാനം ലക്ഷ്യമിട്ടത്. ഇതാണ് പ്രതിരോധമന്ത്രാലയം തഴഞ്ഞത്. 19 സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ഉൾപ്പെട്ടെങ്കിലും പിന്നീട് ഒഴിവാക്കുകയായിരുന്നു. 14 സംസ്ഥാനങ്ങൾക്കാണ് പരേഡിൽ അണിനിരക്കാനാവുക എന്നതിന്റെ മറവിലാണ് കേരളത്തെ ഒഴിവാക്കിയതെന്നാണ് ആക്ഷേപം ഉയർന്നത്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഇത്തരമൊരു നടപടി കേന്ദ്രം സ്വീകരിച്ചുവെന്നാണ് ആക്ഷേപം. തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാനങ്ങൾക്ക് 26-ന് ഹാജകാകണമെന്നാവശ്യപ്പെട്ട് പ്രതിരോധ സെക്രട്ടറി കത്തുനൽകിയെങ്കിലും കേരളത്തിന് അറിയിപ്പൊന്നും ലഭിച്ചില്ല.

ബംഗാളി കലാശിൽപ സംവിധായകൻ ബാബ ചക്രവർത്തിയുടെ നേതൃത്വത്തിലാണ് ഫ്ളോട്ടിന്റെ രൂപീകരണം നടന്നത്. ഗാന്ധിജിയുമായി ബന്ധപ്പെട്ടതാണ് ഇത്തവണത്തെ ദിനാഘോഷത്തിന്റെ വിഷയമെന്നതിനാൽ അദ്ദേഹത്തിന്റെ സാന്നിധ്യമുള്ള വൈക്കം സത്യാഗ്രഹമാണ് കേരളം ഫ്ളോട്ടിനായി അവതരിപ്പിച്ചത്. പ്രതിരോധമന്ത്രാലയത്തിന്റെ വിദഗ്ധസമിതി പരിശോധിച്ച് ഗാന്ധിജിയും ശ്രീനാരായണ ഗുരുവും ഉൾപ്പെടുന്ന ദൃശ്യത്തിലും സംഗീതത്തിലും ചില തിരുത്തലുകൾ ചൂണ്ടിക്കാട്ടിയിരുന്നു. അതിന് ശേഷമാണ് അവസാന നിമിഷം പട്ടികയിൽനിന്ന് കേരളത്തെ ഒഴിവാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP