Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കത്തോലിക്കാ സഭയുടെ നോട്ടം ബാലരാമപുരം വിശുദ്ധ സെബാസ്ത്യനോസ് ദേവാലയവും മൂന്നരയേക്കർ കണ്ണായ ഭൂമിയും; സഭയ്ക്ക് ഒന്നും വിട്ടുകൊടുക്കില്ലെന്ന് പള്ളിയും ഭൂമിയും കൈവശം വയ്ക്കുന്ന ലത്തീൻ സമുദായവും; ആത്മീയ ശുശ്രൂഷ വിലക്ക് ഏർപ്പെടുത്തി സഭയുടെ പ്രതികാര നടപടി; പകരം വൈദികരെ എത്തിച്ച് കുർബാനയും പള്ളിപ്പെരുനാളും നടത്തി ഓപ്പൺ ചർച്ച് മൂവ്‌മെന്റും; സഭയും വിശ്വാസികളും തമ്മിൽ ബാലരാമപുരത്ത് നടക്കുന്ന ഏറ്റുമുട്ടൽ ഇങ്ങനെ

കത്തോലിക്കാ സഭയുടെ നോട്ടം ബാലരാമപുരം വിശുദ്ധ സെബാസ്ത്യനോസ് ദേവാലയവും മൂന്നരയേക്കർ കണ്ണായ ഭൂമിയും; സഭയ്ക്ക് ഒന്നും വിട്ടുകൊടുക്കില്ലെന്ന് പള്ളിയും ഭൂമിയും കൈവശം വയ്ക്കുന്ന ലത്തീൻ സമുദായവും; ആത്മീയ ശുശ്രൂഷ വിലക്ക് ഏർപ്പെടുത്തി സഭയുടെ പ്രതികാര നടപടി; പകരം വൈദികരെ എത്തിച്ച് കുർബാനയും പള്ളിപ്പെരുനാളും നടത്തി ഓപ്പൺ ചർച്ച് മൂവ്‌മെന്റും; സഭയും വിശ്വാസികളും തമ്മിൽ ബാലരാമപുരത്ത് നടക്കുന്ന ഏറ്റുമുട്ടൽ ഇങ്ങനെ

എം മനോജ് കുമാർ

തിരുവനന്തപുരം: ബാലരാമപുരം വിശുദ്ധ സെബാസ്ത്യനോസ് ദേവാലയത്തിൽ നടക്കുന്നത് കേരളത്തിലെ കത്തോലിക്കാ സഭയെ കിടിലം കൊള്ളിക്കുന്ന വിശ്വാസി വിപ്ലവം. ഈ സഭാ വിപ്ലവത്തിന്റെ ഭാഗമായാണ് കുർബാനയ്ക്ക് വൈദികരെ ആവശ്യമുണ്ടെന്ന പത്രപ്പരസ്യം കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ടത്. കേരളത്തിൽ കത്തോലിക്കാ സഭ പുലർത്തിപ്പോരുന്ന നീതികേടിന്റെ ശേഷിപ്പുകൾ കൂടി ഈ പത്രപ്പരസ്യത്തിനു പിന്നിലുണ്ടെന്ന് ഇപ്പോൾ വ്യക്തമാകുന്നു. പത്രപ്പരസ്യം വന്നപ്പോൾ തന്നെ ഇതുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം മറുനാടൻ വാർത്ത നൽകിയിരുന്നു.

കുർബാന അർപ്പിക്കാൻ വൈദികനെ തേടി വിചിത്രമായ പത്രപരസ്യവുമായി പള്ളി കമ്മിറ്റി; മെത്രാനെ മറികടന്ന് പത്രപരസ്യം നൽകിയത് ബാലരാമപുരത്തെ വിശുദ്ധ സെബാസ്ത്യാനോസ് പള്ളി ഇടവക

പള്ളിപെരുനാൾ നടന്നുകൊണ്ടിരിക്കുന്ന വിശുദ്ധ സെബാസ്ത്യനോസ് ദേവാലയത്തിൽ പത്ത് മാസമായി വൈദികരില്ല. കത്തോലിക്കാ സഭയുടെ വിലക്ക് നേരിടുന്ന ദേവാലയമാണ് വിശുദ്ധ സെബാസ്ത്യനോസ് ദേവാലയം. സഭാ വിലക്ക് ഏർപ്പെടുത്തിയതിനാൽ മെത്രാൻ ഈ പള്ളിയിലേക്ക് വൈദികരെ അനുവദിക്കുന്നില്ല. ഇത് മറികടക്കാൻ വേണ്ടിയാണ് വിശ്വാസികൾ കഴിഞ്ഞ ദിവസം പത്രപരസ്യം നൽകിയത്.

ഇടവകയിലെ വിശ്വാസികൾക്ക് മേൽ സഭ ഏർപ്പെടുത്തിയിരിക്കുന്നത് ആത്മീയ ശുശ്രൂഷാ വിലക്കാണ്. പുരോഹിതരെ ഏർപ്പെടുത്തി ഈ ആത്മീയ ശുശ്രൂഷ വിലക്ക് മറികടക്കാൻ വിശുദ്ധ സെബാസ്ത്യനോസ് ദേവാലയത്തെ സഹായിക്കുന്നതോ കേരളത്തിലെ കത്തോലിക്കാ സഭയുടെ ഉറക്കം കെടുത്തുന്ന ഓപ്പൺ ചർച്ച് മൂവ്‌മെന്റും. ബാലരാമപുരം വിശുദ്ധ സെബാസ്ത്യനോസ് ദേവാലയവും അതിനോടനുബന്ധിച്ചുള്ള മൂന്നരയേക്കറോളം ഭൂമിയും കത്തോലിക്കാ സഭയ്ക്ക് വേണം. പള്ളിയും ഭൂമിയും കൈവശം വയ്ക്കുന്ന ലത്തീൻ സമുദായമാണെങ്കിൽ തങ്ങളുടെ സ്വത്ത് സഭയ്ക്ക് വിട്ടുകൊടുക്കില്ലെന്ന തീരുമാനത്തിലാണ്.

സഭയ്ക്ക് സ്വത്ത് വിട്ടുകൊടുക്കാൻ ഉദ്ദേശ്യമില്ലെങ്കിൽ സഭയുടെ വൈദികരെയും വിട്ടുനൽകില്ലാ എന്ന തീരുമാനം കത്തോലിക്കാ സഭ കൈക്കൊണ്ടതോടെയാണ് ക്രിസ്തീയ വിശ്വാസികളെയും വിശ്വാസങ്ങളെയും ഉലയ്ക്കുന്ന സംഭവ വികാസങ്ങൾക്ക് വിശുദ്ധ സെബാസ്ത്യനോസ് ദേവാലയത്തിൽ തുടക്കമായത്. സഭ വൈദികരെ എത്തിക്കാത്തതിനെ തുടർന്ന് ദേവാലയത്തിലേക്ക് തങ്ങളുടെ വൈദികരെ എത്തിച്ചുകൊടുത്ത് ഓപ്പൺ ചർച്ച് മൂവ്‌മെന്റ് രംഗത്തു വന്നതോടെ കത്തോലിക്കാ സഭയും ഓപ്പൺ ചർച്ച് മൂവ്‌മെന്റും തമ്മിലുള്ള വിശ്വാസയുദ്ധത്തിനുകൂടി ബാലരാമപുരത്ത് തുടക്കമാവുകയും ചെയ്തു.

ക്രിസ്തുവിന്റെ തിരുശരീര രക്തമാണ് കുർബാനയിൽ അർപ്പിക്കപ്പെടുന്നത്.. ഇതാണ് വിശ്വാസം. ഇതാണ് സഭ നിഷേധിക്കുന്നത്. അങ്ങിനെ നിഷേധിക്കുമ്പോൾ പിന്നെ സഭയ്ക്ക് എന്ത് അവകാശമാണ് കുർബാന ചൊല്ലാൻ ഉള്ളത്. ഇത്തരം ചോദ്യങ്ങളാണ് വിശുദ്ധ സെബാസ്ത്യനോസ് ദേവാലയവുമായി ബന്ധപ്പെട്ടു കത്തോലിക്കാ സഭയ്ക്ക് മുന്നിൽ ഉയരുന്നത്. ബാലരാമപുരം വിശുദ്ധ സെബാസ്ത്യനോസ് ദേവാലയത്തിൽ നടക്കുന്ന കാര്യങ്ങൾ ഇപ്പോൾ കേരളത്തിലെങ്ങുമുള്ള ക്രിസ്തീയ വിശ്വാസികളുടെ ഇടയിൽ ചർച്ചാ വിഷയമാണ്. കത്തോലിക്കാ സഭയെ അസ്വസ്ഥതപ്പെടുത്തി തങ്ങളുടെ ദൗത്യം ഓാപ്പൺ ചർച്ച് മൂവ്‌മെന്റ് ഇപ്പോൾ ശക്തിപ്പെടുത്തിയിട്ടുമുണ്ട്.

പത്തുമാസമായി കത്തോലിക്കാ സഭ വിലക്കുന്ന ദേവാലയമാണ് ബാലരാമപുരം വിശുദ്ധ സെബാസ്ത്യനോസ് ദേവാലയം. സ്വത്തുമായി ബന്ധപ്പെട്ടാണ് സഭയും വിശ്വാസികളും തമ്മിൽ ഉരസൽ വന്നത്. സഭയുടെ കണ്ണ് മൂന്നേക്കർ ഭൂമിയിലും പള്ളിയിലും സ്വത്തിലും ആണെന്ന് തിരിച്ചറിഞ്ഞതോടെ സഭയ്ക്ക് ആണെങ്കിലും സ്വത്ത് വിട്ടുനൽകാൻ ഭൂമി കൈവശം വച്ചിരിക്കുന്ന ലത്തീൻ സമുദായം തയ്യറായില്ല.

രണ്ടു നൂറ്റാണ്ടോളം മുൻപ് രാജാവ് ലത്തീൻ മുക്കുവ സമുദായത്തിനു നൽകിയ ഭൂമിയിലാണ് ബാലരാമപുരം വിശുദ്ധ സെബാസ്ത്യനോസ് ദേവാലയം കുടികൊള്ളുന്നത്. രാജാവ് മുക്കുവ സമുദായത്തിന് സംഭാവന നൽകിയ ഭൂമിയാണിത്. ഭൂമിക്ക് ചുറ്റും ജീവിക്കുന്നതും സമുദായ അംഗങ്ങൾ തന്നെ. പള്ളിക്ക് ചുറ്റുമായുള്ള 18ഓളം ഏക്കർ ഭൂമി ഇപ്പോൾ സമുദായത്തിന്റെ കയ്യിലാണ്. പള്ളിയുള്ളത് കാരണം തൊട്ടടുത്ത ഭൂമി കാശുകൊടുത്ത് വാങ്ങി ഇവർ പള്ളിക്ക് ചുറ്റും താമസം തുടങ്ങുകയായിരുന്നു. പള്ളിയും സ്വത്തും സമുദായത്തിന്റെ കയ്യിൽ ഇരിക്കണം എന്നാണ് സമുദായ താത്പര്യം. പക്ഷെ പള്ളികൾ തങ്ങളുടെ സ്വന്തമാണ് എന്ന മനോഭാവമാണ് കത്തോലിക്കാ സഭ പുലർത്തുന്നത്. ഇവിടെ തുടങ്ങി സഭയും സമുദായവും തമ്മിലുള്ള ഉരസൽ.

ആത്മീയ ശുശ്രൂഷാ വിലക്കുമായി സഭ

സഭയും ലത്തീൻ സമുദായവും തമ്മിൽ ഉരസൽ വന്നതോടെ സഭ തങ്ങളുടെ ഏറ്റവും ശക്തമായ ആയുധം തന്നെ സമുദായത്തിന് നേർക്ക് പ്രയോഗിച്ചു. ആത്മീയ ശുശ്രൂഷ വിലക്ക്. ആത്മീയ ശുശ്രൂഷയ്ക്ക് വിശ്വാസികൾ കൊടുക്കുന്ന പ്രാധാന്യം തിരിച്ചറിയുന്നവർക്കറിയാം എത്ര ശക്തമായ ആയുധമാണ് സ്വത്തിന്റെ പേരിൽ സഭ സമുദായത്തിന്റെ മേൽ പ്രയോഗിച്ചത് എന്ന്. ആത്മീയ ശുശ്രൂഷ ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് പ്രാണവായു പോലെയാണ്. വിലക്ക് വന്നശേഷമുള്ള അവസ്ഥയോ ഇടവകയിൽ മരണം നടന്നെങ്കിൽ അന്ത്യ ശുശ്രൂഷകൾക്ക് അടുത്ത പള്ളിയിൽ കൊണ്ട് പോകണം. ശവമടക്കിനു വിശുദ്ധ സെബാസ്ത്യനോസ് ദേവാലയത്തിൽ എത്തുകയും വേണം. വലിയ ക്രൂരതയാണ് വിശ്വാസികളോട് സഭ കാണിക്കുന്നത്. ആത്മീയ ശുശ്രൂഷയ്ക്ക് വേണ്ടി കോടതിയിൽ കൊടുത്ത റിട്ടുപോലും തള്ളിക്കളഞ്ഞ അവസ്ഥയിലാണ്. ആത്മീയ ശുശ്രൂഷ സഭ വിശ്വാസികൾക്ക് ചെയ്തുകൊടുക്കേണ്ട കാര്യമാണ്. ഇത് നിഷേധിക്കാൻ ലോകത്തിലെ ഒരു സഭയ്ക്കും അവകാശവുമില്ല.

143 കോടിയോളം ക്രിസ്തുമത വിശ്വാസികൾ ഉള്ളപ്പോൾ അതിൽ 135 കോടിയും ലത്തീൻ കാത്തലിക് ആണ്. മാർപാപ്പ പോലും ലത്തീൻ കാത്തലിക് ആണ് എന്ന് പറയുമ്പോൾ കത്തോലിക്കാ സഭയ്ക്ക് ലോകത്തിൽ ഉള്ള പ്രാമാണിത്തവും മേധാവിത്തവും വ്യക്തമാകുന്നു. ഇത്രയും അംഗങ്ങൾ ഉള്ള ലോകമാകെ വ്യാപിച്ചു കിടക്കുന്ന കത്തോലിക്കാ സഭയാണ് ഒരു ഇടവകയിലെ വിശ്വാസികൾക്ക് ആത്മീയ ശുശ്രൂഷ നിഷേധിക്കുന്നത്. വിശ്വാസികൾ ആത്മീയ ശുശ്രൂഷയ്ക്ക് ആവശ്യം ഉന്നയിച്ചാൽ അത് ചെയ്തു കൊടുക്കുക സഭയുടെ ബാധ്യതയാണ്.. ഇവിടെ തെറ്റുകാരാകുന്നത് സഭയാണ്. വിശ്വാസികൾക്ക് കുർബാന വേണം, കുമ്പസാരം വേണം, മരിച്ചടക്ക് വേണം, ഇങ്ങിനെ ഒട്ടനവധി സഭാ ശുശ്രൂഷകൾ നിലവിലുണ്ട്. ഇതിനു വിശ്വാസികൾക്ക് അവകാശവുമുണ്ട്. പക്ഷെ ഇവിടെ സമ്പത്തിനു വേണ്ടി കൂദാശാ കർമ്മങ്ങൾ സഭ നിഷേധിക്കുകയാണ്. വിശ്വാസികളോട് സഭ തെറ്റ് ചെയ്യുന്നു. വിശ്വാസികൾ അത്രമാത്രം പ്രാധാന്യമാണ് സഭാ ശുശ്രൂഷകൾക്ക് നൽകുന്നത്.. ആദ്യ കുർബാനയ്ക്കായി ഈ ഇടവകയിൽ കുഞ്ഞുങ്ങൾ കാത്തിരിക്കുന്നുണ്ട്. മറ്റുള്ള സഭകളിലെ വൈദികർക്ക് ഈ പള്ളിയിൽ ശുശ്രൂഷ ചെയ്യണമെങ്കിൽ മെത്രാന്റെ അനുമതി വേണം. ഇത് സഭാ നിയമമാണ്. പക്ഷെ ഈ അനുമതി ഒരു വൈദികനും മെത്രാൻ നൽകില്ലെന്ന് വിശ്വാസികൾ പറയുന്നു.

വൈദികൻ പോലുമില്ലാതെ പെരുന്നാൾ

ഇപ്പോൾ വൈദികൻ പോലുമില്ലാത്ത വിശുദ്ധ സെബാസ്ത്യനോസ് ദേവാലയത്തിൽ പെരുനാൾ നടക്കുകയാണ്. ഇവിടെയാണ് സഭയെ പ്രകമ്പനം കൊള്ളിച്ച് ഓപ്പൺ ചർച്ച് മൂവ്‌മെന്റ് രംഗപ്രവേശം ചെയ്യുന്നത്. ഓപ്പൺ ചർച്ച് മൂവ്‌മെന്റ് പുരോഹിതർ ആണ് ഇപ്പോൾ സഭയിൽ ശുശ്രൂഷകൾക്ക് എത്തുന്നത്. കത്തോലിക്കാ സഭാ നടപടികളെ വെല്ലുവിളിച്ചുള്ള നീക്കമാണിത്. പള്ളിയിൽ പെരുന്നാൾ കഴിഞ്ഞ 11ന് ആരംഭിച്ച പെരുന്നാൾ ഞായാറാഴ്ച തീരും. വിശുദ്ധ സെബാസ്ത്യനോസ് ദേവാലയം വിവാദങ്ങളിൽ സ്ഥാനം പിടിക്കുമ്പോൾ ഇവിടെ എത്തിയ വൈദികരുടെ കാര്യത്തിലും പ്രത്യേകതയുണ്ട്. കത്തോലിക്കാ സഭാ മെത്രാന്മാരുടെ അധീനതയിൽ നിന്നും വിട്ടുപോന്ന പുരോഹിതരാണ് ഇവിടെ ദിവ്യബലി അർപ്പിക്കുന്നത്. ലോക സഭാ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരം ചടങ്ങുകൾ നടക്കുന്നത്. നല്ല പുരോഹിതർ സഭയിൽ നിന്നും വിട പറയുകയാണ്. സഭാ രീതികളിൽ വിയോജിച്ചാണ് ഈ വിട ചൊല്ലൽ. ഇത്തരം പുരോഹിതരാണ് ഓപ്പൺ ചർച്ച് മൂവ്‌മെന്റ് പുരോഹിതർ.

മെത്രാന്മാരോട് വിയോജിച്ച് സഭയിൽ നിന്നും ഇറങ്ങുന്ന പുരോഹിതർ പിന്നെ ളോഹയിട്ടു തിരുക്കർമ്മങ്ങൾ ചെയ്യില്ല. പുരോഹിതന്മാർ വിവാഹിതരായി തിരുക്കർമ്മങ്ങൾ ചെയ്യണമെന്നാണ് അനുശാസനം. പക്ഷെ ഇത്തരം അനുശാസനങ്ങൾക്ക് കത്തോലിക്കാ സഭ ചെവി കൊടുക്കാറില്ല. അതുകൊണ്ട് തന്നെയാണ് ബിഷപ്പ് ഫ്രാങ്കോയുടെ പോലുള്ള അനുഭവങ്ങൾ സഭയ്ക്ക് മുൻപിൽ ഉണ്ടാകുകയും ചെയ്യുന്നത്. ഇവിടെ പക്ഷെ ളോഹയിട്ടു തന്നെയാണ് ഈ പുരോഹിതർ തിരുക്കർമ്മങ്ങൾ ചെയ്യുന്നത്. പുരോഹിതന് സഭാ വിലക്ക് വന്നാൽ അത് പുരോഹിതന്റെ ക്ലർജി സ്റ്റാറ്റസിനെ മാത്രമേ ബാധിക്കുകയുള്ളൂ. പുരോഹിത വൃത്തിയെ ബാധിക്കില്ല. പൗരോഹിത്യം സ്വീകരിച്ചാൽ മരണം വരെ പുരോഹിതനാണ്. സഭ പുറത്താക്കുന്നത് പുരോഹിത വൃത്തിയെ ബാധിക്കില്ല. ഇതാണ് ളോഹയിട്ടു പുരോഹിതർ തിരുക്കർമ്മങ്ങൾ ചെയ്യുന്നതിന് ഓപ്പൺ ചർച്ച് മൂവ്‌മെന്റ് പറയുന്ന ന്യായം. ഫാദർ ജോസഫ്, ഫാദർ ജോൺ എന്നിവരാണ് ഇപ്പോൾ പള്ളിയിൽ ശുശ്രൂഷ ചെയ്യുന്നത്.

ആയിരക്കണക്കിന് ആളുകളാണ് ഓരോ കുർബാനയിലും പങ്കെടുക്കുന്നത്. ആയിരക്കണക്കിന് പേർ കുർബാന സ്വീകരിച്ചിട്ടുമുണ്ട്. ഇത് കത്തോലിക്കാ സഭയെ അരിശം കൊള്ളിച്ചിട്ടുണ്ട്. ആരും അങ്ങോട്ട് പോകരുത് എന്നാണ് മറ്റു പള്ളികളിൽ ഉള്ളവർക്ക് സഭാ നേതൃത്വം മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. വിശ്വാസികൾക്ക് ശുശ്രൂഷ ലഭിക്കാതിരിക്കുമ്പോൾ അത് നൽകുന്നതിനാണ് ഓപ്പൺ ചർച്ച മൂവ്‌മെന്റ് ഉള്ളത്. കത്തോലിക്കാ സഭയിൽ നവീകരണം വേണം. സഭ സമ്പത്ത് കുന്നുകൂട്ടുകയാണ്. ആരെങ്കിലും സഭയെ എതിർത്താൽ അവർക്ക് ശുശ്രൂഷ നിഷേധിക്കും. അവരെ ഒറ്റപ്പെടുത്തും. ബാലരാമപുരത്തും സംഭവിച്ചത് ഇത് തന്നെയാണ്. ഇതറിഞ്ഞിട്ടാണ് ഓപ്പൺ ചർച്ച് മൂവ്‌മെന്റ് സഹായം നൽകിയത്- ഓപ്പൺ ചർച്ച് മൂവ്‌മെന്റ് ചെയർമാൻ റെജി ഞെള്ളാനി മറുനാടൻ മലയാളിയോട് പറഞ്ഞു. കേരളത്തിൽ ഏതെങ്കിലും വിശ്വാസികൾക്ക് കൂദാശ കർമ്മങ്ങൾ നിഷേധിക്കപ്പെട്ടാൽ അത് ഓപ്പൺ ചർച്ച് മൂവ്‌മെന്റ് നൽകും. ബാലരാമപുരത്ത് ഇങ്ങിനെ ആത്മീയ ശുശ്രൂഷ നൽകി ഓപ്പൺ ചർച്ച് മൂവ്‌മെന്റ് തന്നെ ചരിത്രമായി മാറുകയാണ്- റെജി പറയുന്നു.

കുർബാന അർപ്പിക്കാൻ ബാലരാമപുരം വിശുദ്ധ സെബാസ്ത്യനോസ് ദേവാലയത്തിൽ വൈദികനെ വേണമെന്ന ആവശ്യവുമായി കഴിഞ്ഞ ദിവസമാണ് പത്രപ്പരസ്യം വന്നത്. പത്രപ്പരസ്യം പ്രതീക്ഷിച്ചത് പോലെ സഭയിൽ വിവാദത്തിനു വഴിവെക്കുകയും ചെയ്തു. വിശുദ്ധ സെബാസ്ത്യനോസ് ദേവാലയത്തിൽ ധ്യാനം നടത്തുന്നതിന് ധ്യാന സംഘടനകളെ ആവശ്യമുണ്ട്. ലത്തീൻ റീത്തിൽ കുർബാന അർപ്പിക്കാൻ വൈദികരേയും ആവശ്യമുണ്ട്. ഇതാണ് പരസ്യത്തിൽ വന്നത്. കുർബാനയ്ക്ക് വൈദികരെ ആവശ്യമുണ്ട് എന്ന വാർത്തയിലെ വരികൾ സഭയിൽ വിവാദത്തിനു തിരികൊളുത്തിയതും വിശുദ്ധ സെബാസ്ത്യനോസ് ദേവാലയത്തിൽ നടക്കുന്ന സംഭവങ്ങൾ വെളിയിലേക്ക് കൊണ്ട് വന്നതും. ഇതോടെ ഓപ്പൺ ചർച്ച് മൂവ്‌മെന്റിന്റെ രംഗപ്രവേശവും വന്നു. ഇതോടെയാണ് കേരളമാകെയുള്ള കത്തോലിക്കാ വിശ്വാസികളുടെ ശ്രദ്ധ ബാലരാമപുരത്തെ സംഭവങ്ങളിലേക്ക് വന്നത്. ഇപ്പോൾ ഈ പ്രശ്‌നങ്ങളോട് സഭാ നേതൃത്വം ഏത് രീതിയിൽ പ്രതികരിക്കും എന്നാണ് ഇപ്പോൾ ക്രിസ്തീയ വിശ്വാസികൾ ഉറ്റുനോക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP