Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രണ്ടാം ഘട്ടത്തിൽ പദ്ധതിയുടെ 25 ശതമാനം ചെലവാക്കണമെന്ന് വ്യവസ്ഥ പാലിക്കാത്തതിനാൽ സർക്കാരിന് ലഭിക്കേണ്ട നഷ്ടപരിഹാരം 19 കോടി; നഷ്ടം തേടി കത്തയച്ചപ്പോൾ പുതു തന്ത്രവുമായി അദാനി; ഹാജരാക്കിയത് മറ്റു തുറമുഖ പദ്ധതികൾക്ക്‌ അദാനി ഗ്രൂപ്പ് വാങ്ങിയ യന്ത്ര സാമഗ്രികളുടെ കണക്കും ബാങ്കിൽ നിന്നും എടുത്തിട്ടുള്ള ലെറ്റർ ഓഫ് ക്രെഡിറ്റും; നീക്കങ്ങൾക്ക് കുടപിടിക്കാൻ സർക്കാരിലെ ചില ഉന്നതരും; നഷ്ടപരിഹാരത്തിനു പകരം വൻ തുക കോഴ ഒഴുകുമെന്ന് ആരോപണം; വിഴിഞ്ഞം തുറമുഖത്തിൽ കളമൊരുങ്ങുന്നത് ഒത്തുതീർപ്പിന്

രണ്ടാം ഘട്ടത്തിൽ പദ്ധതിയുടെ 25 ശതമാനം ചെലവാക്കണമെന്ന് വ്യവസ്ഥ പാലിക്കാത്തതിനാൽ സർക്കാരിന് ലഭിക്കേണ്ട നഷ്ടപരിഹാരം 19 കോടി; നഷ്ടം തേടി കത്തയച്ചപ്പോൾ പുതു തന്ത്രവുമായി അദാനി; ഹാജരാക്കിയത് മറ്റു തുറമുഖ പദ്ധതികൾക്ക്‌ അദാനി ഗ്രൂപ്പ് വാങ്ങിയ യന്ത്ര സാമഗ്രികളുടെ കണക്കും ബാങ്കിൽ നിന്നും എടുത്തിട്ടുള്ള ലെറ്റർ ഓഫ് ക്രെഡിറ്റും; നീക്കങ്ങൾക്ക് കുടപിടിക്കാൻ സർക്കാരിലെ ചില ഉന്നതരും; നഷ്ടപരിഹാരത്തിനു പകരം വൻ തുക കോഴ ഒഴുകുമെന്ന് ആരോപണം; വിഴിഞ്ഞം തുറമുഖത്തിൽ കളമൊരുങ്ങുന്നത് ഒത്തുതീർപ്പിന്

എം മനോജ് കുമാർ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയിൽ വീഴ്ച വരുത്തിയ അദാനി ഗ്രൂപ്പും സർക്കാരും തമ്മിൽ ഒത്തുകളിക്കുന്നതായി സൂചന. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഒപ്പുവെച്ച കരാർ വ്യവസ്ഥകളിൽ വൻ വീഴ്ചകൾ വരുത്തിയ കമ്പനി ഇപ്പോൾ കരാർ ലംഘനത്തിന്റെ പേരിൽ സർക്കാരിനു നൽകേണ്ട തുകയായ 19 കോടി രൂപ നൽകാതിരിക്കാനാണ് ശ്രമം നടത്തുന്നത്. തൊടുന്യായം പറഞ്ഞു സർക്കാരിലേക്ക് നൽകേണ്ട 19 കോടി രൂപ നല്കാതിരിക്കാൻ ശ്രമിക്കുമ്പോൾ അദാനിയുടെ ഈ ശ്രമങ്ങൾക്ക് സർക്കാരും കുട പിടിക്കുകയാണ് എന്നാണ് ലഭിക്കുന്ന സൂചനകൾ.

നഷ്ടപരിഹാരമായി ലഭിക്കേണ്ട 19 കോടി അദാനി കൊടുക്കാതിരിക്കുമ്പോൾ ആ നീക്കത്തിന് കുട പിടിക്കാനായി ഈ ഇടപാടിൽ വൻ തുക കോഴയായി കൈമറിയുന്നെന്നാണ് പിന്നാമ്പുറ ആരോപണം. കോഴ മറിയാൻ ഇടയാക്കുന്നത് തന്നെ സർക്കാർ നൽകിയ കത്തിന്മേലാണ്. ജൂലൈ 26 നു വിഴിഞ്ഞം പദ്ധതി 600 ദിവസം പിന്നിടുമ്പോൾ അദാനി ഒന്നാംഘട്ട നിർമ്മാണ പ്രകാരമുള്ള പദ്ധതി തുകയുടെ 25 ശതമാനം പൂർത്തിയാക്കിയില്ലാ എന്നാണ് സർക്കാർ അദാനി ഗ്രൂപ്പിന് നൽകിയ കത്തിൽ വ്യക്തമാക്കുന്നത്. അതുകൊണ്ട് തന്നെ കരാർലംഘനത്തിന്റെ പേരിൽ 19 കോടിയോളം രൂപ അദാനി സർക്കാരിനു നൽകണം എന്നാണ് സർക്കാർ കത്തിൽ ആവശ്യപ്പെടുന്നത്.

നഷ്ടപരിഹാരത്തിനായി കത്ത് കൈമാറിയ കാര്യം നിയമസഭയിൽ സർക്കാർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ജനപക്ഷം നേതാവ് പി.സി.ജോർജിന്റെ ചോദ്യത്തിനാണ് നിയമസഭയിൽ സർക്കാർ ഈ മറുപടി നൽകിയത്. ഈ കത്ത് കൈമാറിയതോടെയാണ് കോഴയ്ക്കുള്ള സാധ്യതകൾ തിരിച്ചറിഞ്ഞു സർക്കാരിൽ തന്നെയുള്ള ചിലർ നീക്കം നടത്തുന്നത്. ഈ ഇടപാടിൽ കോഴ കൈപ്പറ്റാനുള്ള നീക്കങ്ങൾക്ക് സർക്കാരിലെ പ്രമുഖരുടെ മൗനാനുവാദമുണ്ടെന്നാണ് അറിയുന്നത്.കോഴ കൈമറിയുന്നതോടെ അദാനി നൽകേണ്ട തുകയുടെ കാര്യത്തിൽ സർക്കാർ ബലം പിടിക്കില്ല.

ഇത്തരം നീക്കങ്ങൾ നടന്നുവരുന്നതായാണ് അറിയുന്നത്.കഴിഞ്ഞ ജൂലൈ 26 നു വിഴിഞ്ഞം പദ്ധതി 600 ദിവസം പിന്നിടുമ്പോൾ ഒന്നാംഘട്ട പദ്ധതി തുകയുടെ ഇരുപത്തിയഞ്ച് ശതമാനം കമ്പനി നിർമ്മാണ മേഖലയിൽ ചെലവിടെണ്ടതാണ്.പക്ഷെ കമ്പനി ഈ തുക ചെലവിട്ടിട്ടില്ല. ചെലവാക്കേണ്ട തുകയിൽ ഗണ്യമായ കുറവ് വന്നതിനാൽ കരാർ പ്രകാരം സർക്കാരിനു കമ്പനി 19 കോടി രൂപയോളം നൽകേണ്ടതുണ്ട്. ഒന്നാംഘട്ട നിർമ്മാണത്തിനുള്ള തുക ചിലവഴിച്ചില്ല എന്ന് മാത്രമല്ല പദ്ധതിയുടെ ഒന്നാംഘട്ട പദ്ധതി പോലും പൂർത്തിയാക്കിയിട്ടില്ല.

പുലിമുട്ട്, പാലം ജോലികൾ, മണ്ണിട്ട് നികത്തൽ തുടങി ഒന്നാംഘട്ട ജോലികൾ തന്നെ പാതിവഴിയാണ്. ഈ ഘട്ടത്തിൽ തന്നെയാണ് നിർമ്മാണ പ്രവർത്തനത്തിനുള്ള തുക ചിലവഴിച്ചിട്ടില്ല എന്ന് മനസിലാക്കി സർക്കാർ ഖജനാവിലേക്ക് വേണ്ട നഷ്ടം നൽകാതിരിക്കാൻ അദാനി ശ്രമിക്കുന്നത്. തുക നൽകാതിരിക്കാൻ അദാനി ശ്രമിക്കുമ്പോൾ സർക്കാരും ഈ നീക്കത്തിന് നേരെ കണ്ണടയ്ക്കുകയാണ്. കമ്പനിയുടെ പല തുറമുഖ ആവശ്യങ്ങൾക്ക് വേണ്ടി അദാനി ഗ്രൂപ്പ് വാങ്ങിയ യന്ത്ര സാമഗ്രികളുടെ കണക്ക് ബോധ്യപ്പെടുത്തിയും ബാങ്കിൽ നിന്നും എടുത്തിട്ടുള്ള ലെറ്റർ ഓഫ് ക്രെഡിറ്റ് നല്കിയുമാണ് ഇത്രയും തുക ചെലവായി എന്ന് അദാനി സർക്കാരിനെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നത്.

വിഴിഞ്ഞം ഒന്നാംഘട്ട പദ്ധതി തുകയുടെ ഇരുപത്തിയഞ്ച് ശതമാനം കമ്പനി ചിലവഴിച്ചതായി സർക്കാരും സമ്മതിച്ചാൽ തീരുന്ന പ്രശ്‌നമേയുള്ളൂവെന്ന് മനസിലാക്കുന്നവരാണ് അദാനിക്ക് വേണ്ടി നീക്കം നടത്തുന്നത്. ആയിരം ദിവസം കൊണ്ട് വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാക്കുമെന്നാണ് കരാർ ഒപ്പിടുന്ന വേളയിൽ അദാനി പറഞ്ഞിരുന്നത്. 2015 ഡിസംബർ 5 നായിരുന്നു വിഴിഞ്ഞത്തെ തുറമുഖ പദ്ധതി ഔദ്യോഗിക ഉദ്ഘാടനം നടത്തിയത്. ആയിരം ദിനം കൊണ്ട് ആദ്യഘട്ട നിർമ്മാണം എന്നാണ് അദാനി ഗ്രൂപ്പ് അന്ന് പ്രഖ്യാപിച്ചത്.

പദ്ധതിയുടെ പ്രവർത്തന പുരോഗമതി വിലയിരുത്തുന്നതിനായി കൺസെഷൻ കരാറിൽ ഒന്നം ഘട്ടത്തെ നാല് നാഴിക കല്ലുകളായി വിഭജിച്ചിരുന്നു. ഇതിൽ രണ്ടാം നാഴികക്കല്ലനുസിച്ച് 600 ദിവസം കൊണ്ട് അദാനി കമ്പനി കണ്ടെത്തിയ മുഖ്യ വായ്പ ദാതാവായ ധനകാര്യ സ്ഥാപനം അംഗീകരിച്ചുള്ള പദ്ധതി തുകയുടെ 25 ശതമാനം അദാനി കമ്പനി ചെലവഴിക്കേണ്ടതും ആയതിന്റെ പകുതിയെങ്കിലും തുറമുഖത്തിന്റെ നിർമ്മിതികളിൽ ആയിരിക്കണം എന്ന് നിഷ്‌കർശിച്ചിട്ടുണ്ട്. സീനിയർ ലെന്റ് അംഗീകരിച്ചിട്ടുള്ള പദ്ധതി ചെലവ് 4168 കോടി രൂപയാണ്.

ഇപ്രകാരം കണക്കാക്കുമ്പോൾ കുറഞ്ഞത് 1042 കോടി രൂപ അദാനി ചെലവഴിക്കേണ്ടതും ഇതിൽ 521 കോടി രൂപ നിർമ്മിതികളിലും ആയിരക്കണക്കിനുണ്ട്. എന്നാൽ രണ്ടാം നാഴിക കല്ലെന്ന് തീയതിൽ നടത്തിയ നിക്ഷേപം ചെലവഴിക്കേണ്ട 25ശതമാനത്തിൽ കുറവായതിനാൽ 18.96 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് സംസ്ഥാന സർക്കാർ കത്ത് നൽകിയത്. ഇതിന് തുടർന്നാണ് മറ്റ് തുറമുഖ പദ്ധതിക്ക് വേണ്ട ഉപകരണങ്ങളും യന്ത്രസാമഗ്രികളും വാങ്ങുന്നതിനായി ബാങ്കിൽ നിന്ന് എടുത്തിട്ടുള്ള ലോണും മറ്റും കാട്ടി അപേക്ഷ നൽകിയത്. ഇതാണ് അതേ പടി സംസ്ഥാന സർക്കാർ അംഗീകരിക്കാൻ ഒരുങ്ങുന്നത്.

മൂന്ന് ഘട്ടങ്ങളായാണ് തുറമുഖ നിർമ്മാണ പ്രവർത്തനങ്ങൾ വിഭാവനം ചെയ്തത്. ആദ്യ ഘട്ടത്തിൽ ടെർമിനൽ നിർമ്മാണം, നാവിക, തീരസംരക്ഷണ സേനാ വിഭാഗത്തിനുള്ള സജ്ജീകരണങ്ങൾ, തുറമുഖ ഓഫീസ്, മത്സ്യ ബന്ധന തുറമുഖം എന്നിവയാണ്. ഇതിനോടൊപ്പം തന്നെ സാമൂഹ്യ പ്രതിബദ്ധതാ പദ്ധതികളും നടപ്പാക്കും. രണ്ടാം ഘട്ടത്തിൽ എഴുന്നുറോളം മീറ്റർ തുറമുഖത്തിന്റെ വികാസം വർദ്ധിപ്പിക്കും. മൂന്നാം ഘട്ടത്തിൽ ഹാർബർ ഏരിയ വികസന പദ്ധതികൾ, ബ്രേക്ക് വാട്ടർ നിർമ്മാണം, തുറമുഖ അടിസ്ഥാന സൗകര്യ വികസനം. ഇതായിരുന്നു പദ്ധതി.

ഔദ്യോഗികപ്രഖ്യാപന വേളയിൽ അദാനി ഗ്രൂപ്പ് പറഞ്ഞ ആയിരം ദിവസങ്ങൾ ആണ് കഴിഞ്ഞ സെപ്റ്റംബർ ആദ്യം അവസാനിച്ചത് 998 ദിവസങ്ങൾ പിന്നിടുമ്പോൾ തന്നെ കരാർ അനുസരിച്ച് ആദ്യഘട്ട പൂർത്തീകരണം നടക്കില്ലെന്ന് അദാനി ഗ്രൂപ്പ് സർക്കാരിനെ അറിയിച്ചിരുന്നു. . കാലാവധി നീട്ടി നൽകാൻ സർക്കാരിനെ സമീപിക്കുകയും ചെയ്തു.കഴിഞ്ഞ ഓഗസ്റ്റ് അവസാനവാരമായിരുന്നു ഇത്. കാലവർഷവും ഓഖിയും എത്തിയതോടെ തുറമുഖ നിർമ്മാണപ്രവർത്തികൾ മന്ദീഭവിച്ചുവെന്നാണ് അദാനി പറഞ്ഞത്.

ഒപ്പം കരിങ്കൽ ലഭ്യത കുറഞ്ഞതും തിരിച്ചടിയായി. നിലവിൽ വിഴിഞ്ഞം തുറമുഖ ജോലികൾ ഇഴഞ്ഞു നീങ്ങുകയാണ്. വിഴിഞ്ഞം തുറമുഖ പദ്ധതി എന്ന് പൂർത്തിയാകും എന്നുപോലും അദാനി ഗ്രൂപ്പ് ഇപ്പോഴും പറയുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP